ഐ.ടി കരുത്തില്‍ കുതിപ്പ്, പിന്നെ വില്‍പ്പന സമ്മര്‍ദ്ദം, ചുവപ്പണിഞ്ഞ് സൂചികകള്‍; കുതിച്ച് പാഞ്ഞ് റെയില്‍ടെല്‍, ആസ്റ്ററിനും കല്യാണിനും മുന്നേറ്റം

കൊച്ചിന്‍ ഷിപ്പ്‌യാഡ് തളര്‍ച്ചയില്‍, കുതിപ്പിന് വേഗം കുറച്ച് ഫാക്ടും

Update:2024-06-21 18:16 IST

രാവിലെ ഐ.ടി ഓഹരികളുടെ ചുമലിലേറി റെക്കോഡ് തൊട്ട സൂചികകള്‍ പിന്നീട് കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായി. സെന്‍സെക്‌സ് രാവിലെ 77,808.45 പോയിന്റ് വരെയും നിഫ്റ്റി 23,667.1 പോയിന്റ് വരെയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയ റെക്കോഡാണ് നിഫ്റ്റി ഇന്ന് മറികടന്നത്. പക്ഷെ ആ നേട്ടം നിലനിറുത്താന്‍ സൂചികകള്‍ക്കായില്ല. വ്യാപാരാന്ത്യത്തില്‍ 269.03 പോയിന്റ് താഴ്ന്ന് 77,209ലും നിഫ്റ്റി 65.90 പോയിന്റ് ഇടിഞ്ഞ് 2,3501.10ലുമാണുള്ളത്.

ഡോളര്‍ ഉയര്‍ന്ന നിലവാരത്തിലായതും മറ്റ് ആഗോള വിപണികളില്‍ നിന്നുള്ള ആശങ്കകളുമാണ് വില്‍പ്പന സമ്മര്‍ദ്ദത്തിനിടയാക്കിയത്.

നിഫ്റ്റി ഐ.ടി സൂചികയിന്ന് ഒരു ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി മീഡിയ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നീ സൂചികകള്‍ മാത്രമാണ്  നിഫ്റ്റിയിലിന്ന് പച്ച തെളിച്ചത്. പി.എസ്.യു ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും യഥാക്രമം 0.08 ശതമാനം, 0.17 ശതമാനം എന്നിങ്ങനെ നഷ്ടത്തിലായി.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ഇന്ന് ബി.എസ്.ഇയില്‍ 3,987 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,784 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലേറിയത്. 2,086 ഓഹരികളുടെ വില ഇടിഞ്ഞു. 117 ഓഹരികളുടെ വില മാറിയില്ല.

ഇന്ന് 279 കമ്പനികളാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. ഒമ്പത് ഓഹരികള്‍ താഴ്ന്ന വില കണ്ടു. ഇന്ന് നാല് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും അഞ്ച് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമെത്തി.

ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 435.7 ലക്ഷം കോടി രൂപയില്‍ നിന്ന് 434.5 ലക്ഷം കോടിയായി. നിക്ഷേപകര്‍ക്ക് ഇന്ന് ഒറ്റ ദിവസം 1.2 ലക്ഷം കോടിയാണ് നഷ്ടം.

കുതിപ്പും കിതപ്പുമായി ഐ.ടി

ഐ.ടി ഓഹരികളിന്ന് രാവിലെ വലിയ മുന്നേറ്റത്തിലായിരുന്നു. യു.എസിലെ വന്‍കിട ഐ.ടി കമ്പനിയായ ആക്‌സചഞ്ചര്‍ മുന്‍പ് ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വരുമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞേക്കുമെന്ന അനുമാനത്തിലെത്തിയതാണ് ഐ.ടി കമ്പനികളെ ഉയര്‍ത്തിയത്. നിഫ്റ്റി ഐ.ടി സൂചികയും രണ്ട് ശതമാനത്തോളം മുന്നേറിയിരുന്നു.

എല്‍.ടി.ഐ മൈന്‍ഡ് ട്രീ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പക്ഷേ വ്യാപാരാന്ത്യത്തോടടുത്തപ്പോള്‍ ഈ കമ്പനികള്‍ നേട്ടം കുറച്ചു.

മുന്നേറി റെയില്‍വേ ഓഹരികള്‍

റെയില്‍വേ ഓഹരികളായ റെയില്‍ടെല്‍, ഐ.ആര്‍.എഫ്.സി, ആര്‍.വി.എന്‍.എല്‍, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ് എന്നിവ ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചു. ജൂണ്‍ അഞ്ചിന് തൊട്ട ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് 58 ശതമാനത്തോളം ഈ ഓഹരികള്‍ തിരിച്ചു കയറി.

സതേണ്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്ന് 20.22 കോടി രൂപയുടെ ഓര്‍ഡര്‍ കിട്ടിയ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഹരി ഇന്ന് 13 ശതമാനത്തോളം കുതിച്ചുയര്‍ന്നു. വ്യാപാരാന്ത്യത്തില്‍ 9.49 ശതമാനം നേട്ടത്തിടെ 475.70 രൂപയിലാണ് ഓഹരി.

ആര്‍.വി.എന്‍.എല്‍ ഓഹരികള്‍ ഇന്ന് ട്രേഡിംഗ് വോളിയം നാല് മടങ്ങ് ഉയര്‍ന്നതിനെ തുടര്‍ന്ന് എട്ട് ശതമാനം മുന്നേറി. 6.33 കോടി ഓഹരികളാണ് കൈമാറ്റം നടന്നത്.

ഇര്‍കോണ്‍, ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് എന്നിവയും അഞ്ച് ശതമാനം ഉയര്‍ന്നു. ഐ.ആര്‍.ടി.സി. ഐ.ആര്‍.എഫ്.സി ഓഹരികളിലെ നേട്ടം മൂന്ന് ശതമാനത്തോളമാണ്.

ഇന്ത്യന്‍ റെയില്‍വേ 2024-25 സാമ്പത്തിക വര്‍ഷത്തോടെ സമ്പൂര്‍ണ വൈദ്യുതവത്കരണമാണ് ലക്ഷ്യമിടുന്നത്. പി.എം ഗതിശക്തി പദ്ധതി വഴി 500 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകളും അടുത്ത അഞ്ച് വര്‍ഷത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. 50,000 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്. ഇങ്ങനെ കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുമെന്ന പ്രതീക്ഷയാണ് റെയില്‍വേ ഓഹരികളെ മുന്നേറ്റത്തിലാക്കുന്നത്.

നേട്ടത്തിലിവര്‍

ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ എന്നിവയാണ് ഇന്ന് സെന്‍സ്‌കെസിലെ മുഖ്യ നേട്ടക്കാര്‍.

വോഡഫോണ്‍ ഐഡിയ എല്ലാ സര്‍ക്കിളുകളിലും 5 ജി നടപ്പാക്കാന്‍ വേണ്ട കടമ്പകള്‍ പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ട് ഓഹരികളെ 3.51 ശതമാനം ഉയര്‍ത്തി. 17 സര്‍ക്കിളുകളിലാണ് 5 ജി സ്‌പെക്ട്രം നേടിയിട്ടുള്ളത്.

എന്‍.ടി.പി.സിയില്‍ നിന്ന് 243 കോടി രൂപയുടെ പദ്ധതിക്ക് ഓര്‍ഡര്‍ ലഭിച്ച ജി.ഇ പവര്‍ ഓഹരി ഇന്ന് ഒമ്പത് ശതമാനം ഉയര്‍ന്ന് പൊങ്ങി.

നേട്ടത്തിലിവര്‍

റെയില്‍ വികാസ് നിഗം ലിമിറ്റഡ്, സുസ്‌ലോണ്‍ എനര്‍ജി, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, ഹാവെല്‍സ് ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ നേട്ടമുണ്ടാക്കിയ മുഖ്യ കമ്പനികള്‍.

നഷ്ടത്തിലിവര്‍

ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ഫാര്‍മ എന്നിവയാണ് സെന്‍സെക്‌സിലെ മുഖ്യ നഷ്ടക്കാര്‍.

ബോണസ് ഇഷ്യുവിനുള്ള റെക്കോഡ് തീയതി ഇന്ന് അവസാനിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഓഹരി ഇന്ന് 3.18 ശതമാനം ഇടിഞ്ഞു. ഒരു ഓഹരിക്ക് രണ്ട് എന്ന ക്രമത്തിലാണ് ബോണസ് ഓഹരികള്‍ അനുവദിക്കുക.

നഷ്ടത്തിലിവര്‍

ടൊറെന്റ് പവര്‍, ട്യൂബ് ഇന്‍വെസ്റ്റമെന്റ്‌സ്, സുപ്രീം ഫുഡ്‌സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, മാരികോ എന്നിവയാണ് നിഫ്റ്റി 200 ലെ മുഖ്യ നഷ്ടക്കാര്‍

ആസ്റ്ററും കല്യാണും മേലേക്ക്

കേരള കമ്പനികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് 18.50 ശതമാനം നേട്ടവുമായി കേരള കമ്പനികളില്‍ നേട്ടത്തില്‍ മുന്നിലെത്തി. ബി.പി.എല്‍ 10.07 ശതമാനം ഉയര്‍ന്നു.

ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഓഹരികള്‍ ഇന്ന് 6.72 ശതമാനം ഉയര്‍ന്നു 380.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ കമ്പനിയുടെ 9.01 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഓഹരി ഒന്നിന് 340 രൂപ നിരക്കില്‍ 4.5 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 1,530 കോടി രൂപയായിരുന്നു കൈമാറ്റത്തിന്റെ മൊത്തം മൂല്യം. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് ക്യാപിറ്റല്‍ ഏഷ്യയാണ് ഓഹരി വില്പന നടത്തിയത്. ഗവണ്മെന്റ് ഓഫ് സിംഗപ്പൂർ  89 കോടി രൂപയുടെ ഓഹരികളും ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് 107 കോടി രൂപയുടെ ഓഹരികളും മോർഗൻ സ്റ്റാൻലി 227 കോടി രൂപയുടെ ഓഹരികളും ഇന്നത്തെ ഡീൽ വഴി സ്വന്തമാക്കി.

കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളും ഇന്ന് 4.34 ശതമാനത്തോളം ഉയര്‍ന്നു. കഴിഞ്ഞ ദിവസം വന്‍ കുതിപ്പ് കാഴ്ച വച്ച ഫാക്ട് ഇന്ന് രണ്ട് ശതമാനത്തോളം മാത്രം നേട്ടത്തിലാണ്.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

കൊച്ചിന്‍ ഷിപ്പ്‌യാഡ് ഓഹരി 4 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഇന്‍ഡി ട്രേഡ് ക്യാപിറ്റല്‍, സെല്ല സ്‌പേസ്, പോപ്പീസ് കെയര്‍, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി എന്നിവയും ഇന്ന് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News