തകൃതിയായി ലാഭമെടുപ്പ്; ഓഹരികള്‍ നഷ്ടത്തില്‍
റെക്കോഡിനരികെ എത്തിയശേഷം ഇടിഞ്ഞ് സെന്‍സെക്‌സും നിഫ്റ്റിയും; മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളില്‍ മുന്നേറ്റം, വണ്ടര്‍ല 3.81% ഉയര്‍ന്നു
ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ കാഴ്ചവച്ച മുന്നേറ്റം തുടരാനാകാതെ വൈകിട്ടോടെ നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ചാഞ്ചാട്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. ഒരുവേള സെന്‍സെക്‌സ് 63,574 വരെ ഉയരുകയും 63,047 വരെ ഇടിയുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കുറിച്ച 63,583 ആണ് സെന്‍സെക്‌സിന്റെ എക്കാലത്തെയും ഉയരം.
പുതിയ റെക്കോഡില്‍ നിന്ന് വെറും 9 പോയിന്റ് അകലെ വച്ച് സെന്‍സെക്‌സ് ഇടിവ് നേരിടുകയായിരുന്നു. ഡിസംബര്‍ ഒന്നിലെ 18,888 ആണ് നിഫ്റ്റിയുടെ റെക്കോഡ്. ഇന്ന് ഒരുവേള 18,881 വരെ എത്തിയശേഷമാണ് നിഫ്റ്റിയും താഴേക്കിറങ്ങിയത്. വ്യാപാരാന്ത്യം സെന്‍സെക്‌സ് 216.28 പോയിന്റിടിഞ്ഞ് (0.34 ശതമാനം) 63,168.30ലും നിഫ്റ്റി 70.55 പോയിന്റ് താഴ്ന്ന് (0.37 ശതമാനം) 18,755.45ലുമാണുള്ളത്.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്.എം.സി.ജി., മീഡിയ, മെറ്റല്‍, സ്വകാര്യബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ ഇന്ന് കനത്ത ലാഭമെടുപ്പുണ്ടായി.
കഴിഞ്ഞ ദിവസത്തെ കുതിപ്പിന്റെ പിന്‍ബലത്തില്‍ ഓഹരികളുടെ മൂല്യമുയര്‍ന്നത് മുതലെടുത്ത് നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് തിരിച്ചടിയായത്. കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, എന്‍.ടി.പി.സി., എച്ച്.യു.എല്‍., ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയിലുണ്ടായ ലാഭമെടുപ്പാണ് ഇന്ന് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയത്.
അദാനി എന്റര്‍പ്രൈസസ്, സി.ജി. പവര്‍, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), ടാറ്റാ ടെലി (മഹാരാഷ്ട്ര), വൊഡാഫോണ്‍ ഐഡിയ (വീ) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ.
യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് (ക്യു.ഐ.പി) ഓഹരികള്‍ വിറ്റഴിച്ച് 8,500 കോടി രൂപ സമാഹരിക്കാന്‍ അദാനി ട്രാന്‍സ്മിഷന് ഓഹരി ഉടമകള്‍ അനുമതി നല്‍കി. എന്നാല്‍, കമ്പനിയുടെ ഓഹരിവില ഇന്ന് 0.53 ശതമാനം ഇടിഞ്ഞു.
നേട്ടത്തിലേറിയവര്‍
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, ടി.സി.എസ്., സണ്‍ ഫാര്‍മ, ടൈറ്റന്‍ എന്നിവ ഇന്ന് നേട്ടം കുറിച്ചെങ്കിലും ഓഹരി സൂചികകളുടെ മൊത്തത്തിലുള്ള ഇടിവിന് തടയിടാനായില്ല.
നൈക ഓഹരി ഇന്ന് 4 ശതമാനം മുന്നേറി. ചില ബ്രോക്കറേജ് ഏജന്‍സികളില്‍ നിന്ന് 'വാങ്ങല്‍' (BUY) സ്റ്റാറ്റസ് കിട്ടിയതാണ് നേട്ടമായത്. ജിന്‍ഡാല്‍ സ്റ്റീല്‍, ശ്രീറാം ഫിനാന്‍സ്, ഡോ. ലാല്‍ പാത്ത് ലാബ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
സെന്‍സെക്‌സില്‍ ഇന്ന് 1,668 ഓഹരികള്‍ നേട്ടത്തിലാണ്; 1,990 ഓഹരികള്‍ നഷ്ടത്തിലും. 169 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
നിഫ്റ്റി മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തില്‍ വ്യാപാരത്തിനിടെ എത്തിയിരുന്നു. 0.71 ശതമാനം നേട്ടവുമായി 35,397ലാണ് മിഡ്ക്യാപ്പ് 100 സൂചിക തൊട്ടത്. സ്‌മോള്‍ക്യാപ്പ് 0.78 ശതമാനം നേട്ടവുമായി 10,824ലും. ക്രൂഡോയില്‍ വിലിയിടിവ്, പണപ്പെരുപ്പക്കുറവ്, ഇതുവഴി അസംസ്‌കൃത വസ്തുവിലയിലുണ്ടായ കുറവ് എന്നിവയാണ് ഈ വിഭാഗം ഓഹരികള്‍ക്ക് നേട്ടമായത്.
കേരളത്തിന്റെ തിളക്കം
കേരളം ആസ്ഥാനമായ ഓഹരികളില്‍ ഇന്ന് ഏറെ തിളങ്ങിയത് വെര്‍ട്ടെക്‌സും വണ്ടര്‍ലയുമാണ്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് ഓഹരികള്‍ 5 ശതമാനവും വണ്ടര്‍ല 3.81 ശതമാനവും നേട്ടമുണ്ടാക്കി. എ.വി.ടി., കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയാണ് രണ്ട് ശതമാനത്തിന് മേല്‍ മുന്നേറിയ മറ്റ് ഓഹരികള്‍.
ചില ബ്രോക്കറേജ് ഏജന്‍സികള്‍ 'വാങ്ങല്‍' (Buy) സ്റ്റാറ്റസ് നല്‍കിയതാണ് വണ്ടര്‍ലയ്ക്ക് നേട്ടമായത്. കല്യാണ്‍ ജുവലേഴ്‌സിനും ഇതേ സ്റ്റാറ്റസ് ലഭിച്ചതോടെ ഓഹരിവില ഇന്ന് 0.91 ശതമാനം ഉയര്‍ന്നു.
നിറ്റ ജെലാറ്റിന്‍ 2.68 ശതമാനവും ഹാരിസണ്‍സ് മലയാളം 2.32 ശതമാനവും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 2.18 ശതമാനവും ഇടിഞ്ഞു. സി.എസ്.ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കിറ്റെക്‌സ്, അപ്പോളോ ടയേഴ്‌സ് എന്നിവയും നഷ്ടത്തിലാണ്.