കൊട്ടിക്കയറി ആവേശം! ബാങ്കുകള്‍ കസറി, ഇന്നത്തെ ദിനം ഉഷാറാക്കി എസ്.ബി.ഐയും ഐ.സി.ഐ.സി.ഐ ബാങ്കും
ബി.എസ്.ഇ ഓഹരിക്കും എച്ച്.സി.എല്ലിനും വന്‍ വീഴ്ച; കത്തിക്കയറി സുപ്രീം ഇന്‍ഡസ്ട്രീസും ഹാരിസണ്‍സ് മലയാളവും, നിക്ഷേപകര്‍ക്ക് നേട്ടം 2.48 ലക്ഷം കോടി
ഐ.സി.ഐ.സി.ഐ ബാങ്കും എസ്.ബി.ഐയും അടക്കം സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ 'ഒത്തൊരുമയോടെ' കുതിച്ചതിന്റെ കരുത്തില്‍ ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും ഇരച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്. ആഗോള ഓഹരിവിപണികളില്‍ നിന്ന് പോസിറ്റീവ് കാറ്റ് ആഞ്ഞടിച്ചതും ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ഇന്ന് നല്ല ഊര്‍ജമായി.
സെന്‍സെക്‌സിന്റെയും നിഫ്റ്റിയും തുടക്കം ഇന്ന് ചാഞ്ചാട്ടത്തോടെ ആയിരുന്നെങ്കിലും ഉച്ചയോടെ ആവേശം കൊട്ടിക്കയറുന്നതായിരുന്നു കാഴ്ച. സെന്‍സെക്‌സ് 941.12 പോയിന്റ് (+1.28%) നേട്ടവുമായി 74,671.28ലും നിഫ്റ്റി 223.45 പോയിന്റ് (+1.00%) ഉയര്‍ന്ന് 22,643.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കന്‍ ഓഹരി വിപണികളും ഏഷ്യയില്‍ ജപ്പാന്‍, ചൈന, ഹോങ്കോംഗ് വിപണികളും നേട്ടത്തിലേറിയതും ക്രൂഡോയില്‍ വിലയിടിവും ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് ഗുണം ചെയ്തു.
വിപണിയുടെ ട്രെന്‍ഡ്
ഐ.സി.ഐ.സി.ഐ ബാങ്കാണ് ഇന്ന് നിഫ്റ്റി50ല്‍ നേട്ടത്തിന് ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്നത്. 4.38 ശതമാനമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കുതിപ്പ്. ഓഹരി 52-ആഴ്ചത്തെ ഉയരം കുറിക്കുകയും ചെയ്തു.
2.98 ശതമാനവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്കും 2.96 ശതമാനം ഉയര്‍ന്ന് എശ്.ബി.ഐയും തൊട്ടുപിന്നിലുണ്ട്. കൂടുതല്‍ നിരാശപ്പെടുത്തിയത് എച്ച്.സി.എല്‍ ടെക്കാണ്; ഓഹരി 5.80 ശതമാനം ഇടിഞ്ഞു. 4.66 ശതമാനം താഴ്ന്ന അപ്പോളോ ഹോസ്പിറ്റല്‍സാണ് തൊട്ടുപിന്നിലുള്ളത്. നിഫ്റ്റി50ല്‍ ഇന്ന് 32 ഓഹരികള്‍ നേട്ടത്തിലും 18 എണ്ണം താഴ്ചയിലുമായിരുന്നു.
ബി.എസ്.ഇയില്‍ 4,088 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,982 എണ്ണം നേട്ടത്തിലും 1,934 എണ്ണം നഷ്ടത്തിലുമായിരുന്നു. 172 ഓഹരികളുടെ വില മാറിയില്ല. 284 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 11 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ 4 കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 2.48 ലക്ഷം കോടി രൂപ വര്‍ധിച്ച് റെക്കോഡുയരമായ 406.52 ലക്ഷം കോടി രൂപയിലുമെത്തി.
നേട്ടത്തിലേറിയവര്‍
ഓഹരി വിപണിയില്‍ ഇന്നത്തെ പ്രധാന താരങ്ങള്‍ ഐ.സി.ഐ.സി.ഐ ബാങ്കും എസ്.ബി.ഐയുമാണ്. മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഓഹരികളെ കുതിപ്പിലേറ്റിയത്. മാര്‍ച്ചുപാദത്തില്‍ ലാഭം 17 ശതമാനം ഉയര്‍ന്നിരുന്നു.
മാത്രമല്ല, ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളില്‍ 8 ലക്ഷം കോടി രൂപ വിപണിമൂല്യം കടക്കുന്ന ആറാമത്തെ കമ്പനിയെന്ന പട്ടവും ബാങ്ക് ഇന്ന് സ്വന്തമാക്കി. 8.14 ലക്ഷം കോടി രൂപയാണ് നിലവില്‍ മൂല്യം. ഈ നാഴികക്കല്ല് താണ്ടിയ രണ്ടാമത്തെ മാത്രം ബാങ്കുമാണ് ഐ.സി.ഐ.സി.ഐ ബാങ്ക്.
20.4 ലക്ഷം കോടി രൂപയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും മൂല്യമേറിയ കമ്പനി. ടി.സി.എസ് 15 ലക്ഷം കോടിയോളം രൂപ മൂല്യവുമായി രണ്ടാമതുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയുമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന് മുന്നിലുള്ളത്.
യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് 6 ശതമാനത്തിലധികം കുതിച്ചിരുന്നു. യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം എസ്.ബി.ഐ കുറയ്ക്കുമെന്ന വാര്‍ത്തകളാണ് കാരണമായത്. ഇത് എസ്.ബി.ഐ ഓഹരികളെയും ഇന്നുയര്‍ത്തി. ബ്ലോക്ക് ഡീലിലൂടെ 5,000-7,000 കോടി രൂപയുടെ ഓഹരികള്‍ എസ്.ബി.ഐ വിറ്റഴിച്ചേക്കും.
സുപ്രീം ഇന്‍ഡസ്ട്രീസ് ഇന്ന് 14.21 ശതമാനം കുതിപ്പുമായി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി. മാര്‍ച്ചുപാദത്തിലെ മികച്ച വില്‍പനക്കണക്കുകളാണ് പ്ലാസ്റ്റിക് ഉത്പന്ന നിര്‍മ്മാതാക്കളായ സുപ്രീമിന് നേട്ടമായത്.
യൂണിവേഴ്‌സല്‍ ബാങ്കിംഗ് ലൈസന്‍സ് നേടാന്‍ യോഗ്യതയുള്ള ഏക ചെറുബാങ്ക് എന്ന നേട്ടം ഇന്ന് എ.യു സ്‌മോള്‍ഫിനാന്‍സ് ബാങ്ക് ഓഹരികളെ 7.54 ശതമാനം ഉയര്‍ത്തി. കെ.പി.ഐ.ടി ടെക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് 4.8 മുതല്‍ 6.59 ശതമാനം വരെ നേട്ടവുമായി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ടോപ് 5ലുള്ള മറ്റ് ഓഹരികള്‍. നാലാംപാദ ലാഭം 47 ശതമാനം കുതിച്ചതാണ് കെ.പി.ഐ.ടി ടെക്കിന് കരുത്തായത്.
നിരാശപ്പെടുത്തിയവര്‍
സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബി.എസ്.ഇയുടെ ഓഹകരികളാണ് ഇന്ന് നിക്ഷേപകരെ കൂടുതല്‍ നിരാശപ്പെടുത്തിയത്; ഓഹരി ഒരുവേള 19 ശതമാനം വരെ ഇടിഞ്ഞു. വ്യാപാരാന്ത്യത്തിലെ ഇടിവ് 13.31 ശതമാനം.
റെഗുലേറ്റര്‍ ഫീസ് കണക്കാക്കുന്ന മാനദണ്ഡം സെബി മാറ്റിയതും ഇത് ബി.എസ്.ഇക്ക് കൂടുതല്‍ ബാധ്യതയാകുമെന്ന വിലയിരുത്തലുമാണ് ഓഹരികളെ തളര്‍ത്തിയത്. നിലവില്‍ വാര്‍ഷിക പ്രീമിയം ടേണോവര്‍ വിലയിരുത്തിയാണ് ബി.എസ്.ഇ സെബിക്ക് ഫീസ് നല്‍കുന്നത്. ഇതിനുപകരം നോഷണല്‍ ടേണോവര്‍ കണക്കാക്കി ഫീസ് നല്‍കണമെന്നാണ് സെബി ആവശ്യപ്പെട്ടത്.
ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റെഗുലേറ്ററി ഫീസായി 165 കോടി രൂപയും നികുതിയും ചേര്‍ത്ത് ബി.എസ്.ഇ നല്‍കണം.
2024-25ല്‍ ഫീസ് 260 കോടി രൂപയിലേക്കും 2025-26ല്‍ 380 കോടി രൂപയിലേക്കും അധികമായി ഉയരുമെന്നും കണക്കാക്കുന്നു. ഇത് ബി.എസ്.ഇയുടെ ലാഭത്തെയും ബാധിച്ചേക്കും. മാത്രമല്ല, ഓഹരി ഇടപാടുകളുടെ ഫീസ് ബി.എസ്.ഇ കൂട്ടിയേക്കാമെന്നത് നിക്ഷേപകരെയും ബാധിക്കും.
ആശാവഹമല്ലാത്ത നാലാംപാദ പ്രവര്‍ത്തനഫലവും 2024-25 വര്‍ഷം കഠിനമായിരിക്കുമെന്ന ബ്രോക്കറേജ് ഏജന്‍സികളായ സിറ്റി, നോമുറ, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുടെ വിലയിരുത്തലുമാണ് ഇന്ന് എച്ച്.സി.എല്‍ ടെക് ഓഹരികളെ വീഴ്ത്തിയത്.
വിശാലവിപണിയുടെ പ്രകടനം
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി പി.എസ്.യു ബാങ്ക് 2.56 ശതമാനവും പ്രൈവറ്റ് ബാങ്ക് 2.16 ശതമാനവും ധനകാര്യ സേവനം 2.14 ശതമാനവും ഉയര്‍ന്നു. ബാങ്ക് നിഫ്റ്റിയാകട്ടെ ഇന്ന് 2.54 ശതമാനം കുതിച്ച് സര്‍വകാല റെക്കോഡായ 49,424ലുമെത്തി; ഇതിന് മുഖ്യ ചുക്കാന്‍ പിടിച്ചത് ഐ.സി.ഐ.സി.ഐ ബാങ്കാണ്.
നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി ഐ.ടി എന്നിവയാണ് ഇന്ന് നഷ്ടത്തിലേക്ക് വീണത്; ഒരു ശതമാനം വരെയാണ് ഇടിവ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.42 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.22 ശതമാനവും നേട്ടമുണ്ടാക്കി.
ജിയോജിത്തും ഹാരിസണ്‍സ് മലയാളവും
കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ തിളങ്ങിയത് ജിയോജിത്തും ഹാരിസണ്‍സ് മലയാളവുമാണ്. ജിയോജിത് 5.40 ശതമാനം, ഹാരിസണ്‍സ് മലയാളം 9.99 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
ജി.ടി.എന്‍ 5.01 ശതമാനം, ഫെഡറല്‍ ബാങ്ക് 2.26 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.87 ശതമാനം, വി-ഗാര്‍ഡ് 1.02 ശതമാനം, നിറ്റ ജെലാറ്റിന്‍ 4.17 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 2.22 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
സഫ സിസ്റ്റംസ് 9.96 ശതമാനം താഴേക്കുപോയി. ആസ്പിന്‍വാള്‍ 3.75 ശതമാനം, ബി.പി.എല്‍ 4.61 ശതമാനം, സി.എസ്.ബി ബാങ്ക് 2.91 ശതമാനം, ഇന്‍ഡിട്രേഡ് 4.82 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 1.61 ശതമാനം, സ്റ്റെല്‍ 3.99 ശതമാനം എന്നിങ്ങനെ താഴ്ന്നു.