സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍; കുതിപ്പില്‍ എല്‍.ഐ.സി ഓഹരി

പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനി ഓഹരികള്‍ മുന്നേറ്റത്തില്‍, ഐ.ടിയില്‍ ഇടിവ്, പേയ്ടിഎം 3% താഴ്ന്നു; ഉഷാറില്ലാതെ കേരള ഓഹരികള്‍

Update: 2023-11-24 12:19 GMT

സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ നഷ്ടത്തോടെ. സെന്‍സെക്‌സ് 47 പോയിന്റ് (0.07%) താഴ്ന്ന് 65,970.04ലും നിഫ്റ്റി 7.30 പോയിന്റ് (0.04%) നഷ്ടവുമായി 19,794.70ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്.

അമേരിക്കന്‍ ഓഹരി വിപണിയുടെ വ്യാഴാഴ്ച അവധി, ഏഷ്യന്‍-യൂറോപ്യന്‍ ഓഹരികളുടെ ആലസ്യം നിറഞ്ഞ പ്രകടനം എന്നിവ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെയും സ്വാധീനിച്ചിരുന്നു. പുറമേ ഐ.ടി ഓഹരികളില്‍ കനത്ത വില്‍പന സമ്മര്‍ദ്ദവും ഉണ്ടായതോടെയാണ് സൂചികകള്‍ നഷ്ടം രുചിച്ചത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

നിഫ്റ്റി 50ല്‍ കരടികളുടെ അപ്രമാദിത്തമായിരുന്നു. 33 ഓഹരികള്‍ താഴേക്ക് പോയപ്പോള്‍ നേട്ടമുണ്ടാക്കിയവ 17 എണ്ണം മാത്രം. ബി.എസ്.ഇയില്‍ കാളകളും കരടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. 1,803 ഓഹരികള്‍ നേട്ടത്തിലും 1,871 എണ്ണം നഷ്ടത്തിലുമായിരുന്നു. 140 ഓഹരികളുടെ വില മാറിയില്ല.
273 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടപ്പോള്‍ 23 ഓഹരികള്‍ കണ്ടത് 52-ആഴ്ചത്തെ താഴ്ച. 12 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടു; 9 കമ്പനികള്‍ ഇന്ന് ലോവര്‍-സര്‍കീട്ടിലുമായിരുന്നു.
ഓഹരികള്‍ക്ക് 'ഇന്‍ഷ്വറന്‍സ്' പരിരക്ഷ!
ആലസ്യവും വില്‍പന സമ്മര്‍ദ്ദവും അലയടിച്ച ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് വലിയ നഷ്ടത്തിലേക്ക് കൂപ്പകുത്താതെ പിടിച്ചുനിറുത്തിയത് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കുതിപ്പാണ്; അതിന് നായകത്വം വഹിച്ചതോടെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയും.
പൊതുവായ കാരണത്താലല്ല പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരിക്കുതിപ്പ്. ഓരോ കമ്പനിയും അവരുടേതായ കാരണങ്ങള്‍ ആയുധമാക്കിയാണ് ഇന്ന് മുന്നേറിയത്.
എല്‍.ഐ.സി ഓഹരി ഒരുവേള 10 ശതമാനത്തിലേറെ കുതിച്ചു. അതിന് വഴിയൊരുക്കിയത് പുതിയ ബിസിനസ് പ്രീമിയത്തില്‍ മികച്ച വളര്‍ച്ച ഉറപ്പാക്കാന്‍ കമ്പനി വരുംമാസങ്ങളിലായി 3-4 പുതിയ സ്കീമുകൾ  അവതരിപ്പിക്കുമെന്ന ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തിയുടെ പ്രഖ്യാപനമാണ്.
ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ എന്ന ജി.ഐ.സി-റീ ഓഹരികള്‍ 19 ശതമാനം മുന്നേറി 52-ആഴ്ചത്തെ ഉയരവും കണ്ടു. എ.എം. ബെസ്റ്റില്‍ നിന്ന് മികച്ച റേറ്റിംഗ് കിട്ടിയതിന്റെ ബലത്തിലായിരുന്നു ഓഹരിക്കുതിപ്പ്. ബി പ്ലസ് പ്ലസ് (ഗുഡ്) റേറ്റിംഗാണ് കമ്പനിക്ക് ലഭിച്ചത്. പുറമേ, വളര്‍ച്ചാപ്രതീക്ഷയുടെ റേറ്റിംഗ് 'സ്റ്റേബിളില്‍' നിന്ന് 'പോസിറ്റീവുമാക്കി'.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി (NIACL) ഓഹരി 20 ശതമാനമാണ് കുതിച്ചത്. ഓഹരി 52-ആഴ്ചത്തെ ഉയരത്തിലുമെത്തി. ഉന്നത മാനേജ്‌മെന്റിന്റെ നിക്ഷേപക സ്ഥാപനങ്ങളുമായുള്ള നവംബര്‍ 29ലെ മീറ്റിംഗിന് മുന്നോടിയായാണ് ഓഹരികളുടെ കുതിപ്പ്.
അതേസമയം, പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരികള്‍ അവയുടെ ഐ.പി.ഒ വിലയുടെ അടുത്തെങ്ങുമില്ല എന്ന പ്രത്യേകതയുണ്ട്. ജി.ഐ.സി-റീയുടെ ഐ.പി.ഒ വില 456 രൂപയായിരുന്നു. ഇന്ന് വിലയുള്ളത് ഇതിനേക്കാള്‍ 40 ശതമാനത്തിലധികം താഴ്ചയിലാണ്. എല്‍.ഐ.സി ഓഹരി വിലയാകട്ടെ ഐ.പി.ഒ വിലയായ 949 രൂപയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കിലും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഓഹരി വില 209 രൂപയാണ് ഇപ്പോള്‍. ഇതിന്റെ ഇരട്ടിയോളം വിലയ്ക്കായിരുന്നു ഐ.പി.ഒ.
ഐ.ടിയുടെ തളര്‍ച്ച
വിശാലവിപണിയില്‍ നിഫ്റ്റി ഐ.ടി ഇന്ന് 0.97 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എഫ്.എം.സി.ജി 0.47 ശതമാനം നഷ്ടത്തോടെ ഇടിവിന് കൂട്ടുനിന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് 0.22 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.32 ശതമാനം നഷ്ടം നേരിട്ടു. 0.34 ശതമാനമാണ് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികയുടെ നഷ്ടം.
ബാങ്ക് നിഫ്റ്റി 0.44 ശതമാനം, ധനകാര്യം 0.33 ശതമാനം, ഫാര്‍മ 0.87 ശതമാനം, സ്വകാര്യബാങ്ക് 0.39 ശതമാനം, മെറ്റല്‍ 0.67 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്പ് 0.06 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.30 ശതമാനവും ഉയര്‍ന്നു.
കുതിച്ചവരും കിതച്ചവരും
സെന്‍സെക്‌സില്‍ ടി.സി.എസ്., എച്ച്.സി.എല്‍ ടെക്, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, നെസ്‌ലെ എന്നിവ ഇന്ന് നഷ്ടത്തിന് നേതൃത്വം നല്‍കി. ബള്‍ക്ക് ഡീലിന്റെ പശ്ചാത്തലത്തില്‍ പേയ്ടിഎം ഓഹരി 3 ശതമാനം ഇടിഞ്ഞു. 1,441 കോടി രൂപയുടെ ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ബലത്തില്‍ കഴിഞ്ഞദിവസം മുന്നേറിയ സി.ജി പവര്‍ ഓഹരി ഇന്ന് 6.91 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടവയില്‍ മുന്നിലെത്തി. പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍, എംഫസിസ്, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

എല്‍.ഐ.സി., ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഭാരത് ഡൈനാമിക്‌സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, അദാനി പവര്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, കോട്ടക് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
ഉഷാറില്ലാതെ കേരള ഓഹരികള്‍
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ കാര്യമായ മുന്നേറ്റം ഒരു കമ്പനിപോലും നടത്തിയില്ല. മണപ്പുറം ഫിനാന്‍സ് 3.05 ശതമാനം ഇടിഞ്ഞു. അപ്പോളോ ടയേഴ്‌സ്, ബി.പി.എല്‍., ധനലക്ഷ്മി ബാങ്ക്, ഇസാഫ് ബാങ്ക്, ഫാക്ട്, ജിയോജിത്, ഇന്‍ഡിട്രേഡ്, വണ്ടര്‍ല, മുത്തൂറ്റ് ഫിനാന്‍സ് എന്നിവ നഷ്ടമാണ് കുറിച്ചത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 


കേരള ആയുര്‍വേദ (2%), യൂണിറോയല്‍ മറീന്‍ (4.85%), വെര്‍ട്ടെക്‌സ് (2.72%), ടി.സി.എം (5%), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (1.94%), സ്‌കൂബിഡേ (2.09%), സഫ സിസ്റ്റംസ് (3.23%), നിറ്റ ജെലാറ്റിന്‍ (1.10%), കെ.എസ്.ഇ (1.70%), സി.എസ്.ബി ബാങ്ക് (0.74%), കൊച്ചി കപ്പല്‍ശാല (1.28%) എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

Tags:    

Similar News