വില്ലനായി ഭക്ഷ്യ വിലപ്പെരുപ്പ ആശങ്കകള്‍, നഷ്ടത്തിലേക്ക് യുടേണ്‍ അടിച്ച് വിപണി, കരകയറാതെ ഫാക്ട്
റിസല്‍ട്ട് കാത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മുത്തൂറ്റ് ക്യാപിറ്റല്‍ വന്‍ ഇടിവില്‍
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നഷ്ടം വരിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ ഒമ്പതാം തവണയും റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തിയതാണ് സൂചികകളെ നിരാശയിലാക്കിയത്. വിപണി പ്രതീക്ഷിച്ചതാണിതെങ്കിലും വില്‍പ്പന സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. നിരക്കുകളിലും സമീപനത്തിലും മാറ്റം വരുത്താതിരുന്ന റിസര്‍വ് ബാങ്ക് വളര്‍ച്ച, വിലക്കയറ്റം എന്നിവ സംബന്ധിച്ച അനുമാനങ്ങളും മാറ്റിയില്ല. ഉയര്‍ന്ന ഭക്ഷ്യവിലപ്പെരുപ്പമാണ് മുഖ്യ ആശങ്കയായി തുടരുന്നത്. ഒപ്പം ആഗോള വിപണികളില്‍ നിന്നുള്ള നെഗറ്റീവ് വാര്‍ത്തകളും വിപണിയെ ബാധിച്ചു.
ഇന്ന് സെന്‍സെക്‌സ് 582 പോയിന്റ്(0.73%) ഇടിഞ്ഞ് 78,886.22ലും നിഫ്റ്റി 181 പോയിന്റ് (0.74%) ഇടിഞ്ഞ് 24,117ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ സൂചികകളുടെ പ്രകടനം
മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് താഴ്ന്നു. എന്നാല്‍ സെന്‍സെക്‌സിനെ അപേക്ഷിച്ച് വീഴ്ച കുറവായിരുന്നു. മിഡ്ക്യാപ് സൂചിക 0.34 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.41 ശതമാനവുമാണ് താഴ്ന്നത്.
ബി.എസ്.ഇയില്‍ ഇന്ന് 4,014 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,829 ഓഹരികള്‍ മാത്രമാണ് മുന്നേറിയത്. 2,803 ഓഹരികള്‍ ഇടിവിലായി. 102 ഓഹരികളുടെ വില മാറിയില്ല. 235 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില താണ്ടിയത്. 25 ഓഹരികള്‍ താഴ്ന്ന വിലയിലാണ്.
ഇന്ന് ഒമ്പത് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നു. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം ഇന്ന് 448.6 ലക്ഷം കോടി രൂപയില്‍ നിന്ന് 445.8 ലക്ഷം കോടിയായി കുറഞ്ഞു. നിക്ഷേപകര്‍ക്ക് നഷ്ടം മൂന്ന് ലക്ഷം കോടി രൂപയോളമാണ്.
ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിക്‌സ് 2.67 ശതമാനം ഉയര്‍ന്ന് 16.60 പോയിന്റിലെത്തി.
കുതിച്ചും കിതച്ചും
ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ഇന്ന് 3.21 ശതമാനം വരെ ഇടിഞ്ഞ് സെൻസെക്‌സിനെ നഷ്ടത്തിലേക്ക് വലിച്ചത്.
ബി.എസ്.ഇയാണ് ഇന്ന് 7.94 ശതമാനം നേട്ടവുമായി നിഫ്റ്റി 200ലെ നേട്ട പട്ടികയില്‍ ഒന്നാമതെത്തിയത്. ആദ്യ പാദത്തില്‍ ലാഭം മൂന്ന് മടങ്ങ് വളര്‍ച്ച നേടിയതിനു പിന്നാലെ ഓഹരി ഒരുവേള 11 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഇടപാടുകളുടെ ചാര്‍ജ് 455 ശതമാനം വര്‍ധനയാണ് നേടിയത്.
മുന്നേറി ആസ്പിന്‍വാള്‍, ഇറക്കത്തിൽ മുത്തൂറ്റ് ക്യാപിറ്റല്‍
കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ നഷ്ടം കുറിച്ചത് മുത്തൂറ്റ് ക്യാപിറ്റലാണ്. ഓഹരി 8.36 ശതമാനം താഴേക്ക് പോയി. മൂന്ന് ശതമാനത്തിലധികം നഷ്ടവുമായി ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, ഇന്‍ഡിട്രേഡ്, സെല്ല സ്‌പേസ് എന്നിവയാണ് തൊട്ടു പിന്നില്‍.