തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടത്തില്‍ സൂചികകള്‍, കേരള ഓഹരികള്‍ക്ക് നിരാശ, മാരുതിക്ക് കുതിപ്പ്

മിഡ്‌ക്യാപ്പ് സൂചിക നേട്ടത്തിൽ, സ്മാൾക്യാപ്പിന് നഷ്ടം; ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാരത്തിലെ പുതിയ നിർദ്ദേശങ്ങൾ ബി.എസ്.ഇ ഓഹരികളെ ഉയർത്തി

Update:2024-07-31 18:40 IST

തുടര്‍ച്ചയായ നാലാം വ്യാപാര ദിനത്തിലും നേട്ടത്തില്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. സെന്‍സെക്‌സ് 285 പോയിന്റ് ഉയര്‍ന്ന് 81,741ലും നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്ന് 24,951ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക് ഓഫ് ജപ്പാന്‍ അപ്രതീക്ഷിതമായി പലിശ നിരക്കുകള്‍ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള ആഗോള വാര്‍ത്തകളാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്. കടപ്പത്രങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുന്നതിനെ കുറിച്ചുള്ള വിശദമായ പദ്ധതി പ്രഖ്യാപിക്കുമെന്നും ജപ്പാന്റെ കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്. ഒരു ദശാബ്ദം നീണ്ട് നിന്ന ഉത്തേജക പാക്കേജുകള്‍ ക്രമേണ ഇല്ലാതാക്കുകയാണ് നീക്കം.

വിവിധ സൂചികകളുടെ പ്രകടനം

ഇന്ന് വെളുപ്പിന് പുറത്തുവരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ സൂചനകളാണ് വിപണി ഉറ്റുനോക്കുന്നത്. ഇത്തവണ പലിശ നിരക്ക് കുറയ്ക്കില്ലെങ്കിലും സെപ്റ്റംബറില്‍ കുറയ്ക്കുമെന്നുള്ളതിനെ കുറിച്ച് വ്യക്തമായ അറിയിപ്പ് നല്‍കുമെന്നാണ് കരുതുന്നത്.

കാളകളാണ് ദിവസം മുഴുന്‍ വിപണിയെ നയിച്ചത്. ബി.എസ്.ഇയിലെ 30ല്‍ 21 ഓഹരികളും നേട്ടത്തിലാണ്. മാരുതിയാണ് ഇന്ന് സൂചികകള്‍ക്ക് ബലമായത്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍.ടി.പി.സി തുടങ്ങിയവയും നാല് ശതമാനത്തോളം ഉയര്‍ന്നു. അതേ സമയം റിലയന്‍സ്, മഹീന്ദ്ര, ഇന്‍ഫോസിസ് പോലുള്ള വമ്പന്‍ ഓഹരികള്‍ നേരിയ ഇടിവിലായി.
വിവിധ സൂചികകളുടെ പ്രകടനം 
വിശാല വിപണിയില്‍ മിഡ്‌ക്യാപ്‌ സൂചിക ഇന്ന് 0.63 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.36 ശതമാനം ഇടിവിലായി. നിഫ്റ്റി മെറ്റല്‍ 1.22 ശതമാനവും ഫാര്‍മ 1.10 ശതമാനവും മീഡിയ 1.07 ശതമാനം നേട്ടത്തിലാണ്. പി.എസ്.യു ബാങ്ക്, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയാണ് ഇന്ന് നഷ്ടത്തിലായ സൂചികകള്‍.


ബി.എസ്.ഇയില്‍ ഇന്ന് 4,036 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,121 ഓഹരികള്‍ നേട്ടത്തിലും 1,833 ഓഹരികള്‍ നഷ്ടത്തിലുമായി. 82 ഓഹരികളുടെ വില മാറിയില്ല.

361 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 14 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. എട്ട് ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുണ്ട്. ലോവര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി മാത്രം.

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 461 ലക്ഷം കോടിയില്‍ നിന്ന് 462.5 ലക്ഷം കോടിയായി.

ഓഹരികളിലെ കുതിപ്പും കിതപ്പും 

മാരുതിയുടെ ഒന്നാം പാദലാഭത്തില്‍ 47 ശതമാനം വളര്‍ച്ചയുണ്ടായതാണ് ഇന്ന് ഓഹരികള്‍ക്ക് ഉണര്‍വേകിയത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 29 ശതമാനം വര്‍ധിച്ചതാണ് ലാഭം ഉയര്‍ത്തിയത്.

വാഹന നിര്‍മാതാക്കളില്‍ ആദ്യം ജൂണ്‍ പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് മാരുതിയാണ്. തിരഞ്ഞെ ടുപ്പും കടുത്ത വേനൽ ചൂടും വാഹന ഡിമാന്‍ഡില്‍ കഴിഞ്ഞ പാദത്തില്‍ വലിയ ഇടിവുണ്ടാക്കിയിരുന്നു. മാരുതിയുടെ വില്‍പ്പന വളര്‍ച്ച കഴിഞ്ഞ ഒമ്പത് പാദത്തിനിടയിലെ ഏറ്റവും മോശം നിലയിലുമാണ്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മികച്ച പാദഫലങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വില 2 ശതമാനത്തോളം ഉയര്‍ന്നിരുന്നു. പിന്നീട് വ്യാപാരാന്ത്യത്തില്‍ 0.36 ശതമാനം നഷ്ടത്തിലായി.

നേട്ടത്തിലിവര്‍

ടൊറെന്റ് പവറാണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ നേട്ടക്കാര്‍. ഇന്നൊരു വേള 18 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു ഓഹരി വില. വ്യാപാരാന്ത്യത്തില്‍ 16.47 ശതമാനം നേട്ടത്തോടെ 1,865 രൂപയിലാണ് ഓഹരി വിലയുള്ളത്. പാദഫലങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത്. കമ്പനിയുടെ വരുമാനം 23 ശതമാനവും ലാഭം 87 ശതമാനവും ഉയര്‍ന്നു.

ബി.എസ്.ഇ ഓഹരികളാണ് ഇന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാരത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള നിര്‍ദേശത്തിനു പിന്നാലെ ഓഹരി വില എട്ടു ശതമാനത്തോളം ഉയരുകയായിരുന്നു.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകളുടെ മൂല്യം നിലവിലുള്ളതിന്റെ നാല് മടങ്ങ് വരെയായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സെബി മുന്നോട്ടു വച്ചിരിക്കുന്നത്. വിപണിയില്‍ ഊഹക്കച്ചവടം വളരെയധികം ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് സെബിയുടെ നീക്കം. പുതിയ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ എഫ് ആന്‍ഡ് ഒ വ്യാപാരത്തില്‍ 25 ശതമാനം കുറവു വരുമെന്നാണ് ബ്രോക്കറേജുകള്‍ പറയുന്നത്. എന്‍.എസ്.ഇയിലാണ് കൂടുതല്‍ എഫ് ആന്‍ഡ് ഒ വ്യാപാരം നടക്കുന്നത്.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരി ഇന്ന് 4.38 ശതമാനം ഉയര്‍ന്നു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള റീറ്റെയില്‍ കമ്പനിയായ ട്രെന്റ് ഓഹരി വില ഇന്ന് നാല് ശതമാനം ഉയര്‍ന്ന് 5,820 രൂപയെന്ന എക്കാലത്തെയും  ഉയര്‍ന്ന വില തൊട്ടു. കമ്പനിയുടെ വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ന്നതാണ് ഓഹരിക്ക് ഗുണമായത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഓഹരി വില മുന്നേറുന്നത്. ഈ കാലയളവില്‍ 13 ശതമാനത്തോളം ഉയര്‍ച്ചയാണ് ഓഹരി വിലയിലുണ്ടായത്.
ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള 18 ശതമാനം ജി.എസ്.ടി നീക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഖഡ്കരി ധനമന്ത്രി നിര്‍മല സീതാരാമനോട് അപേക്ഷിച്ചത്  എച്ച്.ഡി.എഫ്.സി ലൈഫ്, എസ്.ബി.ഐ ലൈഫ് ഓഹരികളെ മൂന്ന് ശതമാനത്തോളം ഉയര്‍ത്തി.

നഷ്ടത്തിലിവര്‍

ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ മാതൃകമ്പനിയായ എഫ്.എസ്.എന്‍ ഇ കൊമേഴ്‌സ് വെഞ്ച്വഴ്‌സ് ആണ് ഇന്ന് നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാര്‍. ഓഹരി വില 3.41 ശതമാനം ഇടിഞ്ഞു. ഇന്നലെ 9 ശതമാനത്തോളം ഉയര്‍ന്ന ശേഷമാണ് ഓഹരിയുടെ വീഴ്ച.
ഒന്നാം പാദലാഭത്തില്‍ 43 ശതമാനം വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഇന്‍ഡസ് ഓഹരി വില ഇന്ന് ഇടിഞ്ഞു. 2,700 കോടി രൂപയുടെ ഓഹരി ബൈബാക്കും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്നലത്തെ ക്ലോസിംഗ് വിലയുടെ 4 ശതമാനം പ്രീമിയത്തിലാണ് ബൈബാക്ക് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പൊതുമേഖല ഓഹരികളായ മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സും റെയില്‍ വികാസ് നിഗവും ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിവിലാണ്. ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ഓഹരിയും മോശം പാദഫല പ്രവര്‍ത്തനങ്ങള്‍ പുറത്തു വന്നതോടെ ഒമ്പത് ശതമാനത്തോളം ഇടിഞ്ഞു.
അദാനി പവര്‍ ഓഹരികള്‍ ഇന്ന് 1.68 ശതമാനം നഷ്ടത്തിലായി. ലാഭം 55 ശതമാനം കുറഞ്ഞതാണ് ഓഹരികളെ ബാധിച്ചത്. വരുമാനം 9.97 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളിൽ സമ്മിശ്ര പ്രകടനം 
കേരള ഓഹരികളില്‍ ഇന്ന് പൊതുവേ തിളക്കം കുറവായിരുന്നു. വമ്പന്‍ കമ്പനികളൊന്നും മികച്ച പ്രകടനം കാഴ്ചവച്ചില്ലെന്നു മാത്രമല്ല ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സഫ സിസ്റ്റംസാണ് ഇന്ന് 4.18 ശതമാനവുമായി കേരള കമ്പനി ഓഹരികളുടെ നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പൊതുമേഖലാ കാലിത്തീറ്റക്കമ്പനിയായ കെ.എസ്.ഇ 3.75 ശതമാനം നേട്ടവുമായി രണ്ടാമതുണ്ട്. ഈസ്‌റ്റേണ്‍ ട്രെഡസ് ഓഹരി വില 3.07 ശതമാനവും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില 2.56 ശതമാനം ഉയര്‍ന്നു. പാറ്റ്‌സിപിന്‍, റബ്ഫില ഇന്റര്‍നാഷണല്‍ എന്നിവ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.

കേരള ഓഹരികളുടെ പ്രകടനം

കേരള എന്‍.ബി.എഫ്‌.സികളും മിക്കവയും നേട്ടത്തിലായിരുന്നു. കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, കേരള ആയുര്‍വേദ, കൊച്ചിന്‍ മിനറല്‍സ് തുടങ്ങിയവയാണ് നേട്ടത്തില്‍ പിടിച്ചു നിന്ന മുൻനിര ഓഹരികള്‍.
പ്രൈമ അഗ്രോയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ കേരള ഓഹരി. ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് 4.82 ശതമാനവും കിംഗ്‌സ് ഇന്‍ഫ്ര 3.29 ശതമാനവും നഷ്ടത്തിലാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒഴികെയുള്ള കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെ ഓഹരികളും ഇന്ന് ഇടിവിലാണ്.
Tags:    

Similar News