നാലാംനാളില്‍ കരകയറി ഓഹരി; കരുത്തായി റിലയന്‍സും ഐ.ടി.സിയും
ബാങ്ക് നിഫ്റ്റി 0.47% കുതിച്ചു, വണ്ടര്‍ല, മണപ്പുറം ഫൈനാന്‍സ് ഓഹരികളിലും മുന്നേറ്റം
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് വിരാമം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തിലേറി. കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി., ഐ.ടി.സി, ഇന്‍ഫോസിസ് എന്നീ വന്‍കിട ഓഹരികളില്‍ ഇന്നുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് ഓഹരികളെ കരകയറ്റിയത്. സെന്‍സെക്‌സ് 351.49 പോയിന്റ് (0.53%) ഉയര്‍ന്ന് 66,707.20ലും നിഫ്റ്റി 97.70 പോയിന്റ് (0.5%) നേട്ടവുമായി 19,778.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിലേറിയവര്‍
രണ്ടുമുതല്‍ മൂന്ന് ശതമാനം വരെ നേട്ടവുമായി ഐ.ടി.സിയും എല്‍ ആന്‍ഡ് ടിയുമാണ് ഇന്ന് സെന്‍സെക്‌സില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഹോട്ടല്‍ ബിസിനസിനെ വേര്‍തിരിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ ഐ.ടി.സിയെ തളര്‍ത്തിയെങ്കിലും ഇന്ന് നിക്ഷേപകര്‍ അനുകൂല നിലപാട് എടുത്തത് നേട്ടമാവുകയായിരുന്നു. 10,000 കോടി രൂപയുടെ ഓഹരികള്‍ തിരികെവാങ്ങാന്‍ (ബൈബാക്ക്) തീരുമാനിച്ചതാണ് എല്‍ ആന്‍ഡ് ടി ഓഹരികളില്‍ ഇന്ന് കുതിപ്പിന് വഴിവച്ചത്. ഓഹരിയൊന്നിന് 3,000 രൂപ നിരക്കിലാണ് ബൈബാക്ക് നടത്തുന്നത്. എല്‍ ആന്‍ഡ് ടിയുടെ കഴിഞ്ഞപാദ ലാഭം 46 ശതമാനം ഉയര്‍ന്ന് 2,493 കോടി രൂപയായതും ഓഹരികള്‍ക്ക് ആവേശമായി.
സണ്‍ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., ഇന്‍ഫോസിസ് എന്നിവയും സെന്‍സെക്‌സിന്റെ കരകയറ്റത്തിന് പിന്തുണ നല്‍കി.
ബാങ്ക് നിഫ്റ്റി 0.47 ശതമാനം മുന്നേറി 46,062.35ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.44 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.17 ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒഴികെയുള്ളവ ഇന്ന് നേട്ടത്തിലേറി. നിഫ്റ്റി എഫ്.എം.സി.ജി., പൊതുമേഖലാ ബാങ്ക്, റിയാല്‍റ്റി എന്നിവ ഒരു ശതമാനത്തിലേറെ കുതിച്ചു; ഒന്നര ശതമാനം കുതിപ്പാണ് പൊതുമേഖലാ ബാങ്കോഹരികള്‍ നടത്തിയത്.
വോഡാഫോണ്‍-ഐഡിയ 14.5% കുതിച്ചു
വൊഡാഫോണ്‍-ഐഡിയ (വീ) ഇന്ന് 14.56 ശതമാനം കുതിച്ചുകയറി. കഴിഞ്ഞ ലേലത്തില്‍ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ വൊഡാഫോണ്‍-ഐഡിയ ഇതുവരെ 5ജി സേവനം ആരംഭിച്ചിട്ടില്ല. ചട്ടപ്രകാരം ഓഗസ്റ്റ് 16ന് ഈ സ്‌പെക്ട്രത്തിന്റെ കാലാവധി തീരും. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കമ്പനി ടെലികോം കമ്പനിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ മുന്നേറ്റം. 5ജി സ്‌പെക്ട്രം നേടിയ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡേറ്റ നെറ്റ്‌വര്‍ക്ക്‌സും ഇതേ ആവശ്യവുമായി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
പിരാമല്‍ എന്റര്‍പ്രൈസസ്, ഇന്‍ഡസ് ടവേഴ്‌സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ടൊറന്റ് പവര്‍ എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ ഏറ്റവുമധികം മുന്നേറിയ മറ്റ് ഓഹരികള്‍.
നിരാശപ്പെടുത്തിയവര്‍
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫൈനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 1.30 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 303.93 ലക്ഷം കോടി രൂപയായിട്ടുണ്ട്.
സെന്‍സെക്‌സില്‍ 1,839 ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. 1,708 ഓഹരികള്‍ താഴ്ന്നു. 149 ഓഹരികളുടെ വില മാറിയില്ല. 236 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 33 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍ സര്‍ക്യൂട്ടില്‍ ഇന്നൊരു കമ്പനിയെ പോലും കണ്ടില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ 5 കമ്പനികളുണ്ടായിരുന്നു.
നിഫ്റ്റിയില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത് മാന്‍കൈന്‍ഡ് ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ, അദാനി ട്രാന്‍സ്മിഷന്‍, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, അദാനി പവര്‍ എന്നിവയാണ്.
മുന്നേറി ചെറുകിട കേരള കമ്പനികള്‍
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഇന്ന് ഏറ്റവുമധികം തിളങ്ങിയത് ചെറുകിട ഓഹരികളാണ്. സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് 10.29 ശതമാനവും സഫ സിസ്റ്റംസ് 9.61 ശതമാനവും ആസ്പിന്‍വോള്‍ 9.22 ശതമാനവും കുതിച്ചു.
വണ്ടര്‍ല ഹോളിഡെയ്‌സ് 5.30 ശതമാനം നേട്ടമുണ്ടാക്കി. പുതിയ സി.ഒ.ഒ ആയി ധീരന്‍ സിംഗ് ചൗധരിയെ വണ്ടര്‍ല നിയമിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് രണ്ടര രൂപ വീതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ചൈനീസ് കമ്പനിയില്‍ നിന്ന് പുതിയ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ച പശ്ചാത്തലത്തില്‍ കിംഗ്‌സ് ഇന്‍ഫ്രയുടെ ഓഹരികള്‍ ഇന്ന് 4.90 ശതമാനം നേട്ടമുണ്ടാക്കി. മണപ്പുറം ഫൈനാന്‍സ് ഓഹരികള്‍ ഇന്ന് 3.84 ശതമാനം ഉയര്‍ന്ന് 135.1 രൂപയിലെത്തി. ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫൈനാന്‍സിന്റെ ഐ.പി.ഒയ്ക്ക് മണപ്പുറം ഒരുക്കം തുടങ്ങിയെന്ന വാര്‍ത്തകളാണ് നേട്ടമായത്.
പ്രൈമ ഇന്‍ഡസ്ട്രീസ് (4.98 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.85 ശതമാനം), ടി.സി.എം (2.42 ശതമാനം), ഫാക്ട് (2.40 ശതമാനം), സെല്ല സ്‌പേസ് (2.07 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടവ.
അമേരിക്കന്‍ പലിശയും രൂപയും
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ സമിതിയുടെ (എഫ്.ഒ.എം.സി) യോഗം ഇന്ന് ഇന്ത്യന്‍ സമയം രാത്രി വൈകി നടക്കും. നിലവില്‍ 5-5.25 ശതമാനം നിരക്കിലുള്ള അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇത് സംബന്ധിച്ച ആശങ്ക ശക്തമായതിനാല്‍ അമേരിക്കന്‍, യൂറോപ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായിരുന്നു. ഹോങ്കോംഗ്, ചൈനീസ് വിപണികളും തളര്‍ച്ചയിലാണ്.
ഡോളറിനെതിരെ രൂപയും നഷ്ടം നേരിട്ടു. അമേരിക്ക പലിശ കൂട്ടിയേക്കാമെന്ന വിലയിരുത്തലുകളുള്ളതിനാല്‍ ഡോളര്‍ കരുത്ത് നേടി. 81.87ല്‍ നിന്ന് രൂപയുടെ മൂല്യം 81.99ലേക്ക് ഇടിഞ്ഞു.