പണപ്പെരുപ്പം കുറയുന്ന സൂചനകള്‍ ദൃശ്യമായാല്‍ യു.എസ്.ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ടാം പാതിയില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് കരുതുന്നത്.
അതേ സമയം ഇന്ത്യയില്‍ ഉപയോക്തൃ പണപ്പെരുപ്പ സൂചിക 11 മാസത്തെ കുറഞ്ഞ നിലയിലായ 4.83ല്‍ എത്തിയിരുന്നു, മാര്‍ച്ചില്‍ 4.85 ശതമാനമായിരുന്നു.
രൂപ ഇന്ന് ഡോളറിനെതിരെ രണ്ട് പൈസ ഉയര്‍ന്ന് 83.5112ലെത്തി.
വിവിധ മേഖലകളുടെ പ്രകടനം
നിഫ്റ്റി ഇന്ന് 22,112.90ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഒരുവേള 22,270.05 വരെ മുകളിലേക്കും 22,081.25 വരെ താഴേക്കും പോയി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 114 പോയിന്റ് നേട്ടത്തോടെ 22,217.85 രൂപയിലാണ്. നിഫ്റ്റിയിലെ 36 ഓഹരികളിലും ഇന്ന് പച്ചതെളിഞ്ഞു.
സെന്‍സെക്‌സും ഇന്ന് 73,286.26 വരെ താഴേക്കും 72,683.99 വരെ മുകളിലേക്കും ഉയര്‍ന്നു. ഒടുവില്‍ 328 പോയിന്റ് ഉയര്‍ന്ന് 73,104.61ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സിൽ 20 ഓഹരികളും ഇന്ന് നേട്ടത്തിലായി.
ബെഞ്ച് മാര്‍ക്ക് സൂചികകളെയും മറികടക്കുന്ന പ്രകടനമാണ് ഇന്ന് മിഡ്, സ്‌മോള്‍ക്യാപ് സൂചികകള്‍ കാഴ്ചവച്ചത്. മിഡക്യാപ് സൂചിക 1.14 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.79 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റിയില്‍ മിക്ക സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റല്‍ (2.77 ശതമാനം), ഓട്ടോ (1.83 ശതമാനം), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.56 ശതമാനം) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബാങ്ക്, പി.എസ്.യു ബാങ്ക് ഓഹരികളും നേട്ടത്തിലായിരുന്നു.
ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം മൂല്യം 397.4 ലക്ഷം കോടി രൂപയില്‍ നിന്ന് 402 ലക്ഷം കോടിയായി. നിക്ഷേപകര്‍ക്ക് അഞ്ച് ലക്ഷം കോടിരൂപയോളമാണ് ഒറ്റ വ്യാപാര സെഷനില്‍ നേട്ടം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യൻ വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്നുണ്ട്.ബി.എസ്.ഇയില്‍ ഇന്ന് വേദാന്ത, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, അശോക് ലൈലാന്‍ഡ്, സീമെന്‍സ്, മാരികോ, ഹാവെല്‍സ്, ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് അടക്കം 158 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 29 ഓഹരികള്‍ താഴ്ന്ന വില രേഖപ്പെടുത്തി.
മൊത്തം 3,923 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,665 ഓഹരികളും വില ഉയര്‍ത്തി. 1,145 ഓഹരികളുടെ വില ഇടിഞ്ഞു. 113 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍
ഓഹരികളൊന്നും ഉണ്ടായിരുന്നില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ ഉണ്ടായിരുന്നത് ഒരു ഓഹരി മാത്രം.നേട്ടമുണ്ടാക്കിയവര്‍
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് തേരോട്ടത്തിലായിരുന്നു. അദാനി ടോട്ടല്‍ ഗ്യാസ് 8 ശതമാനവും അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ 7 ശതമാനം വീതവും അദാനി എന്റർപ്രൈ സസ്, അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്റ് എന്നിവ അഞ്ച് ശതമാനം വീതവും ഉയര്‍ന്നു. അദാനി വില്‍മര്‍ മൂന്ന് ശതമാനം, എ.സി.സി 4 ശതമാനം എന്നിങ്ങനെയും ഉയർച്ച രേഖപ്പെടുത്തി. ഹെവി വോളിയം ഇടപാടുകളാണ് ഓഹരികള്‍ക്ക് തുണയായത്.
മസഗോണ്‍ ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് ഓഹരിയാണ് ഇന്ന് നിഫ്റ്റി 200ല്‍ കത്തിക്കയറിയത്. 10.14 ശതമാനം ഉയര്‍ന്ന ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 2,348.95 രൂപയിലാണ്. ഐ.ആര്‍.എഫ്.സി ഓഹരി 8.12 ശതമാനവും റെയില്‍ വികാസ് നിഗം 7.53 ശതമാനവും ഭാരത് ഡൈനാമിക് 6.2 ശതമാനവും ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ് 5.70 ശതമാനം വളര്‍ച്ച നേടി.
നഷ്ടത്തിലിവർ
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇന്ത്യ, യു.പി.എല്‍ എന്നിവയാണ് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. നാല് ശതമാനത്തിന് മുകളില്‍ ഇടിഞ്ഞു. സിപ്ല, സോമാറ്റോ, ലൂപിന്‍ എന്നിവയും നഷ്ടത്തില്‍ തൊട്ടു പിന്നാലെയുണ്ട്.
നാലാം പാദലാഭത്തില്‍ 44 ശതമാനം ഇടിവ് നേരിട്ട ബജാജ് ഇലക്ട്രിക്കല്‍ ഓഹരി ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു.
തിളക്കമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
യൂറോപ്യന്‍ കമ്പനിയില്‍ നിന്ന് ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസലുകള്‍ (Hybrid SOC) നിര്‍മിക്കാന്‍ ഓര്‍ഡര്‍ കിട്ടയതിനെ തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് 12.33 ശതമാനം വരെ കുതിച്ചുയര്‍ന്നു.
സുസ്ഥിര ഊര്‍ജത്തിന് കൂടുതല്‍ ആവശ്യകതയുള്ള യൂറോപ്പിലെ ഫാം ഇന്‍ഡസ്ട്രിയ്ക്കായി രൂപകല്‍പ്പനയും നിര്‍മാണവും മെയിന്ററന്‍സും ഓപ്പറേഷന്‍സും അടക്കമാണ് ഓര്‍ഡറെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഒന്നോ രണ്ടോ വെസലുകള്‍ നിര്‍മിക്കാനാണ് പദ്ധതി. 2026ല്‍ പൂര്‍ത്തിയാക്കി കൈമാറിയേക്കും. 500 കോടി മുതല്‍ 1000 കൂടി രൂപവരെയായേക്കാം ഓര്‍ഡര്‍ മൂല്യമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.53 ശതമാനം), സി.എസ്.ബി ബാങ്ക് (1.96 ശതമാനം, കെ.എസ്.ഇ (1.78 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (1.71 ശതമാനം) സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് (1.5 ശതമാനം) എന്നിവയാണ് ഇന്ന് കേരള കമ്പനികളില്‍ നഷ്ടമെഴുതിചേര്‍ത്ത മുഖ്യ ഓഹരികള്‍.