അനിശ്ചിതത്വം തിരുത്തലിനു വഴിമാറുമോ? സംഘർഷങ്ങളിൽ ആശങ്ക; എയർടെൽ ഓഹരി ഇടിഞ്ഞതിൻ്റെ കാരണം; റിലയൻസും വാക്സീൻ ബിസിനസിന്
ഓഹരി വിപണി ഹ്രസ്വകാല തിരുത്തലിലേക്ക് കടക്കുമോ? സ്വർണ്ണ വില കൂടിയേക്കും; കാരണം ഇതാണ്, ഇൻഫോസിസ് എന്തുകൊണ്ട് വീണ്ടു പഴി കേൾക്കുന്നു
ആഗോള സംഭവങ്ങൾ ഇന്നു വിപണികളെ ബാധിച്ചാൽ ഇന്ത്യൻ വിപണി ഒരു ഹ്രസ്വകാല തിരുത്തലിലേക്കു നീങ്ങും. അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണം അവിടെ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുന്നു. സംഘർഷങ്ങളും അശാന്തിയും വിപണികൾക്ക് ഇഷ്ടമല്ല. 13 അമേരിക്കൻ സൈനികരടക്കം 70-ലേറെപ്പേരാണു കാബൂളിൽ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം ദിവസവും കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ദിവസം മുഴുവൻ നീണ്ട കയറ്റിറക്കങ്ങൾക്കു ശേഷം ഫ്ലാറ്റ് ആയി ക്ലോസ് ചെയ്തത് അനിശ്ചിതത്വമാണു സൂചിപ്പിക്കുന്നത്. ചെറിയൊരു പ്രശ്നമുണ്ടായാൽ വിപണി താഴോട്ടു പോകുന്ന നില.
കാബൂൾ സ്ഫോടനം യൂറോപ്യൻ, അമേരിക്കൻ സൂചികകളെ താഴ്ത്തി. സ്‌ഫോടനത്തിനു പിന്നിലുള്ളവരെ കണ്ടെത്തുംവരെ യുഎസ് സേന കാബൂളിൽ തുടരുമെന്നാണു സൂചന. ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റിട്ടുണ്ട്. ഇനി സംഘർഷാന്തരീക്ഷം എങ്ങനെ തിരിയും എന്ന അനിശ്ചിതത്വമാണു വിപണികളെ ഇന്ന് ഉലയ്ക്കുക.
ഉൽപന്ന വിപണികളിൽ ഇന്നലെ വിലയിടിഞ്ഞു. ഡോളർ ഉയർന്നു. മറ്റു കറൻസികൾ താണു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയോടെയാണു തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ മുക്കാൽ ശതമാനം താണു. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സും താഴ്ന്നു നിൽക്കുന്നു.
ഇന്നലെ നിഫ്റ്റി 2.25 പോയൻ്റ് കയറി 16,636.9 ലും സെൻസെക്സ് 4.89 പോയിൻ്റ് ഉയർന്ന് 55,949.1ലുമാണു ക്ലോസ് ചെയ്തത്. എന്നാൽ സ്മോൾ ക്യാപ് സൂചിക 0.31 ശതമാനവും മിഡ് ക്യാപ് സൂചിക 0.3 ശതമാനവും ഉയർന്നു. മെറ്റൽ കമ്പനികളാണ് വലിയ ക്ഷീണത്തിലായത്.മെറ്റൽ സൂചിക 1.27 ശതമാനം താണു. ഐ ടി, വാഹന, ഹെൽത്ത് കെയർ കമ്പനികളും താഴ്ചയിലായിരുന്നു. ബാങ്കുകൾ വലിയ ചാഞ്ചാട്ടത്തിനു ശേഷം നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. എഫ്എംസിജി, റിയൽറ്റി, ഓയിൽ, പവർ കമ്പനികൾ ഉയർന്നു.
അനിശ്ചിതത്വം മാറ്റി 16,700 ലേക്കു കയറാൻ പറ്റുന്നില്ലെങ്കിൽ വിപണി പാർശ്വ നീക്കങ്ങൾ തുടരുകയോ ഹ്രസ്വമായ തിരുത്തലിലേക്കു വീഴുകയോ ചെയ്യുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. 16,500-ലും 16,380 ലുമാണ് സപ്പോർട്ട് പ്രതീക്ഷിക്കുന്നത്.
സിംഗപ്പുർ എക്സ്ചേഞ്ചിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,630 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അത് 16,645 ലേക്കു കയറി. അനിശ്ചിതത്വമാണ് ഡെറിവേറ്റീവ് വ്യാപാരം സൂചിപ്പിക്കുന്നത്.
വിദേശികൾ വിറ്റൊഴിയുന്നു
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ നിന്നു പണം പിൻവലിക്കൽ തുടരുകയാണ്. ഇന്നലെ 1974.98 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. ഇതോടെ ഈ മാസത്തെ വിൽപന 6873.74 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 1055.21 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
ഡോളർ, സ്വർണം ഉയർന്നു
ഡോളർ സൂചിക 93-നു മുകളിലെത്തി. ഇതു രൂപയ്ക്കു ക്ഷീണം വരുത്തും. 74.22 രൂപയിലാണു ഡോളർ ഇന്നലെ ക്ലോസ് ചെയ്തത്.
സ്വർണം 1780 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 1795 ഡോളറിലേക്കു കയറി. വില ഇനിയും കയറുമെന്നാണു സൂചന. കാബൂൾ സ്ഫോടനമാണ് സ്വർണത്തെ കയറ്റുന്നത്.
താഴോട്ടു നീങ്ങുകയായിരുന്ന ക്രൂഡ് ഓയിൽ വിലയും തിരിച്ചു കയറി. ബ്രെൻറ് ഇനം ഇന്നു രാവിലെ 71.18 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾക്കു വില കുറഞ്ഞു. ചെമ്പ് മുതൽ നിക്കൽ വരെയുള്ളവ ഒരു ശതമാനത്തോളം താണു.
വിദേശികൾക്ക് ഐടി നോട്ടീസ്; പഴി ഇൻഫോസിസിന്?
ഓഹരി വിപണിയിലെ വിദേശ നിക്ഷേപകർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത് വിവാദമായി. നൂറു കണക്കിനു നിക്ഷേപകർക്കാണു മുൻകാല ഐടി റിട്ടേണുകളിലെ പിശക് തിരുത്താൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകിയത്. സ്ഥാപനങ്ങളോടു ബാലൻസ് ഷീറ്റും ലാഭനഷ്ട കണക്കും ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇവ സമർപ്പിക്കേണ്ട കാര്യമില്ല.
സാങ്കേതിക തകരാർ ആണു നോട്ടീസുകൾക്കു കാരണമെന്ന് സർക്കാരിൻ്റെ ഭാഗത്തു നിന്നു വിശദീകരണം ഉണ്ടായി. എന്നാൽ വിദേശ നിക്ഷേപകർ 'സാങ്കേതിക' ന്യായം വിശ്വസിക്കുന്നില്ല.
ഇൻഫോസിസ് ടെക്നാേളജീസിനാണ് ഐടി വകുപ്പിൻ്റെ സെൻട്രലൈസ്ഡ് പ്രോസസിംഗ് സെൻ്ററിൻ്റെ സാങ്കേതിക ചുമതല. മുൻപും ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വർഷം ഐടി റിട്ടേൺ സമർപ്പിക്കലിനുള്ള സംവിധാനം ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല. സെപ്റ്റംബർ 15നകം പരിഹാരം ഉണ്ടാക്കണമെന്ന് ഇൻഫോസിസ് എംഡിയെ വിളിച്ചു വരുത്തി ധനമന്ത്രി നിർദേശിക്കേണ്ടി വന്നു.
എയർടെൽ ഓഹരികൾ ഇടിഞ്ഞതിനു പിന്നിൽ
ഇന്നലെ ഭാരതി എയർടെൽ ഓഹരികൾ 4.17 ശതമാനം ഇടിഞ്ഞു. ഓഗസ്റ്റ് 16 ലെ റിക്കാർഡ് നിലയിൽ നിന്ന് ഒൻപതു ശതമാനം താഴെയാണ് ഇപ്പോൾ ഓഹരി. കമ്പനി ഓഹരി വിറ്റോ ഓഹരിയാക്കാവുന്ന ഡിബഞ്ചർ ഇറക്കിയാേ മൂലധനം സമാഹരിക്കും എന്ന് അറിയിച്ചതാണു കാരണം. ഞായറാഴ്ചയാണ് ബോർഡ് യോഗം ചേർന്ന് എത്ര മൂലധനം സമാഹരിക്കണം എന്നു തീരുമാനിക്കുക.
ഓഹരി മൂലധനം വർധിപ്പിക്കുന്നത് എന്തിനാണെന്നു വ്യക്തമായിട്ടില്ല. വലിയ കടങ്ങളോ നികുതി ബാധ്യതയോ ഇപ്പോൾ കൊടുക്കാനില്ല. സപെക്ട്രം ലേലവും വരുന്നില്ല. ഇൻഡസ് ടവേഴ്സിലോ ഡിടിഎച്ച് ബിസിനസിലോ പണം മുടക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. അവയിൽ മുടക്കുന്നതു ലാഭകരമല്ലെന്ന് വിദേശ ബ്രാേക്കറേജ് ജെഫറീസ് പറയുന്നു. തകരുന്ന വോഡഫോൺ ഐഡിയയിൽ നിന്നു കൂടുതൽ വരിക്കാരെ കിട്ടുമ്പോൾ നെറ്റ് വർക്ക് വിപുലീകരിക്കാനാകാം ധനസമാഹരണം എന്നു കരുതുന്നവരുണ്ട്.
റിലയൻസും വാക്സീൻ നിർമാണത്തിലേക്ക്
റിലയൻസ് ഇൻഡസ്ട്രീസ് കോവിഡ് വാക്സീൻ നിർമാണത്തിലേക്കു കടക്കുന്നു. സബ്സിഡിയറിയായ റിലയൻസ് ലൈഫ് സയൻസസ് ആണു വാക്സീൻ തയാറാക്കിയത്. ഇതു മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതിക്കായി അധികൃതരെ സമീപിച്ചു. റീകോംബിനൻ്റ് പ്രോട്ടീൻ ഉപയോഗിച്ചാണു റിലയൻസിൻ്റെ വാക്സീൻ . ഇതു വിപണിയിലെത്താൻ മാസങ്ങൾ എടുക്കും. മൂന്നു ഘട്ടങ്ങളിൽ പരീക്ഷണം നടന്നാലേ അനുമതി കിട്ടൂ. ഇതാദ്യമാണു റിലയൻസ് ഔഷധ - വാക്സീൻ മേഖലയിലേക്കു കടക്കുന്നത്.
This section is powered by Muthoot Finance