രണ്ടാം നാളിലും കയറ്റം തുടര്‍ന്ന് വിപണി, അപ്പര്‍സര്‍ക്യൂട്ടടിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വി-ഗാര്‍ഡ് പുതിയ ഉയരത്തില്‍
പൊതുമേഖല ഓഹരികളും തിരിച്ചു വരവില്‍, മികച്ച നേട്ടവുമായി കേരള കമ്പനികള്‍
മോദിയുടെ മൂന്നാം വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി രണ്ടാം ദിനത്തിലും ഉയരത്തില്‍ അവസാനിപ്പിച്ചു. വ്യാപാരം ആരംഭിച്ചതും ഉയര്‍ന്നായിരുന്നു. നിഫ്റ്റി ഇന്ന് 201 പോയിന്റ് ഉയര്‍ന്ന് 22,821.40ലും സെന്‍സെക്‌സ് 692 പോയിന്റ് ഉയര്‍ന്ന് 75,074.51ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും വലിയ നേട്ടം കൊയ്തു. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 2.28 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 3.06 ശതമാനവും ഉയര്‍ന്നു.
പുതിയ മുന്നണി അധികാരത്തിലെത്തിയാലും നിലവിലുള്ള നയങ്ങളില്‍ പിന്തുടര്‍ച്ച ഉറപ്പാക്കാനാകും എന്നതാണ് വിപണിക്ക് ആത്മവിശ്വാസമേകിയത്.
ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 408 ലക്ഷം കോടി രൂപയില്‍ നിന്ന് 416 ലക്ഷം കോടി രൂപയായി. നിക്ഷേപക സമ്പത്തില്‍ ഇന്ന് എട്ട് ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും ഇന്ന് വിപണിക്ക് പിന്തുണ നല്‍കി. മിക്ക യൂറോപ്യന്‍ വിപണികളും ഇന്നലെ നേട്ടത്തിലാണ് അവസാനിപ്പിച്ചത്. യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് കാരണം.
സ്വര്‍ണം ഇന്ന് രണ്ട് ആഴ്ചത്തെ ഉയരത്തിലെത്തി. കടപ്പത്രങ്ങളുടെ നേട്ടം കുറഞ്ഞതും തൊഴില്‍ വിപണി മെച്ചപ്പെട്ടതിനാല്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. സ്വര്‍ണം ഔണ്‍സിന് 0.4 ശതമാനം ഉയര്‍ന്ന് 2,363.03 ഡോളറിലെത്തി. ഇന്നലെ ഒരു ശതമാനം ഉയര്‍ന്നിരുന്നു.
നാളെ പുറത്തുവരുന്ന ആര്‍.ബി.ഐ മോണിറ്ററി പോളിസിയിലാണ് വിപണിയുടെ ഇപ്പോഴത്തെ ശ്രദ്ധ. പലിശ നിരക്ക് കുറയ്ക്കാനിടയില്ലെങ്കിലും രാജ്യത്തിന്റെ വളര്‍ച്ചയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ വാക്കുകള്‍ വിപണി ഗതി നിര്‍ണയിക്കും.
ഇന്ത്യന്‍ രൂപ ഇന്ന് ഡോളറിനെതിരെ ദുര്‍ബലമായാണ് അവസാനിപ്പിച്ചത്. പ്രാദേശിക ഇറക്കുമതിമാരില്‍ നിന്നും വിദേശ ബാങ്കുകളില്‍ നിന്നും ഡോളറിന് ഡിമാന്‍ഡുണ്ടായതാണ് കാരണം. 0.1 ശതമാനം ഇടിഞ്ഞ് രൂപ 83.4725ലെത്തി.
ബി.എസ്.ഇയില്‍ ഇന്ന് 3,945 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 3,009 ഓഹരികളും നേട്ടമുണ്ടാക്കി. 834 ഓഹരികളുടെ വില ഇടിഞ്ഞു. 102 ഓഹരികളുടെ വില മാറിയില്ല.
ഇന്ന് 131 ഓഹരികളാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തിയത്. 40 ഓഹരികള്‍ താഴ്ന്ന വിലയിലുമെത്തി.
398 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നു. 195 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
വിവിധ വിഭാഗങ്ങളുടെ പ്രകടനം
നിഫ്റ്റിയില്‍ ബജാജ് ഓട്ടോ, ടി.വി.എസ് മോട്ടോര്‍ കമ്പനി, യുണൈറ്റഡ് സ്പിരിറ്റ്‌സ്, നിഫ്റ്റി എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, പ്രൈവറ്റ് ബാങ്ക് എന്നിവ ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റി റിയല്‍റ്റിയാണ് 4.69 ശതമാനം നേട്ടവുമായി മുന്നില്‍.
ബ്രിഗേഡ് എന്റര്‍പ്രൈസസ്, പ്രസ്റ്റീജഡ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ്, ശോഭ ഓഹരികളാണ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.
തൊട്ടു പിന്നില്‍ 3.68 ശതമാനം നേട്ടവുമായി മീഡിയയും 2.92 ശതമാനം നേട്ടവുമായി പി.എസ്.യു ബാങ്കുമുണ്ട്. ഐ.ടി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകളും രണ്ട് ശതമാനത്തിനു മുകളില്‍ നേട്ടം കുറിച്ചു.
ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, എസ്.ബി.ഐ, എന്‍.ടി.പി.സി, ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്‌സില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ നേട്ടവുമായി മുന്നിലെത്തിയത്. എല്‍ ആന്‍ഡ് ടി, ടി.സി.എസ്, വിപ്രോ എന്നിവയും നേട്ടത്തിലായിരുന്നു.
എച്ച്.യു.എല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ എന്നിവയാണ് നഷ്ടത്തിന്റെ രുചി കൂടുതലറിഞ്ഞവര്‍.
അദാനി പവറില്‍ നിന്നുള്‍പ്പെടെ ഊര്‍ജ പദ്ധതിക്കായുള്ള കരാര്‍ ലഭിച്ച ഭെല്‍ ആണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്.
ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ നിന്ന് 390 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഓഹരി ഇന്ന് 8 ശതമാനത്തോളം ഉയര്‍ന്നു.
പൊതുമേഖലാ ഓഹരികളും നേട്ടത്തില്‍
മോദി തിരിച്ചുവരുമെന്ന പ്രതീക്ഷ, പൊതുമേഖല ഓഹരികളെയും ഇന്ന് മുന്നേറ്റത്തിലാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി രാവിലെ 10 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. എന്‍.ബി.സി.സി 8 ശതമാനം , എന്‍.എല്‍.സി.സി, എന്‍.എച്ച്.പി.സി, ഭെല്‍ എന്നിവ 5 ശതമാനവും ഉയര്‍ന്നു. ബി.ജെ.പിക്ക് തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നത് പി.എസ്.യു ഓഹരികളെ വലിയ താഴ്ചയിലേക്ക് നയിച്ചിരുന്നു.
റെയില്‍വേ, പവര്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല ഓഹരികളും ഇന്ന് നേട്ടത്തിലേക്ക് കുതിച്ചു കയറി. ആര്‍.ഇ.സി, പി.എഫ്.സി ഓഹരികള്‍ ആറ് ശതമാനവും പവര്‍ ഗ്രിഡ് 2 ശതമാനവും ഉയര്‍ന്നിരുന്നു. റെയില്‍വേ ഓഹരികളായ ആര്‍.വി.എന്‍.എല്‍, ഐ.ആര്‍.എഫ്.സി, എന്നിവ രാവിലെ ആറ് ശതമാനം ഉയര്‍ന്നു. റെയില്‍ ടെയില്‍ കോര്‍പറേഷന്‍ രാവിലെ 8 ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടത്തിയത്.
മറ്റ് പൊതു മേഖല ഓഹരികളായ ഗെയില്‍, എന്‍.എച്ച്.പി.സി എന്നിവയും ഇന്ന് 6-7 ശതമാനം നേട്ടമുണ്ടാക്കി.
മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. 13.04 ശതമാനം ഉയര്‍ന്ന് 3,173 രൂപയിലാണ് ഓഹരി വ്യാപാരാന്ത്യമുള്ളത്. ബയോകോണ്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, പ്രസ്റ്റീജ് പ്രോജക്ട്‌സ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍ എന്നിവ ഏഴ് മുതല്‍ 9 ശതമാനം വരെ നേട്ടമുണ്ടാക്കി.
സണ്‍ ടി.വി നെറ്റ്‌വര്‍ക്ക്‌സാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരി. അവന്യു സൂപ്പര്‍മാര്‍ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ് എന്നിവയും നഷ്ടക്കണക്കില്‍ മുന്നിലെത്തി.
ട്രെന്‍ഡിനൊപ്പം കേരള കമ്പനികളും
ഇന്ന് കേരള കമ്പനി ഓഹരികളില്‍ മിക്കവയും മികച്ച നേട്ടമാണ് കാഴ്ചവച്ചത്. രണ്ട് ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഗംഭീര ഉയിര്‍ത്തെണീപ്പ് നടത്തിയ കൊച്ചിന്‍ഷിപ്പ്‌യാര്‍ഡാണ് കേരള കമ്പനികളില്‍ ഇന്നത്തെ താരം. ഓഹരി 10 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. വ്യാപാരാന്ത്യം ഓഹരി വില 1,853 രൂപയാണ്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഇന്ന് പുതിയ റെക്കോഡിട്ടു. ഓഹരി വില ആദ്യമായി 400 രൂപ കടന്നു. വ്യാപാരാന്ത്യം 4.71 ശതമാനം ഉയര്‍ച്ചയോടെ 396.60 രൂപയിലാണ് ഓഹരിയുള്ളത്.
മണപ്പുറം ഫിനാന്‍സ് ഓഹരിയും ഇന്ന് അഞ്ച് ശതമാനം ഉയരത്തിലെത്തി. എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ മണപ്പുറം ഫിനാന്‍സിലെ ഓഹരി പങ്കാളിത്തം കൂട്ടിയിരുന്നു. പ്രമോട്ടര്‍മാര്‍ ഓഹരി വാങ്ങുന്നത് കമ്പനിയുടെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയെയാണ് സൂചിപ്പിക്കുന്നത്. ഇതാകും ഓഹരിയിലും പ്രതിഫലിച്ചത്.
ഫാക്ട് (6.09 ശതമാനം). ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ (5.81 ശതമാനം), യൂണിറോയല്‍ (5 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് (5.10 ശതമാനം) എന്നിവയും ഇന്ന് കേരളക്കമ്പനികളിലെ വലിയ നേട്ടക്കാരായി.
ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കല്യാണ്‍ ജുവലേഴ്‌സ്, പോപീസ് കെയര്‍, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്, ടി.സി.എം, വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയാണ് ഇന്ന് കേരള കമ്പനിയില്‍ നഷ്ടം രേഖപ്പെടുത്തിയത്.