സമ്മര്‍ദ്ദത്തില്‍ മുങ്ങി വിപണി; 'ഷുഗര്‍ ലെവല്‍' കൂടിയ നെസ്‌ലെ ഓഹരിക്ക് വൻ വീഴ്ച, നേട്ടം തുടര്‍ന്ന് ജിയോഫിന്‍
കുതിപ്പൊഴിഞ്ഞ് കേരള ഓഹരികളും; ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡും ജസ്റ്റ് ഡയലും മികച്ച നേട്ടത്തില്‍
ബാങ്കിംഗ്, ഹെല്‍ത്ത്‌കെയര്‍, എഫ്.എം.സി.ജി ഓഹരികളിലുണ്ടായ വില്‍പനസമ്മര്‍ദ്ദവും മധ്യേഷ്യയിലെ യുദ്ധ സമാന സാഹചര്യം ഉയര്‍ത്തുന്ന ആശങ്കയും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്നും നഷ്ടത്തിലേക്ക് വീഴ്ത്തി. തുടര്‍ച്ചയായ നാലാംനാളിലാണ് സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാവുന്നത്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടനൊന്നും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലും ഓഹരികളെ ഉലച്ചു. അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് 4.5 ശതമാനമെന്ന ഉയര്‍ന്നനിരക്കില്‍ തുടരുന്നതും ഓഹരികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്.
സെന്‍സെക്‌സ് ഇന്ന് 73,000 കടന്ന് നേട്ടത്തോടെയായിരുന്നു വ്യാപാരം തുടങ്ങിയത്. ഒരുവേള 73,473 വരെ ഉയരുകയും ചെയ്തിരുന്നെങ്കിലും പിന്നീട് മലക്കംമറിഞ്ഞു. വ്യാപാരാന്ത്യത്തിലുള്ളത് 454.69 പോയിന്റ് (-0.62%) താഴ്ന്ന് 72,488.99ല്‍. നിഫ്റ്റിയും 22,326-21,961 പോയിന്റുകള്‍ക്കിടയില്‍ ചാഞ്ചാടിയശേഷം 152.05 പോയിന്റ് (-0.69%) താഴ്ന്ന് 21,995.85ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
നിഫ്റ്റിയില്‍ ഇന്ന് കരടികള്‍ക്കായിരുന്നു അപ്രമാദിത്തം. നിഫ്റ്റി50ല്‍ 14 ഓഹരികളെ നേട്ടം കുറിച്ചുള്ളൂ; 36 എണ്ണം നഷ്ടത്തിലേക്ക് പതിച്ചു. 4.03 ശതമാനം ഉയര്‍ന്ന ഭാരതി എയര്‍ടെല്ലാണ് ഏറ്റവുമധികം നേട്ടം കുറിച്ചത്. കമ്പനിക്ക് മികച്ച വരുമാനക്കുതിപ്പ് നല്‍കുംവിധം സേവനങ്ങളുടെ താരിഫ് നിരക്കുകള്‍ മികച്ചതോതില്‍ ഉയരുമെന്ന ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് എയര്‍ടെല്‍ ഓഹരികളുടെ കുതിപ്പ്.
പവര്‍ഗ്രിഡ് 2.57 ശതമാനം ഉയര്‍ന്ന് നിഫ്റ്റി50ലെ നേട്ടത്തില്‍ ഇന്ന് രണ്ടാംസ്ഥാനത്തുണ്ട്. നഷ്ടത്തില്‍ മുന്നില്‍ 3.71 ശതമാനം താഴേക്കിറങ്ങിയ അപ്പോളോ ഹോസ്പിറ്റലാണ്. 2.95 ശതമാനം ഇടിഞ്ഞ നെസ്‌ലെ തൊട്ടടുത്തുണ്ട്.
ബി.എസ്.ഇയില്‍ ഇന്ന് 3,929 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,863 എണ്ണം നേട്ടത്തിലും 1,934 എണ്ണം നഷ്ടത്തിലുമായിരുന്നു. 132 ഓഹരികളുടെ വില മാറിയില്ല. 211 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 11 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 1.36 ലക്ഷം കോടി രൂപ ഇടിഞ്ഞ് 392.89 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 4 ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 9.3 ലക്ഷം കോടി രൂപയാണ്.
നിരാശപ്പെടുത്തിയവര്‍
നെസ്‌ലെ ഇന്ത്യ, ടൈറ്റന്‍, ആക്‌സിസ് ബാങ്ക്, എന്‍.ടി.പി.സി., ടാറ്റാ മോട്ടോഴ്‌സ്, ഐ.ടി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
നെസ്‌ലെ ഓഹരി ഇന്നൊരുവേള 4 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി നേരിട്ട ഏറ്റവും വലിയ ഏകദിന വീഴ്ചയായിരുന്നു അത്. കുഞ്ഞുകുട്ടികള്‍ക്കുള്ള പാലുത്പന്നങ്ങളിലും സെറിലാക് ഉത്പന്നങ്ങളിലും ഇന്ത്യയില്‍ കമ്പനി പരിധിയിലധികം പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതും കമ്പനിക്കെതിരെ കേന്ദ്രം നടപടിയെടുത്തേക്കുമെന്ന വിലയിരുത്തലുകളുമാണ് തിരിച്ചടിയായത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഒബ്‌റോയി റിയല്‍റ്റി, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, എ.ബി.ബി ഇന്ത്യ എന്നിവയാണ് 3.68-4.71 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി മീഡിയ 0.77 ശതമാനം ഉയര്‍ന്ന തൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം ചുവന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.94 ശതമാനവും ധനകാര്യ സേവനം 0.95 ശതമാനവും ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 0.87 ശതമാനം നഷ്ടവും നേരിട്ടു.
നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ 1.75 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.10 ശതമാനവും താഴേക്കുപോയി. എഫ്.എം.സി.ജി 1.08 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്പ് 0.49 ശതമാനം, സ്‌മോള്‍ക്യാപ്പ് 0.28 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.
നേട്ടത്തിലേറിയവര്‍
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് 5 ശതമാനം ഉയര്‍ന്ന് നിഫ്റ്റി200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. മാന്‍കൈന്‍ഡ് ഫാര്‍മ, ഇന്‍ഡസ് ടവേഴ്‌സ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എന്നിവയാണ് 4-4.52 ശതമാനം നേട്ടവുമായി തൊട്ടുപിന്നാലെയുള്ളത്.
എം.എസ്.സി.ഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡെക്‌സില്‍ മേയില്‍ ഇടംകിട്ടുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മാന്‍കൈന്‍ഡ് ഫാര്‍മയുടെ നേട്ടം.
ബ്ലാക്ക്‌റോക്കുമായി ചേര്‍ന്ന് ബ്രോക്കറേജ് ബിസിനസിലുള്‍പ്പെടെ ചുവടുവയ്ക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ജിയോഫിന്‍ നേട്ടം തുടരുന്നത്. വോഡഫോണ്‍ ഐഡിയയുടെ 18,000 കോടി രൂപയുടെ ഫോളോ-ഓണ്‍ ഓഹരി വില്‍പനയ്ക്ക് (FPO) ഇന്ന് തുടക്കമായിരുന്നു. ഇതിലൂടെ സമാഹരിക്കുന്ന തുകയുടെ മുഖ്യപങ്ക് ടവറുകളുടെ സ്ഥാപനത്തിനാകും ചെലവിട്ടേക്കുക. ഇതാണ്, ഇന്‍ഡസ് ടവേഴ്‌സ് ഓഹരികള്‍ക്ക് ഇന്നും കരുത്തായത്.
തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ എന്ന ഊര്‍ജവിതരണ കമ്പനിയില്‍ നിന്ന് 120 കോടി രൂപ നഷ്ടപരിഹാരം കിട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജെ.എസ്.ഡബ്ല്യു എനര്‍ജിയുടെ നേട്ടം. റീഫണ്ട് ചെയ്യാന്‍ ആര്‍ബിട്രല്‍ ട്രൈബ്യൂണലാണ് വിധിച്ചത്.
കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) ലാഭം 32 ശതമാനം കുതിച്ച് 115.6 കോടി രൂപയായെന്ന് ജസ്റ്റ് ഡയല്‍ പ്രവര്‍ത്തനഫലത്തില്‍ വ്യക്തമാക്കിയിരുന്നു; ഓഹരി ഇന്ന് 13 ശതമാനം കുതിച്ചുയര്‍ന്നു.
രൂപയ്ക്ക് റെക്കോഡ് വീഴ്ച
ഓഹരി വിപണിയുടെ തളര്‍ച്ച, ഡോളറിന്റെയും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡിന്റെയും ഉയര്‍ന്ന നിലവാരം എന്നിവ ഇന്നും ഇന്ത്യന്‍ റുപ്പിയെ തളര്‍ത്തി. ഡോളറിനെതിരെ റെക്കോഡ് ക്ലോസിംഗ് പോയിന്റാണ് ഇന്ന് കുറിച്ചത്. 83.5375 ആണ് വ്യാപാരാന്ത്യത്തില്‍ മൂല്യം. ഇതിന് മുമ്പത്തെ റെക്കോഡ് 83.5350 ആയിരുന്നു.
ഉണര്‍വില്ലാതെ കേരള ഓഹരികളും
ഓഹരി സൂചികകളില്‍ പൊതുവേ ആഞ്ഞടിച്ച വില്‍പനസമ്മര്‍ദ്ദത്തില്‍ കേരള ഓഹരികളും ഇന്ന് ആടിയുലഞ്ഞു. കേരള ആയുര്‍വേദ 5.65 ശതമാനവും പ്രൈമ ഇന്‍ഡസ്ട്രീസ് 4.98 ശതമാനവും സഫ സിസ്റ്റംസ് 3.45 ശതമാനവും ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് 3.94 ശതമാനവും നേട്ടമുണ്ടാക്കി.
മുത്തൂറ്റ് മൈക്രോഫിന്‍ 2.06 ശതമാനം, പാറ്റ്‌സ്പിന്‍ 2.04 ശതമാനം, യൂണിറോയല്‍ മറീന്‍ 4.94 ശതമാനം, വെര്‍ട്ടെക്‌സ് 4.89 ശതമാനം, വി-ഗാര്‍ഡ് 2.45 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
വണ്ടര്‍ല രണ്ട് ശതമാനം നഷ്ടം നേരിട്ടു. പോപ്പുലര്‍ മോട്ടോഴ്‌സ് 2.39 ശതമാനം, പ്രൈമ അഗ്രോ 2.11 ശതമാനം, കെ.എസ്.ഇ 2.16 ശതമാനം എന്നിങ്ങനെയും താഴേക്കിറങ്ങി. കല്യാണ്‍ ജുവലേഴ്‌സ് (-2.73%), ഇന്‍ഡിട്രേഡ് (-3.05%), ഫാക്ട് (-2.22%), സി.എസ്.ബി ബാങ്ക് (-3.30%), ധനലക്ഷ്മി ബാങ്ക് (-1.66%), സെല്ല സ്‌പേസ് (-4.02%) എന്നിവയും നിരാശപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2.35 ശതമാനം നഷ്ടം രേഖപ്പെടുത്തി.