ബാങ്ക് ഓഹരികളില്‍ 'ഷോപ്പിംഗ്' ഉത്സവം! ആക്‌സിസ് ബാങ്കും എസ്.ബി.ഐയും കുതിപ്പില്‍, കോട്ടക് ബാങ്ക് ഓഹരികളില്‍ കണ്ണീര്‍പ്പുഴ

സെന്‍സെക്‌സും നിഫ്റ്റിയും 5-ാം നാളിലും കുതിച്ചു, കോട്ടക് ബാങ്കിനെ കടത്തിവെട്ടി ആക്‌സിസ് ബാങ്ക്, തിളങ്ങി വോഡ-ഐഡിയയും 'ഷിപ്പ്‌യാര്‍ഡ്' ഓഹരികളും, നിക്ഷേപകര്‍ക്ക് 2.78 ലക്ഷം കോടിയുടെ നേട്ടം

Update:2024-04-25 18:34 IST

ആഗോളതലത്തില്‍ നിന്ന് വീശിയടിച്ച സമ്മിശ്ര ട്രെന്‍ഡിനെ ഗൗനിക്കാതെ തുടര്‍ച്ചയായ അഞ്ചാംനാളിലും നേട്ടത്തിലേറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഉച്ചവരെ കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും വൈകിട്ടോടെ സൂചികകള്‍ നേട്ടത്തിന്റെ ട്രാക്ക് പിടിക്കുകയായിരുന്നു.

സെന്‍സെക്‌സ് ഇന്ന് 486.50 പോയിന്റ് (+0.66%) ഉയര്‍ന്ന് 74,339.44ലും നിഫ്റ്റി 167.95 പോയിന്റ് (+0.75%) നേട്ടവുമായി 22,570.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നൊരുവേള സെന്‍സെക്‌സ് 74,571 വരെ ഉയരുകയും 73,556 വരെ താഴുകയും ചെയ്തിരുന്നു. നിഫ്റ്റിയും 22,305 വരെ പോയിന്റ് താഴുകയും 22,625 വരെ ഉയരുകയും ചെയ്തശേഷമാണ് നേട്ടത്തിൽ തന്നെ  അവസാനിപ്പിച്ചത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

സമ്മിശ്ര ട്രെന്‍ഡിനെ അതിജീവിച്ച് മുന്നോട്ട്
ആഗോളതലത്തില്‍ നിന്ന് സമ്മിശ്രക്കാറ്റാണ് ഇന്ന് വീശിയടിച്ചത്. ജപ്പാന്റെ നിക്കേയ് സൂചിക ഇന്ന് നെഗറ്റീവിലായിരുന്നു. ജാപ്പനീസ് യെന്നിന്റെ മൂല്യമാകട്ടെ ഡോളറിനെതിരെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നിലവാരത്തിലുമാണ്.
ചൈയിലെ ഷാങ്ഹായ് 0.30 ശതമാനം ഉയര്‍ന്നു. ഹോങ്കോംഗിലെ ഹാങ്‌സെങ്ങും യൂറോപ്യന്‍ വിപണികളും പ്രത്യേകിച്ച് യു.കെയുടെ എഫ്.ടി.എസ്.ഇയും പോസിറ്റീവ് പാതയിലാണുള്ളത്. എന്നാല്‍, ഈ ട്രെന്‍ഡിനെ മറികടന്ന് ആഭ്യന്തര ചലനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നും നേട്ടത്തില്‍ തുടരുകയായിരുന്നു. ബാങ്കിംഗ് ഓഹരികളിലെ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് സൂചികകളെ നേട്ടത്തില്‍ പിടിച്ചുനിറുത്താന്‍ പ്രധാനമായും സഹായിച്ചത്.
നേട്ടത്തിലേറിയവര്‍
എസ്.ബി.ഐയുടെ ഓഹരികള്‍ ഇന്നൊരുവേള 5.2 ശതമാനം കുതിച്ച് റെക്കോഡ് ഉയരമായ 813 രൂപയിലെത്തി. വ്യാപാരാന്ത്യത്തിലെ നേട്ടം 5.10 ശതമാനമാണ്. ആക്‌സിസ് ബാങ്ക് 6 ശതമാനം കുതിച്ചു.
നാലാംപാദത്തില്‍ 5,762 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 7,130 കോടി രൂപയുടെ ലാഭത്തിലേക്ക് ഇരച്ചുകയറിയത് ബാങ്കിന്റെ ഓഹരികള്‍ ആഘോഷമാക്കി. മാത്രമല്ല, റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ നേരിട്ട ക്ഷീണവും ഇന്ന് ആക്‌സിസ് ബാങ്കിന്റെ ഉള്‍പ്പെടെ മറ്റ് പ്രമുഖ ബാങ്കോഹരികള്‍ക്കും നേട്ടമായി.
ആക്‌സിസ് ബാങ്ക് വിപണിമൂല്യത്തില്‍ കോട്ടക് ബാങ്കിനെ കടത്തിവെട്ടി ഇന്ത്യയിലെ നാലാമത്തെ ബാങ്കായി മാറുകയും ചെയ്തു. 3.26 ലക്ഷം കോടി രൂപയുമായി കോട്ടക് ബാങ്ക് അഞ്ചാംസ്ഥാനത്തായി. 3.48 ലക്ഷം കോടി രൂപയുമായി ആക്‌സിസ് ബാങ്ക് നാലാംസ്ഥാനം പിടിച്ചെടുത്തു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

എച്ച്.ഡി.എഫ്.സി ബാങ്കാണ് ഒന്നാംസ്ഥാനത്ത്; വിപണിമൂല്യം 11.5 ലക്ഷം കോടി രൂപ. ഐ.സി.ഐ.സി.ഐ ബാങ്ക് (7.70 ലക്ഷം കോടി രൂപ), എസ്.ബി.ഐ (7.25 ലക്ഷം കോടി രൂപ) എന്നിവയുമാണ് ആക്‌സിസ് ബാങ്കിന് മുന്നിലുള്ളത്.
എസ്.ബി.ഐയുടെ നാലാംപാദ പ്രവര്‍ത്തനഫലം മെച്ചപ്പെട്ടതാകുമെന്ന ബ്രോക്കറേജുകളുടെ വിലയിരുത്തലും ബാങ്കിന്റെ ഓഹരികളെ ഇന്ന് റെക്കോഡിലേക്ക് നയിച്ചു.
ബാങ്ക് ഓഫ് അമേരിക്ക (BoFA) സെക്യൂരിറ്റീസില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് കിട്ടിയ ഭാരത് ഫോര്‍ജ് ഇന്ന് 7.36 ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതിന്റെ ഊര്‍ജത്തോടെ ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ഓഹരി 6.24 ശതമാനം ഉയര്‍ന്ന് രണ്ടാമതുണ്ട്.
ആക്‌സിസ് ബാങ്ക്, മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, വോഡഫോണ്‍ ഐഡിയ എന്നിവയാണ് നിഫ്റ്റി 200ലെ നേട്ടത്തില്‍ ടോപ് 5ലുള്ള മറ്റ് ഓഹരികള്‍. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും മ്യൂച്വല്‍ഫണ്ടുകളും വന്‍തോതില്‍ ഓഹരി വാങ്ങിക്കൂട്ടുന്നതും കേന്ദ്രസര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍' കാമ്പയിനുകളുടെ ഭാഗമായി കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടുമെന്ന പ്രതീക്ഷകളുമാണ് മാസഗോണ്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നീ കപ്പല്‍ശാലാ ഓഹരികള്‍ക്ക് നേട്ടമാകുന്നത്.
എഫ്.പി.ഒ ഓഹരികളുടെ ലിസ്റ്റിംഗിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 5 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയത്. നെസ്‌ലെ, ജിന്‍ഡാല്‍ സ്റ്റീല്‍, എന്‍.ടി.പി.സി., ഐ.ടി.സി., സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടം സെന്‍സെക്‌സില്‍ കുറിച്ചിട്ട മറ്റ് പ്രമുഖര്‍.
നിരാശപ്പെടുത്തിയവര്‍
റിസര്‍വ് ബാങ്കിന്റെ വിലക്ക് നേരിടുന്ന കോട്ടക് ബാങ്ക് ഓഹരികള്‍ ഇന്ന് 10.73 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ മുഖ്യ പ്രൊമോട്ടറും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കറുമായ ഉദയ് കോട്ടക്കിന്റെ ആസ്തിയില്‍ നിന്ന് 130 കോടി ഡോളറും (ഏകദേശം 10,000 കോടി രൂപ) ഇന്ന് കൊഴിഞ്ഞു.
ഹോര്‍ലിക്‌സിനെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്ന് മാറ്റിയതും മോശം നാലാംപാദ പ്രവര്‍ത്തനഫലവും എച്ച്.യു.എല്‍ ഓഹരികളെയും ഇന്ന് തളര്‍ത്തി; ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു. കഴിഞ്ഞപാദ ലാഭം 47 ശതമാനം ഇടിഞ്ഞ ഡാല്‍മിയ ഭാരത് കമ്പനിയുടെ ഓഹരിയും ഇന്ന് ക്ഷീണം നേരിട്ടു; ഏഴര ശതമാനമാണ് ഓഹരിയുടെ വീഴ്ച.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

കോട്ടക് ബാങ്ക്, ഡാല്‍മിയ ഭാരത്, ഇന്ത്യന്‍ ഹോട്ടല്‍സ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് 3-10.73 ശതമാനം ഇടിവുമായി കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി റിയല്‍റ്റി (-0.25%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (-0.43%) എന്നിവ ഒഴികെയുള്ളവ ഇന്ന് മികച്ച നേട്ടം കുറിച്ചു. പൊതുമേഖലാ ബാങ്കോഹരികളിലെ വാങ്ങല്‍ മഹാമഹം ഇന്ന് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികയെ 3.77 ശതമാനം ഉയര്‍ത്തി.
ബാങ്ക് നിഫ്റ്റി 0.63 ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി ഫാര്‍മ 1.57 ശതമാനം, ഓട്ടോ 1.27 ശതമാനം, മെറ്റല്‍ 1.11 ശതമാനം, എഫ്.എം.സി.ജി 0.67 ശതമാനം, ഹെല്‍ത്ത്‌കെയര്‍ 1.38 ശതമാനം എന്നിവയും മികച്ച തിളക്കം നേടി. നിഫ്റ്റി മിഡ്ക്യാപ്പ് 0.47 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.84 ശതമാനവും നേട്ടത്തിലാണ്.
നിഫ്റ്റി50ല്‍ ഇന്ന് 40 ഓഹരികള്‍ നേട്ടത്തിലും 10 എണ്ണം നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്കാണ് 6.04 ശതമാനം നേട്ടവുമായി കൂടുതല്‍ തിളങ്ങിയത്. എസ്.ബി.ഐ, ഡോ.റെഡ്ഡീസ് എന്നിവ 5.03 ശതമാനം നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്.
കൂടുതല്‍ നിരാശപ്പെടുത്തിയത് 10.73 ശതമാനം ഇടിഞ്ഞ കോട്ടക് ബാങ്ക് തന്നെ. ഇന്നലെ വിപണി അടച്ചശേഷമാണ് വിലക്കിന്റെ വാര്‍ത്ത പുറത്തുവന്നത്. ഇന്ന് വിപണി തുറന്നപ്പോൾ ഓഹരികൾ ഇടിയുകയായിരുന്നു.
ബി.എസ്.ഇയില്‍ 2,076 ഓഹരികള്‍ നേട്ടത്തിലും 1,718 എണ്ണം നഷ്ടത്തിലുമായിരുന്നു. 140 ഓഹരികളുടെ വില മാറിയില്ല. 249 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടപ്പോള്‍ 11 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ടില്‍ 7 ഓഹരികളും ലോവര്‍-സര്‍ക്യൂട്ടില്‍ 4 ഓഹരികളും വ്യാപാരം ചെയ്യപ്പെട്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 2.73 ലക്ഷം കോടി രൂപ വര്‍ധിച്ച് 404.10 ലക്ഷം കോടി രൂപയെന്ന റെക്കോഡിലുമെത്തി.

മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും എസ്.ഐ.ബിയും

കേരളക്കമ്പനി ഓഹരികളിലിന്ന് സമ്മിശ്രപ്രകടനമായിരുന്നു.  ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനിയാണ് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില 7 ശതമാനത്തിലധികം ഉയര്‍ന്നു. നാല് ശതമാനത്തോളം ഉയര്‍ന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍ തൊട്ടു പിന്നില്‍. സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയും ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

രണ്ടു ദിവസമായി വില ഇടിവ് കാണിക്കുന്ന ആസ്റ്റര്‍, കേരള ആയുര്‍വേദ ഓഹരികള്‍ ഇന്നും നാല് ശതമാനത്തിലധികം താഴേക്കു പോയി. വെസ്‌റ്റേണ്‍ ഇന്ത്യ, യൂണിറോയല്‍ മറൈന്‍ എക്സ്പോര്‍ട്‌സ് എന്നിവയും നാല് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. കല്യാണ്‍ ജുവലേഴ്‌സ്, വി-ഗാര്‍ഡ്, വണ്ടര്‍ലാ ഓഹരികളും ഇന്ന് നഷ്ടക്കാരുടെ കൂടെക്കൂടി.

Tags:    

Similar News