ഓഹരികള്‍ മുന്നോട്ട്; പേയ്ടിഎമ്മും വേദാന്തയും വീണു, ഓയില്‍ ഇന്ത്യ കസറി, ആസ്റ്ററും കല്യാണും മിന്നിത്തിളങ്ങി

ഫാക്ട്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരികളിലും മികച്ച നേട്ടം; കുതിപ്പോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും

Update:2024-02-15 17:57 IST
ഇന്ത്യന്‍ ഓഹരികള്‍ കാഴ്ചവയ്ക്കുന്ന മികച്ച നേട്ടത്തിന് ഇന്നും കോട്ടമുണ്ടായില്ല. ബാങ്കിംഗ്, ധനകാര്യം, വാഹനം, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളുടെ മികച്ച പ്രകടനമാണ് ഇന്ന് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും നേട്ടത്തിലേക്ക് ഉയര്‍ത്തിയത്. അതില്‍ തന്നെ എസ്.ബി.ഐയും എച്ച്.ഡി.എഫ്.സി ബാങ്കും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മികച്ച പങ്കും വഹിച്ചു.
സെന്‍സെക്‌സ് 227.55 പോയിന്റ് (0.32%) നേട്ടവുമായി 72,050.38ലും നിഫ്റ്റി 70.70 പോയിന്റ് (0.32%) ഉയര്‍ന്ന് 21,910.75ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50ല്‍ 26 ഓഹരികള്‍ നേട്ടത്തിലും 24 എണ്ണം താഴ്ചയിലുമായിരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, ബി.പി.സി.എല്‍., എന്‍.ടി.പി.സി., ഒ.എന്‍.ജി.സി എന്നിവയാണ് നിഫ്റ്റി 50ല്‍ ഇന്ന് കൂടുതല്‍ നേട്ടം കൊയ്തവ.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

അതേസമയം 2.21 ശതമാനം മുന്നേറി എച്ച്.ഡി.എഫ്.സി ബാങ്കും 2.29 ശതമാനം ഉയര്‍ന്ന എസ്.ബി.ഐയും 6.81 ശതമാനം മുന്നേറിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്.
ബി.എസ്.ഇയില്‍ ഇന്ന് 3,398 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,329 ഓഹരികള്‍ നേട്ടത്തിലും 1,536 എണ്ണം നഷ്ടത്തിലുമായിരുന്നു. 73 ഓഹരികളുടെ വില മാറിയില്ല. 311 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടപ്പോള്‍ 30 എണ്ണം 52-ആഴ്ചത്തെ താഴ്ചയിലേക്ക് പതിച്ചു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. ഒരു കമ്പനി ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 2.55 ലക്ഷം കോടി രൂപ ഉയര്‍ന്ന് റെക്കോഡ് 387.30 ലക്ഷം കോടി രൂപയിലുമെത്തി.
നേട്ടത്തിന് ചുക്കാന്‍ പിടിച്ചവര്‍
എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ഗ്രിഡ്, എന്‍.ടി.പി.സി., ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ നേട്ടത്തിന് വളമിട്ട പ്രമുഖര്‍. പൊതുമേഖലാ ബാങ്കോഹരികള്‍ ഇന്നലെയും ഇന്നുമായി മികച്ച കുതിപ്പിലാണ്. ഇവയുടെ കിട്ടാക്കടനിരക്ക് കുറഞ്ഞ് ആസ്തി നിലവാരം മെച്ചപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളാണ് പ്രധാന ഊര്‍ജം.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഓയില്‍ ഇന്ത്യ, ടോറന്റ് ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പോളിക്യാബ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL) എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയവ.
ഭേദപ്പെട്ട മൂന്നാംപാദ പ്രവര്‍ത്തനഫലം, ഉത്പാദനശേഷി കുത്തനെ കൂടുന്നുവെന്ന റിപ്പോര്‍ട്ട് എന്നിവയുടെ കരുത്തിലാണ് ഇന്ന് ഓയില്‍ ഇന്ത്യ ഓഹരി 14 ശതമാനം വരെ കുതിച്ചത്. മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്ന് മികച്ച വാങ്ങല്‍ (buy) സ്റ്റാറ്റസ് കിട്ടിയ കരുത്തിലാണ് ടോറന്റ് ഫാര്‍മയുടെ മുന്നേറ്റം. മികച്ച മൂന്നാംപാദ പ്രവര്‍ത്തനഫലം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ക്ക് ആവേശമായി. ഡിസംബര്‍ പാദത്തില്‍ ലാഭം 34 ശതമാനമാണ് കുതിച്ചത്.
നിരാശപ്പെടുത്തിയവര്‍
ആക്‌സിസ് ബാങ്ക്, ഐ.ടി.സി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL), നെസ്‌ലെ, സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നഷ്ടത്തിലേക്ക് വീണ മുന്‍നിര ഓഹരികള്‍.
ഇ.ഡി അന്വേഷണ പശ്ചാത്തലത്തില്‍ പേയ്ടിഎം ഓഹരി ഇന്ന് 5 ശതമാനം ഇടിഞ്ഞ് ലോവര്‍-സര്‍കീട്ടില്‍ തട്ടി. പേയ്ടിഎം ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും തിരിച്ചടിയായി.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

 

സീ എന്റര്‍ടെയ്ന്‍മെന്റ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), വേദാന്ത, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഗ്ലാന്‍ഡ് ഫാർമ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം കുറിച്ചവ. മൂന്നാംപാദത്തില്‍ പരസ്യ വരുമാനത്തിലുണ്ടായ ഇടിവ് സീ കമ്പനിയുടെ ഓഹരിക്ക് തിരിച്ചടിയായി.
മാത്രമല്ല സീയുമായുള്ള ലയനത്തില്‍ നിന്ന് പിന്മാറിയ സോണി ഇന്ത്യയില്‍ ബിസിനസ് വിപുലീകരണത്തിന് കൂടുതല്‍ വഴികള്‍ തേടുന്നതും മാധ്യമരംഗത്ത് കൈകോര്‍ക്കാനുള്ള റിലയന്‍സിന്റെയും ടാറ്റാ ഗ്രൂപ്പിന്റെയും ശ്രമങ്ങളും സീ ഓഹരികളെ ഇന്ന് വലച്ചു.
വേദാന്തയ്ക്ക് തിരിച്ചടിയായത് ബ്ലോക്ക് ഡീലാണ്. ഏകദേശം 2,255 കോടി രൂപയുടെ ഓഹരികള്‍ ഇന്ന് ബ്ലോക്ക് ഡീലില്‍ കൈമറിഞ്ഞു. ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സാണ് ഓഹരികള്‍ വാങ്ങിയതെന്നാണ് സൂചന.
വിശാലവിപണിയിലെ തിളക്കം
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 3.27 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 2.46 ശതമാനം, വാഹനം 1.35 ശതമാനം എന്നിവ നേട്ടത്തില്‍ മുന്നിട്ടുനിന്നു. 0.68 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നേട്ടം.
എഫ്.എം.സി.ജി., മീഡിയ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ എന്നിവ 0.09-0.96 ശതമാനം താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 1.01 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.32 ശതമാനവും നേട്ടത്തിലാണ്.
ആസ്റ്ററിന്റെ ദിനം, കല്യാണിന്റെയും
8.06 ശതമാനം മുന്നേറ്റവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരിയാണ് ഇന്ന് കേരള ഓഹരികളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മൂന്നാംപാദത്തില്‍ 29 ശതമാനം ലാഭവളര്‍ച്ച കുറിച്ച ആസ്റ്റര്‍ ഇന്‍വെസ്റ്റര്‍ പ്രസന്റേഷന്‍ രേഖകള്‍ പുറത്തുവിട്ടത് ഓഹരികള്‍ക്ക് ആഘോഷമായി.
ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസ് വിഭജിക്കുന്ന ആസ്റ്ററിന്റെ നീക്കങ്ങളാണ് ഓഹരി നിക്ഷേപകരെ ആവേശത്തിലാക്കുന്നത്. കമ്പനിക്കും ഓഹരികള്‍ക്കും മികച്ച മൂല്യം ഉറപ്പാകുമെന്നത് മാത്രമല്ല, ഓഹരി നിക്ഷേപകരെ കാത്തിരിക്കുന്നത് മികച്ച ലാഭവിഹിതവുമാണ്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ചില ബ്രോക്കറേജുകളില്‍ നിന്നുള്ള വാങ്ങല്‍ (buy) സ്റ്റാറ്റസിന്റെ ബലത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് ഓഹരി ഇന്ന് 7.68 ശതമാനം കുതിച്ചു. 410 രൂപവരെ ലക്ഷ്യവില (target price) കല്യാണിന് കല്‍പ്പിക്കപ്പെടുന്നുണ്ട്.
മൂന്നാംപാദത്തില്‍ ലാഭവും വരുമാനവും നിരാശപ്പെടുത്തിയെങ്കിലും ഫാക്ട് ഓഹരി ഇന്ന് 4.5 ശതമാനം കയറി. ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും 5 ശതമാനം ഉയര്‍ന്നു. ഓഹരി വിപണി വിദഗ്ദ്ധനായ സഞ്ജീവ് ഭാസിന്‍ ധനലക്ഷ്മി ബാങ്കോഹരിക്ക് 65 രൂപ ലക്ഷ്യവില നല്‍കിയിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക് ഇന്ന് 4.74 ശതമാനം ഉയര്‍ന്നു. കാലാവധി അവസാനിക്കുന്ന നിലവിലെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ പകരക്കാരനെ കണ്ടെത്താന്‍ ഫെഡറല്‍ ബാങ്ക് നടപടി ആരംഭിച്ചിട്ടുണ്ട്. കോട്ടക് ബാങ്കിന്റെ ഡയറക്ടര്‍ കെ.വി.എസ് മണിയന്‍ അടക്കം ചില പ്രമുഖര്‍ പട്ടികയിലുണ്ടെന്നാണ് സൂചനകള്‍.
വെര്‍ട്ടെക്‌സ്, സഫ സിസ്റ്റംസ്, ഇന്‍ഡിട്രേഡ്, ബി.പി.എല്‍., സെല്ല സ്‌പേസ് എന്നിവയും ഇന്ന് 3-5 ശതമാനം നേട്ടത്തിലാണ്. അതേസമയം മുത്തൂറ്റ് ഫിനാന്‍സ്, ഈസ്റ്റേണ്‍, ആസ്പിന്‍വാള്‍, പാറ്റ്‌സ്പിന്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, വേസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എന്നിവ 2-4.6 ശതമാനം നഷ്ടത്തിലാണുള്ളത്.
Tags:    

Similar News