നിഫ്റ്റി പുത്തന്‍ ഉയരത്തില്‍; കത്തിക്കയറി എണ്ണ ഓഹരികള്‍, റിലയന്‍സും തുണച്ചു, ധനലക്ഷ്മി ബാങ്കിന് ക്ഷീണം

പേയ്ടിഎം ഇന്നും തകര്‍ന്നടിഞ്ഞു, സൗത്ത് ഇന്ത്യന്‍ ബാങ്കും കിറ്റെക്‌സും തിളങ്ങി; റിലയന്‍സിന്റെ വിപണിമൂല്യം 20 ലക്ഷം കോടി ഭേദിച്ചു

Update:2024-02-02 19:41 IST

ഇന്ത്യന്‍ ഓഹരി സൂചികകളിലേക്ക് കേന്ദ്ര ബജറ്റിന്റെ ആവേശം വിരുന്നെത്തിയത് ഒരു ദിവസം വൈകി. ബജറ്റ് ദിനമായ ഇന്നലെ നഷ്ടത്തിലേക്ക് വീണ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലേക്ക് ഉഷാറോടെ ഉയിര്‍ത്തെണീറ്റു.

നേട്ടത്തോടെയാണ് ഇന്ന് ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത് തന്നെ. സെന്‍സെക്‌സ് ഒരുവേള 1,100 പോയിന്റിലധികം കുതിച്ച് 73,000 ഭേദിക്കുകയും ചെയ്തു. 440 പോയിന്റുയര്‍ന്ന് (0.61%) 72,085.63ലാണ് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത്. നിഫ്റ്റിയാകട്ടെ ഇന്ന് പുതിയ ഉയരവും കുറിച്ചു. 21,812ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 22,126 വരെയാണ് കുതിച്ചത്. വ്യാപാരാന്ത്യത്തില്‍ നിഫ്റ്റിയുള്ളത് 156.35 പോയിന്റ് (0.72%) നേട്ടവുമായി 21,853.80ല്‍
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 38 ഓഹരികളും നേട്ടത്തിലേറി. 12 കമ്പനികള്‍ ചുവപ്പണിഞ്ഞു. എണ്ണ, ഊര്‍ജ ഓഹരികളാണ് ഇന്ന് നിഫ്റ്റിയുടെ കുതിപ്പിന് തിരികൊളുത്തിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

ബി.പി.സി.എല്‍ 10 ശതമാനത്തോളവും പവര്‍ഗ്രിഡ്, ഒ.എന്‍.ജി.സി, അദാനി പോര്‍ട്‌സ്, എന്‍.ടി.പി.സി എന്നിവ 3-5 ശതമാനവും കുതിച്ചത് നേട്ടമായി. ജനുവരിയിലെ വില്‍പനയില്‍ സമ്മിശ്ര കണക്കുകള്‍ പുറത്തുവിട്ട വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സാണ് നിഫ്റ്റിയില്‍ കൂടുതല്‍ നിരാശപ്പെടുത്തിയത്; ഓഹരി 2.50 ശതമാനം താഴ്ന്നു.
സെന്‍സെക്‌സില്‍ 3,943 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,998 ഓഹരികള്‍ നേട്ടത്തിലും 1,845 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 100 ഓഹരികളുടെ വില മാറിയില്ല.
490 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 25 ഓഹരികള്‍ താഴ്ചയും കണ്ടു. ലോവര്‍, അപ്പര്‍-സര്‍കീട്ടുകള്‍ ഇന്ന് കാലിയായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് 3.34 ലക്ഷം കോടി വര്‍ധിച്ച് 382.76 ലക്ഷം കോടി രൂപയായി.
ഇന്ന് കൂടുതല്‍ തിളങ്ങിയവര്‍
എണ്ണ, ഊര്‍ജ ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഇന്ന് സൂചികകളുടെ മുന്നേറ്റത്തിന് വളമിട്ടത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി (2024-25) ഇടക്കാല ബജറ്റില്‍ കേന്ദ്രം മൂലധന പിന്തുണ പ്രഖ്യാപിച്ചതാണ് എണ്ണ ഓഹരികള്‍ക്ക് ഊര്‍ജമായത്. 15,000 കോടി രൂപയുടെ സഹായമാണ് അനുവദിക്കുക.
ഇന്ന് കൂടുതൽ തിളങ്ങിയവർ 

 

ഊര്‍ജ മേഖലയ്ക്കുള്ള വിഹിതം ഇടക്കാല ബജറ്റില്‍ 79,616 കോടി രൂപയില്‍ നിന്ന് 93,200 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ പവര്‍ഗ്രിഡ്, എന്‍.എച്ച്.പി.സി., എസ്.ജെ.വി.എന്‍., ഇന്ത്യന്‍ ഓയില്‍, ഗെയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടം കൊയ്യുകയായിരുന്നു.
എന്‍.എച്ച്.പി.സി ഇന്ന് 10.61 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരിയായി. ഭാരത് പെട്രോളിയം (BPCL), ഇന്ത്യന്‍ ഓയില്‍ എന്നിവ 10 ശതമാനത്തോളവും ഉയര്‍ന്നു. ആദിത്യ ബിര്‍ള കാപ്പിറ്റല്‍, സെയില്‍ എന്നിവയാണ് ഇന്ന് 7 ശതമാനത്തിലധികം മുന്നേറി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ടോപ് 5ലെത്തിയ മറ്റ് ഓഹരികള്‍. സെന്‍സെക്‌സില്‍ എന്‍.ടി.പി.സി., ടാറ്റാ സ്റ്റീല്‍, ടി.സി.എസ് എന്നിവ 4 ശതമാനത്തിലധികം ഉയര്‍ന്ന് കൂടുതല്‍ തിളങ്ങി.
റിലയന്‍സിന്റെ തിളക്കം
150ലേറെ പോയിന്റുകളുടെ സംഭാവന നല്‍കി സെന്‍സെക്‌സിന്റെ മുന്നേറ്റത്തെ ഇന്ന് മുന്നില്‍ നിന്ന് നയിച്ചത് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 19,640 കോടി രൂപയുടെ ലാഭം ഉള്‍പ്പെടെ മികച്ച കണക്കുകളോടെ പുറത്തുവിട്ട മൂന്നാംപാദ പ്രവര്‍ത്തനഫലവും മികച്ച ബിസിനസ് അനുകൂല അന്തരീക്ഷവുമാണ് റിലയന്‍സ് ഓഹരികള്‍ക്ക് കരുത്തായത്.
ഇന്ന് വ്യാപാരത്തിനിടെ ഒരുവേള റിലയന്‍സ് ഓഹരിവില 2,949.80 രൂപവരെ ഉയര്‍ന്നു. അതോടെ, കമ്പനിയുടെ വിപണിമൂല്യം 20 ലക്ഷം കോടി രൂപയെന്ന ചരിത്രനേട്ടവും കടന്നു. വ്യാപാരാന്ത്യത്തില്‍ ഓഹരിയുള്ളത് 2,915.40 രൂപയിലാണ്. വിപണിമൂല്യം 19.72 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് റിലയന്‍സ്.
നിരാശപ്പെടുത്തിയവര്‍
പ്രവര്‍ത്തനച്ചട്ടങ്ങളില്‍ വീഴ്ചവരുത്തിയതിന് റിസര്‍വ് ബാങ്കിന്റെ കടുത്ത 'ശിക്ഷാനടപടികള്‍ക്ക്' പേയ്ടിഎം ബാങ്ക് വിധേയമായിട്ടുണ്ട്. പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്നും 20 ശതമാനം കൂപ്പകുത്തി. ഒരാഴ്ച മുമ്പ് 763 രൂപയായിരുന്ന ഓഹരിവില ഇന്നുള്ളത് 487.20 രൂപയില്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ശ്രീ സിമന്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടവര്‍. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL), ഐ.ടി.സി., എല്‍ ആന്‍ഡ് ടി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നഷ്ടത്തില്‍ മുന്നില്‍ നിന്ന പ്രമുഖര്‍.
വിശാല വിപണിയില്‍ എണ്ണക്കുതിപ്പ്
ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് ഇന്ന് വിശാല വിപണിയില്‍ കൂടുതല്‍ കുതിച്ചത്. 3.58 ശതമാനമാണ് നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയുടെ നേട്ടം.
നിഫ്റ്റി ഐ.ടി (2.16%), മെറ്റല്‍ (2.37%), പി.എസ്.യു ബാങ്ക് (2.22%) എന്നിവ മികച്ച പിന്തുണ നല്‍കി. അതേസമയം നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.72 ശതമാനവും ബാങ്ക് നിഫ്റ്റി 0.47 ശതമാനവും താഴ്ന്നു. ആക്‌സിസ്, എച്ച്.ഡി.എഫ്.സി ബാങ്കോഹരികളുടെ വീഴ്ചയാണ് തിരിച്ചടിയായത്.
ആഗോള സമ്പദ്‌വ്യവസ്ഥ, പ്രത്യേകിച്ച് അമേരിക്ക കരകയറുന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ ഐ.ടി ഓഹരികളും ഇന്ന് മിന്നിച്ചു. അമേരിക്കന്‍ ഓഹരി വിപണികളുടെ (വോള്‍സ്ട്രീറ്റ്, ഡൗ, എസ് ആന്‍ഡ് പി, നാസ്ഡാക്ക്) നേട്ടവും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ സ്വാധീനിച്ചിട്ടുണ്ട്. നാസ്ഡാക്കിന്റെ മുന്നേറ്റം ഇന്ത്യയിലെ ഐ.ടി കമ്പനി ഓഹരികളെയും നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
ധനലക്ഷ്മി ബാങ്കിന് നഷ്ടം, കിറ്റെക്‌സിന് വന്‍ നേട്ടം
ഡിസംബര്‍പാദത്തില്‍ ലാഭത്തിലേക്ക് കുതിച്ചുകയറിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരികള്‍ ഇന്നത്തെ ദിവസം ഓഹരി വിപണിയില്‍ ആഘോഷമാക്കി മാറ്റി. മുന്‍വര്‍ഷത്തെ സമാനകാലത്തെ 4 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 15 കോടി രൂപയുടെ ലാഭത്തിലേക്കാണ് കിറ്റെക്‌സ് പ്രവര്‍ത്തനഫലം മെച്ചപ്പെടുത്തിയത്. ഓഹരി വില ഇന്ന് 17 ശതമാനം കുതിച്ചു.
മൂന്നാംപാദ ലാഭത്തില്‍ കനത്ത ഇടിവ് നേരിട്ട ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 5 ശതമാനം താഴ്ന്നു. 21.73 കോടി രൂപയില്‍ നിന്ന് 3.05 കോടി രൂപയിലേക്കാണ് ബാങ്കിന്റെ ലാഭമിടിഞ്ഞത്.
ബി.പി.എല്‍ (9.29%), ആസ്പിന്‍വോള്‍ (7%), യൂണിറോയല്‍ (5%), വെര്‍ട്ടെക്‌സ് (5%), കിംഗ്‌സ് ഇന്‍ഫ്ര (5%), കല്യാണ്‍ ജുവലേഴ്‌സ് (4.39%) എന്നിവയും ഇന്ന് തിളങ്ങി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ഇന്‍ഡിട്രേഡ് 5 ശതമാനം ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.86 ശതമാനവും വി-ഗാര്‍ഡ് 3.64 ശതമാനവും നേട്ടമുണ്ടാക്കി. മികച്ച പ്രവര്‍ത്തനഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവയുടെ നേട്ടം. മണപ്പുറം ഫിനാന്‍സ് 2.31 ശതമാനം ഉയര്‍ന്നു. അതേസമയം ഹാരിസണ്‍സ് മലയാളം മൂന്ന് ശതമാനം, സഫ സിസ്റ്റംസ് 4 ശതമാനം എന്നിങ്ങനെ താഴ്ന്നു
Tags:    

Similar News