ആശങ്കകൾ മറികടന്നു ഓഹരി വിപണി; വിദേശികൾ വീണ്ടും വാങ്ങലുകാരായി; വാഹനവിൽപന ടോപ് ഗിയറിലേക്ക്; തൊഴിലില്ലായ്മ കൂടുന്നത് എവിടെ?

ഓഹരി വിപണിയിൽ ലാഭമെടുക്കലിന്റെ സമ്മർദ്ദം. സ്വർണ്ണ വിലയുടെ ചാഞ്ചാട്ടത്തിന് കാരണമെന്ത്? നൊമുറയുടെ കണക്ക് വിശ്വസനീയമോ?

Update:2021-08-10 08:09 IST

ആഗോള ആശങ്കകൾ മറികടന്ന് ഇന്ത്യൻ വിപണി പുതിയ ഉയരങ്ങൾ തേടുന്നു. എന്നാൽ ലാഭമെടുക്കലിൻ്റെ സമ്മർദം അതിജീവിക്കാൻ വിപണിക്കു കഴിയുന്നില്ല. ഇന്നലെ സെൻസെക്സ് എത്തിയ ഉയരത്തിൽ നിന്ന് 300-ലേറെ പോയിൻ്റ് താഴ്ന്നാണു ക്ലോസ് ചെയ്തത്. വിൽപന സമ്മർദമാണ് കാരണം. ഇന്നും ഇങ്ങനെ ലാഭമെടുക്കലുകാർ സമ്മർദം ചെലുത്തുമെങ്കിലും വിപണി ഗതി മുന്നോട്ടു തന്നെയാകുമെന്നാണു പ്രതീക്ഷ.

സെൻസെക്സ് ഇന്നലെ 125 പോയിൻ്റ് ഉയർന്ന് 54,402.85-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 20.05 പോയിൻ്റ് കയറി 16,258.25-ൽ ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി ഈ ഉന്മേഷം പങ്കു വച്ചില്ല. മിഡ് ക്യാപ് സൂചിക 0.73 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.91 ശതമാനവും താഴ്ന്നു. ബാങ്കുകളുടെയും ധനകാര്യ കമ്പനികളുടെയും ഐടി ഓഹരികളുടെയും ബലത്തിലാണു മുഖ്യസൂചികകൾ ഉയർന്നത്.

ആശങ്കകൾ കുറയുന്നു

വളർച്ച, പലിശ, കോവിഡ് എന്നിവയെ ചൊല്ലിയുള്ള ആശങ്കകൾ ആഗോള വിപണികൾ ഒട്ടൊന്നു മാറ്റി വയ്ക്കുന്നതാണു തിങ്കളാഴ്ച കണ്ടത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര ചിത്രം കാഴ്ചവച്ചു. അമേരിക്കയിൽ മുഖ്യ സൂചികകൾ താഴ്ന്നാണു ക്ലോസ് ചെയ്തത്. എന്നാൽ ഫ്യൂച്ചേഴ്സ് ഉയർന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉയർച്ചയിലാണു വ്യാപാരം തുടങ്ങിയത്. നിക്കൈ സൂചിക ഒരു ശതമാനത്തോളം കയറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,272-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,285 ലേക്ക് ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ഇന്ത്യൻ വിപണി ഇന്ന് ഉയരുമെന്നാണ് ഡെറിവേറ്റീവ് വ്യാപാരത്തിലെ സൂചന.
വിപണി ഇപ്പോഴത്തെ 16,100-16,300 നിലവാരത്തിൽ അടിത്തറ ഉറപ്പിച്ച ശേഷം കുതിക്കാനാണു ശ്രമിക്കുക എന്നു സാങ്കേതിക വിശകലനക്കാർ കണക്കുകൂട്ടുന്നു. 16,180- ഉം 16,110-ഉം ശക്തമായ സപ്പോർട്ട് നൽകും. ഉയരാനുള്ള ശ്രമത്തിൽ 16,325-ലും 16,395-ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
രണ്ടു ദിവസത്തെ വിൽപനയക്കു ശേഷം വിദേശ നിക്ഷേപകർ ഇന്നലെ 211.91 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.

സ്വർണം ചാഞ്ചാട്ടം തുടരുന്നു

വാരാന്ത്യത്തിലെ അപ്രതീക്ഷിത തകർച്ചയിൽ നിന്നു സ്വർണത്തെ ഉയർത്താൻ ബുള്ളുകൾ നടത്തിയ ശ്രമം ഭാഗികമായേ വിജയിച്ചുള്ളു. ഔൺസിന് 1752 ഡോളർ വരെ വില ഉയർത്തിയെങ്കിലും ഒടുവിൽ 1730-ൽ ക്ലോസ് ചെയ്യേണ്ടി വന്നു. ഇന്നു രാവിലെ വില 1736 ഡോളർ വരെ ഉയർന്നു. എങ്കിലും വിപണി സ്ഥിരത കൈവരിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ 1805 ഡോളറിലായിരുന്ന വില രണ്ടു വ്യാപാര ദിനങ്ങൾക്കിടെ 127 ഡോളർ ഇടിഞ്ഞിട്ട് 60 ഡോളറാേളം തിരിച്ചു കയറി. സ്വർണത്തിൻ്റെ ലഭ്യതയും ആവശ്യവുമല്ല ഇപ്പോഴത്തെ കോളിളക്കത്തിനു കാരണം. പലിശ, സാമ്പത്തിക വളർച്ച തുടങ്ങിയവയെപ്പറ്റിയുള്ള ഊഹങ്ങളിൽ നിന്നാണ് ഈ കോളിളക്കത്തിൻ്റെ തുടക്കം. കംപ്യൂട്ടറിൽ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന നിർദേശങ്ങൾ പ്രകാരം വ്യാപാരം നടക്കുമ്പോൾ ഇത്തരം അപ്രതീക്ഷിത കോളിളക്കങ്ങൾ സംഭവിക്കും.
ക്രൂഡ് ഓയിൽ വിപണി താഴ്ചയിൽ നിന്നു കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബ്രെൻ്റ് ഇനം 69.4 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം.
അലൂമിനിയം, ചെമ്പ് തുടങ്ങിയ വ്യാവസായിക ലോഹങ്ങൾക്കു വില ഒരു ശതമാനത്തിലേറെ താണു. ഡോളറിൻ്റെ ഉയർച്ചയും ചൈനയിൽ നിന്നു ഡിമാൻഡ് കുറഞ്ഞതുമാണ് കാരണം.

ചൈനയുടെ വളർച്ചപ്രതീക്ഷ കുറച്ചു

ചൈനയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച നിഗമനങ്ങൾ തിരുത്തുകയാണ് ആഗോള നിക്ഷേപ ബാങ്കുകൾ. ടെക്നോളജി കമ്പനികൾക്കെതിരേ ചൈന എടുക്കുന്ന നടപടികൾ ചൈനയിൽ നിന്നു പിന്മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതും ഈ താഴ്ത്തലിനു കാരണമാണ്. ചൈനീസ് കമ്പനികളിലെ നേരിട്ടുള്ള നിക്ഷേപവും ഓഹരികളിലെ നിക്ഷേപവും കുറയും. ഇക്കൊല്ലത്തെ ചൈനീസ് ജിഡിപി വളർച്ച 8.3 ശതമാനമാകുമെന്നു ഗോൾഡ്മാൻ സാക്സും 8.2 ശതമാനമാകുമെന്ന് നൊമുറയും കണക്കാക്കുന്നു. നേരത്തേ 8.6 ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്.

എല്ലാം ഭദ്രമെന്നു നൊമുറ

ഇന്ത്യയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ കോവിഡിനു മുമ്പുള്ള നിലയിലേക്കു തിരിച്ചു കയറിയെന്ന് നൊമുറ ഇന്ത്യ ബിസിനസ് റിസംപ്ഷൻ ഇൻഡെക്സ് കാണിക്കുന്നു. ഓഗസ്റ്റ് ആദ്യവാരത്തിലെ സൂചിക 99.4 ആണ്. തലേ ആഴ്ച സൂചിക 94 ആയിരുന്നു. 100 ആണ് കോവിഡിനു മുമ്പുള്ള സൂചിക. ഒരാഴ്ചകൊണ്ട് ഇത്ര വലിയ പുരോഗതി സംഭവിച്ചത് അത്ര വിശ്വസനീയമല്ല. ഗൂഗിളും ആപ്പിളും തയാറാക്കുന്ന മൊബിലിറ്റി ഡാറ്റ, ഊർജ ഉപയോഗ കണക്ക്, തൊഴിൽ പങ്കാളിത്ത ഡാറ്റ തുടങ്ങിയവ ഉപയോഗിച്ചാണു നൊമുറ ഇന്ത്യ ഈ സൂചിക തയാറാക്കുന്നത്.

തൊഴിലില്ലായ്മ കൂടി

തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായി ഉയർന്നെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സിഎംഐഇ (സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി) അറിയിച്ചു. ഓഗസ്റ്റ് എട്ടിനവസാനിച്ച ആഴ്ചയിലെ കണക്കാണിത്. ഒന്നര മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കുമാണിത്. നഗരങ്ങളിൽ 9.96 ശതമാനവും ഗ്രാമങ്ങളിൽ 7.27 ശതമാനവുമാണു തൊഴിലില്ലായ്മ എന്നു സിഎംഐഇ സർവേ കാണിക്കുന്നു.

വാഹനവിൽപനയിൽ നല്ല വർധന

ജൂലൈയിൽ രാജ്യത്തെ വാഹന വിൽപനയിൽ വലിയ കുതിപ്പുണ്ടായെന്ന് റീട്ടെയിൽ വിൽപന കണക്കുകൾ കാണിക്കുന്നു. 2020 ജൂലൈയെ അപേക്ഷിച്ച് 34.12 ശതമാനമാണു വർധന. മൊത്തം വിൽപന 15.57 ലക്ഷം. ടൂ വീലർ വിൽപന 27.56 ശതമാനം കൂടി 11.33 ലക്ഷമായി. യാത്രാവാഹന (കാർ, എസ് യു വി) വിൽപന 62.9 ശതമാനം ഉയർന്നു.
യാത്രാവാഹന വിൽപന 2019 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ 24.27 ശതമാനമാണ് ഉയർന്നത്. വിപണി കോവിഡിനു മുമ്പുള്ള നിലയിലേക്ക് ഉയരുന്നു എന്ന് വ്യക്തം. എന്നാൽ എല്ലാ വാഹനങ്ങളുടെയും വിൽപന എടുക്കുമ്പോൾ 2019 ജൂലൈയിൽ നിന്ന് 13.22 ശതമാനം കുറവുണ്ട്.
വാണിജ്യവാഹന വിൽപന കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 166 ശതമാനം ഉയർന്നു.19,602 ൻ്റെ സ്ഥാനത്ത് 52,130 എണ്ണം വിറ്റു. ട്രാക്ടർ വിൽപന ഏഴു ശതമാനം കൂടി 82,388 ആയി.


Tags:    

Similar News