തലേന്നു ഹോളി ആഘാേഷിച്ചു വിപണി; യുദ്ധ ആശങ്കയിൽ ക്രൂഡ് കയറുന്നു; വളർച്ച നിഗമനം താഴ്ത്തി ഏജൻസികൾ

ഈ ആഴ്ചയിൽ ഓഹരി വിപണികളുടെ നേട്ടം നാല് ശതമാനം; നികുതി പിരിവിൽ വൻവർധന; ആഗോള വളർച്ച ഈ വർഷം കുറയും

Update:2022-03-18 07:40 IST

ഇന്ത്യൻ ഓഹരി വിപണികൾ ഹോളി ആഘാേഷം ഒരു ദിവസം മുമ്പേ നടത്തി. രണ്ടാം ദിവസവും മികച്ച കുതിപ്പു നടത്തിയതോടെ ഈ ആഴ്ചയിലെ നേട്ടം നാലു ശതമാനം കവിഞ്ഞു. ഇന്നു ഹോളി പ്രമാണിച്ചു വിപണികൾ അവധിയിലാണ്.തിങ്കളാഴ്ചയാണ് ഇനി ഇന്ത്യൻ വിപണി പ്രവർത്തിക്കുക.

അമേരിക്കൻ ഫെഡ് പലിശ വർധനയുടെ ചക്രം കറക്കാൻ ആരംഭിച്ചതിനെ ആഗോള വിപണികൾ സന്തോഷത്തോടെ സ്വാഗതം ചെയ്തു. കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ നടക്കുന്നതിൻ്റെ പേരിലാണു സന്തോഷം. ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് മൂന്നാം വട്ടവും വർധിപ്പിച്ച് 0.75 ശതമാനമാക്കി. ഇതും പ്രതീക്ഷിച്ചതു തന്നെയാണ്.
യുക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തലിനും സന്ധിക്കും സാധ്യത തെളിഞ്ഞതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ഉണ്ടായിരുന്നു. എന്നാൽ ചർച്ചകളിൽ പുരോഗതി ഇല്ലെന്നു പറഞ്ഞ് റഷ്യ ആ പ്രതീക്ഷ കെടുത്തി. ക്രൂഡ് ഓയിൽ വില ഒൻപതു ശതമാനം കുതിച്ചു കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 108.8 ഡോളർ ആയി.
വ്യാഴാഴ്ച സെൻസെക്സ് 1047.28 പോയിൻ്റ് (1.84%) നേട്ടത്തിൽ 57,863.93 ലും നിഫ്റ്റി 311.7 പോയിൻ്റ് (1.84%) ഉയർച്ചയിൽ 17,287.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.38 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.23 ശതമാനവും മാത്രമേ ഉയർന്നുള്ളു. ഐടി ഒഴികെ എല്ലാ ബിസിനസ് മേഖലകളും നേട്ടം ഉണ്ടാക്കി. റിയൽറ്റി മുന്നേറ്റത്തിനു മുന്നിൽ നിന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 17,379 വരെ കയറിയിട്ട് 17,285 ലേക്കു താണു. ഏഷ്യൻ വിപണികളിൽ നാമമാത്ര ഉണർവേ ഉള്ളു. ഇന്നലെ യുഎസ് സൂചികകൾ ഒന്നേകാൽ ശതമാനം ഉയർന്നു ക്ലോസ് ചെയ്തെങ്കിലും ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്.

വിദേശികൾ വീണ്ടും വാങ്ങുന്നു

വിദേശ നിക്ഷേപകർ രണ്ടാം ദിവസവും വാങ്ങലുകാരായി. 2800.14 കോടി രൂപയാണ് ഇന്നലെ അവർ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. തലേന്നു 312 കോടിയായിരുന്നു നിക്ഷേപം. യുഎസ് ഫെഡ് തീരുമാനം വന്നതാേടെ വിദേശികൾ വിൽപനയിൽ നിന്നു പിന്മാറിയതു വിപണിക്ക് ആശ്വാസമായി. വിദേശ നിക്ഷേപകർ ഫ്യൂച്ചേഴ്സിലും സജീവമായിരുന്നു. ഇതേ സമയം സ്വദേശി ഫണ്ടുകൾ വിൽപനക്കാരായി. ഇന്നലെ 678.45 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റത്.
നിഫ്റ്റി 17,000 പുതിയ അടിത്തറയായി കണക്കാക്കാമെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. സൂചിക അതിനു മുകളിൽ നിന്നാൽ 17,600 വരെയുള്ള മുന്നേറ്റം പ്രതീക്ഷിക്കാം. 17,000 നിലനിർത്തിയില്ലെങ്കിൽ 16,800 ലോ അതിനു താഴെയോ ആകും സപ്പോർട്ട് കാണുക.

ക്രൂഡ് വീണ്ടും കുതിച്ചു

ക്രൂഡ് ഓയിൽ വില ഇന്നലെ വീണ്ടും കയറി. യുക്രെയ്ൻ സമാധാന ചർച്ച പുരോഗമിച്ചില്ലെന്ന റഷ്യൻ പ്രഖ്യാപനത്തെ തുടർന്നാണു കയറ്റം. ഇന്നലെ 106.6 ഡോളറിലെത്തിയ ബ്രെൻ്റ് ഇനം ഇന്നു രാവിലെ 108.8 ഡോളറിലേക്കു കയറി. ക്രൂഡ് ഓയിൽ സ്റ്റാേക്കും ഉൽപാദനവും കുറഞ്ഞു വരികയാണെന്നും ജൂലൈ -സെപ്റ്റംബറിൽ ബ്രെൻ്റ് ഇനത്തിൻ്റെ വില 120 ഡോളറിനു മുകളിലാകുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തി. നേരത്തേ 100 ഡോളർ കണക്കാക്കിയിരുന്നതാണ്.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു തന്നെ നിൽക്കുന്നു. ചെമ്പുവില ടണ്ണിന് 10,166 ഡോളറിലേക്കു കയറി. അലൂമിനിയം വില മൂന്നര ശതമാനം ഉയർന്ന് 3385 ഡോളർ ആയി. സ്റ്റീൽ വില ഉയർന്നതോടെ ഇരുമ്പയിര് 149.65 ഡോളറിലെത്തി. നിക്കൽ വിപണിയിൽ കോളിളക്കം തുടരുന്നു. പത്തു ദിവസം മുമ്പ് ഒരു ലക്ഷം ഡോളർ കടന്ന നിക്കൽ വില മൂന്നു ദിവസം കൊണ്ട് 50 ശതമാനത്തോളം ഇടിഞ്ഞു. വ്യാപാര പരിധി എട്ടു ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്കു വർധിപ്പിച്ചിട്ടും സാധാരണ വ്യാപാരം പുനരാരംഭിക്കാനായിട്ടില്ല.

സ്വർണവും രൂപയും കയറി

സ്വർണം കയറ്റം തുടരുകയാണ്. പൊതു വിലക്കയറ്റം ഉടനെ പിടിച്ചുകെട്ടാനാകില്ലെന്ന നിഗമനമാണു കാരണം. ഔൺസിന് 1941-1943 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. വില കുറേക്കൂടി ഉയർന്നേക്കും. ഇന്നലെ കേരളത്തിൽ പവനു 120 രൂപ വർധിച്ച് 37,960 രൂപ ആയിരുന്നു. വില ഇന്നും വർധിച്ചേക്കും.
ഡോളർ വീണ്ടും താഴ്ന്നു. രൂപ ഇന്നലെയും അര ശതമാനത്തോളം ഉയർന്നു. ഡോളർ 37 പൈസ കുറഞ്ഞ് 75.84 രൂപയായി. ഒരാഴ്ചകൊണ്ടു ഡോളറിനു 109 പൈസ നഷ്ടമായി. രാജ്യാന്തര വിപണിയിൽ ഡോളർ സൂചിക ദുർബലമായതാണു കാരണം.

നികുതി പിരിവിൽ വൻവർധന

ഈ 31ന് അവസാനിക്കുന്ന ധനകാര്യ വർഷം പ്രത്യക്ഷ നികുതി പിരിവ് 48 ശതമാനം വർധിച്ചു. 2020-21 -ലെ 9.18, ലക്ഷം കോടിയുടെ സ്ഥാനത്ത് 2021-22ൽ 13.63 ലക്ഷം കോടി രൂപ. കോവിഡിനു മുമ്പുള്ള 2019- 20ലെ 9.56 ലക്ഷം കോടിയേക്കാൾ 42.5 ശതമാനം അധികവുമാണിത്.
ഈ കണക്ക് ബജറ്റ് എസ്റ്റിമേറ്റുകളെപ്പറ്റി ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ബജറ്റിൽ പ്രതീക്ഷിച്ചത് 11.08 ലക്ഷം കോടിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയ നികുതി പ്രതീക്ഷയായി രേഖപ്പെടുത്തിയത് 12.5 ലക്ഷം കോടിയും. ഇപ്പോൾ തന്നെ അതിനേക്കാൾ 1.13 ലക്ഷം കോടി രൂപ അധികം കിട്ടി. ഇനി ഗണ്യമായ ഒരു തുക അഡ്വാൻസ് ടാക്സ് ഇനത്തിൽ കിട്ടാനുണ്ട്.

അപ്പോൾ എന്താണ് ബജറ്റിൻ്റെ വിശ്വാസ്യത?

അപ്പോൾ നമ്മുടെ ബജറ്റ് എസ്റ്റിമേറ്റുകളുടെ വിശ്വാസ്യത എത്ര? ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 20 ശതമാനവും ഒരു മാസം മുമ്പത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ ഒൻപതു ശതമാനവും അധികമാണു നികുതി വരവ്. ഇത്ര വലിയ അന്തരം എന്തുകൊണ്ടു മനസിലാക്കിയില്ല?
വ്യക്തികളുടെ ആദായ നികുതിയും കമ്പനികളുടെ ആദായ നികുതിയുമാണ് പ്രത്യക്ഷ നികുതിയിൽ ഉള്ളത്. രണ്ടിനത്തിലും ഗണ്യമായ വർധന ഉണ്ട്. കമ്പന നികുതിയിൽ 7.19 ലക്ഷം കോടിയും വ്യക്തിഗത നികുതിയിൽ 6.41 ലക്ഷം കോടിയും ലഭിച്ചു. ജിഡിപി വളർച്ചയേക്കാൾ പല മടങ്ങാണ് പ്രത്യക്ഷ നികുതിയിലെ വളർച്ച. നികുതി വെട്ടിപ്പിനുള്ള പഴുതുകൾ അടച്ചതു തന്നെയാണു മുഖ്യ കാരണം. നിരക്കുകൾ യുക്തിസഹമായതോടെ വെട്ടിക്കാനുള്ള ആഗ്രഹവും കുറഞ്ഞു.
സമീപ വർഷങ്ങളിൽ വ്യവസായ മേഖലയിൽ അസംഘടിത വിഭാഗത്തിൻ്റെ പങ്കു നാലിലൊന്നിലും താഴെയായി. ഇതോടെ സംഘടിത മേഖലയ്ക്ക് (കമ്പനികൾ) കൂടുതൽ ലാഭമെടുക്കാവുന്ന സാഹചര്യം വന്നു. കമ്പനി നികുതിയിലെ കുതിപ്പിന് ഒരു കാരണം ഇതാണ്.
അതെന്തായാലും നികുതി പിരിവിനെപ്പറ്റി ശരിയായ എസ്റ്റിമേറ്റ് ഉണ്ടാക്കാൻ ധനമന്ത്രാലയത്തിനു കഴിയുന്നില്ല എന്നത് അത്ര അഭിമാനകരമായ നിലയല്ല. എൽഐസി ഐപിഒയും ചില പൊതുമേഖലാ വിൽപനകളും നടക്കാത്തതു മൂലമുള്ള വരുമാന നഷ്ടം നികത്താൻ പ്രത്യക്ഷ നികുതിയിലെ വർധന സർക്കാരിനെ സഹായിക്കും.

വളർച്ചയ്ക്ക് ആഘാതം

യുക്രെയ്ൻ യുദ്ധത്തിൻ്റെയും ക്രൂഡ് വിലക്കയറ്റത്തിൻ്റെയും പശ്ചാത്തലത്തിൽ ആഗാേള വളർച്ച ഇക്കൊല്ലം ഒരു ശതമാനം കുറയുമെന്ന് ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്മെൻ്റ്) വിലയിരുത്തി. റേറ്റിംഗ് ഏജൻസി മൂഡീസ് ആഗാേള വളർച്ച അനുമാനം 0.7 ശതമാനം കുറച്ച് 3.6 ശതമാനമാക്കി.
ഇന്ത്യ 2022-ൽ 9.1 ശതമാനമേ വളരൂ എന്നാണു മൂഡീസിൻ്റ പുതിയ നിഗമനം. നേരത്തേ 9.5 ശതമാനം കണക്കാക്കിയിരുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക തിരിച്ചുവരവ് യുദ്ധം മൂലം തടസപ്പെടുമെന്നു റിസർവ് ബാങ്കും വിലയിരുത്തി.
This section is powered by Muthoot Finance

Tags:    

Similar News