നാലാംനാള്‍ കലമുടച്ച് വിപണി, കുതിപ്പ് തുടര്‍ന്ന് റെയില്‍വേ ഓഹരികള്‍; കാലവധി നീട്ടികിട്ടിയ എല്‍.ഐ.സിയും മുന്നേറ്റത്തില്‍, പുതിയ റെക്കോഡില്‍ വി-ഗാര്‍ഡ്

ഫാക്ട് ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു, മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ഇന്നും തിളക്കം

Update:2024-05-15 18:14 IST

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഇന്ന് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ മുൻനിര ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചത്.

സെന്‍സെക്‌സ് 118 പോയിന്റ് (0.16 ശതമാനം) താഴ്ന്ന് 72,987.03ലും നിഫ്റ്റി 17 പോയിന്റ് നഷ്ടത്തോടെ (0.08 ശതമാനം) 22,200.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വമ്പന്‍ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം പക്ഷെ ഇന്ന് പടര്‍ന്ന് പിടിക്കാതിരുന്നത് വന്‍ നഷ്ടമൊഴിവാക്കി. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ശക്തമായ നേട്ടം കാഴ്ചവച്ചു. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.60 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.96 ശതമാനവും ഉയര്‍ന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ആഗോള വിപണികളില്‍ നിന്നുള്ള പോസിറ്റീവ് സൂചനകള്‍ ആഭ്യന്തര വിപണിയില്‍ നിഴലിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വരാനിരിക്കെ വിദേശികള്‍ വിപണിയില്‍ നിന്ന് മാറി നില്‍ക്കുന്നതായാണ് കാണുന്നത്.
എന്‍.എസ്.ഡി.എല്ലിന്റെ കണക്കുകളനുസരിച്ച് ഈ മാസം 14 വരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 25,280 കോടി രൂപയുടെ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞിട്ടുണ്ട്.
ഇന്ന് യു.എസില്‍ നിന്ന് പണപ്പെരുപ്പകണക്കുകള്‍ പുറത്തുവരും. വിപണിയുടെ ഗതിയെകുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് യു.എസിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറയ്ക്കാനിടയോണ്ടോയെന്നതിനെ കുറിച്ച് ഇന്ന് വ്യക്തമായ ചിത്രം ലഭിക്കും.
പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം അവസാനത്തോടെ പലിശ നിരക്കുകള്‍ കുറച്ചേക്കാം.
രൂപ ഇന്ന് ഡോളറിനെതിരെ ഒരു പൈസ ഉയര്‍ന്ന് 83.49ലെത്തി.
വിവിധ മേഖലകളുടെ പ്രകടനം
സെന്‍സെക്‌സില്‍ 16 ഓഹരികള്‍ ഇന്ന് ചുവപ്പണിഞ്ഞു. ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ രണ്ട് ശതമാനത്തോളം ഇടിഞ്ഞു.
ബി.എസ്.ഇയില്‍ ഇന്ന് 3,935 ഓഹരികള്‍ വ്യാപാരം നടത്തി. അതില്‍ 2,201 ഓഹരികള്‍ നേട്ടത്തിലും 1,591 ഓഹരികള്‍ നഷ്ടത്തിലുമായി. 143 ഓഹരികളുടെ വില മാറിയില്ല. 14 ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. നാല് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലായി.
179 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടപ്പോള്‍ 33 ഓഹരികള്‍ താഴ്ചയും കണ്ടു.
സെക്ടറുകളെടുത്താല്‍ നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 1.4 ശതമാനം ഉയര്‍ന്നു. നിഫ്റ്റി റിയല്‍റ്റി ഒരു ശതമാനവും. അതേസമയം നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് സൂചികകള്‍ ന്ന് 0.4 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.

എല്‍.ഐ.സിക്ക് മുന്നേറ്റം

പൊതു ഓഹരി പങ്കാളിത്ത നിബന്ധനകള്‍ പാലിക്കാന്‍ സെബി സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്ന് എല്‍.ഐ.സി ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം ഉയര്‍ന്നു. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. പുതിയ തീരുമാനമനുസരിച്ച് ലിസ്റ്റിംഗ് തീയതി മുതല്‍ അഞ്ച് വര്‍ഷമാണ് 10 ശതമാനം പൊതു ഓഹരി പങ്കാളിത്തം പാലിക്കാനുള്ള കാലാവധി. ഇതനുസരിച്ച് 2027 മേയ് 16 വരെ എല്‍.ഐസിക്ക് സമയം ലഭിക്കും.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനിയുടെ മൊത്തം ഓഹരികളില്‍ 25 ശതമാനം പൊതു നിക്ഷേപകര്‍ക്ക് നല്‍കണമെന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചട്ടം. ഈ നിബന്ധന പാലിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ സെബി 2032 വരെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ 10 ശതമാനമാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പാലിക്കേണ്ടത്. 2022 മേയിലാണ് കേന്ദ്രം എല്‍.ഐ.സിയുടെ 3.5 ശതമാനം ഓഹരികള്‍ ഐ.പി.ഒയിലൂടെ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചത്.
റെയില്‍വേ ഓഹരികള്‍ക്ക് നല്ലകാലം
റെയില്‍വേ ഓഹരികള്‍ ഇന്നും നേട്ടം തുടര്‍ന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷവും വിപണി ഉയരുമെന്നും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നുള്ള കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകളാണ് റെയില്‍വേ ഓഹരികളെ ആവേശത്തിലാക്കിയത്. ജൂണ്‍ നാലിന് ഫലപ്രഖ്യാപന ശേഷം ഓഹരി വിപണികള്‍ കുതിച്ചു കയറുമെന്നും അതിനുമുമ്പ് ഓഹരികള്‍ വാങ്ങാനുമായിരുന്നു കേന്ദ്രമന്ത്രി അമിത് ഷാ നിക്ഷേപകരോട് പറഞ്ഞത്.
ഇതിനൊപ്പം മികച്ച ഓര്‍ഡറുകള്‍ നേടാനായതും റെയില്‍വേ ഓഹരികള്‍ക്ക് തുണയായി. റെയില്‍ വികാസ് നിംഗം ലിമിറ്റഡിന് ദക്ഷിണ റെയില്‍വേയില്‍ നിന്ന് 239 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനില്‍ നിന്ന് റെയില്‍ടെല്‍ 51.53 കോടിയുടെ ഓര്‍ഡറും നേടി. കഴിഞ്ഞ രണ്ട് ദിവസത്തില്‍ റെയില്‍ടെല്‍, ആര്‍.വി.എന്‍.എല്‍ ഓഹരികള്‍ എട്ട് ശതമാനത്തോളം കുതിച്ചുയര്‍ന്നു. ഐ.ആര്‍.എഫ്‌സി 7 ശതമാനവും. ജൂപ്പിറ്റര്‍ വാഗണ്‍സ്, ടിറ്റാഗഡ്‌ റെയില്‍ സിസ്റ്റംസ്, ടെക്‌സ്മാകോ, റൈറ്റ്‌സ്, ആര്‍.സി.ടി.സി എന്നിവ നാല് മുതല്‍ ആറ് ശതമാനം വരെയും ഉയര്‍ന്നു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

കിര്‍ലോസ്‌കര്‍ ഗ്രൂപ്പ് കമ്പനിയായ കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് ഓഹരി (കെ.പി.സി.എല്‍) ഇന്ന് 10 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി.
നാളെ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ ഇന്ന് റെക്കോഡ് ഉയരത്തിലെത്തി. 2,317.50 രൂപ വരെ ഉയര്‍ന്ന ഓഹരി വ്യാപാരാന്ത്യത്തില്‍ 2,305.10 രൂപയിലാണുള്ളത്.
1:5 അനുപാതത്തില്‍ ഓഹരി വിഭജിക്കാന്‍ ഇന്ന് റെക്കോഡ് തീയതി നിശ്ചയിച്ചിരുന്ന കനറാ ബാങ്ക് ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്നു.
വരുമാനവും ലാഭവും വര്‍ധിച്ചതാണ് സീമെൻസ്  ഓഹരികളെ ഉയര്‍ത്തിയത്.
നഷ്ടത്തിലിവര്‍
ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്‌ , എച്ച്.ഡി.എഫ്.സി ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ, ടൈറ്റന്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

കോള്‍ഗേറ്റ് പാമോലീവ്, ബോഷ്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മാന്‍കൈന്‍ഡ്‌ ഫാര്‍മ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.

റെക്കോഡ് ലാഭമാര്‍ജിന്‍ നേടിയെങ്കിലും കോള്‍ഗേറ്റ് ഓഹരികള്‍ താഴ്ചയിലേക്ക് പോവുകയായിരുന്നു.
തിളക്കമായി ഫാക്ടും വി-ഗാര്‍ഡും

കേരള കമ്പനികളില്‍ ഇന്ന് കൂടുതല്‍ ഓഹരികളും ചുവപ്പണിഞ്ഞു. വി-ഗാര്‍ഡ് ഓഹരികള്‍ ഇന്ന് പുതിയ റെക്കോഡ് തൊട്ടു. ഓഹരി വില ആദ്യമായി 378.95 രൂപയിലെത്തി. വ്യാപാരാന്ത്യം 3.55 ശതമാനം ഉയര്‍ന്ന് 366.55 രൂപയിലാണ് ഓഹരിയുള്ളത്.

ഫാക്ട് ഓഹരികള്‍ അഞ്ച് ശതമാനത്തിനു മുകളിലുയര്‍ന്നു. വളം ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഫാക്ടിനും ഗുണമായത്. ആറ് ശതമാനത്തോളം ഉയര്‍ന്ന ബി.പി.എല്‍ ഓഹരിയാണ് ഇന്ന് കൂടുതല്‍ വില ഉയര്‍ന്ന ഓഹരി. സ്‌റ്റെല്‍ ഹോള്‍ഡിംഗ്സ്  3.88 ശതമാനം, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 3.55 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 2.85 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ടി.സി.എം ഓഹരിയാണ് നഷ്ടക്കണക്കില്‍ ഇന്ന് മുന്നില്‍. ഓഹരിവില 4.98 ശതമാനം ഇടിഞ്ഞ് 58.79ലെത്തി. ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, നിറ്റ ജെലാറ്റിന്‍ എന്നിവയും നാല് ശതമാനത്തിനു മുകളില്‍ നഷ്ടം കുറിച്ചു. പ്രൈമ, ഇന്‍ഡസ്ട്രീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയാണ് വിലയിടിവില്‍ ആദ്യ അഞ്ചിലെത്തിയ മറ്റ് കേരള ഓഹരികള്‍.


Tags:    

Similar News