വിദേശ ഫണ്ടുകളുടെ കളം മാറ്റം, വിപണി മൂന്നാം നാളും നഷ്ടത്തില്‍; കൂപ്പു കുത്തി ബജാജ് ഓട്ടോ, കേരള ഓഹരികളിലും കനത്ത നിരാശ
നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ₹6 ലക്ഷം കോടി രൂപ ഒലിച്ചുപോയി;
വിദേശ ഫണ്ടുകള്‍ വില്‍പ്പനക്കാരായി മാറിയത് യു.എസ്, യുറോപ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയേയും നഷ്ടത്തിലാക്കി. ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായതും സൂചികകള്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ മൂന്നാം ദിനമാണ് ഇന്ത്യന്‍ വിപണി സൂചികകള്‍ നഷ്ടത്തിലേക്ക് വീഴുന്നത്. സെന്‍സെക്‌സ് ഇന്ന് 495 പോയിന്റ് താഴ്ന്ന് 81,007ലും നിഫ്റ്റി 221 പോയിന്റ് ഇടിഞ്ഞ് 24,749.58ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ചൈനയിലേക്കുള്ള വിദേശ പണമൊഴുക്കും പ്രമുഖ കമ്പനികളുടെ മോശം രണ്ടാപാദ കണക്കുകളും ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് വിപണിയുടെ സമീപകാല വീഴ്ചയ്ക്ക് നിദാനം.
പശ്ചിമേഷ്യന്‍ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയില്‍ വില ചാഞ്ചാട്ടത്തിലാക്കുന്നത് നിക്ഷേപകരെ വിപണിയില്‍ നിന്ന് അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ എണ്ണ വിലയിലെ ചാഞ്ചാട്ടം പ്രതികൂലമായി ബാധിക്കും. രൂപയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു.
വിവിധ സൂചികകളുടെ പ്രകടനം
മിഡ് ആന്‍ഡ് സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇന്ന് കനത്ത നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.66 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.24 ശതമാനവും നഷ്ടം വരുത്തി. ഓട്ടോ, റിയല്‍റ്റി സൂചികകള്‍ മൂന്ന് ശതമാനത്തിലധികം നഷ്ടമാണ് വരുത്തിയത്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ സൂചികകൾ രണ്ടു ശതമാനത്തിലധികവും ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലധികവും നഷ്ടമുണ്ടാക്കി. ഐ.ടി മാത്രമാണ് ആശ്വാസത്തിന്റെ പച്ചപ്പിലേറിയത്. സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 463.3 ലക്ഷം കോടി രൂപയില്‍ നിന്ന് 457.3 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റദിവസം ഒലിച്ചു പോയത് 6 ലക്ഷം കോടി രൂപയാണ്.
ബാങ്കിംഗ്, റിയല്‍റ്റി, മെറ്റല്‍, ടെലികോം തുടങ്ങിയ ഓഹരികളിലെല്ലാം ലാഭമെടുപ്പ് നടന്നു. നെസ്‌ലെ, മഹീന്ദ്ര, അള്‍ട്രാ ടെക് എന്നിവയാണ് സെന്‍സെക്‌സിനെ നഷ്ടത്തിലാക്കിയത്. അതേസമയം ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് ഓഹരികള്‍ നേട്ടക്കാരായി.
നേട്ടം കൊയ്തവര്‍
മികച്ച പാദഫലകണക്കുകള്‍ പുറത്തു വിട്ട എംഫസിസ് ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം ഉയര്‍ന്നു. ഇന്‍ഫോസിസ് ഓഹരികളും ഇന്ന് രണ്ടര ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനി ഇന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വിട്ടു. ലാഭം 2.2 ശതമാനം വര്‍ധിച്ച് 6,506 കോടിയായി. വിപണിയുടെ പ്രതീക്ഷയേക്കാളും വളരെ താഴെയാണ് വളര്‍ച്ച. ജൂലൈ-സെപ്റ്റംബറില്‍ വരുമാനം 4.2 ശതമാനം വളര്‍ച്ചയോടെ 40,986 കോടിയായി. ഇന്‍ഫോസിസിന്റെ നടപ്പു വര്‍ഷത്തെ വരുമാന പ്രതീക്ഷ 3.75-4.5 ശതമാനമാക്കി ഉയര്‍ത്തി.
ടെക് മഹീന്ദ്ര ഓഹരി വില 2.81 ശതമാനം ഉയര്‍ന്ന് 1,707 രൂപയായി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (2.36 ശതമാനം), റെയില്‍ വികാസ് നിഗം (1.65 ശതമാനം) എന്നിവയാണ് ഇന്ന് മോശമല്ലാത്ത നേട്ടത്തോടെ നിഫ്റ്റി 200ല്‍ പട്ടികയില്‍ ഇന്ന് ഇടം പിടിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ രണ്ടാം പാദത്തിലെ സംയോജിത ലാഭം 24.31 ശതമാനം വര്‍ധിച്ച് 777 കോടി രൂപയിലെത്തി. ബാങ്കിന്റെ ആസ്തി നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്ന് 270 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടിയതാണ് ആര്‍.വി.എന്‍.എല്‍ ഓഹരികളെ ഉയര്‍ത്തിയത്. ഇടയ്‌ക്കൊരുവേള ഓഹരി വില 4 ശതമാനം വരെ ഉയര്‍ന്നിരുന്നു. 10 എലിവേറ്റഡ് സ്‌റ്റേഷനുകളുടെ നിര്‍മാണ കരാറാണ് ലഭിച്ചിരിക്കുന്നത്.
നഷ്ടത്തില്‍ ഈ ഓഹരികള്‍
പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ബജാജ് ഓട്ടോയുടെ ഓഹരി വില ഇന്ന് 11 ശതമാനത്തോളം ഇടിഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ഒന്‍പതു ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2005 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ ലാഭം. മുന്‍ വര്‍ഷം സമാന കാലയളവില്‍ ലാഭം 1,836 കോടി രൂപയായിരുന്നു. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ച ലാഭം കൈവരിക്കാന്‍ ഓട്ടോയ്ക്ക് സാധിച്ചില്ല. ഇതാണ് ഓഹരി വില ഇടിവിന് കാരണമായത്. അനലിസ്റ്റുകള്‍ 6,769 കോടി രൂപ വരെയാണ് ഇന്‍ഫോസിസിന്റെ ലാഭം പ്രതീക്ഷിച്ചിരുന്നത്.
ഹാവെല്‍സ് ഇന്ത്യ രണ്ടാം പാദത്തില്‍ ലാഭത്തില്‍ 9.5 ശതമാനവും പ്രവര്‍ത്തന വരുമാനത്തില്‍ 16 ശതമാനവും വര്‍ധന നേടിയെങ്കിലും ഓഹരി വില 7 ശതമാനം ഇടിഞ്ഞു.
ഒബ്‌റോണ്‍ റിയല്‍റ്റി ഓഹരി വിലയും ഇന്ന് 6.43 ശതമാനം ഇടിഞ്ഞ് 1,900 രൂപയായി.
ഭാരതി ഹെവി ഇലക്ട്രിക്കല്‍സ്, ബി.എസ്.ഇ എന്നിവയാണ് കൂടുതല്‍ ഇടിവ് നേരിട്ട മറ്റ് ഓഹരികള്‍.
നിരാശയില്‍ കേരള ഓഹരികള്‍
കേരള കമ്പനികളുടെ ഓഹരികളും ഇന്ന് വിപണിയുടെ മൊത്തം താളത്തിനൊപ്പമായിരുന്നു. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് നേട്ടത്തില്‍ പിടിച്ചു നിന്നത്. ടി.എസ്.എം ഓഹരികളാണ് ഇന്ന് അപ്രതീക്ഷിതമുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില 19 ശതമാനത്തിലധികം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക് ഓഹരികളും ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. ഹാരിസണ്‍സ് മലയാളം, സെല്ല സ്‌പേസ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് എന്നിവയാണ് തരക്കേടില്ലാത്ത നേട്ടം ഇന്ന് നിക്ഷേപകര്‍ക്ക് നല്‍കിയ മറ്റ് ഓഹരികള്‍.
ധനകാര്യ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 57.41 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ പാദത്തില്‍ ലാഭം 37.47 കോടി രൂപയായിരുന്നു. 53 ശതമാനത്തിലധികമാണ് ലാഭം വര്‍ധിച്ചത്. ഓഹരി വില 0.73 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കിറ്റെക്‌സും (4.37 ശതമാനം), കല്യാണുമാണ് (3.14 ശതമാനം) ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയത്. കെ.എസ്.ഇ, കിംഗ്‌സ് ഇന്‍ഫ്ര, ആസ്പിന്‍വാള്‍, അപ്പോളോ എന്നിവയും രണ്ട് ശതമാനത്തിലധികം നഷ്ടത്തിലാണ്.