സെൻസെക്സ് ആദ്യമായി 85,000 കടന്നു, നിഫ്റ്റിക്കും റെക്കോഡ്‌; കരുത്ത് കാട്ടി റിലയൻസ് പവർ, ജുവലറി ഓഹരികള്‍ക്കും മുന്നേറ്റം

ഐ.ടി, എഫ്.എം.സി.ജി, റിയല്‍റ്റി ഓഹരികള്‍ ഇടിവിലായി

Update:2024-09-24 10:28 IST

ഇന്ത്യൻ വിപണി ഇന്നു നഷ്ടത്താേടെയാണു വ്യാപാരം ആരംഭിച്ചത്. എന്നാൽ അര മണിക്കൂറിനു ശേഷം നേട്ടത്തിലേക്കു മാറി ഇൻട്രാഡേ റെക്കോർഡുകൾ തിരുത്തി. സെൻസെക്സ് ആദ്യമായി 85,000 കടന്നു. പിന്നീടും സൂചികകൾ താഴോട്ടു നീങ്ങി ചാഞ്ചാടി.

രാവിലെ ആദ്യ മണിക്കൂറിൽ സെൻസെക്സ് 85,051.85 വരെയും നിഫ്റ്റി 25,975.55 വരെയും കയറി റെക്കോർഡ് തിരുത്തി.
ഐടി, എഫ്എംസിജി, റിയൽറ്റി ഓഹരികൾ ഇന്ന് ഇടിവിലായി. തുടക്കത്തിൽ നഷ്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി പിന്നീടു നേട്ടത്തിലേക്കു മാറി.
സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ ജുവലറി ഓഹരികൾ ഇന്നും കയറ്റത്തിലാണ്. 1800 കോടി രൂപയുടെ പ്രിഫറൻഷ്യൽ ഓഹരി വിൽക്കാൻ തീരുമാനിച്ച റിലയൻസ് പവർ ഓഹരി ഇന്നും അഞ്ചു ശതമാനം കുതിച്ചു.
വിദേശഫണ്ടുകളുടെ വാങ്ങലിനെ തുടർന്ന് ഇന്നലെ 12 ശതമാനത്തിലധികം കയറിയ വിഐപി ഇൻഡസ്ട്രീസ് രാവിലെ നാലു ശതമാനം ഉയർന്നു.
ചൈന പലിശയും ബാങ്കുകളുടെ കരുതൽ പണ അനുപാതവും കുറച്ച് വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാൻ നടത്തുന്ന നീക്കം ഇന്ത്യയിലെ ലോഹകമ്പനികളെ സഹായിച്ചു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, നാൽകോ തുടങ്ങിയവ ഗണ്യമായി ഉയർന്നു.
10.5 ശതമാനം ഓഹരി ബൾക്ക് വ്യാപാരത്തിൽ കെെമാറിയ കാർട്രേഡ് ടെക്നോളജീസ് ഓഹരി നാലു ശതമാനം താഴ്ന്നു.ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകിയ ജി.എം.ആർ പവർ ഓഹരി അഞ്ചു ശതമാനം ഉയർന്നു.

രൂപ, സ്വർണം, ക്രൂഡ്

രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 83.55 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.58 രൂപയിലേക്കു കയറി. ഡോളർ സൂചിക ഉയരുന്നതാണു കാരണം.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2636 ഡോളറിലേക്കു കുതിച്ചു കയറി റെക്കോർഡ് തിരുത്തി. കേരളത്തിൽ ആഭരണ സ്വർണം പവന് 160 രൂപ കയറി 56,000 രൂപയായി. ഇതും റെക്കോർഡ് ആണ്.
ക്രൂഡ് ഓയിൽ സാവകാശം കയറുകയാണ്. ബ്രെൻ്റ് ഇനം 74.58 ഡോളറിൽ എത്തി.


Tags:    

Similar News