വിപണി വീണ്ടും താഴ്ചയിലേക്ക്

സ്വർണം ലോകവിപണിയിൽ 1833 ഡോളറിലേക്കു താണു

Update:2023-03-02 11:01 IST

വിപണിയിലെ തിരിച്ചു കയറ്റം താൽക്കാലികം എന്നു കാണിച്ചു കാെണ്ട് ഓഹരികൾ ഇന്നു താഴോട്ടു നീങ്ങി. റിയൽറ്റിയും പി എസ് യു ബാങ്കുകളും ഒഴികെയുള്ളേ മേഖലകൾ ഇടിവിലായി. മുഖ്യ സൂചികകൾ അര ശതമാനത്തിലധികം താഴ്ന്നു.

തുടക്കം മുതൽ താഴ്ചയിലായിരുന്ന ബാങ്ക് ഓഹരികളുടെ നഷ്ടം  പിന്നീടു ഗണ്യമായി കുറഞ്ഞു. അദാനി ഗ്രൂപ്പിലെ ഏതാനും കമ്പനികളിലെ ഗണ്യമായ ഭാഗം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. അദാനി എന്റർപ്രൈസസിന്റെ 3.5 ശതമാനം (3.9 കോടി എണ്ണം) ഓഹരികൾ 5520 കോടി രൂപയ്ക്കു കൈമാറി. വില ഓഹരി ഒന്നിന് 1415 രൂപ. എന്റർപ്രൈസസ് ഓഹരിയുടെ വില ആദ്യം താഴ്ന്നു, പിന്നീട് അൽപം കയറി.

അദാനി ഗ്രീനിന്റെ 3.5 ശതമാനവും ട്രാൻസ്മിഷന്റെ 2.5 ശതമാനവും പോർട്സിന്റെ 4.2 ശതമാനവും ഓഹരികൾ ഇന്നു ബൾക്ക് ആയി കൈമാറ്റം ചെയ്യപ്പെട്ടു. ഈ കമ്പനികളുടെ ഓഹരിവില വർധിച്ചു.

ഐടി ഓഹരികൾ ഇന്നു താണു. ഐടി ബിസിനസ് വളർച്ച വെല്ലുവിളികൾ നേരിടുന്നു എന്ന നാസ്കോമിന്റെ പ്രസ്താവനയും ഇന്നലെ യുഎസിൽ ടെക് ഓഹരികൾക്കു തിരിച്ചടി ഉണ്ടായതും കാരണമാണ്. ചെെനയിൽ ടെക് മേഖലയ്ക്കു കൂടുതൽ വായ്പ നൽകിയിരുന്ന ബാങ്കിന്റെ മേധാവിയെ അറസ്റ്റ് ചെയ്തതും വിപണിയെ ബാധിച്ചു.

രൂപ ഇന്നു ദുർബലമായി. ഡോളർ ഏഴു പൈസ നേട്ടത്തിൽ 82.57 രൂപയിൽ വിനിമയം തുടങ്ങി. സ്വർണം ലോകവിപണിയിൽ 1833 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 120 രൂപ വർധിച്ച് 41,400 രൂപയായി.

Tags:    

Similar News