പുതുവാരത്തിന് നേട്ടത്തുടക്കം, ഉയരെ പറന്ന് സ്‌പൈസ് ജെറ്റ്, കിറ്റെക്‌സിനും കുതിപ്പ്

സി.എം.ആര്‍ എല്ലും സ്റ്റെല്ലും മുന്നേറ്റത്തില്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ക്ഷീണം

Update:2024-09-09 17:47 IST

ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇടവേളയ്ക്ക് ശേഷം വീണ്ടും നേട്ടത്തിലേക്ക് ചുവടുവച്ചു. രാവിലെ വലിയ ചാഞ്ചാട്ടത്തില്‍ തുടങ്ങിയ വിപണികള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി ഓഹരികളുടെ ബലത്തില്‍ വ്യാപാരാന്ത്യത്തില്‍ നേട്ടം കൈപ്പിടിയിലാക്കുകയായിരുന്നു.

ആഗോള വിപണികളിലെ നെഗറ്റീവ് സൂചനകളാണ് രാവിലെ വിപണിയെ നയിച്ചത്. കഴിഞ്ഞയാഴ്ച പുറത്തു വന്ന യു.എസിലെ തൊഴില്‍കണക്കുകള്‍ തൊഴില്‍ വിപണിയിലെ മാന്ദ്യ സൂചനകള്‍ നല്‍കിയത് ആഗോള വിപണികളില്‍ പ്രതിഫലിച്ചു.
സെന്‍സെക്‌സ് 375.61 പോയിന്റ് ഉയര്‍ന്ന് 81,559.54ലും നിഫ്റ്റി 84.10 പോയിന്റ് നേട്ടത്തോടെ 24,937.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനാണ് ഇതോടെ വിപണി വിരാമമിട്ടത്.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇന്ന് നഷ്ടത്തില്‍പെട്ടു. രാവിലത്തെ വ്യാപാരത്തിനിടെ ഒരു ശതമാനത്തോളം താഴേക്ക് പോയ സൂചികകള്‍ വ്യാപാരാന്ത്യം നഷ്ടം പരിമിതപ്പെടുത്തി. മിഡ് ക്യാപ് സൂചികയുടെ നഷ്ടം 0.26 ശതമാനവും സ്‌മോള്‍ ക്യാപ് സൂചികയുടേത് 0.93 ശതമാനവുമാണ്.


സെക്ടറുകളെടുത്താല്‍ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം മുന്നേറി. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവയാണ് നേട്ടത്തിലുണ്ടായിരുന്ന മറ്റ് ഓഹരികള്‍. ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് (1.37 ശതമാനം) കൂടുതല്‍ നഷ്ടം നേരിട്ട സൂചിക.

ബി.എസ്.ഇയില്‍ ഇന്ന് 4,181 ഓഹരികളാണ് വ്യാപാരം നടത്തിയത്. അതില്‍ 2,371 ഓഹരികളും നഷ്ടത്തിലായി. 1,667 ഓഹരികള്‍ നേട്ടത്തിലെത്തി. 143 ഓഹരികളുടെ വില മാറിയില്ല.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ശ്രീറാം ഫിനാന്‍സ്, അവന്യു സൂപ്പര്‍മാര്‍ട്‌സ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഡിവിസ് ലബോറട്ടറീസ് എന്നിവ അടക്കം 266 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. 54 ഓഹരികള്‍ താഴ്ന്ന വിലയിലാണ്. 375 ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. 314 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ്.
ഓഹരികളുടെ മുന്നേറ്റം 
സ്‌പൈസ് ജെറ്റ് ഓഹരികള്‍ ഇന്ന് നേട്ടത്തിന്റെ റണ്‍വേയിലായിരുന്നു. വായ്പ്പാത്തുകയില്‍ നല്ലൊരു ഭാഗവും ഓഹരിയാക്കി മാറ്റാന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ കാര്‍ലൈല്‍ സമ്മതിച്ചതാണ് ഓഹരികളെ അഞ്ച് ശതമാനം മുന്നേറ്റത്തിലാക്കിയത്.
സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗ് കമ്പനിയിലെ ഓഹരി പങ്കാളിത്തം 10 ശതമാനം കുറച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. സാഹചര്യം അനുകൂലമായാല്‍ ഇത് 15 ശതമാനം വരെ  ആക്കാനും സാധ്യതയുണ്ട്. ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് പ്രമോട്ടര്‍ ഗ്രൂപ്പിന് 47.66 ശതമാനം ഓഹരിയാണുള്ളത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് 3,000 കോടി രൂപ സമാഹരിക്കാനും സ്‌പൈസ്‌ജെറ്റിന് പദ്ധതിയുണ്ട്.

ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുത ഇരുചക്ര വാഹനങ്ങളായ നെക്‌സസ്, പ്രൈമസ്, മാഗ്നസ്, സീല്‍ എന്നിവയ്ക്ക് എ.എം.പി.എസ് സ്‌കീമില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചത് ഓഹരികളെ 7 ശതമാനം ഉയര്‍ത്തി.

ജുവലറി ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. മോട്ടിസണ്‍സ് ജുവലേഴ്‌സ് 11 ശതമാനവും പി.സി ജുവലേഴ്‌സ് 5 ശതമാനം, ഗോള്‍ഡിയം ഇന്റര്‍നാഷണല്‍ 5.57 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.

നേട്ടത്തിലിവര്‍

പേയ്ടിഎം ഓഹരികളാണ് നിഫ്റ്റി 200ല്‍ ഇന്ന് നേട്ടത്തില്‍ ഒന്നാമത്. ഓഹരി വില 5.42 ശതമാനം ഉയര്‍ന്നു.
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരി വില 3.92 ശതമാനം ഉയര്‍ന്ന് 1,500 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 1,528.25 രൂപയിലെത്തിയിരുന്നു. ടാറ്റ എൽക്‌സി, ഡാബര്‍ ഇന്ത്യ, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയാണ് ഇന്ന് മുന്നേറ്റം കാഴ്ചവച്ച മറ്റ് പ്രധാന ഓഹരികള്‍.

ഭാരത് ഡൈനാമിക്‌സ് ഓഹരി 4.24 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ന്റെ നഷ്ടക്കാരായി. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (3.70 ശതമാനം), ടാറ്റ ടെക്‌നോളജീസ് (3.13 ശതമാനം), സോന ബി.എല്‍.ഡബ്ലു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് (3.04 ശതമാനം), എസ്.ജെ.വി.എന്‍ (3 ശതമാനം) എന്നിങ്ങനെ ഇടിവിലാണ്.

നഷ്ടത്തിലിവര്‍

സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഏയഞ്ചല്‍ വണ്‍ ഓഹരികളിന്ന് 4 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്ന് ദിവസമായി ഓഹരി ഇടിവിലാണ്. ഇതോടെ ഓഹരി ജനുവരിയില്‍ കുറിച്ച 3,896 രൂപയെന്ന റെക്കോഡില്‍ നിന്ന് 40 ശതമാനം താഴ്ന്നു. പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതില്‍ മുന്‍ വര്‍ഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് 23.3 ശതമാനം ഇടിവാണുണ്ടായത്.

കുതിപ്പ് വിടാതെ കിറ്റെക്‌സ്
കുഞ്ഞുടുപ്പ് നിര്‍മാതാക്കളായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി വില കുതിപ്പ് തുടരുകയാണ്. ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് ഓഹരി വില 488.4 രൂപയിലെത്തി. 52 ആഴ്ചയിലെ ഓഹരിയുടെ ഉയർന്ന  വിലയാണിത്. കമ്പനിയുടെ വളര്‍ച്ചാ പ്രതീക്ഷകളാണ് ഓഹരിയെ മുന്നേറ്റത്തിലാക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരിയുടെ നേട്ടം 30 ശതമാനത്തിലധികമാണ്.
ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരിയാണ് നേട്ടത്തില്‍ രണ്ടാമത്. ഓഹരി വില 4.48 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സി.എംആര്‍.എല്‍) 4.33 ശതമാനം മുന്നേറി. സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് 4.43 ശതമാനം നേട്ടത്തോടെ നാലാം സ്ഥാനത്താണ്. വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടിരുന്നു. 
വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികളില്‍ ഇന്ന് 3.05 ശതമാനം വര്‍ധനയുണ്ട്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സഫ സ്റ്റിസും (5 ശതമാനം) പ്രൈമ ഇന്‍ഡസ്ട്രീസുമാണ് (4.96 ശതമാനം) ഇന്ന് ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 3.32 ശതമാനവും ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് 3.5 ശതമാനവും താഴ്ന്നു. കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കല്യാണ്‍ ജുവലേഴ്‌സ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്ക് ഒഴികെയുള്ളവയും ഇന്ന് നഷ്ടത്തിന്റെ പാതയിലാണ്. എന്‍.ബി.എഫ്.സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രം നേരിയ നേട്ടത്തില്‍ അവസാനിപ്പിച്ചു.


Tags:    

Similar News