രാവിലെ അപ്രതീക്ഷിതമായി തിരിച്ചു കയറി വിപണി, പിന്നെ ചാഞ്ചാട്ടത്തില്‍

അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് ഇന്‍ഫ്രായും റിലയന്‍സ് പവറും അഞ്ചു ശതമാനം വരെ ഇടിഞ്ഞു

Update:2024-10-04 11:16 IST
മുഖ്യ സൂചികകള്‍ ഇന്നു രാവിലെ അപ്രതീക്ഷിതമായി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും പെട്ടെന്നു തന്നെ നഷ്ടത്തിലേക്കു മാറി. പിന്നീടു സൂചികകള്‍ തിരിച്ചു കയറി നേട്ടത്തിലായി. തുടര്‍ന്നു വിപണി ചാഞ്ചാടി.
ആദ്യ മണിക്കൂറില്‍ സെന്‍സെക്‌സ് 82,051.86 വരെ താഴുകയും 82,649.15 വരെ ഉയരുകയും ചെയ്തു. നിഫ്റ്റി 25,094 നും 25,288 നുമിടയില്‍ ഇറങ്ങിക്കയറി.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ തുടക്കത്തില്‍ ഒന്നര ശതമാനം വരെ ഇടിഞ്ഞിട്ടു തിരിച്ചു കയറി.
നിഫ്റ്റി ബാങ്ക് തുടക്കത്തില്‍ നഷ്ടത്തിലായിട്ട് നേട്ടത്തിലേക്കു മാറി. നിഫ്റ്റി ഐ.ടി തുടക്കം മുതല്‍ നേട്ടത്തിലായിരുന്നു.
ഇടപാടുകാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഏഞ്ചല്‍ വണ്‍ ബ്രോക്കറേജിന്റെ ഓഹരി അഞ്ചു ശതമാനം താഴ്ന്നു.
വായ്പാവിതരണത്തില്‍ കുറവ് വന്നതിന്റെ പേരില്‍ എം ആന്‍ഡ് എം ഫിനാന്‍സ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
കൈകാര്യം ചെയ്യുന്ന ആസ്തികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ഓഹരി മൂന്നു ശതമാനം താഴ്ചയിലായി.
രണ്ടാം പാദത്തിലെ വരുമാന വളര്‍ച്ച കുറവായത് അവന്യു സൂപ്പര്‍ മാര്‍ട്ട് ഓഹരിയെ മൂന്നു ശതമാനം താഴ്ചയിലാക്കി.
ക്രൂഡ് ഓയില്‍ വില കയറുന്ന സാഹചര്യത്തില്‍ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഐ.ഒ.സി എന്നിവ നാലു ശതമാനം വരെ താഴ്ന്നു.
പുതിയ ഡെറിവേറ്റീവ് വ്യാപാര നിബന്ധനകള്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ബി.എസ്.ഇ, എം.സി.എക്‌സ്, ഐ.ഇ.എക്‌സ് എന്നീ എക്‌സ്‌ചേഞ്ചുകളുടെ ഓഹരികള്‍ രണ്ടു ശതമാനം വരെ ഇടിവിലായി.
അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് ഇന്‍ഫ്രായും റിലയന്‍സ് പവറും അഞ്ചു ശതമാനം വരെ ഇടിഞ്ഞു
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.96 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2662 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 56,960 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം 77.55 ഡോളറിലാണ്.
Tags:    

Similar News