വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വാഹന, ധനകാര്യ ഓഹരികളില്‍ ദൃശ്യമായ മികച്ച വാങ്ങല്‍ താത്പര്യം ഓഹരി സൂചികകളെ ഇന്ന് നേട്ടത്തിലെത്തിച്ചു. സെന്‍സെക്‌സ് 62,000വും നിഫ്റ്റി 18,300 പോയിന്റും കടന്നു. വ്യാപാരാന്ത്യം സെന്‍സെക്‌സ് 123.38 പോയിന്റ് (0.20 ശതമാനം) നേട്ടവുമായി 62,027.90ലും നിഫ്റ്റി 17.80 പോയിന്റ് (0.10 ശതമാനം) ഉയര്‍ന്ന് 18,314.80ലുമാണുള്ളത്.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ നടത്തിയ പ്രകടനം
ഏഷ്യന്‍ ഓഹരിവിപണികള്‍ നേരിട്ട തളര്‍ച്ചയാണ് ഇന്ന് രാവിലത്തെ സെഷനില്‍ ഇന്ത്യയിലും സ്വാധീനിച്ചത്. ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തികളായ അമേരിക്കയും ചൈനയും മാന്ദ്യത്തിന്റെ പിടിയിലായേക്കുമെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നതാണ് ഓഹരികളെ തളര്‍ത്തുന്നത്. അമേരിക്കയില്‍ ബാങ്കിംഗ് രംഗത്ത് പ്രതിസന്ധിയാണ്. പണപ്പെരുപ്പം കുറയുന്ന ട്രെന്‍ഡ് ദൃശ്യമാണെങ്കിലും ഇപ്പോഴും ഉയരത്തില്‍ തന്നെ തുടരുന്നു. ചൈനയാകട്ടെ കയറ്റുമതിയിലും ഇറക്കുമതിയിലും തിരിച്ചടി നേരിട്ടത്, സാമ്പത്തികസ്ഥിതി മെച്ചമല്ലെന്ന സൂചനയാണ് നല്‍കുന്നത്.
വ്യാഴാഴ്ച ഡോളറിനെതിരെ 82.09ലായിരുന്ന ഇന്ത്യന്‍ റുപ്പി ഇന്ന് 82.16ലേക്ക് താഴ്ന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ആഗോളതലത്തില്‍ ഡോളറിന് സ്വീകാര്യത വര്‍ദ്ധിച്ചതാണ് തിരിച്ചടിയായത്. ചൈനയിലെയും അമേരിക്കയിലെയും പ്രതിസന്ധി ഇന്ന് ക്രൂഡോയില്‍ വിലയെയും താഴേക്കിറക്കി. ബ്രെന്റ് വില ബാരലിന് 0.57 ശതമാനം നഷ്ടവുമായി 74.55 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ വില 0.47 ശതമാനം കുറഞ്ഞ് 70.54 ഡോളര്‍.
നേട്ടത്തിലേറിയവര്‍
ഡോ.ലാല്‍ പാത്ത് ലാബ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, പോളിക്യാബ് ഇന്ത്യ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, സിയമെന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച ഓഹരികള്‍. വൈദ്യുത വാഹന നിര്‍മ്മാണരംഗത്ത് കൂടുതല്‍ മുതല്‍മുടക്കുമെന്ന പ്രഖ്യാപനം ഐഷറിന് ഗുണം ചെയ്തു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച്.യു.എല്‍ എന്നിവ രണ്ട് ശതമാനം വരെ നേട്ടം കുറിച്ചു. എച്ച്.സി.എല്‍ ടെക്, എസ്.ബിഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയുടെ ഓഹരികള്‍ക്കും ഇന്ന് ആവശ്യക്കാരേറി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
നിഫ്റ്റിയില്‍ ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍, എഫ്.എം.സി.ജി., പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നീ സൂചികകള്‍ നേട്ടത്തിലേറിയപ്പോള്‍ ഐ.ടി., മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങള്‍ നഷ്ടം കുറിച്ചു.
നഷ്ടത്തിലേക്ക് വീണവര്‍
അദാനി ടോട്ടല്‍ ഗ്യാസ്, ഹിന്‍ഡാല്‍കോ, ലോറസ് ലാബ്‌സ്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്. പവര്‍ ഗ്രിഡ്, എന്‍.ടി.പി.സി., ടാറ്റാ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, നെസ്‌ലെ, സണ്‍ഫാര്‍മ എന്നിവയും നഷ്ടത്തിലാണ്.
ഇന്ന് കൂടുതൽ നഷ്ടവും നേരിട്ടവർ
എം.എസ്.സി.ഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്‌സില്‍ നിന്ന് പുറത്തായതാണ് അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയ്ക്ക് വിനയായത്. മേയ് 31നേ പുറത്താകല്‍ പ്രാബല്യത്തില്‍ വരൂ. ഇന്‍ഡസ് ടവേഴ്‌സും പുറത്താകും. അതേസമയം മാക്‌സ് ഹെല്‍ത്ത് കെയര്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, സോന ബി.എല്‍.ഡബ്ല്യു എന്നിവ പുതുതായി ഇന്‍ഡക്‌സില്‍ ഇടംപിടിക്കും.
തിളങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
ലാഭത്തിലും മൊത്തം ബിസിനസിലും നിഷ്‌ക്രിയ ആസ്തി തിരിച്ചുപിടിക്കലിലും ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തനം കഴിഞ്ഞവര്‍ഷം (2022-23) കാഴ്ചവച്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 8.28 ശതമാനം മുന്നേറി 17.66 രൂപയിലെത്തി. ഇന്ന് ഒരുവേള ബാങ്കിന്റെ ഓഹരിവില 18.20 രൂപവരെയും എത്തിയിരുന്നു.
ഇന്ന് കേരള ഓഹരികൾ കാഴ്ചവെച്ച പ്രകടനം
ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരിവില ഇന്നുള്ളത് 7.71 ശതമാനം നേട്ടവുമായി 31.84 രൂപയില്‍. റബ്ഫില 5.33 ശതമാനവും വെര്‍ട്ടെക്‌സ് 4.35 ശതമാനവും ഉയര്‍ന്നു. സമീപകാലത്തെ ഇ.ഡി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 4.81 ശതമാനം നഷ്ടം നേരിട്ടു. ജിയോജിത്, എ.വി.ടി., ഫാക്ട്, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍ മലയാളം, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയും നഷ്ടത്തിലാണ്.