പണനയം എന്തു ചെയ്യും? ഇന്നു ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്; നികുതി ഭീകരത: നാണക്കേടിനു ശേഷം ഒരു തിരുത്തൽ; വോഡഫോണിനെ രക്ഷിക്കാൻ ആരു വരും?

റിസർവ് ബാങ്കിനെ ഉറ്റു നോക്കി ഓഹരി വിപണി. ആവേശത്തിൽ വിദേശ നിക്ഷേപകർ. വോഡഫോൺ ഐഡിയ തകർന്നാൽ ബാങ്കിംഗ് ഓഹരികൾക്കും ക്ഷീണമാകും

Update:2021-08-06 08:05 IST

ലാഭമെടുക്കലുകാരുടെ സമ്മർദത്തെ അതിജീവിച്ച് ഓഹരികൾ ഇന്നലെയും ഉയരങ്ങളിലേക്കു നീങ്ങി. രാവിലെ ചാഞ്ചാട്ടവും ഇടിവും കണ്ടെങ്കിലും പിന്നീടു ഗതി മാറി. എന്നാൽ വ്യാപാരത്തിനിടെ എത്തിയ റിക്കാർഡ് ഉയരത്തിൽ നിന്നു താണാണു മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. ഇന്നലെ സെൻസെക്സ് 54,717.24 വരെ ഉയർന്ന ശേഷം 123.07 പോയിൻ്റ് (0.23 ശതമാനം) നേട്ടത്തിൽ 54,492.84 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,349-45 വരെ കയറിയിട്ട് 35.8 പോയിൻ്റ് (0.22 ശതമാനം) നേട്ടവുമായി 16,294.6 ൽ ക്ലോസ് ചെയ്തു.

പണനയവും നികുതിനിയമ ഭേദഗതിയും

ഇന്നു റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനത്തിലാണു വിപണി ശ്രദ്ധിക്കുക. ഉച്ചയ്ക്കു 12-നാണു ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപനം നടത്തുക. പലിശ (റീപോ, റിവേഴ്സ് റീപോ) നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ പണലഭ്യത നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി എടുക്കുമോ എന്നു വിപണി ശ്രദ്ധിക്കും. ബാങ്കിംഗ് മേഖലയിൽ പണലഭ്യത അമിതമാണെന്നു ചിലർ വിലയിരുത്തുന്നുണ്ട്. കടപ്പത്രം തിരിച്ചു വാങ്ങൽ വഴി ബാങ്കുകളിലേക്കു പണമൊഴുക്കുന്നതാണ് ഒരു കാരണം. ബാങ്ക് വായ്പകളുടെ വർധന നിക്ഷേപ വർധനയേക്കാൾ വളരെ കുറവായതും പണലഭ്യത വർധിപ്പിക്കുന്നു.
മുൻകാല പ്രാബല്യത്തോടെ നികുതി ചുമത്താൻ അധികാരം നൽകിയ 2012 ലെ നിയമഭേദഗതി തിരുത്താൻ ഗവൺമെന്റ് ഇന്നലെ ബിൽ അവതരിപ്പിച്ചു. വോഡഫോണിനും വേദാന്ത ഗ്രൂപ്പിലെ കയേണിനും എതിരായ നടപടികൾ ഇതാേടെ അവസാനിക്കും.
ഇരു കമ്പനികളും ഇന്ത്യാ ഗവൺമെന്റിനെതിരേ രാജ്യാന്തര ട്രൈബ്യൂണലുകളിൽ നിന്നു വിധി നേടിയിരുന്നു. കയേൺ ഫ്രാൻസിൽ ഇന്ത്യയുടെ ചില കെട്ടിടങ്ങൾ പിടിച്ചടക്കുകയും ചെയ്തിരുന്നു. കൂടുതൽ നാണക്കേട് ഒഴിവാക്കാനാണ് ഗവൺമെന്റ് നിയമം തിരുത്തുന്നത്. ഇതു രാജ്യത്തെ കൂടുതൽ ബിസിനസ് സൗഹൃദമാക്കും. ഇന്നു വിപണിയിൽ ഇതു നല്ല പ്രതികരണമുണ്ടാക്കും.

വിദേശനിക്ഷേപകർ ഉഷാർ

ഈ അനുകൂല ഘടകങ്ങളും വിദേശ വിപണികളിലെ ഉണർവും ഇന്നു ബുള്ളുകൾക്ക് ആവേശം നൽകേണ്ടതാണ്. ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വിൽപനക്കാരായെങ്കിലും ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ വലിയ തോതിൽ വാങ്ങലുകാരായിരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ സൂചികകൾ നേട്ടം കുറിക്കാൻ തക്ക അന്തരീക്ഷം ഉണ്ടെന്നു വ്യക്തം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 719.88 കോടിയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ സ്വദേശി ഫണ്ടുകൾ 731.92 കോടിയുടെ ഓഹരി നിക്ഷേപം നടത്തി. വിദേശികൾ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ 7100 കോടിയിൽപരം രൂപയുടെ വാങ്ങൽ നടത്തിയിട്ടുണ്ട്.

വിദേശ സൂചനകൾ അനുകൂലം

യൂറോപ്പിലും അമേരിക്കയിലും സൂചികകൾ റിക്കാർഡ് കുറിച്ചാണ് ഇന്നലെ ക്ലോസ് ചെയ്തത്. യുഎസ് വ്യാപാര കമ്മി വർധിച്ചതും പ്രതിദിന കോവിഡ് ബാധ ഒരു ലക്ഷത്തിനു മുകളിലായതും വിപണിയെ അലോസരപ്പെടുത്തിയില്ല. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ ഉയരത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,338-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയർന്നാണു വ്യാപാരം. ഇന്ത്യൻ വിപണിയിൽ നല്ല ഉണർവ് പ്രതീക്ഷിച്ചാണു ഡെറിവേറ്റീവ് വിപണി നീങ്ങുന്നത്.
ക്രൂഡ് ഓയിൽ വില ഏതാനും ദിവസങ്ങൾക്കു ശേഷം ഇന്നലെ അൽപം ഉയർന്നു. സെപ്റ്റംബറിലെ ക്രൂഡ് ഉടമ്പടികളിൽ വില ഉയർത്താൻ സൗദി അറേബ്യ തീരുമാനിച്ചതാണു കാരണം. ബ്രെൻറ് ഇനം രണ്ടു ശതമാനം ഉയർന്ന് 71.29 ഡോളറിലെത്തി.
സ്വർണം വീണ്ടും താണു. ഇന്നലെ 1815 ഡോളറിനും 1797 ഡോളറിനുമിടയിൽ കയറിയിറങ്ങിയ മഞ്ഞലോഹം ഇന്നു രാവിലെ 1803 ഡാേളറിലാണ്.

വോഡഫോൺ ഐഡിയയെ സഹായിക്കാൻ പാക്കേജ്?

വോഡഫോൺ ഐഡിയയെ നിലനിർത്താൻ സഹായിക്കുമെന്നു കരുതുന്ന ഒരു പാക്കേജിനു കേന്ദ്രം രൂപം കൊടുക്കുന്നതായി റിപ്പോർട്ട്. വോഡഫോണിനു മാത്രമല്ല എല്ലാ ടെലികോം കമ്പനികൾക്കും സഹായകമാകും പാക്കേജ്.
സ്പെക്ട്രം തിരിച്ചു നൽകാനുള്ള അനുവാദം, ബാങ്ക് ഗാരൻ്റിയുടെ അനുപാതം താഴ്ത്തൽ, ലൈസൻസ് ഫീസും സ്പെക്ട്രം യൂസേജ് ചാർജും കുറയ്ക്കുകയോ ക്രമേണ ഇല്ലാതാക്കുകയാേ ചെയ്യൽ, ടെലികോം ഇതര വരുമാനങ്ങൾ ഒഴിവാക്കിക്കൊണ്ട് വരുമാന (അഡ്ജസ്റ്റ്ഡ് ഗ്രോസ് റവന്യു- എജിആർ) നിർണയം എന്നിവ അടങ്ങിയതാണു പാക്കേജ് എന്നാണു സൂചന.
പാക്കേജിനെപ്പറ്റിയുള്ള പ്രതീക്ഷ ഇന്നലെ വോഡഫോൺ ഐഡിയയുടെ ഓഹരി വില അൽപം മെച്ചപ്പെടാൻ സഹായിച്ചു. നാലു രൂപയിൽ നിന്ന് അഞ്ചു രൂപയിലേക്കു കയറി.

വോഡഫോണിൽ ബാങ്കുകളുടെ നഷ്ടം ഭീമം

1.8 ലക്ഷം കോടി രൂപയുടെ ബാധ്യത വഹിക്കുന്ന എസ്ബിഐ അടക്കുള്ള ബാങ്കുകൾക്കു ഗണ്യമായ നഷ്ടം വരും. 28,700 കോടി രൂപയാണ് കമ്പനി വിവിധ ബാങ്കുകൾക്കായി നൽകാനുള്ളത്. എസ്ബിഐ 11,000 കോടി, യെസ് ബാങ്ക് 4000 കോടി, ഇൻഡസ് ഇൻഡ് ബാങ്ക് 3500 കോടി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 3240 കോടി, പഞ്ചാബ് നാഷണൽ ബാങ്ക് 3000 കോടി, ഐസിഐസിഐ ബാങ്ക് 1700 കോടി എന്നിങ്ങനെയാണു ബാങ്കുകൾ നൽകിയ വായ്പ.
ബാങ്കിൻ്റെ മൊത്തം വായ്പയുടെ അനുപാതം എന്ന നിലയിൽ നോക്കിയാൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനാണ് ഏറ്റവും ക്ഷീണം വരിക. ബാങ്ക് മൊത്തം നൽകിയ വായ്പയുടെ 2.9 ശതമാനം വോഡഫോൺ ഐഡിയയ്ക്കാണ്. യെസ് ബാങ്കിന് ഇതു 2.4 ശതമാനവും ഇൻഡസ് ഇൻഡിന് 1.65 ശതമാനവുമാണ്.
വോഡഫോൺ ഐഡിയയ്ക്കു നൽകിയ വായ്പ നിഷ്ക്രിയ ആസ്തി (എൻപിഎ) ആയി പ്രഖ്യാപിക്കാത്തതിനാൽ നഷ്ട സാധ്യത കണക്കാക്കി ബാങ്കുകൾ തുക വകയിരുത്തിയിട്ടുമില്ല. അതായതു വരും പാദങ്ങളിൽ ഈ വായ്പയുടെ പേരിൽ വകയിരുത്തൽ വേണ്ടിവന്നാൽ ബാങ്കുകൾക്കു നഷ്ടം നേരിടും എസ്ബിഐ അടക്കം പല ബാങ്കുകളുടെയും ഓഹരിവില ഇടിയാൻ 
ഇതു കാരണമാകും
.

മൗലിക പ്രമാണം ലംഘിച്ചാൽ

നികുതിനിയമത്തിൽ മൗലിക പ്രമാണങ്ങൾ മറികടന്നു കൊണ്ടുവന്ന ഒരു ഭേദഗതിയാണ് ഏറെ നാണക്കേട് ഏറ്റുവാങ്ങിയ ശേഷം ഇന്ത്യ ഇപ്പോൾ പിൻവലിക്കുന്നത്. 
നള്ളാ പീന സൈനീ ലീജി (Nulla poena sine lege - നിയമപ്രകാരം നിരോധിക്കപ്പെടാത്ത ഒരു കാര്യത്തിനും ശിക്ഷ പാടില്ല) എന്ന മൗലിക പ്രമാണമാണ് ഇന്ത്യൻ ഭരണകൂടം ലംഘിച്ചത്. അതായത് ഒരു കാര്യം നടക്കുന്ന കാലത്ത് ഇല്ലാത്ത നിയമം വച്ച് നികുതി ചുമത്താൻ പാടില്ലെന്ന മൂലതത്വം ഗവൺമെന്റ് ലംഘിച്ചെന്ന്.
വോഡഫോൺ കമ്പനി ഹച്ചിൻ്റെ ഓഹരികൾ വാങ്ങിയതും കയേൺ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് ഓഹരി സ്വന്തമാക്കിയതും ഇന്ത്യക്കു പുറത്തു നടത്തിയ ഇടപാടുകളായിരുന്നു. ഇതിന് ഇന്ത്യയിൽ നികുതി ഈടാക്കാൻ അന്നു നിയമമില്ലായിരുന്നു. ഇന്ത്യയിലെ ആസ്തിയാണ് ഓഹരി കൈമാറ്റം വഴി വാങ്ങിയതെന്നു 
ഗവൺമെന്റ് 
വാദിച്ചു. അതിനാൽ നികുതിക്കു നോട്ടീസ് നൽകി. അതു സുപ്രീം കോടതി തള്ളിയപ്പോൾ നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു. അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജിയുടെ വാശിയായിരുന്നു ഇതിനു പിന്നിൽ. ഇടപാടുകൾ നടക്കുമ്പോൾ ഇല്ലാതിരുന്ന വ്യവസ്ഥ നിയമത്തിൽ എഴുതിച്ചേർത്തു.
സാമ്പത്തിക - ധനകാര്യ മേഖലകളിൽ ഏറെ പ്രധാനമാണ് നികുതി കാര്യത്തിൽ നിശ്ചിതത്വം (Certainty) വേണമെന്നത്. ആഡം സ്മിത്ത് രാജ്യങ്ങളുടെ സമ്പത്ത് (The Wealth of Nations) എന്ന ഗ്രന്ഥത്തിൽ നികുതി സമ്പ്രദായം പാലിക്കേണ്ട നാലു മൗലികതത്വങ്ങൾ പറയുന്നതിൽ ഒന്നാണ് ഈ നിശ്ചിതത്വം. നികുതി കാര്യത്തിലും മറ്റും അനിശ്ചിതത്വം ഉള്ള സ്ഥലത്തു ബിസിനസ് നടത്താൻ ആൾക്കാർ താൽപര്യമെടുക്കില്ല. അനിശ്ചിതത്വ (Uncertainty) വും തോന്ന്യാസ (Arbitrariness)വും ഇല്ലാതാക്കുന്നതിനാണു നിയമവും നിയമവാഴ്ചയും

നികുതി ഭീകരത

ഇതിൻ്റെയൊക്കെ അന്തസത്തയെ ഇല്ലാതാക്കുന്നതായിരുന്നു പ്രണബ് കൊണ്ടുവന്ന ഭേദഗതി. രണ്ടാം യുപിഎ സർക്കാരിൻ്റെ ബിസിനസ് വിരുദ്ധ നടപടികളിൽ ഏറ്റവും വലുതായി ആഗോളതലത്തിൽ ചിത്രീകരിക്കപ്പെട്ടതും ഇതാണ്. നികുതി ഭീകരത (Tax terrorism) എന്നാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്.
നികുതിഭീകരത ഇല്ലാതാക്കും എന്ന് വ്യക്തമായി പറഞ്ഞാണ് 2014-ൽ ബിജെപിയും നരേന്ദ്ര മോദിയും അധികാരത്തിലേറിയത്. എന്നാൽ ഭരണത്തിലായപ്പോൾ സ്വരം മാറ്റി. നികുതി ചുമത്താനുള്ള രാജ്യത്തിൻ്റെ അധികാരം ചോദ്യം ചെയ്യാനാവില്ലെന്ന നിലപാടിലേക്കു മാറി. വിവാദഭേദഗതി സംരക്ഷിക്കാനായി ചില രാജ്യങ്ങളുമായുള്ള നിക്ഷേപ ഉടമ്പടികൾ വരെ റദ്ദാക്കി.
ഇപ്പോൾ ഏഴു വർഷം കഴിഞ്ഞപ്പോൾ നാണക്കേടുകൾ പലതു സഹിച്ച ശേഷം നിയമം തിരുത്തുന്നു.
Tags:    

Similar News