വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും റെക്കോഡില്‍ സൂചികകള്‍; കുതിപ്പ് തുടര്‍ന്ന് മസഗണ്‍ ഡോക്കും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും

എക്കാലത്തെയും ഉയര്‍ന്ന വില തൊട്ട് കേരള ആയുര്‍വേദയും ഫെഡറല്‍ ബാങ്കും

Update: 2024-07-04 13:01 GMT

റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ് ഇന്ത്യന്‍ വിപണി സൂചികകള്‍. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് എക്കാലത്തെയും ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ഇന്ന് 80,393 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 63 പോയിന്റ് നേട്ടത്തോടെ 80,050ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും ഒരുവേള 24,401 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും വ്യാപാരാന്ത്യത്തില്‍ 16 പോയിന്റ് ഉയര്‍ന്ന് 24,302ലാണുള്ളത്.

രൂപയിന്ന് ഡോളറിനെതിരെ ഒരു പൈസ ഇടിഞ്ഞ് 83.50 രൂപയിലായി.
ബി.എസ്.ഇയില്‍ ഇന്ന് 4,021 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,185 ഓഹരികളുടെ വില ഉയര്‍ന്നു. 1,742 ഓഹരികളുടെ വില താഴ്ന്നു. 94 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. കേരള കമ്പനികളായ ഫെഡറല്‍ ബാങ്കും കേരള ആയുര്‍വേദയും അടക്കം 372 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 16 ഓഹരികള്‍ താഴ്ന്ന വിലയിലായി. എട്ട് ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. രണ്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ബി.എസ്.ഇ.യിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണി മൂല്യം ഇന്ന് രണ്ട് ലക്ഷം കോടി ഉയര്‍ന്ന് 447.36 ലക്ഷം കോടി രൂപയായി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, മീഡിയ, മെറ്റല്‍ എന്നിവ ഒഴികെയുള്ളവയെല്ലാം ഇന്ന് നേട്ടത്തിലായി. നിഫ്റ്റി ഫാര്‍മ 1.39 ശതമാനവും നിഫ്റ്റി ഐ.ടി.1.10 ശതമാനവും നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ 1.28 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ് സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.58 ശതമാനം, 049 ശതമാനം നേട്ടമുണ്ടാക്കി.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ബാങ്ക് നിഫ്റ്റിയും ഇന്ന് റെക്കോഡ് ഉയരമായ 53,357 പോയിന്റ് എത്തിയെങ്കിലും വ്യാപാരാന്ത്യത്തില്‍ 53,310ലേക്ക് താഴ്ന്നു.
നിഫ്റ്റി 50യില്‍ ഇന്ന് 27 ഓഹരികള്‍ നഷ്ടത്തിലും 23 ഓഹരികള്‍ നേട്ടത്തിലുമായി. ടാറ്റ മോട്ടോഴ്‌സ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, സണ്‍ഫാര്‍മസ്യൂട്ടിക്കല്‍, ടി.സി.എസ് എന്നിവയാണ് ഇന്ന് കരുത്ത് കാട്ടിയത്.
അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവര്‍ നഷ്ടക്കാരുമായി.
കുതിപ്പില്‍ ഷിപ്പിംഗ് ഓഹരികള്‍
ഷിപ്പിംഗ് ഓഹരികള്‍ ഇന്നും മികച്ച മുന്നേറ്റത്തിലായിരുന്നു. കേന്ദ്ര ബജറ്റ് പ്രതീക്ഷകളാണ് ഓഹരികളെ ഉയര്‍ത്തുന്നത്. മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ഇന്ന് 20 ശതമാനത്തോളം ഉയര്‍ന്നു. ആദ്യമായി കമ്പനിയുടെ വിപണി മൂല്യമിന്ന് ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ ഇന്ന് 10 ശതമാനം ഉയര്‍ന്നു. ഓഹരി വില എക്കാലത്തെയും റെക്കോഡ് നിലവാരമായ 2,679.95 രൂപയിലെത്തി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 69.10 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അധികം താമസിയാതെ 70 ലക്ഷം കോടിയെന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടേക്കാം. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരിയും ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.
കുതിച്ചും കിതച്ചും

പൊതു മേഖലാ സ്ഥാപനങ്ങളായ ബെമല്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയും ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില പട്ടികയിലുള്‍പ്പെട്ടു.

നേട്ടത്തിലിവര്‍

മസഗണ്‍ ഡോക്കാണ് ഇന്ന് നിഫ്റ്റി 200ലെ താരത്തിളക്കം. കോട്ടക്  ഇൻസ്റ്റിറ്റ്യൂഷ ണല്‍ ഇക്വിറ്റീസ് മികച്ച റേറ്റിംഗ് നല്‍കിയ ലുപിന്‍ ഓഹരി ഇന്ന് 8.18 ശതമാനം ഉയര്‍ന്നു. ബജാജ് ഹോള്‍ഡിംഗ്‌സ് 5.58 ശതമാനവും ലോറസ് ലാബ്‌സ് 4.14 ശതമാനവും സൈഡസ് ലൈഫ് സയന്‍സസ് 4.04 ശതമാനവും ഉയര്‍ന്ന് നിഫ്റ്റി 200 ലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടു.

ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ ആന്റിബയോട്ടിക്കുകള്‍ പുറത്തിറക്കാനൊരുങ്ങുന്ന ഫാര്‍മ കമ്പനിയായ വൊക്ക്ഹാര്‍ട്ടിന്റെ ഓഹരികള്‍ ഇന്ന് 5 ശതമാനം ഉയര്‍ന്നു.

പി.ബി ഫിന്‍ടെക് ഓഹരിയാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാര്‍ ഓഹരി വില 3.06 ശതമാനം ഇടിഞ്ഞ് 1,418 രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ബന്ധന്‍ ബാങ്ക്, അംബുജ സിമന്റ്‌സ് എന്നിവയും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.

നഷ്ടത്തിലിവര്‍

ആദ്യപാദത്തിലെ പ്രവര്‍ത്തനകണക്കുകള്‍ സമ്മിശ്രമായതാണ് ബജാജ് ഓഹരികളെ രണ്ട് ശതമാനം താഴ്ത്തിയത്.
എല്‍.ഐ.സി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിലെ ഓഹരി പങ്കാളിത്തം 0.20 ശതമാനത്തില്‍ നിന്ന് 2.68 ശതമാനമായി ഉയര്‍ത്തി.
 മിന്നിച്ച് കേരള ആയുര്‍വേദയും ആഡ്‌ടെക്കും
കേരള ഓഹരികളില്‍ ഇന്ന് നേട്ടത്തില്‍ മുന്നില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയാണ്. അടുത്തിടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത ആഡ്‌ടെക് സിസ്റ്റംസ് ഓഹരി ഇന്നും അപ്പര്‍സര്‍ക്യൂട്ടിലാണ്. 10 ശതമാനം ഉയര്‍ന്ന ഓഹരി വില 122.78 രൂപയിലെത്തി. കേരള ആയുര്‍വേദയും മുന്നേറ്റം തുടരുകയാണ്. ഇന്ന് 6.46 ശതമാനം ഉയര്‍ന്ന് ഓഹരി വില 397.25 രൂപയിലെത്തി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കെ.എസ്.ഇ, ഹാരിസണ്‍സ് മലയാളം എന്നിവയും ഇന്ന് നേട്ടത്തിലായി.

കേരളക്കമ്പനി ഓഹരികളുടെ പ്രകടനം

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസാണ് കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. റബ്ഫില, പാറ്റ്‌സ്പിന്‍, പ്രൈം അഗ്രോ അപ്പോളോ, ആസ്പിന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയാണ് ഇന്ന് വില ഇടിഞ്ഞ മറ്റ് ചില കേരള കമ്പനി ഓഹരികള്‍. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും ഇന്ന് പുതിയ റെക്കോഡ് തൊട്ടെങ്കിലും വ്യാപാരാന്ത്യത്തില്‍ ഓഹരി വില 0.14 ശതമാനം ഇടിവിലാണ്.
Tags:    

Similar News