ടെന്‍ഷനടിപ്പിച്ച് ഇറാന്‍; ബോണ്ടില്‍ തെന്നി ഓഹരികളുടെ വീഴ്ച; ഇന്‍ഫോസിസിന് വന്‍ ഇടിവ്
നേട്ടത്തിന്റെ ട്രാക്കില്‍ കൊച്ചി കപ്പല്‍ശാലയും ഫാക്ടും; ചെറുകിട ഓഹരികളിലും മികച്ച വാങ്ങല്‍ ട്രെന്‍ഡ്
ഇസ്രായേലിനുമേല്‍ ഡ്രോണുകള്‍ ചൊരിഞ്ഞ് യുദ്ധവെറി മുഴക്കി ഇറാന്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന പണപ്പെരുപ്പ ഭീതി, ഇത് മുതലെടുത്ത് കത്തിക്കയറിയ അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും ഡോളറും, ഐ.ടി ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദ്ദം... ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളെ കാത്തിരുന്നത് വെല്ലുവിളികളുടെ പെരുമഴയായിരുന്നു. തുടര്‍ച്ചയായ മൂന്നാംനാളിലും സെന്‍സെക്‌സും നിഫ്റ്റിയും വന്‍ നഷ്ടം കുറിച്ചിട്ട ദിനം.
ഇന്നുടനീളം സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ തന്നെയായിരുന്നു. 72,892ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഒരുവേള 73,135 വരെ ഉയര്‍ന്നെങ്കിലും ഇന്നലത്തെ ക്ലോസിംഗ് പോയിന്റായ 73,399ലേക്ക് എത്താനായില്ല. ഒരുവേള ഇന്ന് 72,685 വരെ താഴുകയും ചെയ്ത സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത് 456.10 പോയിന്റ് (-0.62%) ഇടിഞ്ഞ് 72,943.68ല്‍.
നിഫ്റ്റി ഇന്നൊരുവേള 22,079 വരെ ഇടിഞ്ഞിരുന്നു. വ്യാപാരാന്ത്യത്തിലുള്ളത് 124.60 പോയിന്റ് (-0.56%) താഴ്ന്ന് 22,147.90ല്‍. ഡോളറിനെതിരെ റെക്കോഡ് താഴ്ചയായ 83.5350ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള മൂല്യം 83.5475 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി. ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ച് റിസര്‍വ് ബാങ്ക് രക്ഷയ്‌ക്കെത്തിയതാണ് തുണയായത്.
പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭൂമികയായതോടെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടനൊന്നും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതോടെ ട്രഷറി ബോണ്ട് യീല്‍ഡുകള്‍ 5-മാസത്തെ ഉയരത്തിലേക്ക് കുതിച്ചു. നിലവില്‍ 4.647 ശതമാനമെന്ന ശക്തമായ നിലയിലാണ് അമേരിക്കയുടെ 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡുള്ളത്. പലിശഭാരം ഉടന്‍ താഴില്ലെന്ന വിലയിരുത്തല്‍ ഐ.ടി ഓഹരികളെയും സമ്മര്‍ദ്ദത്തിലാക്കി.
നിരാശപ്പെടുത്തിയവര്‍
ഐ.ടി ഓഹരികള്‍ പൊതുവേ നേരിട്ട സമ്മര്‍ദ്ദം, ഇന്‍ഫോസിസിന്റെ നാലാംപാദ പ്രവര്‍ത്തനഫലം ആശാവഹമായിരിക്കില്ലെന്ന പ്രവചനങ്ങള്‍ തുടങ്ങിയവ ഇന്ന് വലിയ വില്‍പനസമ്മര്‍ദ്ദം തന്നെ സൃഷ്ടിച്ചു. ഐ.ടി ഓഹരികളൊന്നടങ്കം നഷ്ടത്തിലേക്ക് പതിക്കുന്നതായിരുന്നു കാഴ്ച. ഏപ്രില്‍ 18നാണ് ഇന്‍ഫോസിസ് പ്രവര്‍ത്തനഫലം പുറത്തുവിടുക. ലാഭം കുറയുമെന്നും വരുമാനം തുടര്‍ച്ചയായ രണ്ടാംപാദത്തിലും ഇടിയുമെന്നും 2024-25ലേക്കുള്ള റെവന്യൂ ഗൈഡന്‍സ് അഥവാ വളര്‍ച്ചയുടെ നിര്‍ണായക സൂചകം കമ്പനി വെട്ടിക്കുറച്ചേക്കുമെന്നും കരുതപ്പെടുന്നു.
ഇന്‍ഫോസിസ് ഓഹരി ഇന്ന് 3.61 ശതമാനം താഴ്ന്നു. നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ ഇടിഞ്ഞ ഓഹരിയും ഇന്‍ഫോസിസാണ്. എംഫസിസ്, കൊഫോര്‍ജ്, ഗുജറാത്ത് ഗ്യാസ്, എല്‍.ഐ.ടി മൈന്‍ഡ്ട്രീ എന്നിവ 3-3.52 ശതമാനം താഴ്ന്ന് തൊട്ടുപിന്നാലെയുണ്ട്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രാജിയും എല്‍.ടി.ഐ മൈന്‍ഡ്ട്രീയുടെ ഓഹരികളെ ഇന്ന് സമ്മര്‍ദ്ദത്തിലാക്കി.
വോഡാഫോണ്‍ ഐഡിയയുടെ ഫോളോ-ഓണ്‍ ഓഹരി വില്‍പന (FPO) ഏപ്രില്‍ 18 മുതലാണ്. 18,000 കോടി രൂപയാണ് ഉന്നം. പക്ഷേ, ഓഹരിവില ഇന്ന് 3 ശതമാനത്തിലധികം ഇടിഞ്ഞു.
നേട്ടത്തിലേറിയവര്‍
കഴിഞ്ഞദിവസങ്ങളിലെ വീഴ്ച മുതലെടുത്ത് നിക്ഷേപകര്‍ ഇന്ന് സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഐ.ആര്‍.ഇ.ഡി.എ., എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ടിറ്റഗഡ് വാഗണ്‍സ്, റാഡികോ ഖൈതാന്‍ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്തു.
ഐഷര്‍ മോട്ടോഴ്‌സ്, ഡിവീസ് ലാബ്, ഒ.എന്‍.ജി.സി., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍. നിഫ്റ്റി 200ല്‍ പതഞ്ജലി ഫുഡ്‌സ്, സി.ജി. പവര്‍, ഭാരത് ഡൈനാമിക്‌സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, സംവര്‍ധന മദേഴ്‌സണ്‍ എന്നിവയാണ് 3.35-4.95 ശതമാനം വരെ ഉയര്‍ന്ന് കൂടുതല്‍ നേട്ടം കൊയ്തവര്‍.
പ്രമുഖ അമേരിക്കന്‍ നിക്ഷേപസ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് കഴിഞ്ഞപാദത്തില്‍ ഓഹരി പങ്കാളിത്തം 3.3 ശതമാനത്തില്‍ നിന്ന് 11.48 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പതഞ്ജലി ഫുഡ്‌സ് ഓഹരികളില്‍ നിന്ന് വന്‍ വാങ്ങല്‍ താത്പര്യം ഉയര്‍ത്തിയത്; ഓഹരി 4.95 ശതമാനം ഉയര്‍ന്നു.
കമ്പനിയുടെ ഇടിയുന്ന ലാഭത്തെ നേട്ടത്തില്‍ തന്നെ പിടിച്ചുനിറുത്താന്‍ പദ്ധതികളുണ്ടെന്ന് സി.ഇ.ഒ പുനിത് ഗോയങ്ക വ്യക്തമാക്കിയത് സീ ഓഹരികളും ഇന്ന് ആഘോഷമാക്കി. വെല്‍ത്ത് മാനേജ്‌മെന്റ്, ബ്രോക്കറേജ് മേഖലകളിലേക്കും കടക്കുകയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇതിനായി ബ്ലാക്ക്‌റോക്കുമായി കൈകോര്‍ത്തിട്ടുണ്ട്. ഓഹരി ഇന്ന് 5 ശതമാനം കുതിച്ചു.
കേരള ഓഹരികള്‍ സമ്മിശ്രം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ ശ്രദ്ധേയമായ കുതിപ്പോ കിതപ്പോ ഇന്ന് ദൃശ്യമായില്ല. എങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 4.44 ശതമാനവും ഫാക്ട് 2.37 ശതമാനവും നേട്ടത്തോടെ തിളങ്ങി.
കഴിഞ്ഞദിവസങ്ങളില്‍ മികച്ച നേട്ടമുണ്ടായ പ്രൈമ ഇന്‍ഡസ്ട്രീസ് ഇന്നും 10 ശതമാനം കയറി. പ്രൈമ അഗ്രോ 4.57 ശതമാനം, സെല്ല സ്‌പേസ് 4.87 ശതമാനം, പാറ്റ്‌സ്പിന്‍ 6.05 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. സഫ സിസ്റ്റംസ് 3.45 ശതമാനം, ടി.സി.എം 2.10 ശതമാനം, യൂണിറോയല്‍ 4.96 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 1.30 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
അതേസമയം, 'മാസപ്പടി'ക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഇടയായ പശ്ചാത്തലത്തില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) ഓഹരി ഇന്ന് 1.66 ശതമാനം താഴ്ന്നു. ഫെഡറല്‍ ബാങ്ക് 1.74 ശതമാനം, കേരള ആയുര്‍വേദ 3.01 ശതമാനം, ഇന്‍ഡിട്രേഡ് 1.8 ശതമാനം, വെര്‍ട്ടെക്‌സ് 4.88 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.