അടിച്ചുകയറി സ്‌മോള്‍ക്യാപ്, നോര്‍വേ കരാറില്‍ ഉയര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഗോള്‍ഡന്‍ റീച്ച് ഓഹരിക്ക് 8% മുന്നേറ്റം

നിഫ്റ്റിയും സെന്‍സെക്‌സും ഉയരത്തില്‍, നിക്ഷേപകരുടെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ വര്‍ധന

Update: 2024-07-01 13:46 GMT

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി സൂചികകളിന്ന് മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ വമ്പന്‍ ഓഹരികളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവയാണ് ഇന്ന് സൂചികകള്‍ക്ക് കരുത്തു പകര്‍ന്നത്.

സെന്‍സെക്‌സ് 443 പോയിന്റ് ഉയര്‍ന്ന് 79,476.19ലും നിഫ്റ്റി 131 പോയിന്റ് ഉയര്‍ന്ന് 24,141.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സിലെ 30ല്‍ 20 ഓഹരികളിലും ഇന്ന് പച്ചതെളിഞ്ഞു.

രൂപയിന്ന് ഡോളറിനെതിരെ ആറ് പൈസ ഇടിഞ്ഞു 83.4463ൽ എത്തി.

വിവിധ സൂചികകളുടെ പ്രകടനം 

മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ ഇന്ന് ശക്തമായ വാങ്ങലുണ്ടായതിനെ തുടർന്ന് സൂചികകള്‍ റെക്കോഡ് ഉയരത്തിലെത്തി. നിഫ്റ്റി മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളുടെ നേട്ടം യഥാക്രമം ഒരു ശതമാനം, 1.51 ശതമാനം എന്നിങ്ങനെയാണ്.


വിവിധ സെക്ടറുകളെടുത്താല്‍ നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി മീഡിയ രണ്ട് ശതമാനവും ഐ.ടി സൂചിക ഒരു ശതമാനവും നേട്ടത്തിലായി.

ബി.എസ്.ഇയില്‍ ഇന്ന് 4,146 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 2,630 ഓഹരികളുടെ വില ഉയര്‍ന്നു. 1,381 ഓഹരികളുടെ വില താഴ്ന്നു. 135 ഓഹരികളുടെ വില മാറിയില്ല.
ഇന്ന് 345 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില താണ്ടി. 27 ഓഹരികള്‍ താഴ്ന്ന വിലയും. ഇന്ന് ഒരു ഓഹരിയെ പോലും അപ്പര്‍സര്‍ക്യൂട്ടില്‍ കണ്ടില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ 2 ഓഹരികളുണ്ടായിരുന്നു.
യു. എസിൽ നിന്നുള്ള പണപ്പെരുപ്പ കണക്കുകളിൽ കുറവുണ്ടായതു അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കുന്നതിലേക്കുള്ള സൂചനയാണ് നൽകുന്നത്. ഇതാണ് ഐ. ടി ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയത്. ടെക് മഹിന്ദ്രയും പേഴ്സിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയ ഓഹരികൾ ഇന്ന് 52 ആഴ്‌ചയിലെ ഉയർന്ന വിലയിലെത്തി. രണ്ട് മുതൽ 4 ശതമാനം വരെയാണ് ഐ.ടി ഓഹരികൾ മുന്നേറിയത്.
ജൂൺ മാസത്തെ മികച്ച വിൽപ്പന കണക്കുകൾ ഓട്ടോ ഓഹരികൾക്ക് നേട്ടമായി.
ഐഷർ മോട്ടോർസിന്റെ ജൂൺ മാസ വിൽപ്പനയിൽ 10 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയെങ്കിലും ഓഹരി 0.5 ശതമാനം ഇടിഞ്ഞു.

ഇന്ന് കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയ ഓഹരികള്‍

പി.ബി ഫിന്‍ടെക്കാണ് (പോളിസി ബസാർ) ഇന്ന് 9.36 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 7.80 ശതമാനവും പതഞ്ചജലി ഫുഡ്‌സ് 7.45 ശതമാനവും പെര്‍സിസ്റ്റന്റ് സിസ്റ്റംസ് 5.60 ശതമാനവും ദീപക് നൈട്രൈറ്റ് 5.13 ശതമാനവും ഉയര്‍ന്നു.
ബംഗ്ലാദേശ് സര്‍ക്കാരിനായി അഡ്വാന്‍സ്ഡ് ഓഷ്യന്‍ ഗോയിംഗ് ടഗ് നിര്‍മിക്കുന്നതിനുള്ള കരാര്‍ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഷിപ്പ് ബില്‍ഡിംഗ് കമ്പനിയായ ഗോള്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് (ജി.ആര്‍.എസ്.ഇ) ഓഹരി വില ഇന്ന് എട്ട് ശതമാനം ഉയര്‍ന്നു. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്. ഇതിന്റെ ചെലവ് കണക്കാക്കുന്നത് 2.1 കോടി ഡോളറാണ്.
ഐ.ടി കമ്പനിയായ വിപ്രോ ഓഹരികളിന്ന് 3.5 ശതമാനം ഉയര്‍ന്ന് 533.25 രൂപയിലെത്തിയിരുന്നു. ആഗോള ബ്രോക്കറേജായ സി.എല്‍.എസ്.എ ഔട്ട് പെര്‍ഫോം സ്റ്റാറ്റസ് നല്‍കിയതാണ് ഓഹരികളെ ഉയര്‍ത്തിയത്.
അമേരിക്കയില്‍ കാന്‍സര്‍ രോഗിയില്‍ ഇന്‍വെസ്റ്റിഗേഷണല്‍ ആന്റിബയോട്ടിക്കായ സെയ്‌നിച്ച് വിജയകരമായി പരീക്ഷിച്ചതിനെ തുടര്‍ന്ന് വോക്ക്ഹാര്‍ട്ട് ഓഹരികളില്‍ ഇന്ന് 18 ശതമാനത്തോളം കുതിപ്പുണ്ടായി.

ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍

പ്രെസ്റ്റീജ് പ്രോജക്ട്‌സാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. ഓഹരി വില 2.91 ശതമാനം ഇടിഞ്ഞു. ടൊറന്റ് പവര്‍, എന്‍.ടി.പി.സി, വോള്‍ട്ടാസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും ഇന്ന് നഷ്ടത്തിലായി.
കേരള ഓഹരികളുടെ പ്രകടനം 
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളിന്ന് 4.5 ശതമാനം ഉയര്‍ന്ന് 2,310.15 രൂപയിലെത്തി. ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നോര്‍വേ കമ്പനിയില്‍ നിന്ന് ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കാന്‍ കരാർ ലഭിച്ചതിനെ തുടര്‍ന്നാണ് ഓഹരിയില്‍ മുന്നേറ്റം. 2028ല്‍ പൂര്‍ത്തിയാക്കുന്ന പ്രോജക്ടിന്റെ മൂലധനചെലവ് 1,100 കോടി രൂപയാണ്. ഈ വര്‍ഷം ഇത് വരെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരി മൂന്ന് മടങ്ങിലധികം വളര്‍ച്ചയാണ് നേടിയത്. ഒരു വര്‍ഷത്തെ ഉയര്‍ച്ച 700 ശതമാനമാണ്.
കേരളക്കമ്പനി ഓഹരികളിലിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത് 10 ശതമാനത്തിലധികം ഉയര്‍ന്ന പാറ്റ്‌സ്പിന്‍ ആണ്. ബി.പി.എല്‍, പ്രൈമ ആഗ്രോ, പോപ്പീസ് കെയര്‍, ആഡ്‌ടെക് സിസ്റ്റംസ് എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ 


പ്രൈമ ഇന്‍ഡസ്ട്രീസ്, ദി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈ വുഡ്‌സ്, സെല്ല സ്‌പേസ്, ടി.സി.എം, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.


Tags:    

Similar News