ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണിയിൽ ഒറ്റ രാത്രി കൊണ്ട് എന്തു സംഭവിച്ചു? ക്രൂഡ് ഓയ്ൽ വില ഇടിവിന് പിന്നിലും ചൈന, വോഡഫോൺ ഐഡിയയെ സർക്കാർ താങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും?
ആവേശത്തിനിടയിലും ആശങ്കകൾ തലപൊക്കുന്നു; കയറ്റുമതിയിൽ വൻ കുതിപ്പ്; ഫാക്ടറി ഉൽപാദനം ഉയരുന്നു; തൊഴിലുകൾ വർധിച്ചു തുടങ്ങി
ആഗോളീകരണത്തിൻ്റെ ഒരു ഫലം ആഗാേളതലത്തിലെ നല്ലതും ചീത്തയുമായ പ്രവണതകൾ എല്ലായിടത്തും പടരുന്നതാണ്. പലപ്പോഴും ആഭ്യന്തരമായ നല്ല പ്രവണതകളെ മാറ്റിക്കൊണ്ടാകും വൈദേശിക പ്രവണതകൾ ആധിപത്യമുറപ്പിക്കുക. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇന്ന് ഇന്ത്യൻ വിപണി.
ആഭ്യന്തരമായി ഇന്ത്യൻ വിപണിയുടെ കുതിപ്പിനു നല്ല സാഹചര്യം ഉണ്ട്. ജൂണിലെ തകർച്ചയിൽ നിന്ന് വ്യാവസായിക ഉൽപാദനം ഉയർന്നു; കയറ്റുമതി ഗണ്യമായി വർധിച്ചു; കമ്പനികൾ നല്ല റിസൽട്ടുകൾ പുറത്തു വിടുന്നു; മൂലധന വിപണിയിലേക്കു പണം ഒഴുകിയെത്തുന്നു.
എന്നാൽ ഇന്ന് ഇന്ത്യൻ വിപണി തുടക്കത്തിൽ താഴോട്ടു പോയാൽ അതിൻ്റെ കുറ്റം ആഗോള പ്രവണതകൾക്കായിരിക്കും. ചൈനയുടെ ജൂലൈയിലെ വ്യവസായ ഉൽപാദനം കുറവായതു ലോകവിപണികളിൽ ആശങ്ക പടർത്തി. ക്രൂഡ് ഓയിൽ നാലു ശതമാനം ഇടിഞ്ഞു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും കോവിഡിൻ്റെ വെൽറ്റ വകഭേദം അനിയന്ത്രിതമായി പടരുന്നു. ഇതെല്ലാം വിപണികളെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെ അമേരിക്കൻ ഓഹരി സൂചികകൾ താണു. ഇന്നു രാവിലെ ഏഷ്യൻ സൂചികകളും താഴ്ന്ന തുടക്കമാണു കാണിക്കുന്നത്. തിങ്കളാഴ്ച ഏഷ്യയിലും യൂറാേപ്പിലും കണ്ട ആവേശം ഒറ്റ രാത്രി കൊണ്ടു മാറി.
ഓഗസ്റ്റിലെ ആദ്യ വ്യാപാര ദിനം മികച്ച തുടക്കമാണ് ഇന്ത്യൻ വിപണി കാണിച്ചത്. സെൻസെക്സ് 363.79 പോയിൻറ് കയറി 52,950.63 ലും നിഫ്റ്റി 122.1 പോയിൻ്റ് കയറി 15,885.15 ലും ക്ലോസ് ചെയ്തു.
വിപണി ബുളളിഷ് ആണ്. ഇന്ന് 15,900 മറികടന്നാൽ 15,960 - 16,000 മേഖലയിലേക്കു നിഫ്റ്റി നീങ്ങുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.
ഇന്നലെ യൂറോപ്യൻ ഓഹരികൾ ഉയർന്നു. എന്നാൽ യു എസ് ഓഹരികൾ തുടക്കത്തിൽ ഉയർന്നെങ്കിലും നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. സാമ്പത്തിക വളർച്ചയെപ്പറ്റി ആശങ്ക ഉയർന്നതാണു കാരണം. സർക്കാർ കടപ്പത്രങ്ങൾക്കു വില ഉയർന്നു. ഇന്നു രാവിലെ ജാപ്പനീസ് ഓഹരികൾ അര ശതമാനത്തോളം താഴ്ന്നാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,911 വരെ എത്തിയതാണ്. ഇന്നു രാവിലെ 15,871 ലേക്കു താണു.
വിദേശ നിക്ഷേപകർ ഇന്നലെ 1539.88 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1505.82 കോടിയുടെ ഓഹരികൾ വാങ്ങി.
ചൈന മൂലം ക്രൂഡിന് ഇടിവ്
ചൈനീസ് ഡിമാൻഡ് കുറഞ്ഞതു ക്രൂഡ് ഓയിൽ വില നാലു ശതമാനം ഇടിയാൻ കാരണമായി. ബ്രെൻറ് ഇനം വീപ്പയ്ക്ക് 72.89 ഡോളറിലേക്കു താണു. എന്നാൽ പിന്നീട് 73.3 ഡോളറിലേക്കു കയറി. ചൈനയുടെ ജൂലൈ ഫാക്ടറി ഉൽപാദന സൂചിക ജൂണിലെ 51.3 ൽ നിന്ന് 50.3 ആയി താണെന്നു പിഎംഐ സർവേ കാണിച്ചു. 15 മാസത്തിനിടയിലെ ഏറ്റവും താണ നിലയാണിത്. കയറ്റുമതി ഓർഡറുകളും കുറഞ്ഞതായി സർവേ കാണിക്കുന്നു.
സ്വർണ വില ഇന്നലെ ചാഞ്ചാടി. ഔൺസിന് 1805 ഡോളർ വരെ താഴുകയും 1820 വരെ ഉയരുകയും ചെയ്തു. ഇന്നു രാവിലെ 1813 ഡോളറിൽ തുടങ്ങിയ വ്യാപാരം ഒരു മണിക്കൂറിനകം 1810 ഡോളറിലേക്കു താണു.
വ്യവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ മാറ്റങ്ങളേ കാണിച്ചുള്ളു. ചെമ്പ് നാമമാത്രമായി താണു. അലൂമിനിയം നേരിയ തോതിൽ കയറി.
ഫാക്ടറി ഉൽപാദനത്തിൽ മികച്ച കുതിപ്പ്
ഇന്ത്യയുടെ ഫാക്ടറി ഉത്പാദനം ജൂലൈയിൽ മികച്ച നിലവാരത്തിലേക്ക് ഉയർന്നതായി പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് ) സർവേ കാണിച്ചു. ജൂണിൽ 48.1 ആയിരുന്ന സൂചിക 55.3 ലേക്കു കുതിച്ചു. പുതിയ കയറ്റുമതി ഓർഡറുകളും വർധിച്ചു.
ഏറ്റവും പ്രധാന കാര്യം തൊഴിൽ സംഖ്യ വർധിച്ചതാണ്. കോവിഡ് തുടങ്ങിയ ശേഷം ഇതാദ്യമാണു ഫാക്ടറികളിൽ തൊഴിലാളികളുടെ എണ്ണം കൂട്ടുന്നത്. കഴിഞ്ഞ 15 മാസങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. ജൂലെെയിലെ തൊഴിൽ വർധന സുസ്ഥിരമാണോ എന്നതിൽ സംശയമുണ്ടെങ്കിലും പ്രവണത മാറുന്നതിൻ്റെ സൂചനയായി ഇതിനെ കാണാം. ജിഎസ്ടി ഇ-വേ ബിൽ സംഖ്യ കൂടുന്നതടക്കമുള്ള മറ്റു വിവരങ്ങളും ഒന്നേകാൽ വർഷത്തിനു ശേഷം ഉണർവ് കാണിക്കുന്നതായി.
കയറ്റുമതിയിൽ വർധന
ജൂലൈയിൽ ഇന്ത്യയുടെ കയറ്റുമതിയും കുതിച്ചു. കോവിഡിനു മുൻപത്തെ കയറ്റുമതിയേക്കാൾ ഉയർന്നു.2019 ജൂലൈയെ അപേക്ഷിച്ച് 34 ശതമാനം വർധിച്ച് 3517 കോടി ഡോളറിലെത്തി ഈ ജൂലൈയിലെ കയറ്റുമതി. എപ്രിൽ-ജൂലൈ കാലത്തെ കയറ്റുമതി 2019നെ അപേക്ഷിച്ച് 22 ശതമാനം വർധിച്ച് 13,056 കോടി ഡോളർ ആയി.
ആവേശകരമായ ഈ കണക്കുകൾ വാർഷിക കയറ്റുമതി 40,000 കോടി ഡോളറിലേക്ക് എത്താൻ സഹായിക്കുമെന്നു വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പ്രത്യാശിച്ചു. വിലക്കയറ്റമാണു കയറ്റുമതിയിലെ കുതിപ്പിന് ആധാരം. പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് മുന്നിൽ. ഈ ഉൽപന്നങ്ങളുടെ വില 50 മുതൽ 100 വരെ ശതമാനം വർധിച്ചിട്ടുണ്ട്. 560 കോടി ഡോളറിൻ്റേതാണു പെട്രോളിയം ഉൽപന്ന കയറ്റുമതി.
ഇറക്കുമതിയും വർധിച്ചു. ജൂലൈയിലെ ഇറക്കുമതി 4640 കോടി ഡോളറിൻ്റേതാണ്. വാണിജ്യ കമ്മി 1123 കോടി ഡോളറിലേക്ക് എത്തി.
നാലു മാസം കൊണ്ടു സ്വർണ ഇറക്കുമതി 1200 കോടി ഡോളറിലധികമായി. വാർഷിക സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷത്തെ 3460 കോടി ഡോളറിനെ മറികടക്കുമെന്നാണു സൂചന.
വോഡഫോണിൻ്റെ ഭാവി
വോഡഫോൺ ഐഡിയയിലെ തങ്ങളുടെ ഓഹരി സർക്കാരിനു കൈമാറാൻ തയാറാണെന്ന് കുമാർ മംഗളം ബിർല അറിയിച്ചതായി റിപ്പോർട്ടുണ്ട്. സർക്കാർ വോഡഫോൺ ഐഡിയയെ ഏറ്റെടുക്കണമെന്ന് നിക്ഷേപ ബാങ്കുകളും ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ഈ കമ്പനിയെ താങ്ങി നിർത്തിയില്ലെങ്കിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമുള്ള കുത്തകവാഴ്ചയിലേക്ക് ഇന്ത്യൻ ടെലികോം വ്യവസായം മാറും.