ഉറ്റുനോട്ടം ജി.ഡി.പിയിലേക്ക്; ചുവപ്പണിഞ്ഞ് വിപണി, കുതിച്ച് അദാനി ഓഹരികള്‍, ഏഷ്യന്‍ പെയിന്റ്‌സിന് ക്ഷീണം
റെയ്ഡില്‍ തട്ടിവീണ് ആല്‍കെം ലാബ് ഓഹരി; വോഡഫോണ്‍ ഐഡിയയും കിതപ്പില്‍, ഊര്‍ജമില്ലാതെ കേരള ഓഹരികളും
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്ന് പ്രതികൂലക്കാറ്റടിച്ചതിന്റെയും ആവേശം പകരുന്ന വാര്‍ത്തകളില്ലാത്തതിന്റെയും ക്ഷീണം മൂലം നഷ്ടത്തിലേക്ക് ആഴ്ന്നിറങ്ങി ഇന്ത്യന്‍ ഓഹരി സൂചികകള്‍. കഴിഞ്ഞവാരം മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികളില്‍ ഇന്ന് ലാഭമെടുപ്പ് തകൃതിയായതും തിരിച്ചടിയായി.
ഇന്ത്യ, അമേരിക്ക എന്നിവയുടെ ഡിസംബര്‍പാദ ജി.ഡി.പി വളര്‍ച്ചാക്കണക്കുകള്‍ വൈകാതെ പുറത്തുവരും. പുറമേ യൂറോമേഖലയിലെ പണപ്പെരുപ്പക്കണക്ക്, അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് എന്നിവയും ഉടന്‍ പുറത്തുവരാനിരിക്കേ ആഗോള ഓഹരി വിപണികളുണ്ടായ ചാഞ്ചാട്ടവും ഇന്ന് ഇന്ത്യന്‍ ഓഹരികളില്‍ അലയടിച്ചു. 0.35 ശതമാനം ഉയര്‍ന്ന ജപ്പാന്റെ നിക്കേയ് ഒഴികെയുള്ള മറ്റ് മുന്‍നിര ഓഹരി വിപണികളെല്ലാം നഷ്ടത്തിലായിരുന്നു എന്നതും നിരാശയ്ക്ക് വഴിയൊരുക്കി.
ഇന്ന് വ്യാപാരത്തിന്റെ തുടക്കം മുതല്‍ തന്നെ നിഫ്റ്റിയും സെന്‍സെക്‌സും തിരുത്തലിന് സാക്ഷിയായി. സെന്‍സെക്‌സ് ഒരുവേള 72,666 വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി 72,790.13ല്‍ വ്യാപാരം അവസാനിപ്പിച്ചു. 352.67 പോയിന്റാണ് (-0.48%) ഇന്നത്തെ നഷ്ടം. നിഫ്റ്റി 90.65 പോയിന്റ് (-0.41%) താഴ്ന്ന് 22,122.05ലും വ്യാപാരം പൂര്‍ത്തിയാക്കി.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ 37 ഓഹരികളും ഇന്ന് ചുവപ്പണിഞ്ഞു. 12 ഓഹരികളേ നേട്ടം കുറിച്ചുള്ളൂ. ഒരു ഓഹരിയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എല്‍ ആന്‍ഡ് ടി 2.43 ശതമാനം കുതിപ്പുമായി നിഫ്റ്റി 50ല്‍ നേട്ടത്തില്‍ മുന്നിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് കിട്ടിയ കരുത്തിലാണ് മുന്നേറ്റം. പവര്‍ഗ്രിഡ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റാ കണ്‍സ്യൂമര്‍, എസ്.ബി.ഐ ലൈഫ് എന്നിവയും 1.5-2 ശതമാനം നേട്ടവുമായി മികവ് പുലര്‍ത്തി.
ബ്രോക്കറേജില്‍ നിന്നുള്ള അനുകൂല സ്റ്റാറ്റസിന്റെ കരുത്തിലാണ് ടാറ്റാ കണ്‍സ്യൂമറിന്റെ ഉയര്‍ച്ച. മള്‍ട്ടിബാഗര്‍ ഊര്‍ജ ഓഹരിക്കമ്പനിയായ സ്‌കിപ്പറിന് 737 കോടി രൂപ മതിക്കുന്ന 765 കെ.വി ട്രാന്‍സ്മിഷന്‍ പ്രോജക്റ്റിനുള്ള ഓര്‍ഡര്‍ പവര്‍ഗ്രിഡ് നല്‍കിയിരുന്നു. സ്‌കിപ്പറും ഇന്ന് 13 ശതമാനത്തിലധികം കുതിച്ചു.
ബി.എസ്.ഇയില്‍ 4,108 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,665 എണ്ണം നേട്ടത്തിലും 2,312 എണ്ണം നഷ്ടത്തിലുമായിരുന്നു. 131 ഓഹരികളുടെ വില മാറിയില്ല.
385 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 24 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപകമൂല്യം ഇന്ന് 1.01 ലക്ഷം കോടി രൂപ ഇടിഞ്ഞ് 392.02 ലക്ഷം കോടി രൂപയിലുമെത്തി.
ഇവര്‍ ഇന്നത്തെ താരങ്ങള്‍
എല്‍ ആന്‍ഡ് ടി., പവര്‍ഗ്രിഡ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖര്‍.
റിസര്‍വ് ബാങ്കില്‍ നിന്ന് ശിക്ഷാനടപടി നേരിടുന്ന പേയ്ടിഎമ്മിന്റെ (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി ഇന്ന് 5 ശതമാനം നേട്ടമുണ്ടാക്കി. യു.പി.ഐ സേവനത്തില്‍ തേര്‍ഡ്-പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡറായി മാറാന്‍ അനുവദിക്കണമെന്ന പേയ്ടിഎമ്മിന്റെ ആവശ്യം പരിഗണിക്കാന്‍ എന്‍.പി.സി.ഐയോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
എ.സി.സി ഒഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് മികച്ച നേട്ടത്തിലേറി. അദാനി എനര്‍ജി സൊല്യൂഷന്‍സ് 8.6 ശതമാനം കുതിച്ചു. അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനത്തോളം ഉയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ വിദേശ കടബാധ്യത കുറഞ്ഞത്, പുതിയ മൂലധന സമാഹരണ നീക്കങ്ങള്‍, ഊബറുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാനുള്ള നീക്കം, എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് വിദേശത്തും കരുത്തറിയിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അദാനി ഗ്രൂപ്പ് ഓഹരികളെ ഉഷാറാക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഗൗതം അദാനി 100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളവരുടെ ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുമുണ്ട്.
അദാനി എനര്‍ജി സൊല്യൂഷന്‍സ്, പി.ബി ഫിന്‍ടെക് (പോളിസിബസാര്‍), ഭാരത് ഡൈനാമിക്‌സ്, പേയ്ടിഎം, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവ. റീഅഷ്വറന്‍സ് സേവനങ്ങളിലേക്ക് ഉള്‍പ്പെടെ കടക്കാനുള്ള ലൈസന്‍സ് അപ്‌ഗ്രേഡ് അടുത്തിടെ പോളിസിബസാറിന് ലഭിച്ചിരുന്നു.
നിരാശപ്പെടുത്തിയവര്‍
ഐ.ടി., മെറ്റല്‍, ഫാര്‍മ ഓഹരികളാണ് ഇന്ന് കൂടുതല്‍ വില്‍പനസമ്മര്‍ദ്ദം അനുഭവിച്ചത്. ആഗോളതലത്തില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇവയ്ക്ക് തിരിച്ചടിയായി.
ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, ഡിവീസ് ലാബ്, ടെക് മഹീന്ദ്ര എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നിരാശപ്പെടുത്തിയ പ്രമുഖര്‍.
പെയിന്റ് ബിസിനസില്‍ എതിരാളികള്‍ കൂടുന്നതും ബ്രോക്കറേജുകള്‍ സ്റ്റാറ്റസ് താഴ്ത്തിയതും ഏഷ്യന്‍ പെയിന്റ്‌സിന് തിരിച്ചടിയായി. ആല്‍കെം ലാബ്, വോഡഫോണ്‍ ഐഡിയ, ഏഷ്യന്‍ പെയിന്റ്‌സ്, മാന്‍കൈന്‍ഡ് ഫാര്‍മ, യെസ് ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
ആയിരം കോടി രൂപയ്ക്കുമേല്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവും ആദായ നികുതിവകുപ്പിന്റെ റെയ്ഡുമാണ് ആല്‍കെം ലാബ് ഓഹരികളെ 8 ശതമാനം താഴേക്ക് വീഴ്ത്തിയത്. മൂലധന സമാഹരണം വോഡഫോണ്‍ ഐഡിയയ്ക്ക് സുഗമമാവില്ലെന്ന വിലയിരുത്തലുകളും കമ്പനിയിലെ ഓഹരി പങ്കാളിത്തം ഉടന്‍ വിറ്റൊഴിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും ഓഹരികളില്‍ നിരാശപടര്‍ത്തി.
ഉഷാറില്ലാതെ കേരള കമ്പനികള്‍
കേരളത്തില്‍ നിന്നുള്ള ഓഹരികളിലും ഇന്ന് വലിയ മുന്നേറ്റം കണ്ടില്ല. കേരള ആയുര്‍വേദ 5 ശതമാനം ഉയര്‍ന്നത് ഒരു അപവാദമാണ്. ധനലക്ഷ്മി ബാങ്ക് മൂന്ന് ശതമാനവും ഫെഡറല്‍ ബാങ്ക് 0.62 ശതമാനവും ഇസാഫ് ബാങ്ക് 1.11 ശതമാനവും താഴ്ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.09 ശതമാനം ഉയര്‍ന്നു.
വി-ഗാര്‍ഡ്, കിറ്റെക്‌സ് എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഫാക്ട്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, കെ.എസ്.ഇ., കല്യാണ്‍ ജുവലേഴ്‌സ്, നിറ്റ ജെലാറ്റിന്‍ എന്നിവ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
വിശാല വിപണിയില്‍ ചുവപ്പുമയം
ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, ഓട്ടോ സൂചികകള്‍ 0.12 ശതമാനം ഉയര്‍ന്നു എന്നതൊഴിച്ചാല്‍ വിശാല വിപണിയില്‍ ഇന്ന് സര്‍വം ചുവപ്പുമയമായിരുന്നു.
നിഫ്റ്റി ഐ.ടി സൂചിക 1.17 ശതമാനവും മെറ്റല്‍ 0.94 ശതമാനവും ഇടിഞ്ഞു. 0.50 ശതമാനം നഷ്ടത്തിലാണ് ബാങ്ക് നിഫ്റ്റിയുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.36 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.26 ശതമാനവും താഴ്ന്നു.