റിക്കാർഡ് തിളക്കത്തിൽ വിപണി; ആവേശം തുടരുന്നു; വമ്പന്മാരെ തഴഞ്ഞു ബുൾ തരംഗം; ലോഹങ്ങൾക്കു സംഭവിക്കുന്നത് എന്ത്? വോഡഫോണിൻ്റെ ഭാവിക്ക് ഈ മാർഗം മാത്രം; റിസർവ് ബാങ്ക് ചിന്തിക്കുന്നത് അറിയാം
ഓഹരി വിപണിയിലെ ബുൾ തരംഗം നീണ്ടു നിൽക്കുമോ? കോവിഡും ഓൺലൈൻ ഗെയിമുകളും ചൈനയും, റിസർവ് ബാങ്ക് എംപിസി യോഗം ഇന്നു മുതൽ
നിഫ്റ്റി 16,000 കടന്നു. സെൻസെക്സും പുതിയ ഉയരങ്ങളിലെത്തി. ബുൾ തരംഗം വിപണിയിൽ ആവേശത്തിരയിളക്കി. ഇന്നും മുന്നോട്ടു പായാനുള്ള കരുത്ത് വിപണി കാണിക്കുന്നുണ്ട്.
രാജ്യത്തു സാമ്പത്തിക വളർച്ച വേരുപിടിക്കുന്നതിൻ്റെ സൂചനകൾ ആണു വിപണിയെ മുന്നാേട്ടു നയിക്കുന്നത്. കോവിഡ് വ്യാപനം മൂന്നാമതൊരു തരംഗമായി മാറുന്നില്ലെങ്കിൽ വിപണിയിലെ ആവേശം നീണ്ടു നിൽക്കും.
വിപണിമൂല്യം കുതിക്കുന്നു
ഇന്നലെ സെൻസെക്സ് 872.73 പോയിൻറ് (1.65 ശതമാനം) ഉയർന്ന് 53,823.36ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 53,887.98 വരെ ഉയർന്നതാണ്. നിഫ്റ്റി 245.6 പോയിൻ്റ് (1.55 ശതമാനം) ഉയർന്ന് 16,130.75 ൽ ക്ലോസ് ചെയ്തു. 16,146.9 വരെ സൂചിക ഉയർന്നിരുന്നു.
ഇതോടെ ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 240.05 ലക്ഷം കോടി രൂപയായി ഉയർന്നു. രണ്ടു ദിവസം കൊണ്ട് 4.55 ലക്ഷം കോടി രൂപയാണു നിക്ഷേപക സമ്പത്തിൽ വർധിച്ചത്.
വമ്പന്മാർ പിന്നിൽ
മുഖ്യസൂചികകളുടെ തോതിൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നില്ല. സ്മോൾ ക്യാപ് നേരിയ തോതിൽ താഴുകയും ചെയ്തു. സ്വകാര്യ ബാങ്കുകൾ പലതും ദുർബല പ്രകടനം കാഴ്ചവച്ചതിനാൽ ബാങ്ക് സൂചികയും ഒപ്പം കയറിയില്ല. മുഖ്യസൂചികകളിൽ പഴയ ഹെവി വെയ്റ്റ് കമ്പനികളല്ല ഈ കുതിപ്പിനു മുന്നിൽ നിന്നത് എന്ന സവിശേഷതയും ഇത്തവണത്തെ മുന്നേറ്റത്തിനുണ്ട്. റിലയൻസിൻ്റെയും മറ്റു വമ്പന്മാരുടെയും കയറ്റം ഇത്തവണ ശരാശരിയിൽ താഴെയായിരുന്നു. മെറ്റൽ കമ്പനികൾക്ക് ഇന്നലെ ക്ഷീണമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി എട്ടിനു 15,000 കടന്ന നിഫ്റ്റി 119 വ്യാപാരദിനം കൊണ്ടാണ് 16,000 നു മുകളിൽ എത്തിയത്. 14,000-ൽ നിന്നു 15,000-ൽ എത്താൻ 25 ദിവസവും 13,000-ൽ നിന്നു 14,000-ൽ എത്താൻ 26 ദിവസവും മാത്രമേ വേണ്ടി വന്നിരുന്നുള്ളു.
കോവിഡും ഓൺലൈൻ ഗെയിമുകളും ചൈനയും
ഇന്നലെ യൂറോപ്യൻ ഓഹരികൾ പുതിയ റിക്കാർഡുകൾ കുറിച്ചു. അമേരിക്കൻ വിപണി തുടക്കത്തിൽ താഴോട്ടു പോയെങ്കിലും പിന്നീടു തിരിച്ചു കയറി. ഇന്നു രാവിലെ ജപ്പാനിലൊഴികെ ഏഷ്യൻ വിപണികൾ ചെറിയ കയറ്റത്തോടെയാണ് ആരംഭിച്ചത്. ജപ്പാനിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതു വിപണിയെ ആശങ്കയിലാഴ്ത്തി. ചൈനയിൽ കോവിഡ് രോഗം തുടങ്ങിയ വുഹാനിൽ വീണ്ടും രോഗബാധ കണ്ടെത്തി. വുഹാനിലും ഹെനാൻ പ്രവിശ്യയിലുമായി മൂന്നു കോടിയോളം പേർ ഇപ്പാേൾ ലോക്ക് ഡൗണിലാണ്. ചൈനീസ് വളർച്ചയെപ്പറ്റി ആശങ്ക വളർത്താനും ഇതു കാരണമായി. ചൈന ഓൺലൈൻ ഗെയിമിംഗിനെതിരേ നടപടി തുടങ്ങും എന്നു റിപ്പാേർട്ടുണ്ട്. ഇതു ടെൻസെൻ്റ് പോലുള്ള ഇൻ്റർനെറ്റ് കമ്പനികൾക്കു ക്ഷീണമായി.
വിദേശികൾ തിരിച്ചു വന്നു
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,224.5 ലാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ അൽപം താണു. ഇന്ത്യൻ വിപണി ഇന്നും കുതിക്കും എന്ന പ്രതീക്ഷയാണ് ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
നിഫ്റ്റി 16,000 എന്ന ബാലികേറാമല കടന്നതോടെ സപ്പോർട്ട്, പ്രതിരോധ മേഖലകൾ മാറ്റി നിശ്ചയിക്കുകയാണു സാങ്കേതിക വിശകലന വിദഗ്ധർ. 16,215-ലും 16,295-ലും തടസങ്ങൾ പ്രതീക്ഷിക്കാം. 16,400 ആണ് മുകളിൽ ലക്ഷ്യമായി കാണുന്നത്. വിപണി താഴോട്ടു നീങ്ങിയാൽ 15,985-ലും 15,835-ലും സപ്പോർട്ട് ഉണ്ട്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വാങ്ങലുകാരായി എന്നതാണ് ഇന്നലത്തെ വ്യാപാരത്തിൽ ശ്രദ്ധേയമായ കാര്യം. ആഴ്ചകൾക്കു ശേഷമാണ് വിദേശികൾ ഇങ്ങനെ വാങ്ങുന്നത്.ഇന്നലെ 2116.6 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങിക്കൂട്ടി. സ്വദേശി ഫണ്ടുകൾ 298.54 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ലോഹങ്ങൾക്ക് ഇടിവ്
ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെൻ്റ് ഇനം 72.3 ഡോളറായി. ഉപയോഗ വർധന കുറയുന്നു എന്നതാണു കാരണം.
സ്വർണം ഇന്നലെ 1806-1814 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1811 ഡോളറിലാണു വ്യാപാരം.
ചെമ്പ്, അലൂമിനിയം തുടങ്ങിയ വ്യാവസായിക ലോഹങ്ങൾക്ക് ഇന്നലെ വിലയിടിഞ്ഞു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പിന് 1.58 ശതമാനവും അലൂമിനിയത്തിന് 1.14 ശതമാനവും ഇടിവുണ്ടായി. ലെഡ്, സിങ്ക്, നിക്കൽ തുടങ്ങിയവയും താഴ്ചയിലാണ്. ചൈനയിലെ വിപണികളിലും ഇടിവാണ്. മെറ്റൽ ഓഹരികളിൽ ഇന്നും വിലയിടിവ് പ്രതീക്ഷിക്കാം.
എയർടെൽ റിസൽട്ടിൽ മികവില്ല
ഭാരതി എയർടെലിൻ്റെ ഏപ്രിൽ-ജൂൺ പാദ റിസൽട്ട് നിരാശാജനകമായി. പ്രതീക്ഷയിലും കുറവാണു ലാഭം. കമ്പനിയുടെ അറ്റാദായം 283 കോടി രൂപ മാത്രമാണ്. ജനുവരി-മാർച്ചിൽ 759 കോടി അറ്റാദായമുണ്ടായിരുന്നു. ഇത്തവണ 63 ശതമാനം കുറവ്.
കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ എയർടെലിന് 15,933 കോടി നഷ്ടം ഉണ്ടായതാണ്. സർക്കാരിനുള്ള വരുമാന വിഹിത (എജിആർ) കുടിശികയ്ക്കു വലിയ തുക നൽകേണ്ടി വന്നതാണ് ആ വലിയ നഷ്ടത്തിനു കാരണം.
ഓരോ ഉപയോക്താവിൽ നിന്നുമുള്ള പ്രതിമാസവരുമാനം 146 രൂപ മാത്രമാണ്. ജനുവരി-മാർച്ചിൽ 145 രൂപയായിരുന്നു. മൊത്തം വരുമാനം 26,853 കോടി രൂപയാണ്. ജനുവരി-മാർച്ചിനെ അപേക്ഷിച്ച് 4.2 ശതമാനം അധികം.
വോഡഫോൺ ഐഡിയയ്ക്ക് ഇനിയെന്ത് ?
വോഡഫോൺ ഐഡിയയുടെ ഓഹരി വില ഇന്നലെ 12 ശതമാനം ഇടിഞ്ഞ് 7.26 രൂപയായി. ഒരുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണത്.
1.8 ലക്ഷം കോടിയുടെ കടം; സർക്കാരിന് നൽകാൻ 53,000 കോടിയുടെ കുടിശിക; മറ്റു ബാധ്യതകൾ 20,000 കോടിയിലധികം; ദിനംപ്രതി കുറയുന്ന വരിക്കാർ. കമ്പനിക്കു മുന്നാേട്ടു പോകാൻ വഴി തെളിയുന്നില്ല.
27 ശതമാനം ഓഹരി കൈയാളുന്ന ആദിത്യ ബിർല ഗ്രൂപ്പ് ഇനി പണമിറക്കാനില്ല. ഓഹരികൾ സർക്കാരിനു നൽകാൻ കുമാർ മംഗളം ബിർല സന്നദ്ധത അറിയിച്ചു. 43 ശതമാനം ഓഹരി ഉള്ള വോഡഫോൺ പിഎൽസിയും ഇനി പണം മുടക്കാൻ ഉദ്ദേശിക്കുന്നില്ല.
സർക്കാർ ഏറ്റെടുക്കുന്നില്ലെങ്കിൽ വായ്പ നൽകിയ ബാങ്കുകൾക്ക് വലിയ നഷ്ടം നേരിടും. എറ്റെടുത്താൽ ബിഎസ്എൻഎലുമായി ലയിപ്പിക്കേണ്ടി വരും. ഉന്നത രാഷ്ട്രീയ തീരുമാനമാണ് വോഡഫോൺ ഐഡിയ നില നിൽക്കണമെങ്കിൽ വേണ്ടത്. അതു യഥാസമയം ഉണ്ടായില്ലെങ്കിൽ ടെലികോം ബിസിനസ് റിലയൻസ്-എയർടെൽ കുത്തകയായി മാറും.
റിസർവ് ബാങ്ക് എംപിസി യോഗം ഇന്നു മുതൽ
പണനയ അവലോകനത്തിനായുള്ള റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഇന്നാരംഭിക്കും. വെളളിയാഴ്ച രാവിലെ ഗവർണർ ശക്തികാന്ത ദാസ് അവലോകന തീരുമാനങ്ങൾ വെളിപ്പെടുത്തും.
ഇത്തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്തുകയില്ലെന്ന് നിരീക്ഷകർ കരുതുന്നു. വളർച്ച സുസ്ഥിരമാകാത്ത സാഹചര്യത്തിൽ പലിശ കൂട്ടുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് റിസർവ് ബാങ്കും എംപിസിയും. ഇക്കാര്യത്തിൽ അമേരിക്കൻ ഫെഡ്, യൂറോപ്യൻ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ പാതയിലാണു റിസർവ് ബാങ്ക്.
ചില്ലറവിലക്കയറ്റം റിസർവ് ബാങ്കിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിനു മുകളിലായെങ്കിലും അതു താൽക്കാലികമാണെന്നാണു റിസർവ് ബാങ്ക് വിലയിരുത്തുന്നത്. ഈ മാസം മുതൽ വിലക്കയറ്റം കുറയുമെന്ന കണക്കുകൂട്ടലും റിസർവ് ബാങ്കിനുണ്ട്.
പലിശ നിരക്ക് താഴ്ത്തി നിർത്താനും സർക്കാരിൻ്റെ കടമെടുപ്പ് സുഗമമാകാനും വേണ്ടി കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്ന പരിപാടി ഇപ്പോഴത്തെ തോതിൽ തുടരാനും എംപിസി തീരുമാനിക്കും. കരുതൽ പണ അനുപാതം (സിആർആർ) അടക്കം വിവിധ ബാങ്കിംഗ് അനുപാതങ്ങളിലും മാറ്റം പ്രതീക്ഷിക്കുന്നില്ല.