ശനിയാഴ്ചത്തെ അപ്രതീക്ഷിത വ്യാപാരത്തിനും തിങ്കളാഴ്ചത്തെ 'അയോധ്യ' അവധിക്കും ശേഷം വലിയ നേട്ടം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ പക്ഷേ, ഇന്ന് നേരിട്ടത് കനത്ത വീഴ്ച.
വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും പ്രതീക്ഷ നല്‍കി ഉയര്‍ന്നെങ്കിലും വീഴ്ച പൊടുന്നനേയായിരുന്നു. 71,423ല്‍ കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ് ഇന്നത്തെ ദിനം ആരംഭിച്ചത് തന്നെ 400ഓളം പോയിന്റുയര്‍ന്ന് 71,868ലാണ്.
ഒരുവേള സെന്‍സെക്‌സ് 72,000വും ഭേദിച്ചു. എന്നാല്‍, പിന്നീട് 1,600 പോയിന്റോളം തിരിച്ചിറങ്ങി. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 1,053.10 പോയിന്റ് (1.47%) ഇടിഞ്ഞ് 70,370.55ലാണ്. നിഫ്റ്റി 21,750 വരെ മുന്നേറുകയും 21,192 വരെ കൂപ്പുകുത്തുകയും ചെയ്തശേഷം 333 പോയിന്റ് (1.54%) താഴ്ന്ന് 21,238.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വീഴ്ചയ്ക്ക് ആക്കംകൂട്ടി റിലയന്‍സും എച്ച്.ഡി.എഫ്.സി ബാങ്കും
ഓഹരി സൂചികകളുടെ ഇന്നത്തെ തകര്‍ച്ചയുടെ മുഖ്യപങ്കും വഹിച്ചത് എച്ച്.ഡി.എഫ്.സി ബാങ്കും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ്. മോശം മൂന്നാപാദ പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരി വിലയില്‍ വന്‍ തകര്‍ച്ച നേരിട്ട എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളില്‍ ഇനിയും നിക്ഷേപകരില്‍ നിന്ന് വാങ്ങല്‍ താത്പര്യം ഉണ്ടായിട്ടില്ല. ഓഹരി ഇന്ന് 3 ശതമാനത്തിലധികം ഇടിഞ്ഞു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
ഇതിന്റെ ആഘാതത്തില്‍ ബാങ്ക് നിഫ്റ്റി 2.26 ശതമാനം നഷ്ടവും നേരിട്ടു. മോശം പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഓഹരി 6.5 ശതമാനം നഷ്ടത്തിലേക്ക് വീണു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ., പി.എന്‍.ബി., എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ വീഴ്ചയും തിരിച്ചടിയായി.
റിലയന്‍സ് ഇന്‍സ്ട്രീസ് ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി റിലയന്‍സിന്റെ സ്റ്റാറ്റസ് ന്യൂട്രലിലേക്ക് താഴ്ത്തിയതും ലക്ഷ്യവില 2,910 രൂപയായി കുറച്ചതുമാണ് ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ പൊതുവായ വില്‍പന സമ്മര്‍ദ്ദത്തിനും ഇത് വഴിവച്ചു. ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍., ചെന്നൈ പെട്രോളിയം, അദാനി ടോട്ടല്‍ ഗ്യാസ്, ഓയില്‍ ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയും നഷ്ടത്തിലേറി. ഡിസംബര്‍പാദ ലാഭം 69 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ പെട്രോളിയം ഓഹരി 10 ശതമാനത്തിലധികം താഴ്ന്നു.
സീയുടെ ചരിത്ര വീഴ്ച
ചരിത്രത്തിലെ എക്കാലത്തെയും വലിയ വീഴ്ചയ്ക്കാണ് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി ഇന്ന് സാക്ഷിയായത്. പലവട്ടം ലോവര്‍-സര്‍കീട്ട് പരിധി പരിഷ്‌കരിച്ചിട്ടും വീഴ്ച കനത്തു. സോണിയുമായി നിശ്ചയിച്ചിരുന്ന ബ്രഹ്‌മാണ്ഡ ലയനം പൊളിഞ്ഞതാണ് സീ ഓഹരികള്‍ക്ക് തിരിച്ചടിയായത്. ഓഹരിവില ഇന്ന് 33 ശതമാനം തകര്‍ന്നടിഞ്ഞു.
231.40 രൂപയായിരുന്ന ഓഹരി വില, 152.50 രൂപവരെ തകര്‍ന്ന് 52-ആഴ്ചയിലെ താഴ്ചയിലെത്തി. വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 160.90 രൂപയിലാണ്. ലയന നടപടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ സോണിക്കെതിരെ നിയമനടപടിയിലേക്ക് കടക്കുന്നുണ്ട് സീ. എന്നാലും, സീ ഓഹരികളില്‍ വലിയ തിരിച്ചുകയറ്റം ഉടന്‍ ആരും പ്രതീക്ഷിക്കുന്നില്ല. റിലയന്‍സ്-ഡിസ്‌നി സ്റ്റാര്‍ ലയനം വൈകാതെ നടക്കുമെന്നത് വിപണിയിലും സീ എന്റര്‍ടെയ്ന്‍മെന്റിന് തിരിച്ചടിയാകും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവയില്‍ നിന്നും വിപണിയില്‍ കനത്ത മത്സരം സീ നേരിടുന്നുണ്ട്. സി.എല്‍.എസ്.എ പോലുള്ള സ്ഥാപനങ്ങള്‍ 'സെല്‍' (വില്‍ക്കുക) എന്ന റേറ്റിംഗാണ് സീ ഓഹരിക്ക് നല്‍കിയിട്ടുള്ളത്.
യെസ് ബാങ്കിലെ ₹200 കോടിയുടെ എഫ്.ഡി തിരിമറി നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് എം.ഡിയും സി.ഇ.ഒയുമായ പുനീത് ഗോയങ്ക, പിതാവും എസ്സെല്‍ ഗ്രൂപ്പ് മേധാവിയുമായ സുഭാ് ചന്ദ്ര ഗോയങ്ക എന്നിവരെ സീ ഗ്രൂപ്പ് കമ്പനികളുടെ മാനേജ്‌മെന്റ് പദവികള്‍ വഹിക്കുന്നതില്‍ നിന്ന് സെബി കഴിഞ്ഞ ഓഗസ്റ്റിൽ വിലക്കിയിരുന്നു.
തട്ടിപ്പിന്മേല്‍ സെബിയുടെ അന്വേഷണവും നടക്കുകയാണ്. 200 കോടിയല്ല, 800-1000 കോടി രൂപയെങ്കിലും ഇവര്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് സെബി കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ഗോയങ്കമാര്‍ക്കെതിരെ സെബി കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നുമാണ് സൂചനകള്‍. ഇത് വരുംദിവസങ്ങളില്‍ സീ ഓഹരികളില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കും.
നിരാശപ്പെടുത്തിയവരും നേട്ടം കുറിച്ചവരും
കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയ റെയില്‍വേ ഓഹരികളിലും ഇന്ന് കനത്ത ലാഭമെടുപ്പ് സമ്മര്‍ദ്ദമുണ്ടായി. 16 ശതമാനം വരെയാണ് റെയില്‍വേ ഓഹരികളുടെ വീഴ്ച. ഇര്‍കോണ്‍ (Ircon) ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഐ.ആര്‍.സി.ടി.സി. ഐ.ആര്‍.എഫ്.സി., ആര്‍.വി.എന്‍.എല്‍., റൈറ്റ്‌സ്, ടാക്‌സ്മാകോ റെയില്‍, ടിറ്റഗഡ് റെയില്‍ തുടങ്ങിയവ 8.5 ശതമാനം വരെ ഇടിഞ്ഞു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
സെന്‍സെക്‌സില്‍ 6 ശതമാനം ഇടിഞ്ഞ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നഷ്ടത്തില്‍ മുന്‍നിരയിലുണ്ട്. എസ്.ബി.ഐ., എച്ച്.യു.എല്‍., എച്ച്.ഡി.എഫ്.സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോട്ടക് ബാങ്ക് എന്നിവയും നഷ്ടത്തിലേക്ക് വീണു.
സീ എന്റര്‍ടെയ്ന്‍മെന്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ആര്‍.വി.എന്‍.എല്‍., ഒബ്‌റോയ് റിയല്‍റ്റി, ഐ.ആര്‍.സി.ടി.സി എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. 11 ശതമാനമാണ് പ്രസ്റ്റീജിന്റെ വീഴ്ച; ആര്‍.വി.എന്‍.എല്ലിന്റേത് 10 ശതമാനവും.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
മികച്ച കയറ്റുമതി നേട്ടത്തിന്റെയും മൂന്നാംപാദ പ്രവര്‍ത്തനഫലത്തിന്റെയും പിന്‍ബലത്തില്‍ ഫാര്‍മ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. സിപ്ലയാണ് 6.97 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. പെട്രോനെറ്റ്, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, സണ്‍ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ് എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. സിപ്ലയുടെ മൂന്നാംപാദ ലാഭം 32 ശതമാനം വര്‍ധിച്ച് 1,056 കോടി രൂപയായിട്ടുണ്ട്.
വിപണിയുടെ ട്രെന്‍ഡ്
ബി.എസ്.ഇയില്‍ ഇന്ന് 4,067 കമ്പനികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 886 കമ്പനികള്‍ക്ക് മാത്രമാണ് ഓഹരി വിലയിൽ നേട്ടമുണ്ടാക്കാനായത്. 3,049 എണ്ണവും 'കരടികളുടെ' ആക്രമണത്തില്‍ പരിക്കേറ്റുവീണു. 132 ഓഹരികളുടെ വില മാറിയില്ല.
468 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 36 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്തില്‍ നിന്ന് ഇന്ന് ഒറ്റദിവസം 8.42 ലക്ഷം കോടി രൂപ കൊഴിഞ്ഞുപോയി. 374.40 ലക്ഷം കോടി രൂപയില്‍ നിന്ന് 365.97 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യമിടിഞ്ഞത്.
നിഫ്റ്റി 50ല്‍ 40 കമ്പനികള്‍ നഷ്ടത്തിലും 10 എണ്ണം നേട്ടത്തിലുമായിരുന്നു. 12.87 ശതമാനം വീഴ്ചയുമായി നിഫ്റ്റി മീഡിയ സൂചിക ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തി. ഫാര്‍മ (1.66%), ഹെല്‍ത്ത്‌കെയര്‍ (1.81%) എന്നിവയൊഴികെ എല്ലാ ഓഹരി വിഭാഗങ്ങളും ചുവപ്പണിഞ്ഞു.
നിഫ്റ്റി മിഡ്ക്യാപ്പ് 3.31 ശതമാനവും സ്‌മോള്‍ക്യാപ്പ് 2.87 ശതമാനവും ഇടിഞ്ഞത് കനത്ത തിരിച്ചടിയായി. 4.10 ശതമാനമാണ് നിഫ്റ്റി പി.എസ്.യു സൂചികയുടെ വീഴ്ച. ഓയില്‍ ആന്‍ഡ് ഗ്യാസ് 3.47 ശതമാനവും ഇടിഞ്ഞു. 5.31 ശതമാനം നഷ്ടം റിയല്‍റ്റി സൂചികയും കുറിച്ചിട്ടു.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FIIs) വിറ്റൊഴിയല്‍ മനോഭാവവും സൂചികകളെ വലയ്ക്കുന്നുണ്ട്. ജനുവരിയില്‍ ഇതിനകം 13,000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ അവര്‍ വിറ്റൊഴിഞ്ഞു. ഓണര്‍ഷിപ്പ് നിബന്ധന കടുപ്പിക്കാനുള്ള സെബിയുടെ നീക്കവും ഇതിന് വളംവയ്ക്കുന്നുണ്ട്.
കേരള ഓഹരികളും ചുവന്നു
ഒഴുക്കിനെതിരെ നീന്താന്‍ ഇന്ന് കേരള ഓഹരികള്‍ക്കും സാധിച്ചില്ല. ജിയോജിത്, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, പ്രൈമ അഗ്രോ, സ്‌കൂബിഡേ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എം എന്നിവ നേരിയ നേട്ടത്തോടെ പിടിച്ചുനിന്നത് മാത്രമാണ് അപവാദം.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
നിറ്റ ജെലാറ്റിന്‍ 6.46 ശതമാനം, വണ്ടര്‍ല, വെര്‍ട്ടെക്‌സ്, സ്റ്റെല്‍, സഫ, പി.ടി.എല്‍ എന്റര്‍പ്രൈസസ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, ഹാരിസണ്‍സ് മലയാളം, എ.വി.ടി എന്നിവ 4 ശതമാനത്തിലധികം നഷ്ടത്തിലാണുള്ളത്.