വില്‍പ്പന സമ്മര്‍ദ്ദത്തിലും വന്‍ വീഴ്ച ഒഴിവാക്കി വിപണി; ലാഭക്കരുത്തിന്റെ ആവേശത്തില്‍ ആസ്റ്റര്‍, കിറ്റെക്‌സിന് ഇന്നും അപ്പര്‍സര്‍ക്യൂട്ട്

കൂടുതല്‍ നഷ്ടം നേരിട്ട് എഫ്.എം.സി.ഇ ഓഹരികള്‍

Update:2024-10-24 17:39 IST

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ (FII) വിറ്റഴിക്കല്‍ ശക്തമായി തുടരുന്നതിനിടയിലും നഷ്ടം പരിമിതപെടുത്തി സൂചികകള്‍. വ്യാപാര തുടക്കില്‍ 79,813.02 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും പിന്നീട് കരുത്ത് നേടിയ സെന്‍സെക്‌സ് 16 പോയിന്റ് മാത്രം നഷ്ടത്തില്‍ 80,065.16ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയും 24,341.20 വരെ താഴ്ന്ന ശേഷം 36.10 പോയിന്റ് നഷ്ടത്തില്‍ 24,399.40ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഒക്ടോബറിലെ പി.എം.ഐ സൂചിക (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്) ആരോഗ്യകരമായ വളര്‍ച്ച കാഴ്ചവച്ചതാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലും പൊരുതി നില്‍ക്കാന്‍ സൂചികകള്‍ക്ക് കരുത്ത് നല്‍കിയത്. എന്‍.എസ്.ഡി.എല്ലിന്റെ കണക്കനുസരിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 23 വരെ 93,088 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇന്ത്യന്‍ വിപണിയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നത് താരതമ്യേന കുറഞ്ഞ മൂല്യമുള്ള ചൈനീസ്, ഹോങ്‌കോങ് വിപണികളിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.
ഇതിനൊപ്പമാണ് രാജ്യത്തെ പ്രധാന കമ്പനികളുടെ വരുമാനം കുറയുന്നതായുള്ള കണക്കുകള്‍ പുറത്തു വരുന്നത്. വിപണിയുടെ  ഉയര്‍ച്ച, വരുമാന വളര്‍ച്ചയിലെ ഇടിവുമായി പൊരുത്തപ്പെടുന്നില്ല, അതിനാല്‍ ഓരോ ഉയര്‍ച്ചയിലും വിപണി വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിക്കുന്നു. നിക്ഷേപകര്‍ ഈ ഘട്ടത്തില്‍ ജാഗ്രത പാലിക്കുകയും താല്‍ക്കാലിക റാലികള്‍ പിന്തുടരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണമെന്നാണ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
അള്‍ട്രാടെക്, മഹീന്ദ്ര, ടൈറ്റൻ , അദാനി പോര്‍ട്‌സ് എന്നീ ഓഹരികളാണ് സെന്‍സെക്‌സിനെ താങ്ങി നിറുത്തിയത്. കോട്ടക്ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക് തുടങ്ങിയവ പിന്നോട്ടും വലിച്ചു.

വിവിധ സൂചികകളുടെ പ്രകടനം

ഇന്നത്തെ തിരുത്തല്‍ വിശാല വിപണിയെയും ബാധിച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.33 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.20 ശതമാനവും ഇടിഞ്ഞു.

വിവിധ ഓഹരി സൂചികകളുടെ പ്രകടനം

സെക്ടറല്‍ സൂചികകളില്‍ പി.എസ്.യു ബാങ്ക് മാത്രമാണ് ഒരു ശതമാനത്തിലധികം ഉയര്‍ന്നത്. നിഫ്റ്റി ബാങ്ക്, ഫാര്‍മ, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും നേട്ടത്തില്‍ പിടിച്ചു നിന്നു.
എഫ്.എം.സി.ജിയാണ് ഇന്ന് 2 ശതമാനം നഷ്ടത്തോടെ നിഫ്റ്റി സൂചികകളെ വലച്ചത്. റിയല്‍റ്റി ഒരു ശതമാനവും ഇടിഞ്ഞു.

ഓഹരികളുടെ കുതിപ്പും കിതപ്പും

സോന ബി.എല്‍ പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, ഐ.ഡി.ബി.ഐ ബാങ്ക്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് നിഫ്റ്റി 200ലെ നേട്ടക്കാര്‍.


നേട്ടത്തില്‍ ഇവര്‍

എസ്‌കോര്‍ട്‌സ് കുബോട്ടോയുടെ റെയില്‍വേ എക്വിപ്‌മെന്റ് ഡിവിഷന്‍ 1,600 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതാണ് സോന ബി.എല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. അതേസമയം ഇക്കാരണത്താല്‍ എസ്‌കോര്‍ട്‌സ് കുബോട്ട ഓഹരികളില്‍ 10 ശതമാനത്തോളം ഇടിവുണ്ടായി.

അദാനി ടോട്ടല്‍ രണ്ടാം പാദത്തില്‍ ലാഭം 176 കോടി രൂപയില്‍ നിന്ന് 186 കോടി രൂപയാക്കി ഉയര്‍ത്തി. കമ്പനിയുടെ വരുമാനം 1,240 കോടി രൂപയില്‍ നിന്ന് 1,320 കോടിയായി.

1,525 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യുവിന് അനുമതികിട്ടിയത് അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഓഹരികളെ അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാക്കി. റിലയന്‍സ് ഇന്‍ഫ്രാ ഓഹരികളും ഇന്ന് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ്.

നഷ്ടത്തില്‍ ഇവര്‍

രണ്ടാം പാദത്തില്‍ വരുമാനം കൂടിയെങ്കിലും ലാഭമാര്‍ജിന്‍ കുറഞ്ഞതാണ് കെ.പി.ഐ.ടി ടെക്നോളജീസ് ഓഹരികളെ എട്ട് ശതമാനം ഇടിവിലാക്കിയത്. ക്യു.ഐ.ബി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്) വഴി 2,880 കോടി രൂപയുടെ ഓഹരി വില്‍ക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. വ്യാപാരത്തിനിടെ ഓഹരി വില 14 ശതമാനം വരെ താഴ്ന്നിരുന്നു.

ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ രണ്ടാം പാദലാഭം കുറഞ്ഞതും വില്‍പ്പന കാര്യമായ വര്‍ധന നേടാത്തതും ഓഹരിയെ ബാധിച്ചു. അഞ്ച് ശതമാനം ഇടിവിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് മൂന്നാം പാദത്തില്‍ ലാഭത്തില്‍ വര്‍ധന നേടിയെങ്കിലും അനലിസ്റ്റുകളുടെ പ്രതീക്ഷയ്‌ക്കൊപ്പമെത്താതിരുന്നത് ഓഹരിയെ നഷ്ടത്തിലാക്കി. നാല് ശതമാനത്തിലധികമാണ് ഓഹരിയുടെ ഇടിവ്.

റോക്കറ്റ് പോലെ ആസ്റ്റര്‍

ഓഹരി വിപണിയുടെ പൊതുവേയുള്ള മന്ദത കേരള ഓഹരികളിലും പ്രകടമായി. എന്നാല്‍ ഒന്നാം പാദഫലം കുതിച്ചുയര്‍ന്നത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികളെ ആവേശത്തിലാക്കി. രാവിലെ 14 ശതമാനം വരെ ഉയര്‍ന്ന ഓഹരി വ്യാപാരാന്ത്യത്തില്‍ ഒമ്പത് ശതമാനം നേട്ടത്തിലാണ്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി ഇന്നും അപ്പര്‍ സര്‍ക്യൂട്ടടിച്ചു. ഓഹരി വില 509 രൂപയിലായി. കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ ഒക്ടോബര്‍ 30ന് പുറത്തുവിടാനിരിക്കെയാണ് ഓഹരിയുടെ തുടര്‍ച്ചയായ കുതിപ്പ്.
ഈസ്റ്റേണ്‍ ട്രെഡ്‌സ് 5.81 ശതമാനം നേട്ടത്തിലാണ്. അതേസമയം, ഇന്നലെ 7 ശതമാനത്തിലധികം ഉയര്‍ന്ന ജിയോജിത് ഓഹരികള്‍ ഇന്ന് 4 ശതമാനം നഷ്ടത്തിലായി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ടി.സി.എം ഓഹരിയാണ് നഷ്ടക്കണക്കില്‍ ഇന്ന്‌ മുന്നിലെത്തിയത്. 6 ശതമാനമാണ് ഓഹരി വിലയിടിഞ്ഞത്. സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഇന്നും നഷ്ടം തുടര്‍ന്നു. ഇന്നലെ രണ്ട് ശതമാനം വീഴ്ച രേഖപ്പെടുത്തിയ ഓഹരി ഇന്ന് ഓഹരി ഇന്ന് 5 ശതമാനത്തോളം താഴ്ന്നു. ടോളിന്‍സ് ടയേഴ്‌സ് ഓഹരിയും 3.17 ശതമാനം ഇടിവുണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, ആഡ്‌ടെക് സിസ്റ്റംസ് ഓഹരികളും ഇന്ന് രണ്ട് ശതമാനത്തിലധികം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News