കലമുടച്ച് ഓഹരി വിപണി! കത്തിക്കയറി യെസ് ബാങ്കും ട്രെന്റും പേയ്ടിഎമ്മും; മുന്നേറി ഇസാഫ് ബാങ്ക്
റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം നാളെ; കനറാ ബാങ്കും തിളങ്ങി
മികച്ച നേട്ടത്തോടെ ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഉച്ചയ്ക്ക് ശേഷം കലമുടച്ചു. 72,186ല്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ്, ഇന്ന് അങ്കം തുടങ്ങിയത് തന്നെ മികച്ച നേട്ടവുമായി 72,548ലാണ്. എന്നാല്‍, ഉച്ചയോടെ ചാഞ്ചാട്ടക്കാറ്റ് ആഞ്ഞുവീശി. അതിലുലഞ്ഞ സെന്‍സെക്‌സ് 71,938 വരെ താഴ്ന്നു. വ്യാപാരാന്ത്യത്തിലുള്ളത് 34 പോയിന്റ് നഷ്ടവുമായി 71,152ല്‍.
നിഫ്റ്റിയുടെയും കഥ ഇതുതന്നെ. 22,000 ഭേദിച്ചാണ് ഇന്ന് തുടങ്ങിയത്. 22,053 വരെ കുതിച്ചെങ്കിലും പിന്നെ 21,860ലേക്ക് വീണു. കച്ചവടം പൂര്‍ത്തിയാക്കിയത് വെറും 1.10 പോയിന്റ് നേട്ടത്തില്‍ 21,930ല്‍.
ഇടിവിന് പിന്നില്‍
നിഫ്റ്റി 50ല്‍ ഇന്ന് 29 ഓഹരികള്‍ നേട്ടത്തിലും 21 എണ്ണം നഷ്ടത്തിലുമായിരുന്നു. ബി.എസ്.ഇയില്‍ 2,245 കമ്പനികള്‍ നേട്ടത്തിലും 1,633 എണ്ണം നഷ്ടത്തിലുമായിരുന്നു. 79 ഓഹരികളുടെ വില മാറിയില്ല.
531 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരം കണ്ടു; 20 എണ്ണം താഴ്ചയും. 456 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലായിരുന്നു. 233 എണ്ണം ലോവര്‍-സര്‍കീട്ടിലും. കണക്കുകളില്‍ മുന്‍തൂക്കം 'കാളകള്‍ക്ക്' ആണെങ്കിലും ഇന്നത്തെ ദിവസം പക്ഷേ, 'കരടികളുടേതായിരുന്നു'.
എസ്.ബി.ഐ., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ഇന്‍ഫോസിസ്, ടി.സി.എസ്., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ് സൂചികകളെ നിരാശയിലേക്ക് തള്ളിയത്.
പ്രമുഖ ഐ.ടി കമ്പനിയായ കോഗ്നിസന്റിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ഡിസംബര്‍പാദ പ്രവര്‍ത്തനഫലവും കമ്പനിയുടെ ഉപയോക്താക്കള്‍ ചെലവ് വെട്ടിക്കുറയ്ക്കുന്നു എന്ന അഭിപ്രായവും ഇന്ന് ഐ.ടി ഓഹരികളിലാകെ കരിനിഴല്‍ വീഴ്ത്തി.
റിസര്‍വ് ബാങ്ക് നടപ്പുവര്‍ഷത്തെ (2023-24) അവസാന ധനനയ പ്രഖ്യാപനം നാളെ നടത്തും. നിരക്കുകള്‍ നിലനിറുത്താനാണ് സാധ്യതയേറെ. എന്നാല്‍ പണപ്പെരുപ്പം, പലിശനിരക്ക്, ജി.ഡി.പി വളര്‍ച്ച എന്നിവ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ നിരീക്ഷണങ്ങള്‍ എന്താകുമെന്ന ആശങ്കകളും ഇന്ന് ഓഹരികളെ സമ്മര്‍ദ്ദത്തിലാക്കി.
കുതിച്ചുയര്‍ന്ന് യെസ് ബാങ്കും ട്രെന്റും
യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് 20 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടില്‍ തട്ടി. വിപണിമൂല്യം 87,800 കോടി രൂപ ഭേദിക്കുകയും ചെയ്തു. യെസ് ബാങ്കില്‍ 9.5 ശതമാനം ഓഹരി പങ്കാളിത്തം നേടാന്‍ എച്ച്.ഡി.എഫ്.സി ബാങ്കിനെ കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു. ഇതേകാരണത്താല്‍, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരിയും ഇന്ന് 17 ശതമാനം കുതിച്ചു.
ഡിസംബര്‍പാദ പ്രവര്‍ത്തനഫലം മികച്ചതായതിനെ തുടര്‍ന്ന് ടാറ്റാ കമ്പനിയായ ട്രെന്റിന്റെ ഓഹരി ഇന്ന് 20 ശതമാനം കുതിച്ചുയര്‍ന്നു. ഫാഷന്‍ റീട്ടെയ്ല്‍ കമ്പനിയായ ട്രെന്റ് 124 ശതമാനം വളര്‍ച്ചയോടെ 374.36 കോടി രൂപയുടെ ലാഭമാണ് ഡിസംബര്‍ പാദത്തില്‍ നേടിയത്.
2014 മുതല്‍ക്കുള്ള തന്റെ കാലയളവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിയിലുണ്ടായ വര്‍ധന 78 ശതമാനമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസ്താവന ഇന്ന് പൊതുമേഖലാ ഓഹരികളെ ഉഷാറിലാക്കി.
എസ്.ബി.ഐ., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, നെസ്‌ലെ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ മികച്ച നേട്ടമുണ്ടാക്കിയവ.
യെസ് ബാങ്ക്, ട്രെന്റ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), അദാനി ഗ്രീന്‍ എനര്‍ജി, കനറാ ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. റിസര്‍വ് ബാങ്കിന്റെ വിലക്ക് മറികടക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പേയ്ടിഎമ്മിന്റെ കരകയറ്റം. ഓഹരി ഇന്ന് 10 ശതമാനം കയറി. ഓഹരിയുടെ മുഖവില കുറയ്ക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് കനറാ ബാങ്ക് ഓഹരി 7 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയത്.
നവീന്‍ ഫ്‌ളൂറിന്‍, ഗ്ലാന്‍ഡ് ഫാര്‍മ, ടൊറന്റ് പവര്‍, നൈക (എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്), മദേഴ്‌സണ്‍ സുമി വയറിംഗ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്.
വിശാല വിപണിയില്‍ ബാങ്കിംഗ് കുതിപ്പ്
റിസര്‍വ് ബാങ്കിന്റെ ധനനയ പ്രഖ്യാപനം നാളെ വരാനിരിക്കേയാണ് ഇന്ന് പൊതുമേഖലാ ബാങ്കിംഗ് ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 2.86 ശതമാനം ഉയര്‍ന്നു. പലിശനിരക്ക് കൂട്ടില്ലെങ്കിലും അതിന് അനുകൂലമായ നിലപാടിലേക്ക് റിസര്‍വ് ബാങ്ക് ചുവടുമാറ്റിയേക്കുമെന്ന പ്രതീക്ഷകളുടെ കരുത്തിലാണ് ബാങ്കോഹരികളുടെ കുതിപ്പ്.
നിഫ്റ്റി റിയല്‍റ്റി (1.84%), മീഡിയ (1.20%) എന്നിവ മികച്ച പിന്തുണ നല്‍കി. ബാങ്ക് നിഫ്റ്റി ഇന്ന് 0.28 ശതമാനം കയറി. അതേസമയം നിഫ്റ്റി ഐ.ടി 1.25 ശതമാനവും സ്വകാര്യബാങ്ക് സൂചിക 0.07 ശതനമാനവും താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.75 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.71 ശതമാനവും നേട്ടത്തിലുമാണുള്ളത്.
കുതിച്ചുയര്‍ന്ന് ഇസാഫ്
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത് ഇസാഫ് ബാങ്കാണ്, ഓഹരി വില 11.74 ശതമാനം ഉയര്‍ന്നു. ബാങ്കിന്റെ 2.4 കോടിയിലധികം ഓഹരികള്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടു. വിപണിമൂല്യം 4,000 കോടി രൂപയും ഭേദിച്ചു.
കഴിഞ്ഞദിവസങ്ങളില്‍ നഷ്ടത്തിലായിരുന്ന ധനലക്ഷ്മി ബാങ്ക് ഇന്ന് 3.82 ശതമാനം കയറി. ടി.സി.എം (9.83%), കല്യാണ്‍ ജുവലേഴ്‌സ് (2.67%), മുത്തൂറ്റ് ഫിനാന്‍സ് (2.50%), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (2.42%) എന്നിവയും ഇന്ന് തിളങ്ങി.
സഫ സിസ്റ്റംസ്, വണ്ടര്‍ല, റബ്ഫില, മുത്തൂറ്റ് കാപ്പിറ്റല്‍, പ്രൈമ അഗ്രോ, കിറ്റെക്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ്, ജിയോജിത്, ഫാക്ട്, ആസ്റ്റര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എം.ആര്‍.എല്‍ എന്നിവ ഇന്ന് 0.9-3 ശതമാനം നഷ്ടത്തിലാണുള്ളത്. 'മാസപ്പടി' കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (SFIO) അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) ഓഹരികളുടെ ഇന്നത്തെ വീഴ്ച. സി.എം.ആര്‍.എല്ലിന്റെ ലാഭവും ആസ്തിയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.