വടിയെടുത്ത് സെബി; മിഡ്-സ്‌മോള്‍ക്യാപ്പുകളില്‍ കണ്ണീര്‍, ഒറ്റയടിക്ക് നഷ്ടം ₹6 ലക്ഷം കോടി; 14% ഇടിഞ്ഞ് വോഡഫോണ്‍ ഐഡിയ

വില്‍പനസമ്മര്‍ദ്ദത്തില്‍ വലഞ്ഞ് സീ ഓഹരികളും; റിലയന്‍സ് ക്യാപ്പിറ്റലിനെ ഡീലിസ്റ്റ് ചെയ്യും, നിരാശപ്പെടുത്തി കേരള ഓഹരികളും

Update:2024-02-28 17:51 IST
ആഭ്യന്തര, ആഗോളതലത്തില്‍ നിന്ന് ആഞ്ഞടിച്ച കനത്ത സമ്മര്‍ദ്ദങ്ങളില്‍ തട്ടി നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നേട്ടത്തോടെ വ്യാപാരത്തിന് തുടക്കമിട്ട സെന്‍സെക്‌സിനും നിഫ്റ്റിക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വ്യാപാരം ആദ്യമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സൂചികകള്‍ കനത്ത നഷ്ടത്തില്‍ മുങ്ങി.
790 പോയിന്റിടിഞ്ഞ് (-1.08%) 72,304.88ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 247.20 പോയിന്റ് (-1.11%) താഴ്ന്ന് 21,951.15ലും വ്യാപാരം അവസാനിപ്പിച്ചു. വന്‍കിടക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ 4.2 ശതമാനം വരെ ഇടിഞ്ഞത് നിഫ്റ്റി 50യെ നഷ്ടത്തിലേക്ക് തള്ളി.
നിഫ്റ്റി 50ല്‍ ഇന്ന് വെറും 4 കമ്പനികളാണ് പച്ചതൊട്ടത്. 46 ഓഹരികള്‍ നഷ്ടത്തിലമര്‍ന്നു. ബി.എസ്.ഇയില്‍ 3,921 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ വെറും 881 ഓഹരികളാണ് നേട്ടം കുറിച്ചത്. 2,963 ഓഹരികളുടെ വിലയിടിഞ്ഞു. 77 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

260 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടപ്പോള്‍ 47 എണ്ണം 52-ആഴ്ചത്തെ താഴ്ചയിലേക്ക് പതിച്ചു. അപ്പര്‍-സര്‍കീട്ട് ഇന്നും ശൂന്യമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയെ കണ്ടു. 400 ലക്ഷം കോടി രൂപയെന്ന (ഏകദേശം 5 ലക്ഷം കോടി ഡോളര്‍) നാഴികക്കല്ലിലേക്ക് ഉന്നമിട്ട് മുന്നേറിയ ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപക സമ്പത്ത് ഇന്ന് പക്ഷേ, തിരിച്ചടിയില്‍ വലഞ്ഞു. ഇന്ന് ഒറ്റദിവസം കൊഴിഞ്ഞത് 6 ലക്ഷം കോടിയോളം രൂപ. മൂല്യം 391 ലക്ഷം കോടി രൂപയില്‍ നിന്ന് 385.97 ലക്ഷം കോടി രൂപയിലേക്കും ഇടിഞ്ഞു.
തിരിച്ചടിയുടെ കാരണങ്ങള്‍
അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് ഉടനൊന്നും കുറയ്ക്കില്ലെന്ന വിലയിരുത്തല്‍, വൈകാതെ പുറത്തുവരുന്ന ഇന്ത്യയുടെയും അമേരിക്കയുടെയും ജി.ഡി.പി വളര്‍ച്ചാക്കണക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഓഹരി വിപണിയെ ഉലയ്ക്കുന്നുണ്ട്.
എന്നാല്‍, ഇന്ന് ഇന്ത്യന്‍ ഓഹരികളുടെ വീഴ്ചയ്ക്ക് വളമിട്ടത് സെബിയാണ് (SEBI). മിഡ്, സ്‌മോള്‍ക്യാപ്പ് ഫണ്ടുകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്‍തോതില്‍ ഫണ്ടൊഴുകുന്നുണ്ട്. പല ഓഹരികളുടെയും വില വന്‍തോതില്‍ ഉയര്‍ന്നു. ഇത് വലിയ തിരുത്തലിന് വഴിവച്ചാല്‍, നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളുണ്ട്.
ഈ പശ്ചാത്തലത്തില്‍ നിക്ഷേപക താത്പര്യം സംരക്ഷിക്കുന്നത് മുന്‍നിറുത്തി ഫണ്ടൊഴുക്കില്‍ നിയന്ത്രണം വരുത്തണമെന്ന് മ്യൂച്വല്‍ഫണ്ടുകളോട് സെബി നിര്‍ദേശിച്ചിരുന്നു. എസ്.ഐ.പികളില്‍ ഉള്‍പ്പെടെ പരിധി നിശ്ചയിക്കാനാണ് സെബി ആവശ്യപ്പെട്ടത്. ഇതോടെ, ഇന്ന് മിഡ്, സ്‌മോള്‍ക്യാപ്പ് ഫണ്ടുകളില്‍ വില്‍പന സമ്മര്‍ദ്ദം വീശിയടിക്കുകയായിരുന്നു.
നിരാശപ്പെടുത്തിയവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, വിപ്രോ, ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ തിരിച്ചടി നേരിട്ടത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

ഗ്രാസിം ഇന്‍ഡസ്ട്രീസ് പെയിന്റ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നത് മത്സരം കടുപ്പിക്കുമെന്ന വിലയിരുത്തലാണ് ഏഷ്യന്‍ പെയിന്റ്‌സിനെ വലയ്ക്കുന്നത്. പുറമേ, ഈ സാഹചര്യത്തില്‍ ബ്രോക്കറേജുകള്‍ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളുടെ റേറ്റിംഗ് താഴ്ത്തിയതും തിരിച്ചടിയായി.
വോഡഫോണ്‍ ഐഡിയയാണ് 14 ശതമാനം ഇടിവുമായി നിഫ്റ്റി 200ല്‍ ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയത്. സീ എന്റര്‍ടെയ്ന്‍മെന്റ് 6.44 ശതമാനം ഇടിഞ്ഞു. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), യെസ് ബാങ്ക് എന്നിവയാണ് കൂടുതല്‍ ഇടിഞ്ഞ മറ്റ് ഓഹരികള്‍.
വോഡഫോണ്‍ ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞദിവസം 45,000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് പച്ചക്കൊടി കാട്ടിയിരുന്നു. എന്നാല്‍, കമ്പനിക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ തുക മതിയാവില്ലെന്ന വിലയിരുത്തലുകളില്‍ തട്ടി ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.
പ്രമോട്ടര്‍മാര്‍ നടത്തിയ പണംതിരിമറികള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ച തീരുമാനമാണ് സീ ഓഹരികള്‍ക്ക് ക്ഷീണമായത്. പ്രമോട്ടര്‍മാര്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് സെബി ആരോപിച്ചിട്ടുള്ളത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ  

 

പ്രതികൂലക്കാറ്റ് ആഞ്ഞടിച്ചിട്ടും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടി.സി.എസ്., ഇന്‍ഫോസിസ് എന്നിവ നേട്ടത്തില്‍ പിടിച്ചുനിന്നു. ഹാവല്‍സ് ഇന്ത്യ, മാക്‌സ് ഫിനാന്‍ഷ്യല്‍, സംവര്‍ധന മദേഴ്‌സണ്‍, ലോറസ് ലാബ്‌സ്, പോളിസിബസാര്‍ (പി.ബി. ഫിന്‍ടെക്) എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവര്‍.
റിലയന്‍സ് കാപ്പിറ്റല്‍ ഓഹരി വിപണിയില്‍ നിന്ന് പുറത്തേക്ക്
അംബാനി സഹോദരന്മാരിലെ ഇളയയാളായ അനില്‍ അംബാനിയുടെ കീഴിലായിരുന്ന റിലയന്‍സ് കാപ്പിറ്റല്‍ ഓഹരി വിപണിയില്‍ നിന്ന് പുറത്തേക്ക്. കമ്പനിയുടെ നിലവിലെ ഉടമകളായ ഹിന്ദുജ ഗ്രൂപ്പാണ് ഇതിനുള്ള അനുമതി എന്‍.സി.എല്‍.ടിയില്‍ നിന്ന് സ്വന്തമാക്കിയത്.
റിലയന്‍സ് കാപ്പിറ്റലിനെ ഡീലിസ്റ്റ് ചെയ്യുന്നതിന് പ്രത്യേക പാക്കേജ് ഒന്നും പ്രഖ്യാപിക്കില്ലെന്നാണ് അറിയുന്നത്. അതായത്, നിലവില്‍ കമ്പനിയുടെ ഓഹരി കൈവശമുള്ളവര്‍ക്ക് ഡീലിസ്റ്റ് ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തില്‍ പണമൊന്നും ലഭിക്കില്ല. ഡീലിസ്റ്റ് ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ.
സെബിയുടെ ഉള്‍പ്പെടെ അനുമതി തേടിയാകും ഡീലിസ്റ്റിംഗ്. കടക്കെണിയില്‍പ്പെട്ട് നട്ടംതിരിഞ്ഞ റിലയന്‍സ് കാപ്പിറ്റലിനെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തത്. ഗ്രൂപ്പിന് കീഴിലെ ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സിന്റെ കൈവശമാണ് ഓഹരികള്‍. ഏകദേശം 23,666 കോടി രൂപയുടെ കടം റിലയന്‍സ് കാപ്പിറ്റലിന് ബാങ്കുകളിലുണ്ടെന്നാണ് വിലയിരുത്തല്‍.
2008ല്‍ 2,770 രൂപവരെ ഉയര്‍ന്ന റിലയന്‍സ് കാപ്പിറ്റല്‍ ഓഹരിവില, കമ്പനി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ പശ്ചാത്തലത്തില്‍ പിന്നീട് തകര്‍ന്നടിഞ്ഞിരുന്നു. ഒരുവേള 10 രൂപയ്ക്ക് താഴെവരെ നിലംപൊത്തിയ ഓഹരിവില ഇപ്പോഴുള്ളത് 11.90 രൂപയിലാണ്. ഡീലിസ്റ്റിംഗ് തീരുമാന പശ്ചാത്തലത്തില്‍ ഇന്ന് നാലര ശതമാനത്തിലേറെ ഇടിഞ്ഞിരുന്നെങ്കിലും പിന്നീട് മെല്ലെ നേട്ടത്തിലേക്ക് അല്പം കയറി.
വിശാലവിപണിയില്‍ ചോരപ്പുഴ
വിശാലവിപണിയില്‍ ഒറ്റ സൂചികപോലും ഇന്ന് നിലംതൊട്ടില്ല; എല്ലാം ചുവന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 1.94 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.87 ശതമാനവും ഇടിഞ്ഞത് സെബിയുടെ നടപടികളുടെ പശ്ചാത്തലത്തിലാണ്.
സീ ഓഹരികളുടെ വീഴ്ചയെ തുടര്‍ന്ന് നിഫ്റ്റി മീഡിയ സൂചിക 3.46 ശതമാനം താഴ്ന്നു. നിഫ്റ്റി പി.എസ്.യു ബാങ്ക് (-2.30%), റിയല്‍റ്റി (-2.11%), ഓയില്‍ ആന്‍ഡ് ഗ്യാസ് (-2.08%), ഓട്ടോ (-2%), മെറ്റല്‍ (-1.88%), സ്വകാര്യബാങ്ക് (-1.51%) എന്നിവയും നിരാശപ്പെടുത്തി.
കേരള ഓഹരികളിലും വീഴ്ച
വിരലിലെണ്ണാവുന്ന കേരള ഓഹരികളേ ഇന്ന് നേട്ടത്തിലേറിയുള്ളൂ. അതും നാമമാത്ര നേട്ടം മാത്രവും. വി-ഗാര്‍ഡ് 2.51 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 2.23 ശതമാനം, കെ.എസ്.ഇ 1.17 ശതമാനം, ആസ്റ്റര്‍ 2.05 ശതമാനം എന്നിങ്ങനെ നേട്ടവുമായി ഭേദപ്പെട്ട പ്രകടനം നടത്തി പിടിച്ചുനിന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) 4.50 ശതമാനം, ബി.പി.എല്‍ 5.17 ശതമാനം, സി.എസ്.ബി ബാങ്ക് 2.91 ശതമാനം, ധനലക്ഷ്മി ബാങ്ക് 2.72 ശതമാനം, ഫാക്ട് 4.03 ശതമാനം എന്നിങ്ങനെ നഷ്ടം കുറിച്ചു.
ഫെഡറല്‍ ബാങ്ക് 2.63 ശതമാനം, ജിയോജിത് 2.64 ശതമാനം, ഹാരിസണ്‍സ് മലയാളം 4.11 ശതമാനം, കേരള ആയുര്‍വേദ 4.41 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 2.28 ശതമാനം, മണപ്പുറം ഫിനാന്‍സ് 3.76 ശതമാനം എന്നിങ്ങനെയും താഴ്ന്നു.
സ്‌കൂബിഡേ 5.29 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 4.34 ശതമാനം എന്നിങ്ങനെയും താഴേക്കുപോയി. 1.87 ശതമാനമാണ് വണ്ടര്‍ലയുടെ നഷ്ടം.
Tags:    

Similar News