സജീവമായി സ്വദേശി ഇടപാടുകാര്‍, പാശ്ചാത്യ കാറ്റില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ വിപണി
വിദേശികള്‍ എന്തു ചെയ്യുന്നു എന്നതു പല ദിവസങ്ങളിലും പരിഗണിക്കേണ്ടതു പോലും ഇല്ലാത്ത നിലയാണ്.
പാശ്ചാത്യ കാറ്റില്‍ അടിപതറാതെ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വിപണി ഇന്ന്. ഒരു ശതമാനത്തില്‍ താഴെ മാത്രം ഇടിവോടെ തുടങ്ങിയ വിപണി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നഷ്ടം അര ശതമാനമായി കുറച്ചു. പിന്നീടു നഷ്ടം കൂടി. ഏഷ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ചയിലാണ്.
വിദേശ ഫണ്ടുകളേക്കാള്‍ കൂടുതല്‍ സ്വദേശി ഫണ്ടുകളും നിക്ഷേപകരുമാണ് വിപണിയിലെ സജീവ ഇടപാടുകാര്‍ എന്നത് ഈ വ്യത്യസ്ത പ്രതികരണത്തിനു കാരണമായി. വിദേശികള്‍ എന്തു ചെയ്യുന്നു എന്നതു പല ദിവസങ്ങളിലും പരിഗണിക്കേണ്ടതു പോലും ഇല്ലാത്ത നിലയാണ്.
ഐടി കമ്പനികളാണ് ഇന്നു കൂടുതല്‍ നഷ്ടത്തിലായത്. യുഎസില്‍ നാസ്ഡാക് സൂചിക മൂന്നു ശതമാനത്തിലധികം താഴ്ന്നതാണു പ്രേരണ. നിഫ്റ്റി ഐടി 1.65 ശതമാനം താഴ്ന്നു.
ബാങ്ക് ഓഹരികളും താഴ്ചയിലാണ്.
മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്കിനെ ഡൗണ്‍ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരി രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 190 രൂപയിലെത്തി.
1.45 ലക്ഷം കോടി രൂപയുടെ സാമഗ്രികള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിരോധ ഓഹരികള്‍ ചെറിയ നേട്ടം ഉണ്ടാക്കി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഒരു ശതമാനം ഉയര്‍ന്നു.
ക്രൂഡ് ഓയില്‍ വിലയിടിവ് ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, ചെന്നൈ പെട്രോ തുടങ്ങിയ ഓഹരികളെ രണ്ടു ശതമാനത്തോളം താഴ്ത്തി. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നാലു ശതമാനം വരെ ഉയര്‍ന്നു.
രമേഷ് ദമാനി ഈയിടെ നിക്ഷേപം നടത്തിയ എന്‍ഐഐടി ഇന്നും 10 ശതമാനം കുതിച്ചു. ദമാനി നിക്ഷേപം നടത്തിയ ശേഷം ഓഹരി 65 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.95 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2,495 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 53,060 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ താഴ്ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ഇനം 73.35 ഡോളറിലാണ്.