5-ാം നാളിലും റെക്കോഡ് തിരുത്തി സെന്‍സെക്‌സും നിഫ്റ്റിയും

സെന്‍സെക്‌സ് 67,000നും നിഫ്റ്റി 19,800നും മുകളില്‍; ചെറുകിട ഓഹരികളെ 'പൂട്ടിയ' ചട്ടം തിരുത്തി സെബി, ഐ.ടി മാത്രം നഷ്ടത്തില്‍, കേരള ഓഹരികളിലും ഉണര്‍വ്

Update:2023-07-19 17:31 IST

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ ഐ.ടി ഓഹരികള്‍ നിരാശപ്പെടുത്തിയതൊഴിച്ചാല്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളില്‍ കണ്ടത് മികച്ച വാങ്ങല്‍ ആവേശം. പൊതുമേഖലാ ബാങ്കുകളും മാധ്യമ ഓഹരികളും മുന്നില്‍ നിന്ന് നയിച്ചതോടെ തുടര്‍ച്ചയായ അഞ്ചാം നാളിലും റെക്കോഡ് തിരുത്തിയെഴുതാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും കഴിഞ്ഞു.

വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരത്തിലെത്തി ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും. വ്യാപാരം അവസാനിപ്പിച്ചതും പുതിയ ഉയരത്തില്‍. ആഗോള, ആഭ്യന്തര തലങ്ങളില്‍ നിന്നുള്ള അനുകൂല തരംഗങ്ങളും ഓഹരി വിപണിക്ക് തുണയാകുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം 

 

ഇന്നൊരുവേള എക്കാലത്തെയും ഉയരമായ 67,171.38വരെ എത്തിയ സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത് 302.30 പോയിന്റ് (0.45 ശതമാനം) നേട്ടവുമായി 67,097.44ല്‍. നിഫ്റ്റി സര്‍വകാല റെക്കോഡായ 19,851.70 വരെ കുതിച്ചശേഷം 83.90 ശതമാനം (0.42 ശതമാനം) നേട്ടവുമായി 19,833.15ലാണുമുള്ളത്. ബി.എസ്.ഇയുടെ മൂല്യം ഇന്ന് ചരിത്രത്തിലാദ്യമായി 304 ലക്ഷം കോടി രൂപയും കടന്നു.
നേട്ടത്തിന് പിന്നില്‍
നിഫ്റ്റിയില്‍ ധനകാര്യ സേവന ഓഹരികളില്‍ കാര്യമായ കുതിപ്പോ കിതപ്പോ കണ്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ ഐ.ടി ഓഹരികള്‍ ഇന്ന് ലാഭമെടുപ്പ് സമ്മര്‍ദ്ദം നേരിട്ടു. നിഫ്റ്റി ഐ.ടിയും പക്ഷേ 0.06 ശതമാനം മാത്രം നഷ്ടമാണ് കുറിച്ചിട്ടത്.
മാധ്യമ ഓഹരികള്‍ 1.13 ശതമാനവും പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 1.95 ശതമാനവും മുന്നേറി. ഇന്ത്യന്‍ വിനോദ, മാധ്യമ മേഖലയുടെ മൂല്യം 2027ഓടെ 7,360 കോടി ഡോളറാകുമെന്ന് (6.03 ലക്ഷം കോടി രൂപ) കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പി.ഡബ്‌ള്യു.സി (PwC) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.97 ശതമാനം, ഫാര്‍മ 0.54 ശതമാനം, എഫ്.എം.സി.ജി 0.33 ശതമാനം, സ്വകാര്യബാങ്ക് 0.39 ശതമാനം എന്നിങ്ങനെ ഉയര്‍ന്നതും ഇന്ന് ഗുണം ചെയ്തു. മിഡ്ക്യാപ്പ് സൂചിക 0.68 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.78 ശതമാനവും നേട്ടമുണ്ടാക്കി. 0.57 ശതമാനം നേട്ടവുമായി 45,669.30ലാണ് ബാങ്ക് നിഫ്റ്റി.
മികച്ച ജൂണ്‍പാദ ഫലങ്ങളും നേട്ടത്തിന് പിന്നിലെ സുപ്രധാന ഘടകമാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 95 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞപാദ ലാഭത്തില്‍ രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ലാഭം 32 ശതമാനവും ഉയര്‍ന്നു.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ എന്‍.ടി.പി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫൈനാന്‍സ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
അള്‍ട്രടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ബി.പി.സി.എല്‍., ടാറ്റാ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ, എല്‍ ആന്‍ഡ് ടി എന്നിവയും പിന്തുണ നല്‍കി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ 

 

സെന്‍സെക്‌സില്‍ ഇന്ന് 1,998 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,413 ഓഹരികള്‍ കുറിച്ചത് നഷ്ടം. 126 ഓഹരികളുടെ വില മാറിയില്ല. 198 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 34 എണ്ണം താഴ്ചയിലുമായിരുന്നു. 8 കമ്പനികള്‍ അപ്പര്‍സര്‍ക്യൂട്ടിലും മൂന്നെണ്ണം ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
നിഫ്റ്റിയില്‍ ടാറ്റാ ടെലി (മഹാരാഷ്ട്ര) 9.62 ശതമാനം കുതിച്ചു. പതഞ്ജലി, പോളിക്യാബ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആസ്ട്രല്‍ എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ജൂണ്‍പാദ ലാഭം പ്രതീക്ഷകളെയും കവച്ചുവച്ച് 82 ശതമാനം വര്‍ദ്ധിച്ചതാണ് പോളിക്യാബിന് നേട്ടമായത്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നയിക്കുന്ന അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി കഴിഞ്ഞ ദിവസം പതഞ്ജലിയില്‍ 2,400 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.
പ്രവര്‍ത്തന മികവാണ് ടാറ്റാ ടെലിസര്‍വീസസിനും (മഹാരാഷ്ട്ര) നേട്ടമാകുന്നത്. കമ്പനിയുടെ ഓഹരികള്‍ വരുംദിവസങ്ങളിലും നേട്ടമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇത്തവണ, ജൂണ്‍പാദഫലം മെച്ചപ്പെട്ടതാകുമെന്ന പ്രതീക്ഷകളാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനും നേട്ടമാകുന്നത്.
നിരാശപ്പെടുത്തിയവര്‍
ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടി.സി.എസ്., മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്.യു.എല്‍ എന്നിവ സെന്‍സെക്‌സില്‍ 1.2 ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റിയില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, കൊഫോര്‍ജ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഭാരത് ഫോര്‍ജ്, ഹണിവെല്‍ ഓട്ടോമേഷന്‍ എന്നിവയാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ 

 

പ്രതീക്ഷയിലും താഴ്ന്ന പ്രവര്‍ത്തനഫലമാണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഓഹരികളെ വലച്ചത്. കമ്പനി 400 കോടിയോളം രൂപ ലാഭം നേടുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും കഴിഞ്ഞപാദത്തില്‍ ലാഭം 206 കോടി രൂപയായി ചുരുങ്ങി. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 32 ശതമാനം അധികമാണിതെങ്കിലും നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല.
ചെറുകിട ഓഹരികള്‍ക്ക് ആശ്വാസം
500 കോടി രൂപയ്ക്ക് താഴെ വിപണിമൂല്യമുള്ള (Market Cap) കമ്പനികളെ വലയ്ക്കുന്നൊരു ചട്ടം ഇന്ന് സെബി (SEBI) തിരുത്തി. ഒറ്റ വ്യാപാര സെഷനില്‍ ഓഹരിവില നിശ്ചിത പരിധിക്കുമേല്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ എന്‍ഹാന്‍സ്ഡ് സര്‍വേലന്‍സ് മെഷറില്‍ (ESM) ഉള്‍പ്പെടുത്തി വ്യാപാരം നിയന്ത്രിക്കുന്ന ചട്ടമാണ് കമ്പനികളില്‍ നിന്നും ഓഹരി നിക്ഷേപകരില്‍ നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരുത്തിയത്.
വ്യാപാരം ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി ഇത്തരം ഓഹരികളെ നിയന്ത്രിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇത് സെബി തിരുത്തുകയും ഇനി എല്ലാ ദിവസവും വ്യാപാരം ചെയ്യാമെന്ന് വ്യക്തമാക്കുകയുമായിരുന്നു.
റിലയന്‍സ്-ജിയോ ഫിന്‍ പ്രീ-ട്രേഡിംഗ് നാളെ
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിനെ വേര്‍പെടുത്തുന്നതിന്റെ ഭാഗമായുള്ള പ്രീ-ട്രേഡിംഗ് സെഷന്‍ നാളെ രാവിലെ 9 മുതല്‍ 10 വരെ നടത്തും. ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരികളുടെ വില നിര്‍ണയിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഒരുലക്ഷം കോടി രൂപയ്ക്കുമേല്‍ വിപണിമൂല്യമാണ് ജിയോ ഫൈനാന്‍ഷ്യലിന് വിലയിരുത്തുന്നത്. ഓഹരിവില 160-190 രൂപയ്ക്ക് മദ്ധ്യേ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. 189 രൂപയാണ് ജെ.പി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒന്നിന് ഒന്ന് അനുപാതത്തില്‍ ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരികള്‍ നാളെ കിട്ടും. ധനകാര്യ വിഭാഗമായ ജിയോ ഫിന്നിനെ വേറിട്ടുനിറുത്തി വളര്‍ത്തുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയത്.
കേരള ഓഹരികളില്‍ ഉണര്‍വ്
കേരള ഓഹരികള്‍ പൊതുവേ ഇന്ന് നേട്ടത്തിലായിരുന്നു. ഈസ്റ്റേണ്‍ ട്രെഡ്‌സ് 4.94 ശതമാനം, ഹാരിസണ്‍സ് മലയാളം 3.89 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 9.93 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം 

 

സഫ സിസ്റ്റംസ് 4.96 ശതമാനം, ടി.സി.എം 3.78 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 4.93 ശതമാനം, സെല്ല സ്‌പേസ് 4.63 ശതമാനം, ആസ്പിന്‍വോള്‍ 3.84 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഇന്ന് 5.21 ശതമാനം ഇടിഞ്ഞു. മണപ്പുറം ഫൈനാന്‍സ്, മുത്തൂറ്റ് ക്യാപ്പിറ്റല്‍, കല്യാണ്‍ ജുവലേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക് എന്നിവയും ഇന്ന് നഷ്ടത്തിലാണ്.
Tags:    

Similar News