ഓഹരി വിപണികളിൽ ഗതിമാറ്റം; ഫെഡ് നീക്കത്തിൽ ആശങ്ക; ലോഹങ്ങളും ഇടിവിൽ; ക്രൂഡ് വില കുറയുന്നു

ഇന്ന് ഓഹരി വ്യാപാരം തുടങ്ങുന്നത് എങ്ങനെയാകും? ഫെഡ് പറയുന്ന കാര്യങ്ങൾ എന്ത്, അത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇന്ത്യൻ കമ്പനികളുടെ റിസൾട്ടുകൾ പറയുന്നതെന്ത്?

Update:2021-08-20 09:14 IST

വിപണികളിലെ അത്യുത്സാഹത്തിനു ക്ഷീണം. പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന രണ്ട് ആശങ്കകൾ വിപണികളെ ഉലയ്ക്കുന്നു. വ്യാഴാഴ്ച അവധി ആയിരുന്നതിനാൽ ലോക കമ്പോളങ്ങളിലെ തകർച്ച ഇന്നലെ ഇവിടെ ദൃശ്യമായില്ല. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 200 ലേറെ പോയിൻ്റ് ഇടിഞ്ഞു. ഇന്നത്തെ വിപണിഗതിയിലേക്കുള്ള സൂചനയാണത്.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (ഫെഡ്) കടപ്പത്രങ്ങൾ വാങ്ങുന്ന പരിപാടി അവസാനിപ്പിക്കുന്നതിനു ജനുവരിയോടെ നടപടി തുടങ്ങും എന്നതാണ് ഒന്നാമത്തെ ആശങ്ക. കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ രോഗവ്യാപനം തീവ്രമാക്കിയതു വിവിധ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച തടസപ്പെടുത്തും എന്നത് രണ്ടാമത്തെ ആശങ്ക.
ഇതേ തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലായി ഓഹരി വിപണികൾ രണ്ടു ശതമാനത്തിലേറെ താണു. ക്രൂഡ് ഓയിലും ലോഹങ്ങളും അടക്കമുള്ള ഉൽപന്നങ്ങളുടെ വില മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു. ഡോളറിനു കരുത്തു കൂടി. മറ്റു കറൻസികൾ താഴോട്ടു പോയി.
ബുധനാഴ്ച ഇന്ത്യൻ വിപണി അൽപം താണെങ്കിലും ആഗോള കമ്പോളങ്ങളെ ഉലച്ച വിഷയങ്ങൾ കൊണ്ടായിരുന്നില്ല അത്. സെൻസെക്സ് 162.78 പോയിൻ്റ് താണ് 55,629.49 ലും നിഫ്റ്റി 45.75 പോയിൻ്റ് താണ് 16,568.85 ലുമാണു ക്ലാേസ് ചെയ്തത്. അന്നു സെൻസെക്സ് 56,118.57 വരെയും നിഫ്റ്റി 16701.85 വരെയും കയറിയിരുന്നു. ലാഭമെടുക്കലിൽ ബാങ്ക്, ധനകാര്യ, ഐടി കമ്പനികൾക്കു വിലയിടിഞ്ഞു.
അന്നും പിറ്റേന്നുമായി അമേരിക്കൻ വിപണി ഒന്നര ശതമാനം ഇടിഞ്ഞു. ഇന്നലെ താഴ്ചയ്ക്കു നല്ല കുറവുണ്ടായി. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്‌സ് നേരിയ ഉയർച്ച കാണിക്കുന്നുമുണ്ട്. എങ്കിലും ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ദുർബലമായാണു തുടങ്ങിയത്.

എസ്ജിഎക്സ് നിഫ്റ്റി കുത്തനെ താണു

സിംഗപ്പുർ എക്സ്ചേഞ്ചിലെ എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 16,339 വരെ താണു. ഇന്ത്യയിൽ ഇന്നു ഗണ്യമായ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച വീണ്ടും മൂന്നു ശതമാനം ഇടിഞ്ഞു. ഇതോടെ ഈ മാസത്തെ താഴ്ച 10 ശതമാനത്തിലധികമായി. ബ്രെൻറ് ഇനം വീപ്പയ്ക്ക് 65.98 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 66.76 ഡോളറിലേക്ക് ഉയർന്നു.
സ്വർണം വീണ്ടും അൽപം താണു. വ്യാഴാഴ്ച 1775-1795 ഡോളർ മേഖലയിൽ കയറിയിറങ്ങിയിട്ട് ഇന്നു രാവിലെ 1780 ഡോളറിലാണ്.

ഡോളർ കുതിച്ചു; ലോഹങ്ങൾക്കു തകർച്ച

ഡോളർ സൂചിക 93.57 വരെ ഉയർന്നു. കഴിഞ്ഞ ദിവസം രൂപയുമായുള്ള വിനിമയത്തിൽ 11 പൈസ നഷ്ടപ്പെട്ട് 74.24 രൂപയിലായിരുന്നു ഡോളർ. ഇന്ന് ഡോളർ തിരിച്ചു കയറുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾക്കു കനത്ത ഇടിവ് നേരിട്ടു. ചെമ്പ് 9000 ഡോളറിനു താഴെയായി. ടിൻ വില വ്യാഴാഴ്ച ഒൻപതു ശതമാനം ഇടിഞ്ഞു. ഇരുമ്പയിര്, നിക്കൽ, അലൂമിനിയം തുടങ്ങിയവയൊക്കെ താഴോട്ടു പോയി. ഇന്ന് ലോഹകമ്പനികൾക്കു വിപണിയിൽ തിരിച്ചടി നേരിടാം.
ആഗോളതലത്തിൽ മൈക്രോ ചിപ് ക്ഷാമം വീണ്ടും രൂക്ഷമായി. വാഹന ഉൽപാദനത്തിൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണു റിപ്പോർട്ട്.

എഫ് ഒ എം സി ചിന്തിക്കുന്നത്

യുഎസ് ഫെഡിൻ്റെ പണനയം തീരുമാനിക്കുന്ന എഫ് ഒ എം സി (ഫെഡറൽ ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി) യുടെ കഴിഞ്ഞ യാേഗത്തിൻ്റെ മിനിറ്റ്സ് പുറത്തു വന്നതോടെയാണ് ഇപ്പോഴത്തെ കമ്പാേളത്തകർച്ച. മിനിറ്റ്സ് നൽകിയ സൂചനകൾ ഇവയാണ്.
ഒന്ന്: ഫെഡ് കടപ്പത്രം വാങ്ങൽ പദ്ധതി ചുരുക്കുന്ന കാര്യം സെപ്റ്റംബറിലെ യോഗത്തിൽ ചർച്ച ചെയ്യും. ജനുവരിയോടെ വാങ്ങൽ കുറയ്ക്കും. ഇപ്പോൾ മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ ഫെഡ് വാങ്ങുന്നുണ്ട്. അതു കുറയ്‌ക്കുന്നതോടെ വിപണിയിലെ അമിത പണലഭ്യത കുറയും.
രണ്ട്: പലിശനിരക്ക് ഉടനെ കൂട്ടാൻ ഫെഡ് ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തെ തീരെത്താഴ്ന്ന (പൂജ്യത്തിനടുത്ത് അടിസ്ഥാന പലിശ) നില തുടരും.

പണമൊഴുക്ക് കുറയും; നിക്ഷേപം തിരികെപ്പോകും

ഇതിൻ്റെ പ്രത്യാഘാതങ്ങൾ ഇങ്ങനെയാണ്.

1. പണലഭ്യത കുറയുമ്പോൾ കമ്പോളങ്ങളിലേക്കുള്ള പണമൊഴുക്ക് കുറയും. അത് ഓഹരികളിലും ഉൽപന്നങ്ങളിലുമുള്ള അമിത നിക്ഷേപം കുറയ്ക്കും. ഓഹരി -ഉൽപന്ന വിലകൾ താഴും.
2. വിദേശത്തുള്ള അമേരിക്കൻ നിക്ഷേപം അമേരിക്കയിലേക്ക് മടങ്ങും. അത് അമേരിക്കൻ ഡോളറിൻ്റെ നിരക്ക് കൂട്ടും. വികസ്വര രാജ്യങ്ങളിൽ നിന്നു വിദേശനിക്ഷേപം പിൻവലിയുന്നത് ആ രാജ്യങ്ങളുടെ കറൻസികളെ വല്ലാതെ ദുർബലമാക്കും. 2013-ൽ കടപ്പത്രം വാങ്ങൽ നിർത്തുമെന്നു പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ രൂപ 20 ശതമാനത്തോളം ഇടിഞ്ഞതാണ്.
3. കടപ്പത്രം വാങ്ങൽ കുറയുമ്പോൾ പലിശ നിരക്ക് പരാേക്ഷമായി ഉയരും. കടപ്പത്രവില താഴുകയും അവയിലെ നിക്ഷേപനേട്ടം (Yield) ഉയരുകയും ചെയ്യുന്നതാണ് ആദ്യഘട്ടം. ക്രമേണ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതമാകും. അത് വീണ്ടും ഡോളറിനു നിരക്കുകൂട്ടും. മറ്റു രാജ്യങ്ങളുടെ കറൻസികൾ താഴും.
ഇതൊക്കെ അമേരിക്കയിലേക്കാൾ ക്ഷീണം വികസ്വര രാജ്യങ്ങളിലെ വിപണികൾക്ക് ഉണ്ടാകുമെന്നു സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ അടുത്ത ധനകാര്യ വർഷം തുടക്കം മുതലേ പലിശ നിരക്കു കൂട്ടുമെന്ന് ജെ പി മോർഗൻ ഇന്നലെ പ്രവചിച്ചു. പലിശ കൂടുന്നത് വ്യവസായങ്ങൾക്ക് അത്ര നല്ലതല്ല.

റിസൽട്ടുകൾ പറയുന്നത്

ജനുവരി-മാർച്ച് പാദവുമായി തട്ടിച്ചു നോക്കുമ്പോൾ ഏപ്രിൽ - ജൂണിലെ ഇന്ത്യൻ കമ്പനികളുടെ പ്രകടനം നിരാശാജനകമാണെന്നു റിപ്പോർട്ട്. 2866 കമ്പനികളുടെ റിസൽട്ട് പരിശാേധിച്ചപ്പോൾ വിറ്റുവരവ് 12.4 ശതമാനവും അറ്റാദായം 7.8 ശതമാനവും കുറഞ്ഞു.
ജനുവരി-മാർച്ചിനെ അപേക്ഷിച്ച് ഏപ്രിൽ - ജൂണിലെ ജിഡിപി 15.4 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ഇന്ത്യാ റേറ്റിംഗ്സ് റിപ്പോർട്ടിൽ പറയുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കോവിഡ് വ്യാപനം

അമേരിക്കയിൽ പ്രതിദിന കോവിഡ് രോഗബാധ 1.3 ലക്ഷത്തിലേക്കു കടന്നു. ആഗോളതലത്തിൽ പ്രതിദിന രോഗബാധ ഏഴു ലക്ഷത്തിനു മുകളിലാണ്. ഇതു സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക കൂടുതൽ ബലപ്പെട്ടു. പല രാജ്യങ്ങളും മൂന്നാം ഘട്ട വാക്സിനേഷൻ തുടങ്ങി.



Tags:    

Similar News