തിരിച്ചു വരവ്! താഴ്ചയില്‍ നിന്ന് 910 പോയിന്റ് മുന്നേറി വിപണി; 22,000 കൈവിടാതെ നിഫ്റ്റി, മൂക്കു കുത്തി ടാറ്റ

ഇന്ത്യ വിക്‌സ് പുതിയ റെക്കോഡില്‍, മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തില്‍

Update:2024-05-13 19:01 IST

തുടക്കത്തിലെ താഴ്ചയില്‍ നിന്ന് സ്മാര്‍ട്ട് മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യന്‍ ഓഹരി വപിണികള്‍. വ്യാപാരത്തിനിടെ 798 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് 910 പോയിന്റ് തിരികെ കയറി. ഒരുവേള 71,886 പോയിന്റ് വരെയായിരുന്നു നഷ്ടം. വ്യാപാരാന്ത്യത്തില്‍ 112 പോയിന്റ് നേട്ടത്തോടെ 72,776ല്‍ എത്തി. നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 22,104ല്‍ ആണ് കടപൂട്ടിയത്. ഒരുവേള 21,821 വരെ താഴ്ന്നിരുന്നു.

ശക്തമായ വിലപേശലിനിടെയും ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, ആക്‌സിസ് ബാങ്ക് എന്നിവയില്‍ മികച്ച വാങ്ങലുണ്ടായതാണ് ഇന്ന് വിപണികള്‍ക്ക് നേട്ടത്തില്‍ അവസാനിപ്പിക്കാനായത്. തുടര്‍ച്ചയായ രണ്ടാം വ്യാപാര ദിനമാണ് വിപണി നേട്ടത്തില്‍ അവസാനിപ്പിക്കുന്നത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ചാഞ്ചാട്ട സൂചികയായ ഇന്ത്യാ വിക്‌സ് 16 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ച്ചയായ 21.49 വരെ ഉയര്‍ന്നതും വിപണിക്ക് കരുത്തായി.
വിവിധ മേഖലകളുടെ  പ്രകടനം
വിശാല വിപണിയില്‍ ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.36 ശതമാനവും ബി.എസ്.ഇ സ്‌മോള്‍ക്യാപ് സൂചിക 0.23 ശതമാനവും ഉയര്‍ന്നു. ഇരു സൂചികകളും ഇന്‍ട്രാഡേയില്‍ 1.5 ശതമാനം വരെ ഇടിഞ്ഞിരുന്നു.
നിഫ്റ്റി ഓട്ടോ, പി.എസ്.യു ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതം തീഴ്ന്നു. മീഡിയയും 0.22 ശതമാനം നഷ്ടത്തിലായി. അതേ സമയം ഫാര്‍മ സൂചിക 1.77 ശതമാനം വരെ ഉയര്‍ന്നു. മറ്റ് സൂചികകളും നേട്ടത്തിലായിരുന്നു.
രൂപയിന്ന് ഡോളറിനെതിരെ മൂന്ന് പൈസയിടിഞ്ഞ് 83.527ലെത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതാണ് ചാഞ്ചാട്ടത്തിനിടയാക്കിയത്. എന്‍.എസ്.ഡി.എല്ലിന്റെ ഡേറ്റ പ്രകാരം മേയ് 10 വരെ വിദേശികള്‍ 18,375 കോടി രൂപയുടെ പിന്‍വലിക്കല്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വിറ്റ്പിന്മാറി ആകര്‍ഷകമായ വാല്വേഷനുള്ള ചൈനീസ് ഓഹരികള്‍ വാങ്ങുന്നതായാണ് കാണുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയ്‌ക്കൊത്തായില്ലെങ്കില്‍ പെട്ടെന്നൊരു വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് നീങ്ങാമെന്നും നിരീക്ഷകര്‍ കണക്കാക്കുന്നു. ഭരണതുടര്‍ച്ചയാണ് വിപണി ആഗ്രിക്കുന്നതെങ്കിലും തൂക്കു മന്ത്രിസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ ഇതിന്റെ പ്രതിഫലനം വിപണിയിലുമുണ്ടായേക്കാം.

ബി.എസ്.ഇയില്‍ ഇന്ന് 4,086 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 1,707 ഓഹരികളാണ് നേട്ടത്തിലുണ്ടായിരുന്നത്. 2,254 ഓഹരികള്‍ നഷ്ടക്കയത്തില്‍ അകപ്പെട്ടു. 125 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ഇന്ന് 183 ഓഹരികള്‍ 52 ആഴ്ചയിലെ ഉയരം താണ്ടി. 59 ഓഹരികള്‍ കുറഞ്ഞ വിലയും. അപ്പര്‍ സര്‍ക്യൂട്ടില്‍ ഇന്ന് ഒരൊറ്റ ഓഹരിയുമുണ്ടായിരുന്നില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ രണ്ട് ഓഹരികൾ കണ്ടു.

നഷ്ടത്തിലിവര്‍

ടാറ്റ മോട്ടോഴ്‌സ്, എന്‍.ടി.പി.സി, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ, ടൈറ്റന്‍, നെസ്‌ലെ എന്നിവയാണ് ഇന്ന് വിപണിയെ പിന്നോട്ടടിച്ചത്.
ഓട്ടോ മൊബൈല്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം മികച്ചതായിട്ടും ഓഹരി വില കനത്ത തകര്‍ച്ച നേരിട്ടു. വ്യാപാരത്തിനിടെ 10 ശതമാനം വരെ ഓഹരി ഇടിഞ്ഞു. കമ്പനിയുടെ വില്‍പ്പന കുറയാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഓഹരിയില്‍ തിരുത്തലുണ്ടായത്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ആഗോള ബ്രോക്കറേജുകള്‍ ഓഹരി മുന്നേറ്റം തുടരുമെന്ന് പ്രവചിക്കുമ്പോള്‍ ഒരു വിഭാഗം ഓഹരി ചെലവേറിയ നിലയിലാണെന്ന് അഭിപ്രായപ്പെടുന്നു.
ബാങ്ക് ഓഫ് ഇന്ത്യയുടെ റിസല്‍ട്ട് അവലോകനം ഇന്ന് വൈകിട്ട് നടക്കാനിരിക്കെ ഓഹരി 10 ശതമാനത്തിലധികം താഴ്ന്നു. ബാങ്കിന്റെ വരുമാന വളര്‍ച്ച ഏഴ് ശതമാനമായി കുറഞ്ഞിരുന്നു.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിസല്‍ട്ട് പ്രതീക്ഷയേക്കാള്‍ മോശമായതിനെ തുടര്‍ന്ന് ഓഹരി ഏഴ് ശതമാനം വരെ ഇടിഞ്ഞിരുന്നു. വ്യാപാരാന്ത്യം ഇടിവ് 3.66 ശതമാനമായി കുറച്ചു. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഡി.വി.ആര്‍, ടാറ്റ മോട്ടോഴ്‌സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
നേട്ടത്തിലിവര്‍
എ.ബി.ബി ഇന്ത്യയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 11.43 ശതമാനം ഉയര്‍ന്നാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. യു.പി.എല്‍, സീമെന്‍സ്, ഡോ.ലാല്‍ പാത് ലാബ്‌സ്, സിപ്ല എന്നിവയും ആറ് മുതല്‍ ഏഴ് ശതമാനം വരെ നേട്ടമുണ്ടാക്കി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

കേരള കമ്പനികള്‍ക്ക് ആവേശമില്ല
കേരള കമ്പനികളില്‍ വലിയ നേട്ടം ഒരു ഓഹരിയും കാഴ്ചവച്ചില്ല. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, കേരള ആയുര്‍വേദ, കെ.എസ്.ഇ ഓഹരികള്‍ മൂന്ന് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരിയില്‍ 2.43 ശതമാനം ഉയര്‍ച്ചയുണ്ടായി. മുത്തൂറ്റ് ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്ര തുടങ്ങിയവയും നേട്ടത്തിലായിരുന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കൂടുതല്‍ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു. നിറ്റ ജെലാറ്റിന്‍ ഇന്ത്യയാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയ കേരള കമ്പനി. ഓഹരി വില 5.53 ശതമാനം ഇടിഞ്ഞ് 876.15 രൂപയിലെത്തി. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, ടി.സി.എം, സെല്ല സ്‌പേസ് എന്നിവയാണ് കൂടുതല്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ആസ്റ്റര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്, കല്യാണ്‍, വി-ഗാര്‍ഡ് എന്നിവയും നഷ്ടത്തിലായിരുന്നു.
Tags:    

Similar News