ഓഹരികള്‍ വച്ചടി മുന്നോട്ട്; പേയ്ടിഎം അപ്പര്‍-സര്‍കീട്ടില്‍, വണ്ടര്‍ലയും ഫെഡറല്‍ ബാങ്കും മുന്നേറി
ഹൈക്കോടതി വിധിക്ക് പിന്നാലെ കുതിച്ചുകയറി സി.എം.ആര്‍.എല്‍; ധനലക്ഷ്മി ബാങ്ക് ഇന്നും 5% നേട്ടത്തില്‍, നിഫ്റ്റി ഓട്ടോ ഓഹരികളും മുന്നേറി
ഏഷ്യന്‍ ഓഹരി വിപണികളില്‍ നിന്നും ആഭ്യന്തരതലത്തില്‍ നിന്നും ഉയര്‍ന്ന അനുകൂല തരംഗങ്ങളുടെ ചുവടുപിടിച്ച് ഇന്നും നേട്ടത്തിന്റെ ട്രാക്കില്‍ കച്ചവടം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരികള്‍. തുടര്‍ച്ചയായ നാലാംദിവസമാണ് നേട്ടം. സെന്‍സെക്‌സ് 376.26 പോയിന്റ് (0.52%) നേട്ടവുമായി 72,426.64ലും നിഫ്റ്റി 129.95 പോയിന്റ് (0.59%) ഉയര്‍ന്ന് 22,040.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞദിവസം ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ നെഗറ്റീവ് ജി.ഡി.പി വളര്‍ച്ചയുമായി സാങ്കേതിക സാമ്പത്തികമാന്ദ്യത്തിലേക്ക് വീണുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ജപ്പാനില്‍ സ്ഥിതിഗതികള്‍ വൈകാതെ മെച്ചമാകുമെന്നും പണച്ചുരുക്കത്തില്‍ (Deflation) നിന്ന് ജപ്പാന്‍ വൈകാതെ പുറത്തുകടക്കുമെന്നും നോമുറ അടക്കം വിലയിരുത്തുന്നു.
മാത്രമല്ല, ആഗോള നിക്ഷേപകര്‍ ചൈനയെ കൈവിട്ട് ജപ്പാനിലേക്ക് ശ്രദ്ധമാറ്റുകയാണെന്നും വിലയിരുത്തലുകളുണ്ട്. ഇതോടെ ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് ഇന്ന് 1989ന് ശേഷമുള്ള ഏറ്റവും ഉയരത്തിലെത്തി, അതായത് 34 വര്‍ഷത്തെ ഉയരം. സൂചിക വൈകാതെ പുതിയ ഉയരം കുറിക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.
അമേരിക്കയില്‍ റീറ്റെയ്ല്‍ വില്‍പനക്കണക്ക് പ്രതീക്ഷിച്ചതിലും മോശമായത്, ഏറെ വൈകിക്കാതെ അടിസ്ഥാന പലിശനിരക്ക് താഴ്ത്താന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡിനെ നിര്‍ബന്ധിതരാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതോടെ യു.എസ് ഓഹരി വിപണി മികച്ച നേട്ടത്തിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്.
യു.എസ്, ജാപ്പനീസ് എന്നിവയ്ക്ക് പുറമേ ഹോങ്കോംഗ്, യൂറോപ്യന്‍ ഓഹരി വിപണികളും നേട്ടത്തിലേറിയത് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെയും സ്വാധീനിച്ചു.
ഇവര്‍ നേട്ടത്തിലേറിയവര്‍
വാഹനം, ബാങ്കിംഗ്, ഐ.ടി., ഫാര്‍മ ഓഹരികള്‍ കാഴ്ചവച്ച മികച്ച പ്രകടനവും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തുവിട്ട മികച്ച മൂന്നാംപാദ പ്രവര്‍ത്തനഫലം സമ്മാനിച്ച ആവേശം ഊര്‍ജമാക്കിയായിരുന്നു പൊതുവേ ഓട്ടോ ഓഹരികളുടെ കുതിപ്പ്. മാരുതി സുസുക്കിയും ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റും നടത്തിയ മുന്നേറ്റവും ഓട്ടോ ഓഹരികളെ മികച്ച നേട്ടത്തിലേക്ക് നയിച്ചു.
അമേരിക്കന്‍ ഓഹരി വിപണികളുടെ നേട്ടം ഐ.ടി., ഫാര്‍മ ഓഹരികള്‍ക്ക് ഊര്‍ജമായി. ഇന്ത്യന്‍ ഐ.ടി., ഫാര്‍മ കമ്പനികളുടെ മുഖ്യ വിപണിയാണ് അമേരിക്ക. വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി., ടാറ്റാ മോട്ടോഴ്‌സ്, മാരുതി, ഇന്‍ഫോസിസ്, നെസ്‌ലെ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് മികച്ച നേട്ടം കൊയ്ത മുന്‍നിര ഓഹരികള്‍.
ഗോഫസ്റ്റിനെ സ്വന്തമാക്കാന്‍ ബിസി ബീ എയര്‍വേസുമായി (Busy Bee Airways Private Limited) കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് ഓഹരി ഇന്ന് 11 ശതമാനം കയറി.
ഇപ്ക (IPCA) ലാബ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ദേവയാനി ഇന്റര്‍നാഷണല്‍, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), ഫെഡറല്‍ ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയവര്‍. മൂന്നാംപാദത്തില്‍ ലാഭം 67 ശതമാനം കുതിച്ചത് ഇപ്കയ്ക്ക് നേട്ടമായി.
പേയ്ടിഎം ഓഹരി ഇന്ന് തുടക്കത്തില്‍ റെക്കോഡ് താഴ്ചയിലേക്ക് പോയെങ്കിലും വൈകാതെ 5 ശതമാനം കുതിച്ചുകയറി അപ്പര്‍-സര്‍കീട്ടിലെത്തി. മക്വയറി അടക്കം ചില ഏജന്‍സികള്‍ പേയ്ടിഎം ഓഹരികള്‍ക്ക് പ്രതീക്ഷിക്കുന്ന ലക്ഷ്യവില 275 രൂപയാണ്. നിലവിലെ വിലയാകട്ടെ 341 രൂപയും.
റിസര്‍വ് ബാങ്കിന്റെ നടപടി, ഇ.ഡി അന്വേഷണം തുടങ്ങിയ പ്രതിസന്ധികളുണ്ടെങ്കിലും പേയ്ടിഎം ഓഹരി ഇന്ന് നേട്ടത്തിലേറുകയായിരുന്നു.
ഇവര്‍ നിരാശപ്പെടുത്തിയവര്‍
പൂനാവാല ഫിന്‍കോര്‍പ്പ്, ഗുജറാത്ത് ഗ്യാസ്, ആദിത്യ ബിര്‍ള ഫാഷന്‍, റെയില്‍ വികാസ് നിഗം (RVNL), പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ. സി.എല്‍.എസ്.എ അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് 'വിറ്റൊഴിയല്‍' (sell) സ്റ്റാറ്റസ് കിട്ടിയത് ഗുജറാത്ത് ഗ്യാസിന് തിരിച്ചടിയായി.
പേയ്ടിഎമ്മിന് പിന്നാലെ മറ്റ് നിരവധി എന്‍.ബി.എഫ്.സികളും നിരീക്ഷണത്തിലായിട്ടുണ്ടെന്ന വാര്‍ത്തകളുണ്ട്. പൂനാവാല ഫിന്‍കോര്‍പ്പ് ഇന്ന് 7 ശതമാനത്തോളം താഴേക്ക് പോയി. പവര്‍ഗ്രിഡ്, എസ്.ബി.ഐ., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍.ടി.പി.സി., ആക്‌സിസ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് നഷ്ടം നേരിട്ട പ്രമുഖര്‍.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഓട്ടോ 2.21 ശതമാനം, റിയല്‍റ്റി 1.53 ശതമാനം, ഫാര്‍മ 1.63 ശതമാനം, ഐ.ടി 1.26 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ നിഫ്റ്റി പി.എസ്.യു ബാങ്കോഹരികളില്‍ ഇന്ന് വില്‍പന സമ്മര്‍ദ്ദമുണ്ടായി; സൂചിക 0.36 ശതമാനം താഴ്ന്നു. കേന്ദ്രം വിന്‍ഡ്‌ഫോള്‍ ടാക്‌സ് (കയറ്റുമതി ലാഭനികുതി) കൂട്ടിയ പശ്ചാത്തലത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 0.61 ശതമാനവും താഴ്ന്നു.
ബാങ്ക് നിഫ്റ്റി 0.36 ശതമാനം നേട്ടത്തിലേറി. നിഫ്റ്റി മിഡ്ക്യാപ്പ് 0.64 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.55 ശതമാനവും നേട്ടത്തിലാണുള്ളത്.
നിഫ്റ്റി 50ല്‍ 38 ഓഹരികള്‍ നേട്ടത്തിലും 11 എണ്ണം താഴ്ചയിലുമായിരുന്നു. ബി.എസ്.ഇയില്‍ 2,194 ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ 1,659 എണ്ണം നഷ്ടം രുചിച്ചു. 82 ഓഹരികളുടെ വില മാറിയില്ല. 327 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 15 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ കാലിയായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 2.19 ലക്ഷം കോടി രൂപ വര്‍ധിച്ച് 389.49 ലക്ഷം കോടി രൂപയുമായി.
ഇവര്‍ ഇന്നത്തെ കേരള താരങ്ങള്‍
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഇന്ന് ശ്രദ്ധേയ നേട്ടം കൈവരിച്ചത് ഫെഡറല്‍ ബാങ്ക്, വണ്ടര്‍ല, ധനലക്ഷ്മി ബാങ്ക്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) എന്നിവയാണ്.
മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ പദവിയിലേക്ക് ശ്യാം ശ്രീനിവാസന്റെ പകരക്കാരെ കണ്ടെത്താനുള്ള നടപടികള്‍ ഫെഡറല്‍ ബാങ്ക് ഊര്‍ജിതമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഓഹരി ഇന്ന് 5.11 ശതമാനം കുതിച്ചത് (Read Details).
വാങ്ങല്‍ റേറ്റിംഗുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും 5 ശതമാനം ഉയര്‍ന്നു. കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികള്‍ പൊതുവേ ഇന്ന് കാഴ്ചവച്ച മുന്നേറ്റത്തിന്റെ ബലത്തില്‍ വണ്ടര്‍ല ഓഹരി 9 ശതമാനം മുന്നേറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് 'മാസപ്പടി' നല്‍കിയെന്ന വിവാദത്തില്‍ അകപ്പെട്ട കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ ഓഹരി ഇന്ന് 10.11 ശതമാനം കുതിച്ചു. വിഷയത്തില്‍ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ ബംഗളൂരു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യം ഇന്ന് കോടതി തള്ളി. അതേസമയം, കോടതി വിധി വന്നതിന് പിന്നാലെ ഏവരെയും അമ്പരിപ്പിച്ച് സി.എം.ആര്‍.എല്‍ ഓഹരി കുതിക്കുകയായിരുന്നു.
വി-ഗാര്‍ഡ്, മുത്തൂറ്റ് കാപ്പിറ്റല്‍, കിംഗ്‌സ് ഇന്‍ഫ്ര, ഇന്‍ഡിട്രേഡ്, ഇസാഫ്, സി.എസ്.ബി ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ആസ്റ്റര്‍ എന്നിവ ഇന്ന് നഷ്ടത്തിലേക്ക് വീണു.