അടുത്തയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുക വെറും മൂന്ന് ദിവസം മാത്രം
ഈ ദിനങ്ങളില്‍ അവധിയെന്ന് അധികൃതര്‍
ഇന്ത്യന്‍ ഓഹരി വിപണികള്‍ മാര്‍ച്ച് അവസാന ആഴ്ച പ്രവര്‍ത്തിക്കുക വെറും മൂന്ന് ദിവസങ്ങളില്‍ മാത്രം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എന്‍.എസ്.ഇ) ഹോളി പ്രമാണിച്ച് മാര്‍ച്ച് 25നും ദുഃഖവെള്ളിയാഴ്ചയായ മാര്‍ച്ച് 29നും വ്യാപാരം നടക്കില്ല.
ഈ രണ്ട് അവധി ദിനങ്ങളിലും ഓഹരി, ഇക്വിറ്റി ഡെറിവേറ്റീവുകള്‍, സെക്യൂരിറ്റീസ് ലെന്‍ഡിംഗ് ആന്‍ഡ് ബോറോയിംഗ് (എസ്.എല്‍.ബി) വിഭാഗങ്ങളിലെ വ്യാപാരം നടക്കില്ല. എക്സ്ചേഞ്ചുകള്‍ പുറത്തിറക്കിയ അവധികള്‍ പ്രകാരം മാര്‍ച്ച് 25, 29 തീയതികളില്‍ കറന്‍സി ഡെറിവേറ്റീവ് വിഭാഗവും പ്രവര്‍ത്തിക്കില്ല.
എന്നാല്‍ കമ്മോഡിറ്റി ഡെറിവേറ്റീവുകള്‍, ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ്‌സ് (ഇ.ജി.ആര്‍) വിഭാഗങ്ങളില്‍ ഭാഗികമായി വ്യാപാരം ഉണ്ടാകും. ഹോളി ദിനമായ മാര്‍ച്ച് 25ന്, രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ഈ വിഭാഗങ്ങളില്‍ വ്യാപാരമുണ്ടാകില്ലെങ്കിലും വൈകുന്നേരം 5 മുതല്‍ അര്‍ദ്ധരാത്രി വരെ ഇവയുടെ വ്യാപാരം അനുവദിക്കും. അതേസമയം മാര്‍ച്ച് 29 ദുഃഖവെള്ളിയാഴ്ച സമ്പൂര്‍ണ്ണ അവധിയായിരിക്കും.
രണ്ട് അവധി ദിനങ്ങള്‍ എത്തുന്നതോടെ അടുത്ത ആഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമേ വ്യാപാരം നടക്കുകയുള്ളു. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് ദിനങ്ങള്‍ കൂടിയാണ്. അതേസമയം മാര്‍ച്ചിലെ അവസാന ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
READ ALSO: മാര്‍ച്ചിലെ അവസാന ഞായറാഴ്ച ബാങ്കുകൾ പ്രവര്‍ത്തിക്കും; ഉത്തരവിറക്കി റിസര്‍വ് ബാങ്ക്