ആശ്വാസറാലി കാത്തു നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴ്ന്നിട്ടു കയറുന്നു

ഹിൻഡൻബർഗ് റിപ്പോർട്ട് അല്ല ഇന്നലെ വിപണിയെ വലിച്ചു താഴ്ത്തിയത് എന്നു വിശദീകരിക്കാൻ പലരും വലിയ താൽപര്യം എടുത്തു

Update:2024-08-14 08:15 IST
നഷ്ടം കുറയ്ക്കാൻ ആശ്വാസറാലി പ്രതീക്ഷിച്ചാണ് നിക്ഷേപകർ ഇന്നു വ്യാപാരത്തിന് ഒരുങ്ങുന്നത്. വിദേശ സൂചനകൾ വിപണിക്കു പാേസിറ്റീവ് ആണ്.
ഹിൻഡൻബർഗ് റിപ്പോർട്ട് അല്ല ഇന്നലെ വിപണിയെ വലിച്ചു താഴ്ത്തിയത് എന്നു വിശദീകരിക്കാൻ പലരും വലിയ താൽപര്യം എടുത്തു. പക്ഷേ ഹിൻഡൻബർഗ് സമ്മർദം വിപണിയിൽ ദൃശ്യമായിരുന്നു. ഏതായാലും ഇന്നത്തെ ആശ്വാസ റാലി വിപണിക്കു പ്രതീക്ഷ പകരുന്നതാകും.
നാളെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിപണി അവധിയാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,218 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,240 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച തുടക്കത്തിൽ ചാഞ്ചാടിയെങ്കിലും നേട്ടത്തിൽ ക്ലോസ് ചെയ്തു. യുകെയിൽ തൊഴിലില്ലായ്മ 4.5 ശതമാനത്തിലേക്ക് ഉയരുമെന്ന നിഗമനം തെറ്റിച്ച് 4.2 ശതമാനത്തിലേക്കു താഴ്ന്നു. ഇന്നു യുകെയിലെ ചില്ലറ വിലക്കയറ്റം അറിവാകും.
യുഎസ് വിപണി ചാെവ്വാഴ്ച ഉയർന്നു വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്ന് അവസാനിച്ചു. മൊത്തവില സൂചിക പ്രതീക്ഷയിലും കുറവായതു വിപണിയെ സഹായിച്ചു. ഇന്നു രാവിലെ ചില്ലറവിലക്കയറ്റ കണക്ക് പുറത്തുവരും. വിലക്കയറ്റം തലേ മാസത്തേക്കാൾ 0.2 ശതമാനവും തലേവർഷത്തേക്കാൾ മൂന്നു ശതമാനവും കൂടും എന്നാണു പ്രതീക്ഷ. ഇന്ത്യൻ വംശജൻ ലക്ഷ്മൺ നരസിംഹനെ നീക്കി ബ്രയൻ നിക്കോളിനെ സ്റ്റാർബക്സ് സിഇഒ ആക്കിയതിനു വിപണിയുടെ കൈയടി. സ്റ്റാർബക്സ് ഓഹരി 24.5 ശതമാനം കുതിച്ചു.
ചാെവ്വാഴ്ച ഡൗ ജോൺസ് സൂചിക 408.63 പോയിൻ്റ് (1.04%) ഉയർന്ന് 39,765.64 ൽ അവസാനിച്ചു. എസ് ആൻഡ് പി 90.04 പോയിൻ്റ് (1.68%) കുതിച്ച് 5434.43 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 407 പാേയിൻ്റ് (2.43%) നേട്ടത്തിൽ 17,187.61 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.04 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. നാസ്ഡാക് 0.06 ശതമാനം ഉയർന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ ഇന്നലെ മൂന്നര ശതമാനം കുതിച്ചു കയറി. ഇന്നു തുടക്കത്തിൽ ഒരു ശതമാനത്തോളം ഉയർന്നു. കാെറിയൻ വിപണിയും ഒരു ശതമാനം കയറി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചാെവ്വാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി കൂടുതൽ താഴ്ന്ന് ക്ലോസ് ചെയ്തു. സെൻസെക്സ് 79,000 നും നിഫ്റ്റി 24,200 നും ബാങ്ക് നിഫ്റ്റി 50,000 നും താഴെയായി. കരടികളുടെ പിടിയിലേക്കു വിപണി നീങ്ങി എന്നു പലരും വിലയിരുത്തുന്നുണ്ടെങ്കിലും ഇന്ന് ഒരു ആശ്വാസറാലി ഉണ്ടായാൽ വിപണിക്കു മുന്നേറ്റത്തെപ്പറ്റി ചിന്തിക്കാനാവും. റെക്കോർഡ് ഉയരത്തിൽ നിന്നു 3.8 ശതമാനം മാത്രമേ മുഖ്യസൂചികകൾ താഴ്ന്നിട്ടുള്ളൂ. തിരുത്തൽ മേഖലയിൽ പോലും സൂചികകൾ എത്തിയിട്ടില്ല.
സെൻസെക്സ് ഇന്നലെ 79,692.55 വരെ കയറിയിട്ട് 78,889.38 വരെ താഴ്ന്നു. നിഫ്റ്റി 24,116.50 നും 24,359.95 നുമിടയിൽ ചാഞ്ചാടി. ബാങ്ക്, ധനകാര്യ സേവന, വാഹന, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ് മേഖലകൾ ഇന്നലെ ഇടിഞ്ഞു. കൺസ്യൂമർ ഡ്യൂറബിൾസ് മാത്രമാണു നേട്ടം ഉണ്ടാക്കിയ മേഖല.
ചാെവ്വാഴ്ച സെൻസെക്സ് 692.89 പാേയിൻ്റ് (0.87%) ഇടിഞ്ഞ് 78,956.03 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 208 പോയിൻ്റ് (0.85%) തകർച്ചയോടെ 24,139.00 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1.48% (746.10 പോയിൻ്റ്) ഇടിഞ്ഞ് 49,831.85 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.78 ശതമാനം താഴ്ന്ന് 56,881.50 ലും സ്മോൾ ക്യാപ് സൂചിക 1.30% ഇടിഞ്ഞ് 18,203.65 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 2107.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1239.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 24,000 നു മുകളിൽ തുടർന്നാൽ സമാഹരണം തുടരും എന്നാണു വിലയിരുത്തൽ. മുന്നേറ്റത്തിലാകാൻ 24,400 നു മുകളിൽ സൂചിക കരുത്തോടെ കയറണം.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,110 ലും 24,050 ലും പിന്തുണ ഉണ്ട്. 24,300 ലും 24,360 ലും തടസം ഉണ്ടാകാം.
എച്ച്ഡിഎഫ്സി ബാങ്കിന് എം എസ് സി ഐ സൂചികയിൽ പ്രതീക്ഷിച്ചത്ര വെയിറ്റേജ് ലഭിക്കാത്തത് ഓഹരിക്കു വലിയ തിരിച്ചടിയായി. രണ്ടു ഘട്ടമായിട്ടാണ് മുഴുവൻ വർധനയും വരുത്തുക എന്നാണു വിശദീകരണം. വെയിറ്റേജ് കൂടുന്നതു കൂടുതൽ വിദേശ നിക്ഷേപം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിലേക്കു വരുത്തും.
ഡിക്സൺ ടെക്നോളജീസ്, വോഡഫോൺ ഐഡിയ, ഓയിൽ ഇന്ത്യ, ഓറക്കിൾ ഫിനാൻഷ്യൽ സർവസസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, സെെഡസ് ലെെഫ് സയൻസസ്, ആർവിഎൻഎൽ എന്നിവയെ എം എസ് സി ഐ സൂചികയിൽ പെടുത്തി. 300 കോടി ഡോളറിൻ്റെ നിക്ഷേപം ഈ ഓഹരികളിൽ പ്രതീക്ഷിക്കാം.

സ്വർണം കയറുന്നു

സംഘർഷഭീതിയിൽ ഉയർന്നു നിന്ന സ്വർണം വിലക്കയറ്റത്തിലെ കുറവിനെ തുടർന്ന് ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തിലായി. ഇന്നലെ സ്വർണം ഔൺസിനു 2466 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2472 ഡോളറിലേക്കു കയറി. ഇന്നു ചില്ലറ വിലക്കയറ്റ കണക്കു വന്ന ശേഷം വില വീണ്ടും കയറും എന്നാണു സൂചന.
കേരളത്തിൽ സ്വർണവില ചാെവ്വാഴ്ച പവന് 760 രൂപ കയറി 52,520 രൂപയിൽ എത്തി. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച കേന്ദ്രബജറ്റിനു ശേഷം സ്വർണവില ഏറ്റവും ഉയർന്നത് ഇന്നലെയാണ്. ബജറ്റ് ദിവസം സ്വർണവില 53,960 രൂപയിൽ നിന്ന് 51,960 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. പിന്നീട് ഇന്നലെയാണ് ആ നില കടന്നത്.
വെള്ളിവില ഔൺസിന് 27.81 ഡോളറിലാണ്.
ഡോളർ സൂചിക ഇന്നലെ 102.56 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.67 ആയി.
രൂപ ഇന്നലെ കയറിയിറങ്ങി. ഡോളർ 83.93 വരെ താഴ്ന്നിട്ടു തിരിച്ചുകയറി 83.97 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിൽപന നടത്തി.

ക്രൂഡ് ഓയിൽ

പശ്ചിമേഷ്യൻ സംഘർഷഭീതി തുടരുകയാണെങ്കിലും ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ചെെനയിലടക്കം ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയും എന്ന ഒപെക് വിലയിരുത്തലാണ് വിപണിയെ സ്വാധീനിച്ചത്. ബ്രെൻ്റ് ഇനം ഇന്നലെ രണ്ടു ശതമാനം താണ് 80.69 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.10 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 78.80 ഉം യുഎഇയുടെ മർബൻ ക്രൂഡ് 79.63 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.86 ശതമാനം താഴ്ന്നു ടണ്ണിന് 8831.65 ഡോളറിൽ എത്തി. അലൂമിനിയം 0.96 ശതമാനം കയറി ടണ്ണിന് 2332.00 ഡോളറായി. നിക്കൽ ഒഴികെ മറ്റു ലോഹങ്ങൾ മൂന്നു ശതമാനം വരെ ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ കയറി. ബിറ്റ്കോയിൻ രണ്ടു ശതമാനം ഉയർന്ന് 60,600 ഡോളറിലെത്തി. ഈഥർ 2710 ഡോളറിലാണ്.

വിപണിസൂചനകൾ

(2024 ഓഗസ്റ്റ് 13, ചാെവ്വ)
സെൻസെക്സ് 30 78,956.03 -0.87%
നിഫ്റ്റി50 24,139.00 -0.85%
ബാങ്ക് നിഫ്റ്റി 49,831.85 -1.48%
മിഡ് ക്യാപ് 100 56,881.50 -0.78%
സ്മോൾ ക്യാപ് 100 18,203.65 -1.30%
ഡൗ ജോൺസ് 30 39,765.60 -
+1.04%
എസ് ആൻഡ് പി 500 5434.43 +1.68%
നാസ്ഡാക് 17,187.60 +2.43%
ഡോളർ($) ₹83.97 ₹0.00
ഡോളർ സൂചിക 102.56 -0.58
സ്വർണം (ഔൺസ്) $2466.00 -$07.90
സ്വർണം (പവൻ) ₹ 52,520 +₹760
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $80.69 -$01.35
Tags:    

Similar News