എന്തൊരു ടെന്‍ഷന്‍! സെന്‍സെക്‌സ് 736 പോയിന്റിടിഞ്ഞു; ഒറ്റയടിക്ക് പോയത് 5 ലക്ഷം കോടി, വീഴ്ചയ്ക്ക് ആക്കംകൂട്ടി ടി.സി.എസ്

നിക്ഷേപകരുടെ കണ്ണുകള്‍ അമേരിക്കയിലേക്ക്, എണ്ണ ഓഹരികളും സൗത്ത് ഇന്ത്യന്‍ ബാങ്കും താഴ്ചയില്‍, പേയ്ടിഎം മുന്നോട്ട്, രൂപയ്ക്ക് തിരിച്ചടി

Update:2024-03-19 17:52 IST
പത്താംക്ലാസ് പരീക്ഷയെഴുതി റിസള്‍ട്ട് കാത്തിരിക്കുന്ന കുട്ടിയുടെ മനസ്സായിരുന്നു ഇന്ന് ഇന്ത്യന്‍ ഓഹരികള്‍ക്ക്. ലോക സമ്പദ്‌വ്യവസ്ഥയുടെ തന്നെ ഗതി നിര്‍ണയിക്കാന്‍ കരുത്തുള്ള അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ (യു.എസ് ഫെഡറല്‍ റിസര്‍വ്) നിര്‍ണായക ധനനയ നിര്‍ണയ യോഗം ഇന്ന് ആരംഭിക്കുകയാണ്.
പണപ്പെരുപ്പം കഴിഞ്ഞമാസം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഉയര്‍ന്നത് വന്‍ തിരിച്ചടിയാണ്. അമേരിക്ക ഉടനൊന്നും പലിശനിരക്ക് കുറയ്ക്കില്ലെന്ന് ഇതോടെ ഉറപ്പായിട്ടുമുണ്ട്. പക്ഷേ, എന്നുമുതല്‍ കുറയ്ക്കും? അതിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ ധനനയ നിര്‍ണയ യോഗത്തില്‍ നിന്ന് ഏവരും ഉറ്റുനോക്കുന്നത്. ജൂണ്‍ മുതല്‍ കുറയ്ക്കുമെന്ന മുന്‍നിലപാടില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് ഉറച്ചുനില്‍ക്കുമോ അതോ കാത്തിരിപ്പ് അതിലേറെ നീളുമോ എന്നതാണ് ഏവരുടെയും ടെന്‍ഷന്‍.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

അമേരിക്ക പലിശ നിരക്ക് നിലനിറുത്തിയാലോ കുറച്ചാലോ ഇന്ത്യക്ക് നേട്ടമാണ്. കാരണം, അമേരിക്കയില്‍ പ്രതീക്ഷയ്‌ക്കൊത്ത പലിശ കിട്ടാത്ത സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന ആദായം ലക്ഷ്യമിട്ട് ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് പണമൊഴുക്കും.
ഇന്ത്യന്‍ ഓഹരി വിപണി കിതയ്ക്കുന്നു
തുടക്കം മുതല്‍ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കിതപ്പിലായിരുന്നു. നഷ്ടത്തോടെ തുടങ്ങി കൂടുതല്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 736.37 പോയിന്റിടിഞ്ഞ് (-1.01%) 72,012ലാണ് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത്. 72,462ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഒരുവേള 71,933 വരെ ഇടിഞ്ഞിരുന്നു.
നിഫ്റ്റി 238.25 പോയിന്റ് (-1.08%) താഴ്ന്ന് 21,817.45ലാണുള്ളത്. ഒരുവേള നിഫ്റ്റി ഇന്ന് 21,793 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 50ല്‍ ഇന്ന് 9 ഓഹരികളേ പച്ചതൊട്ടുള്ളൂ. 41 എണ്ണവും ചുവപ്പണിഞ്ഞു. ബജാജ് ഓട്ടോ 1.47 ശതമാനം ഉയര്‍ന്ന് ഭേദപ്പെട്ട പ്രകടനം നടത്തി നേട്ടത്തില്‍ മുന്നിലെത്തി. ടി.സി.എസ് 4.37 ശതമാനവും ബി.പി.സി.എല്‍ 4.15 ശതമാനവും ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നിലെത്തി.
ബി.എസ്.ഇയില്‍ 1,233 ഓഹരികള്‍ നേട്ടത്തിലും 2,584 എണ്ണം നഷ്ടത്തിലുമായിരുന്നു.  111 ഓഹരികളുടെ വില മാറിയില്ല. 95 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 66 എണ്ണം താഴ്ചയിലുമായിരുന്നു. 19 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍കീട്ടിലും 15 എണ്ണം ലോവര്‍-സര്‍കീട്ടിലും തട്ടി.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപക സമ്പത്തില്‍ നിന്ന് ഇന്ന് ഒറ്റയടിക്ക് 4.86 ലക്ഷം കോടി രൂപ കൊഴിഞ്ഞു. 373.92 ലക്ഷം കോടി രൂപയായാണ് മൂല്യം താഴ്ന്നത്. ഈ മാസം ഇതുവരെ നഷ്ടം 20.08 ലക്ഷം കോടി രൂപയുമാണ്.
നിരാശപ്പെടുത്തിയവര്‍
വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയില്‍ നിന്ന് നേടുന്ന ഐ.ടി., ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മര്‍ദ്ദക്കയത്തില്‍ മുങ്ങി. പെട്രോള്‍, ഡീസല്‍ വിലകുറച്ച നടപടിയും രാജ്യാന്തര ക്രൂഡോയില്‍ വില വര്‍ദ്ധനയും എണ്ണ ഓഹരികളെയും വലച്ചു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

പൊതുവേ വീശയടിച്ച വില്‍പന സമ്മര്‍ദ്ദം ഏതാണ്ട് എല്ലാവിഭാഗം ഓഹരികളെയും ഇന്ന് ഉലച്ചു. ബ്ലോക്ക് ഡീലിലൂടെ 9,000 കോടി രൂപയുടെ ഓഹരി വില്‍പന നടത്തിയ ടാറ്റാ സണ്‍സിന്റെ നടപടി ടി.സി.എസ് ഓഹരികളെയും ഇന്ന് വീഴ്ത്തി. ഇത്, പൊതുവേ ഇടിഞ്ഞുനിന്ന ഐ.ടി ഓഹരികള്‍ക്കും ടാറ്റാ ഗ്രൂപ്പിലെ തന്നെ മറ്റ് കമ്പനികളുടെ ഓഹരികള്‍ക്കും നല്ല ക്ഷീണവുമായി.
4 ശതമാനത്തിലധികം ഇടിഞ്ഞ ടി.സി.എസ് ആണ് ഇന്ന് സെന്‍സെക്‌സില്‍ നഷ്ടത്തില്‍ മുന്നില്‍ നിന്ന പ്രമുഖ കമ്പനി. നെസ്‌ലെ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, ഐ.ടി.സി., പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി., ഏഷ്യന്‍ പെയിന്റ്‌സ്, എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് നഷ്ടത്തിലേക്ക് വീണ മറ്റ് പ്രമുഖര്‍.
നിഫ്റ്റി 200ല്‍ കോള്‍ഗേറ്റ് പാമോലീവ്, ഗുജറാത്ത് ഗ്യാസ്, ടി.സി.എസ്., പതഞ്ജലി ഫുഡ്‌സ്, ബി.പി.സി.എല്‍ എന്നിവ 4.15 മുതല്‍ 4.68 ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നിലെത്തി. ബ്രോക്കറേജുകളില്‍ നിന്നുള്ള 'ബൈ-ഓണ്‍-ഡിപ്പ്' (വില കുറയുമ്പോള്‍ വാങ്ങുക) പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കോള്‍ഗേറ്റിന്റെ തിളക്കം മാഞ്ഞത്.
തെറ്റിദ്ധാരണ പരത്തുന്ന പരസ്യം സംബന്ധിച്ച കേസില്‍ നേരിട്ട് ഹാജരാകാന്‍ പതഞ്ജലി സാരഥികളായ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ച പശ്ചാത്തലത്തിലാണ് പതഞ്ജലി ഫുഡ്‌സിന്റെ വീഴ്ച. ഇന്ധനവിലക്കുറവിന്റെ പശ്ചാത്തലത്തില്‍ ബി.പി.സി.എല്‍ ഓഹരികളും നഷ്ടം നേരിട്ടു.
പിടിച്ചുനിന്നവര്‍
ശ്രദ്ധേയമായ പ്രകടനം ഒഴിഞ്ഞുനിന്ന ദിവസമായിരുന്നു ഓഹരി വിപണിക്ക് ഇന്ന്. തേഡ് പാര്‍ട്ടി സേവനത്തിന് എന്‍.പി.സി.ഐയുടെ പച്ചക്കൊടി കിട്ടിയ പശ്ചാത്തലത്തില്‍ പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി കാഴ്ചവയ്ക്കുന്ന നേട്ടം ഇന്നും തുടര്‍ന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഓഹരി 4.57 ശതമാനം ഉയര്‍ന്നു. ടൊറന്റ് പവര്‍ (4.16%), സി.ജി. പവര്‍ (1.92%), ബജാജ് ഓട്ടോ (1.47%), ബജാജ് ഫിനാന്‍സ് (1.25%) എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവര്‍. ഹിന്‍ഡാല്‍കോ, കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയും ഇന്ന് നേട്ടത്തിലേറി.
രൂപയ്ക്ക് വന്‍ തിരിച്ചടി
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗം തുടങ്ങാനിരിക്കേ ഡോളര്‍ നടത്തിയ മുന്നേറ്റം ഇന്ന് രൂപയെ തളര്‍ത്തി. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.38 ശതമാനം കുതിച്ച് 103.97ലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോളറിനെതിരെ 83.03ലേക്ക് ഇടിഞ്ഞു. ഇന്നലത്തെ ക്ലോസിംഗ് നിലവാരമായ 82.90യേക്കാള്‍ 0.16 ശതമാനം കുറവാണിത്.
പോപ്പുലറിന് നഷ്ടത്തുടക്കം
കേരള ഓഹരികളില്‍ ഇന്ന് കാര്യമായ കുതിപ്പോ കിതപ്പോ കണ്ടില്ല. ഇന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത, കേരളം ആസ്ഥാനമായ പ്രമുഖ വാഹന ഡീലര്‍ഷിപ്പ് കമ്പനിയായ പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരികള്‍ നിരാശപ്പെടുത്തി. 295 രൂപയായിരുന്നു ഐ.പി.ഒ വില. 289-292 രൂപ നിലവാരത്തിലായിരുന്നു ലിസ്റ്റിംഗ്. വ്യാപാരാന്ത്യത്തില്‍ വിലയുള്ളത് 4.41 ശതമാനം താഴ്ന്ന് 276.45 രൂപയിലാണ്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ഈസ്റ്റേണ്‍ 6.88 ശതമാനം, ഹാരിസണ്‍സ് മലയാളം 4.98 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 3.21 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. വെര്‍ട്ടെക്‌സ് 5 ശതമാനം, സഫ 4.97 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.06 ശതമാനം എന്നിങ്ങനെ നഷ്ടത്തിലേക്ക് വീണു.
മുത്തൂറ്റ് കാപ്പിറ്റല്‍ 3.52 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.83 ശതമാനവും സെല്ല സ്‌പേസ് 4.69 ശതമാനവും ബി.പി.എല്‍ 4.22 ശതമാനവും എ.വി.ടി 4.03 ശതമാനവും താഴ്ന്നു.
Tags:    

Similar News