വിപണിക്ക് പുതിയ ഉയരം, തീപാറിച്ച് പ്രതിരോധ ഓഹരികള്‍, വെട്ടിത്തിളങ്ങി കൊച്ചിന്‍ ഷിപ്പ്‌യാഡും ഫാക്ടും

കല്യാണ്‍ ഓഹരികളും മിന്നിത്തിളങ്ങി, മാരുതിക്ക് വീഴ്ച

Update:2024-06-18 19:16 IST

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നാലാം വ്യാപാര ദിനത്തിലും നേട്ടം നിലനിറുത്തി പുതിയ ഉയരത്തില്‍ അവസാനിപ്പിച്ചു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഓഹരി വിപണികള്‍ തുറന്നത്. ഇന്നലെ ബ്രക്രീദ് പ്രമാണിച്ച് വിപണിക്ക് അവധിയായിരുന്നു. അനുകൂലമായ ആഗോള വാര്‍ത്തകളാണ് ഇന്ന് ആഭ്യന്തര വിപണിക്കും തുണയായത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടൈറ്റന്‍ എന്നീ വമ്പന്‍ ഓഹരികളാണ് ഇന്ന് പ്രധാനമായും വിപണിയെ നയിച്ചത്.

പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ മൂലധനം ഒഴികുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടാതെ മികച്ച മണ്‍സൂണ്‍ പ്രവചനവും വിപണിക്ക് ഉത്തേജനമാകുന്നുണ്ട്.
സെന്‍സെക്‌സ് ഇന്ന് വ്യാപാരത്തിനിടെ 77,366.77 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. വ്യാപാരാന്ത്യം 308 പോയിന്റ് ഉയര്‍ന്ന് 77,301ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റിയും ഇന്ന് 23,579.05 എന്ന റെക്കോഡ് തൊട്ടു. പിന്നീട് 92.30 പോയിന്റ് ഉയര്‍ന്ന് 23,558ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളും വ്യാപാരം അവസാനിപ്പിച്ചതും റെക്കോഡില്‍ തന്നെ.
വിവിധ വിഭാഗങ്ങളുടെ പ്രകടനം
ബി.എസ്.ഇ മിഡ്ക്യാപ് സൂചിക ഇന്ന് 0.43 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.96 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 434.9 ലക്ഷം കോടി രൂപയില്‍ നിന്ന് 437.2 ലക്ഷം കോടി രൂപയായി. ഒറ്റ സെഷനില്‍ 2.3 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ സമ്പത്ത് വര്‍ധിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, സിപ്ല, ഡിമാര്‍ട്ട്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോ കോര്‍പ് എന്നിവ ഉള്‍പ്പെടെ 384 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.

കേരള സൂചികകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി റിയല്‍റ്റിയാണ് 1.9 ശതമാനം ഉയര്‍ച്ചയോടെ ഇന്ന് വിവിധ വിഭാഗങ്ങളുടെ സൂചികകളെ നയിച്ചത്. നിഫറ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 1.6 ശതമാനം, ഒരു ശതമാനം എന്നിങ്ങനെ വളര്‍ച്ചയുമായി തൊട്ടു പിന്നിലുണ്ട്. നിഫ്റ്റി ഹെല്‍ത്ത്‌കെയറാണ് ഇന്ന് കൂടുതല്‍ വീഴ്ച നേരിട്ടത്. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി മെറ്റല്‍ എന്നിവ 0.4 ശതമാനവും ഇടിഞ്ഞ് നഷ്ടത്തിനൊപ്പം ചേര്‍ന്നു.
ഓഹരികളിലെ കുതിപ്പും കിതപ്പും
ശ്രീറാം ഫിനാന്‍സ്, പവര്‍ഗ്രിഡ്, വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, എന്നിവയാണ് നിഫ്റ്റി 50യുടെ പ്രധാന നേട്ടക്കാര്‍. മാരുതി സുസുക്കി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, അള്‍ട്ര ടെക് സിമന്റ് എന്നിവ എന്ന് നിഫ്റ്റി50യുടെ കണ്ണീരായി.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 156 ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്റര്‍ (HCL) പ്രൊപ്പോസല്‍ ലഭിച്ചതിനു പിന്നാലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ഓഹരി ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് പുതിയ റെക്കോഡിട്ടു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായും ഇന്ത്യന്‍ ആര്‍മിക്കുമായാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്.
പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തിലധികംം ഇടിഞ്ഞു. ഫുഡ് ഡെലിവെറി സ്ഥാപനമായ സൊമാറ്റോയ്ക്ക് മൂവി ടിക്കറ്റിംഗ് ബിസിനസ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലാണ് ഓഹരികളിലെ ഇടിവ്.
അവന്തി ഫീഡ്‌സ് ഓഹരി ഇന്ന് 9.5 ശതമാനം ഉയര്‍ന്നു. 5.88 മില്യണ്‍ ഓഹരികള്‍ ഇന്ന് കൈമാറ്റം നടത്തിയതാണ് വില ഉയര്‍ത്തിയത്.
മഹീന്ദ്ര ഓഹരികളുടെ ലക്ഷ്യവില ആഗോള ബ്രോക്കറേജായ നോമുറ ഇന്ന് ഉയര്‍ത്തി. ഇതോടെ ഓഹരി 3 ശതമാനം മുന്നേറി. ഓഹരി ലക്ഷ്യം 2,818 രൂപയില്‍ നിന്ന്  3,374ലേക്കാണ് ഉയര്‍ത്തിയത്.
ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള ദാമോദര്‍ വാലി കോര്‍പ്പറേഷനുമായി കരാര്‍ ഒപ്പിട്ടതിനു പിന്നാലെ റൈറ്റ്‌സ് ഓഹരികള്‍ ഇന്ന് മുന്നേറി.

നേട്ടത്തില്‍ മുന്നില്‍ കേരള കമ്പനികളും

ഇന്ന് നിഫ്റ്റി 200ലെ നേട്ടക്കാരുടെ പട്ടികയില്‍ ആദ്യമെത്തിയ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണം കേരള ഓഹരികളാണ്. ഫാക്ട് ഇന്ന് 10.27 ശതമാനം ഉയര്‍ന്ന് ഒന്നാമതും കല്യാണ്‍ ജുവലേഴ്‌സ് 6.49 ശതമാനം ഉയര്‍ന്ന് മൂന്നാമതും എത്തി. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് (7.49 ശതമാനം), ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് (6.33 ശതമാനം), അവന്യു സൂപ്പര്‍മാര്‍ട്‌സ് (6.22 ശതമാനം) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഇന്ന് നേട്ടം കുറിച്ചവര്‍

മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൈഡസ് ലൈഫ് സയന്‍സസ്, ഫോര്‍ട്ടീസ് ഹെല്‍ത്ത്‌കെയര്‍, സീ എന്റര്‍ടെയിന്‍മെന്റ്, മാരുതി സുസുക്കി എന്നിവ ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിവുമായി നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാരായി.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രാരംഭ ഓഹരി വില്‍പ്പനയുമായി (ഐ.പി.ഒ) ഓഹരി വിപണിയിലേക്ക് എത്താന്‍ ഒരുങ്ങവേ മാരുതി സുസുക്കിയുടെ ഓഹരികള്‍ 'കുറയ്ക്കാന്‍' ബ്രോക്കറേജായ എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിര്‍ദേശം നല്‍കിയതാണ് ഓഹരികളെ ഇടിവിലാക്കിയത്. എന്നാല്‍ മാരുതിയുടെ ലക്ഷ്യവില 11,200 രൂപയില്‍ തന്നെ നിറുത്തിയിട്ടുമുണ്ട്.

ഇന്ന് നഷ്ടം കുറിച്ചവര്‍

യു.എസ് ആസ്ഥാനമായ കമ്പനിയുടെ പരാതിയില്‍ യു.എസ് കോടതിയില്‍ നിന്ന് 1,600 കോടി രൂപയുടെ പിഴ ലഭിച്ച ടി.സി.എസ് ഓഹരികള്‍ ഇന്ന് നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രമോട്ടര്‍മാര്‍ വീണ്ടും ബ്ലോക്ക് ഡീല്‍ വഴി ഓഹരി വിറ്റഴിച്ചതിനെ തുടര്‍ന്ന് കല്പതരു പ്രോജക്ട്‌സ് ഓഹരി ഇന്ന് 4.5 ശതമാനം ഇടിഞ്ഞു.

കുതിപ്പ് തുടര്‍ന്ന് ഡിഫന്‍സ് ഓഹരികള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇടിഞ്ഞു തകർന്ന പ്രതിരോധ ഓഹരികള്‍ അതിവേഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ച മുന്നേറ്റം ഇന്നും തുടര്‍ന്നു. ഹിന്ദു
സ്ഥാന്‍ 
ഏയ്‌റോനോട്ടിക്‌സ്, മസഗോണ്‍ ഡോക്ക്, പരാസ് ഡിഫന്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവ 6 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്നു. രണ്ടാം തവണയും പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ രാജ്‌നാഥ് സിംഗ് പ്രതിരോധ കയറ്റുമതി 2028-29ഓടെ 50,000 കോടിയാകുമെന്ന് പ്രസ്താവിച്ചതാണ് വീണ്ടും ഓഹരികളില്‍ മുന്നേറ്റത്തിനിടയാക്കിയത്. പ്രതിരോധ ഉത്പന്നങ്ങളില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നത് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഇത് നിക്ഷേപകര്‍ക്ക് ഈ ഓഹരികളില്‍ താത്പര്യം വര്‍ധിപ്പിക്കാനും ഇടയാക്കി.
പരാസ് ഡിഫന്‍സ് ഓഹരികള്‍ ഇന്ന് രണ്ട് വലിയ ഡീലുകളുടെ പശ്ചാത്തലത്തില്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് 6.40 ശതമാനവും മസഗോണ്‍ ഡോക്ക് 6.33 ശതമാനവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10 ശതമാനവും ഉയര്‍ന്നു.  ചരിത്രത്തിലാദ്യമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണി മൂല്യം 60,000 കൊടിയെന്ന നാഴികകല്ലും പിന്നിട്ടു. എസ്.ഇ പൊതുമേഖ കമ്പനി ഓഹരി സൂചികയിലും ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത് പ്രതിരോധ മേഖലയിലെ ഓഹരികളാണ്. പി.എസ്.യു സൂചിക ഒരു ശതമാനത്തിലധികം മുന്നേറി.

മറ്റ് കേരള ഓഹരികളുടെ പ്രകടനം

ഫാക്ടും കല്യാണും കൂടാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, പി.ടി.എല്‍ എന്റര്‍പ്രൈസസ് എന്നിവയും ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചു. അപ്പോളോ ടയേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, വി-ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയവയും ഇന്ന് നേട്ടത്തിലായിരുന്നു.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, സെല്ല സ്‌പേസ്, കിംഗ്സ്  ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് എന്നിവയാണ് ഇന്ന് കേരള ഓഹരികളിൽ  വലിയ നഷ്ടക്കാരായത്.


Tags:    

Similar News