ബുള്ളുകൾ ആവേശത്തിൽ; നിക്ഷേപകർ സൂക്ഷിക്കണം; കോവിഡിൽ വീണ്ടും ആശങ്ക; ഗതിശക്തി ഗതി മാറ്റുമോ? വാഹനം പൊളിച്ചാൽ ആർക്കു നേട്ടം?

കോവിഡും താലിബാനും ഭീഷണി; വാഹന പൊളിക്കൽ നയം തുറന്നിടുന്ന അവസരങ്ങൾ; പ്രധാനമന്ത്രി പറഞ്ഞ രണ്ടു കാര്യങ്ങളിലെ സാധ്യതകൾ

Update:2021-08-16 08:01 IST

ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കി കുതിക്കുമ്പോൾ പലരിലും ആവേശത്തേക്കാൾ ആശങ്കയാണു വളരുന്നത്. എന്നാൽ വിപണിയിലേക്കു ഫണ്ടുകളിലൂടെയും അല്ലാതെയും പണം നിരന്തരം ഒഴുകിയെത്തുമ്പോൾ മേലോട്ടല്ലാതെ ഗതി എന്ത് എന്ന മറു ചോദ്യമാണ് ഉയരുന്നത്. ഈ പണപ്രവാഹത്തിൻ്റെ കരുത്തിൽ വരും ദിവസങ്ങളിലും വിപണി മുന്നോട്ടു നീങ്ങും. കോവിഡ് വ്യാപനത്തെപ്പറ്റിയുള്ള ആശങ്ക ഇന്നു രാവിലെ ഏഷ്യൻ വിപണികളെ താഴോട്ടു വലിച്ചു. അമേരിക്കയിൽ ഡൗ ജോൺസ് സൂചികയുടെ അവധി വ്യാപാരവും താഴ്ചയിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ആവേശത്തോടെ വാങ്ങലുകാരായ വെള്ളിയാഴ്ച സെൻസെക്സ് 55,000 കടന്ന് ശക്തമായ നിലയിൽ ക്ലോസ് ചെയ്തു. 593.31 പോയിൻ്റ് (1.08%) ഉയർന്ന് 55,437.29 ൽ സെൻസെക്സ് ക്ലോസ് ചെയ്തു. ആഴ്ചയിലെ നേട്ടം 2.13 ശതമാനം. നിഫ്റ്റി 164.7 പോയിൻ്റ് (1.01%) കയറി 16,529.1 ൽ ക്ലോസ് ചെയ്തു.പ്രതിവാര നേട്ടം 1.79 ശതമാനം.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകൾ വെള്ളിയാഴ്ചയും താഴോട്ടായിരുന്നു. ആഴ്ചയിലെ നഷ്ടം മിഡ് ക്യാപ് സൂചികയ്ക്ക് ഒരു ശതമാനവും സ്മോൾ ക്യാപ് സൂചികയ്ക്ക് 1.7 ശതമാനവുമാണ്.
വെള്ളിയാഴ്ച യൂറോപ്യൻ, അമേരിക്കൻ വിപണികൾ ചെറിയ ഉയർച്ചയോടെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ തകർച്ചയോടെയാണു തുടങ്ങിയത്. വ്യാപാരത്തിനിടെ വീണ്ടും താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 16,558-ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ചെറിയ താഴ്ചയിലാണു വ്യാപാരം.
വിപണി ബുള്ളിഷ് ആണെന്നു സാങ്കേതിക വിശകലനക്കാർ വിലയിരുത്തുന്നു. നിഫ്റ്റി ഇനി 16,700-16,900 മേഖല ലക്ഷ്യമിടും. 16,425 ലും 16,315 ലും ശക്തമായ സപ്പോർട്ടാണ് അവർ കാണുന്നത്. 16,590-ലും 16,650 ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

വിദേശികളും വാങ്ങിക്കൂട്ടുന്നു

വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 819.97 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ ഈ മാസം വിശശി നിക്ഷേപം 3495 കോടി കവിഞ്ഞു. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 149.5 കോടി രൂപ നിക്ഷേപിച്ചു. ലാർജ് ക്യാപ് കമ്പനികളിലാണു വിദേശികൾ ഇപ്പോൾ താൽപര്യമെടുക്കുന്നത്.
കോവിഡ് ആഗോള വാണിജ്യത്തിനും ഗതാഗതത്തിനും തടസമാകുമെന്ന ആശങ്ക ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായി. ബ്രെൻറ് ഇനം ഇന്നു രാവിലെ 69.72 ഡോളറിലേക്കു താണു. വെള്ളിയാഴ്ച 71 ഡോളറിനു തൊട്ടടുത്തായിരുന്നു വില.
ഡോളറിനു കരുത്തു കുറഞ്ഞത് സ്വർണത്തിനു നേട്ടമായി. വെള്ളിയാഴ്ച ഔൺസിന് 1779 ഡോളറിലെത്തിയ സ്വർണം ഇന്നു രാവിലെ 1780- നു മുകളിലേക്കു കയറി. കേരളത്തിൽ പവൻവില ശനിയാഴ്ച 240 രൂപ വർധിച്ച് 35, 200 രൂപയിലെത്തിയിരുന്നു.

കരുതലോടെ നീങ്ങണം

വിപണിയിൽ വളരെ കരുതലോടെ നീങ്ങേണ്ട സമയമാണിതെന്നു നിക്ഷേപ വിദഗ്ധർ ഒന്നടങ്കം മുന്നറിയിപ്പ് നൽകുന്നു. തിരുത്തലില്ലാതെ വിപണികൾ ഉയരുന്നതിലെ ആശങ്ക വോൾ സ്ട്രീറ്റ് മുതൽ എല്ലായിടത്തുമുണ്ട്.
കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് അങ്ങേയറ്റം താഴ്ത്തുകയും പണലഭ്യത അമിതമായി വർധിപ്പിക്കുകയും ചെയ്തതാണു വിപണികളിലേക്ക് പണം ഒഴുകിയെത്താൻ കാരണം. ഫെഡ് അടക്കം കേന്ദ്ര ബാങ്കുകൾ ഈ നയം തിരുത്തുമ്പോൾ വിപണികളിൽ വലിയ തകർച്ച ഉറപ്പാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു.
അടുത്ത വർഷം തുടക്കത്തിലേ പണലഭ്യത കുറയ്ക്കാൻ യു എസ് ഫെഡ് നടപടികൾ തുടങ്ങുമെന്നാണു പൊതുവേ കരുതപ്പെടുന്നത്. അപ്പോഴേക്ക് ഇന്ത്യയിൽ പലിശ നിരക്ക് കൂട്ടാനുള്ള നടപടികൾ റിസർവ് ബാങ്കും തുടങ്ങി വയ്ക്കും എന്നാണു നിഗമനം.

കോവിഡും താലിബാനും

അമേരിക്കയിലും ജപ്പാനടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് വ്യാപനം ആശങ്കാജനകമായി വർധിച്ചിട്ടുണ്ട്. കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് വകഭേദങ്ങൾ രൂപപ്പെടുന്നതായി വിദഗ്ധർ കരുതുന്നു. ജപ്പാനിൽ പ്രതിദിന രോഗബാധ 20,000-ലധികമായി. അമേരിക്കയിൽ ഒന്നര ലക്ഷത്തിലേക്കു പ്രതിദിന രോഗബാധ ഉയർന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചത് പശ്ചിമേഷ്യയിലും മധ്യേഷയിലും ദക്ഷിണേഷ്യയിലും അനിശ്ചിതത്വം വർധിപ്പിക്കുന്നുണ്ട്. ആഗോള ശക്തികളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിലയിരുത്തലുകൾ മുഴുവൻ തെറ്റിച്ചുകൊണ്ടാണ് ഒരാഴ്ചയ്ക്കകം താലിബാൻ കാബൂൾ അധീനതയിയിലാക്കിയത്. കൃത്യതയാർന്ന ആ സൈനിക നീക്കം അയൽ രാജ്യങ്ങൾക്കെല്ലാം വരാൻ പോകുന്ന വെല്ലുവിളികളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. അതിതീവ്ര ഇസ്ലാമിക് ആശയങ്ങളാൽ നയിക്കപ്പെടുന്ന താലിബാന് (വിദ്യാർഥികൾ) പാക്കിസ്ഥാൻ്റെയും ചില സമ്പന്ന ഗൾഫ് രാജ്യങ്ങളുടെയും സഹായങ്ങൾ ഉണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ ഭീകര ഭീഷണികളും ഉണ്ടാകാം.

വ്യവസായവായ്പ വീണ്ടും കുറയുന്നു

വ്യവസായങ്ങൾക്കുള്ള ബാങ്ക് വായ്പ ഇനിയും ഉയരുന്നില്ല. ഈ വർഷം ഇതുവരെ വ്യവസായ വായ്പ 1.7 ശതമാനം കുറഞ്ഞു. കമ്പനികൾ മൂലധന നിക്ഷേപം തുടങ്ങാത്തതാണു പ്രധാന കാരണം. സ്റ്റീൽ, മെറ്റൽ, ഫാർമ കമ്പനികൾക്കു വരുമാനവും ലാഭവും വർധിച്ചപ്പോൾ കടം കൊടുത്തു തീർക്കാനാണ് അവർ മുൻഗണന നൽകിയത്. ആരും തന്നെ പുതിയ മൂലധന നിക്ഷേപ പദ്ധതികൾ തുടങ്ങിയിട്ടില്ല. കടമെടുത്തു ശേഷി വർധിപ്പിക്കുകയും മറ്റു കമ്പനികളെ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന പഴയ രീതി തൽക്കാലം മാറ്റി വച്ചിരിക്കുകയാണു കമ്പനികൾ. ഐടി കമ്പനികൾ വലിയ തോതിൽ ഏറ്റെടുക്കൽ നടത്തുന്നുണ്ടെങ്കിലും അതു മിച്ചധനം ഉപയോഗിച്ചാണ്. റീട്ടെയിൽ മേഖലയിലെ ഏറ്റെടുക്കലുകളും അങ്ങനെ തന്നെ.
ജൂലൈ 30-നവസാനിച്ച രണ്ടാഴ്ച ബാങ്കുകളുടെ വായ്പാ വിതരണം 31,692 കോടി രൂപയാണു വർധിച്ചത്. അതേ കാലയളവിൽ നിക്ഷേപത്തിലെ വർധന 33,886 കോടി രൂപയായിരുന്നു. അതിനു മുൻപത്തെ രണ്ടാഴ്ച വായ്പാ വിതരണം കുറഞ്ഞിരുന്നു. ഈ ധനകാര്യ വർഷം ബാങ്കുകളുടെ വായ്പാ വിതരണത്തിൽ 39,093 കോടി രൂപയുടെ കുറവുണ്ട്. ഭക്ഷ്യേതര വായ്പ മാത്രമെടുത്താൽ കുറവ് 55,316 കോടി രൂപ വരും.
ബാങ്കുകളിലെ നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 9.8 ശതമാനം വർധിച്ചപ്പോൾ വായ്പാ വിതരണത്തിലെ വർധന 6.1 ശതമാനം മാത്രമാണ്.

വാഹനം പൊളിക്കൽ അവസരങ്ങൾ കൂട്ടും

പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വാഹനവ്യവസായത്തിനു വലിയ ഉത്തേജനം പകരും. പഴയ വാഹനങ്ങളിൽ നിന്നുള്ള ലോഹങ്ങളുടെ പുനരുപയോഗം വാഹന നിർമാണച്ചെലവിൽ കാര്യമായ കുറവ് വരുത്തും. വാഹന നിർമാണത്തിൽ ഷീറ്റ് മെറ്റലിനുള്ള ചെലവിൽ 40 ശതമാനം വരെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് വാഹനവില കുറയ്ക്കാനും കയറ്റുമതി കൂട്ടാനും സഹായിക്കും.
വാഹനം പൊളിക്കൽ ബിസിനസിൽ 10,000 കോടി രൂപയുടെ മൂലധനനിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങളും ഇന്ത്യയിലെ പൊളികേന്ദ്രങ്ങളിൽ എത്തും. ഗുജറാത്ത് സർക്കാർ ആറു കമ്പനികളുമായി പൊളികേന്ദ്രം തുടങ്ങാൻ കരാർ ഒപ്പിട്ടു കഴിഞ്ഞു.
15 കൊല്ലമായ വാണിജ്യ വാഹനങ്ങളും 20 കൊല്ലമായ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റ് പാസ്സാകുന്നില്ലെങ്കിൽ പൊളിക്കണം എന്നാണ് നയം. സംസ്ഥാനങ്ങളാണു നയം നടപ്പാക്കേണ്ടത്.

സ്വാതന്ത്ര്യദിന പ്രഖ്യാപനങ്ങൾ

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു പ്രധാന കാര്യങ്ങൾ പറഞ്ഞു. ഒന്ന്: നൂറു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപിക്കും. ഗതിശക്തി എന്ന പേരാണു പദ്ധതിക്കു നൽകിയിരിക്കുന്നത്. രണ്ട്: ഇന്ത്യ ഹരിത ഹൈഡ്രജൻ്റെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി മാറും. ഇതിനായി ദേശീയ ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ചു. 2047-ഓടെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നു മുക്തിയും ഊർജസ്വയംപര്യാപ്തതയും ലക്ഷ്യമിടുന്നു.
ഗതിശക്തി ഇതേ പേരിലല്ലെങ്കിലും കഴിഞ്ഞ ബജറ്റിലും കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും ഉൾപ്പെട്ടിരുന്നതാണ്. ഊർജ മേഖലയ്ക്ക് 26.9 ലക്ഷം കോടി അടക്കം മൊത്തം 111.3 ലക്ഷം കോടിയാണു ഗതിശക്തി മാസ്റ്റർ പ്ലാനിൽ പറയുന്നത്. നിക്ഷേപത്തിൻ്റെ 70 ശതമാനവും സർക്കാർ നടത്തുന്ന വിധമാണു മാസ്റ്റർ പ്ലാൻ. നിർദിഷ്ട രീതിയിൽ ഇതു നടന്നാൽ സമ്പദ്ഘടനയിൽ വലിയ കുതിപ്പ് ഉണ്ടാകും.


Tags:    

Similar News