മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി; ഓഹരി വിപണിയില്‍ ചോരപ്പുഴ, നിക്ഷേപകര്‍ക്ക് ₹9.7 ലക്ഷം കോടിയുടെ നഷ്ടം

പശ്ചിമേഷ്യയിലെ യുദ്ധഭീഷണിക്കിടയില്‍ വ്യാപാരാന്ത്യം ഇരുസൂചികകളും രണ്ട് ശതമാനത്തോളം നഷ്ടത്തിലാണ്

Update:2024-10-03 18:51 IST

image credit : canva

ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റി 50യും തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധഭീഷണിക്കിടയില്‍ വ്യാപാരാന്ത്യം ഇരുസൂചികകളും രണ്ട് ശതമാനത്തോളം നഷ്ടത്തിലാണ്. വിദേശനിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം, ചൈനീസ് വിപണിയിലേക്ക് ആഗോള നിക്ഷേപകർ കൂടുതല്‍ താത്പര്യം കാണിക്കുന്നത്, ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധന, ഊഹക്കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സെബി തീരുമാനം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും വിപണി തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.
വ്യാപാരാന്ത്യം 1,762.2 പോയിന്റ് നഷ്ടത്തില്‍ 2.12 ശതമാനം ഇടിഞ്ഞ് 82,497.10 എന്ന നിലയിലാണ് സെന്‍സെക്‌സ്. സൂചികയില്‍ വ്യാപാരത്തിനെത്തിയ രണ്ട് ഓഹരികള്‍ മാത്രമാണ് പച്ച കത്തിയത്. ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നിവരാണ് ലാഭത്തില്‍ വ്യാപാരം നിറുത്തിയത്. ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്‌സ് എന്നിവരാണ് സെന്‍സെക്‌സിലെ നഷ്ടക്കണക്കില്‍ മുന്നില്‍
നിഫ്റ്റി 529.90 പോയിന്റുകള്‍ ഇടിഞ്ഞ്  25,267 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റി 50യിലെ ഓഹരികളില്‍ ജെ.എസ്.ഡബ്ല്യൂ സ്റ്റീലിന് മാത്രമാണ് കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാനായത്. ബാക്കിയെല്ലാം നഷ്ടത്തില്‍ അവസാനിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക് എന്നിവരാണ് നിഫ്റ്റി 50യിലെ വീഴ്ചയ്ക്ക് ആക്കം കൂട്ടിയത്.
ഇന്ന് 4,076 ഓഹരികളാണ് വ്യാപാരത്തിനെത്തിയത്. ഇതില്‍ 1,120 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 2,864 എണ്ണവും നഷ്ടത്തില്‍ അവസാനിച്ചു. 92 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടര്‍ന്നു. 237 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 67 കമ്പനികളുടെ ഓഹരികള്‍ 52 ആഴ്ചത്തെ താഴ്ന്ന നിലയിലാണ്. 320 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 287 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ്.

9.7 ലക്ഷം കോടി നഷ്ടം

ഓഹരി വിപണിയിലെ രക്തച്ചൊരിച്ചിലിന് പിന്നാലെ ഓഹരി വിപണിയിലെ കമ്പനികളുടെ വിപണി മൂല്യത്തിലും കാര്യമായ നഷ്ടം സംഭവിച്ചു. രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ കമ്പനികളുടെ ആകെ വിപണി മൂല്യം 474 ലക്ഷം കോടി രൂപയായിരുന്നു. വ്യാപാരാന്ത്യം ഇത് 465 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തി. നിക്ഷേപകര്‍ക്ക് 9.7 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.

വിവിധ ഓഹരി സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ എല്ലാ സൂചികകളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

 

നിഫ്റ്റി ഫാര്‍മ (-0.51 ശതമാനം), മെറ്റല്‍ (-0.66 ശതമാനം) എന്നീ സൂചികകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും പ്രതിരോധം കാട്ടിയത്. ബാക്കിയെല്ലാം ശരാശരി രണ്ട് ശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി റിയല്‍റ്റി സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നില്‍. 4.36 ശതമാനമാണ് റിയല്‍റ്റി ഇടിഞ്ഞത്.

നേട്ടത്തില്‍ ഇവര്‍

 

പ്രമുഖ ഫിനാന്‍ഷ്യല്‍ സേവന കമ്പനിയായ എംകേ (Emkay) ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ബയ് (Buy) റെക്കമന്‍ഡേഷന്‍ നല്‍കിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന പെട്രോനെറ്റ് എല്‍.എന്‍.ജി ഓഹരികളാണ് ഇന്ന് വിപണിയിലെ താരം. 344.10 രൂപയില്‍ വ്യാപാരം തുടങ്ങിയ പെട്രോനെറ്റ് 364 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 5.78 ശതമാനമാണ് ഓഹരി വിലയില്‍ വര്‍ധനയുണ്ടായത്. പുതുതായി രണ്ട് എല്‍.എന്‍.ജി സംഭരണ ടാങ്കുകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചതും പെട്രോനെറ്റിന് തുണയായി.
രാജ്യത്തെ ഡെറിവേറ്റീവ് വിപണിയെ നിയന്ത്രിക്കാനുള്ള സെബിയുടെ തീരുമാനം പുറത്തുവന്നിട്ടും ഇന്ത്യന്‍ ഓഹരി വിപണിയായ ബി.എസ്.ഇ ലിമിറ്റഡിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നു. 3,800 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ബി.എസ്.ഇയുടെ ഓഹരികള്‍ 3.14 ശതമാനം ഉയര്‍ന്ന് 3,858 രൂപയിലാണ് അവസാനിച്ചത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, അരോബിന്ദോ ഫാര്‍മ എന്നിവരും നേട്ടക്കണക്കില്‍ മുന്നിലുണ്ട്. ജാപ്പനീസ് ബ്രോക്കറേജ് കമ്പനിയായ നൊമൂറ ബയ് (Buy) റേറ്റിംഗ് നല്‍കിയതിന് പിന്നാലെയാണ് ജെ.എസ്.ഡബ്ല്യൂ, ജിന്‍ഡാല്‍ എന്നീ സ്റ്റീല്‍ കമ്പനികളുടെ ഓഹരി വില വര്‍ധിച്ചത്. ശരീരത്തിലെ അണുബാധ തടയുന്നതിനായി ഉപയോഗിക്കുന്ന സെഫാലെക്‌സിന്‍ (Cephalexin) ഗുളിക നിര്‍മിച്ച് വിപണനം ചെയ്യാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യു.എസ്.എഫ്.ഡി.എ) അനുമതി ലഭിച്ചതാണ് അരോബിന്ദോ ഫാര്‍മയ്ക്ക് തുണയായത്.

നഷ്ടക്കണക്കില്‍ ഇവര്‍

പശ്ചിമേഷ്യയിലെ യുദ്ധഭീഷണിക്ക് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വര്‍ധിച്ചതോടെ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ഓഹരി വിലയും കൂപ്പുകുത്തി.

 

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. രാവിലെ 444.90 രൂപയില്‍ വ്യാപാരം തുടങ്ങിയ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ഓഹരി വില 6.87 ശതമാനം നഷ്ടത്തില്‍ 414.35 രൂപയിലാണ് വ്യാപാരം നിറുത്തിയത്. ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് (-5.98 ശതമാനം), ഡാബര്‍ ഇന്ത്യ (-5.71 ശതമാനം), ഡി.എല്‍.എഫ് ലിമിറ്റഡ് (-5.70 ശതമാനം) ജി.എം.ആര്‍ എയര്‍പോര്‍ട്ട് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (-5.57 ശതമാനം) എന്നിവരാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളവര്‍.

കേരള കമ്പനി

 പതിഞ്ഞതാളത്തിലായിരുന്നു കേരള കമ്പനികളുടെ പ്രകടനം.

 

 

5% നേട്ടമുണ്ടാക്കിയ യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സും 4.97 ശതമാനം വീതം നേട്ടമുണ്ടാക്കിയ മുത്തൂറ്റ് ക്യാപിറ്റല്‍ സർവീസസും പോപ്പീസ് കെയറുമാണ് ലാഭക്കണക്കില്‍ മുന്നിലെത്തിയത്. ആഡ്‌ടെക് സിസ്റ്റംസ് (3.60 ശതമാനം), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ (1.26 ശതമാനം) സെല്ല സ്‌പേസ് (4.97 ശതമാനം), ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (1.06 ശതമാനം), ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ (2.64 ശതമാനം) , കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (1.96 ശതമാനം) എന്നിവരും നേട്ടപട്ടികയില്‍ മുന്നിലുണ്ട്. 5.90 ശതമാനം ഇടിഞ്ഞ സ്‌കൂബീ ഡോ ഗാര്‍മെന്റ്‌സാണ് ഇന്ന് നഷ്ടകണക്കില്‍ ഏറ്റവും മുന്നില്‍. അപ്പോളോ ടയേഴ്‌സ് (-4.40 ശതമാനം), മണപ്പുറം ഫിനാന്‍സ് (-3.10 ശതമാനം) എന്നിവരും നഷ്ടത്തിലാണ്.
Tags:    

Similar News