നിരക്ക് മാറ്റാതെ പണനയം, റീപോ നിരക്ക് 6.5 ശതമാനം തുടരും, വിപണി ഹാപ്പി
പണനയപ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ഓഹരി വിപണി ഉയർന്നു
റീപോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ അവലോകനം. പണനയ സമീപനം നിഷ്പക്ഷം ആക്കി. വളർച്ച, വിലക്കയറ്റ പ്രതീക്ഷകൾ മാറ്റമില്ലാതെ നിലനിർത്തി.
ഗവർണർ ശക്തികാന്ത ദാസ് പണനയപ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ഓഹരികൾ ഉയർന്നു. പിന്നീടു നേട്ടം കുറച്ചു. രൂപ നാമമാത്രമായി കയറിയിട്ട് പഴയ നിലയിലേക്കു താണു.
റീപോ നിരക്ക് 6.5 ശതമാനം തുടരും. ബാങ്കുകൾ പലിശ നിരക്കിൽ മാറ്റം വരുത്തുകയില്ല എന്നർഥം. പണനയ സമീപനം നിഷ്പക്ഷം (ന്യൂട്രൽ) ആക്കിയത് ബാങ്കുകൾക്കു പണലഭ്യതയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല എന്നു സൂചിപ്പിക്കുന്നു. മാത്രമല്ല താമസിയാതെ റീപോ നിരക്ക് കുറയ്ക്കാം എന്ന പ്രതീക്ഷയും അതിൽ അടങ്ങുന്നു.
ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച നിഗമനം 7.2 ശതമാനത്തിൽ നിലനിർത്തി. ഒന്നാം പാദത്തിൽ 6.7 ശതമാനം ആയിരുന്നു വളർച്ച. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഏഴു ശതമാനം വളർച്ചയേ കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നുള്ളു. നേരത്തേ 7.2% പ്രതീക്ഷിച്ചതാണ്. മൂന്നാം പാദ വളർച്ച നിഗമനം 7.3%-ൽ നിന്ന് 7.4% ആക്കി. നാലാം പാദത്തിലേത് 7.2%ൽ നിന്ന് 7.4 ശതമാനമാക്കി. അടുത്ത ധനകാര്യ വർഷം ഒന്നാം പാദത്തിൽ 7.3% ആകുമെന്നാണു പ്രതീക്ഷ.
വിലക്കയറ്റ പ്രതീക്ഷ 4.5 ശതമാനം നിലനിർത്തി. എന്നാൽ രണ്ടാം പാദ വിലക്കയറ്റ നിഗമനം 4.1 ശതമാനം നിലനിർത്തി. മൂന്നാം പാദത്തിലേത് 4.7 ൽ നിന്നു 4.8 ശതമാനമാക്കി. നാലാം പാദ വിലക്കയറ്റം 4.3 ൽ നിന്നു 4.2 ശതമാനമായി കുറയുമെന്നു കണക്കാക്കുന്നു.
ഗവണർ പ്രഖ്യാപനം തുടങ്ങുമ്പോൾ 25,110 ൽ ആയിരുന്ന നിഫ്റ്റി പ്രസംഗം തീരുമ്പോൾ 25,135 ൽ ആയി. ഇടയ്ക്ക് 25,190 വരെ കയറിയിരുന്നു. പിന്നീട് നിഫ്റ്റി 25,185 ലേക്കു കയറി. സെൻസെക്സ് 81,800ൽ നിന്ന് 82,192വരെ കയറിയിട്ട് 82,030 ലേക്കു താണു. വീണ്ടും കയറി 82,150 നു മുകളിലായി. വിപണി പണനയകാര്യത്തിൽ സംതൃപ്തി കാണിക്കുന്നു എന്നു ചുരുക്കം. ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയർന്നു.
ഈടില്ലാത്ത വായ്പകൾ വർധിക്കുന്നതിൻ്റെ പേരിൽ എൻബിഎഫ്സി കൾക്കു ഗവർണർ കർശന മുന്നറിയിപ്പ് നൽകി.
ബിഎംഡബ്ല്യുവുമായി ചേർന്ന് ഓട്ടോമൊബെെൽ സോഫ്റ്റ് വേർ പ്ലാൻ്റ് തുടങ്ങാൻ തീരുമാനിച്ച ടാറ്റാ ടെക്നോളജീസിൻ്റെ ഓഹരി രണ്ടു ശതമാനത്തിലധികം കയറി.
വിറ്റുവരവിൽ ഗണ്യമായ വർധന കാണിച്ച സെൻകോ ഗോൾഡ് നാലു ശതമാനം ഉയർന്നു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞ സാഹചര്യത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ അഞ്ചു ശതമാനം വരെ കയറി. പെയിൻ്റ് കമ്പനികളും കയറ്റത്തിലായി.
യുഎഇയിലെ ഇത്തിഹാദ് റെയിൽവേയുമായി ധാരണാപത്രം ഒപ്പുവച്ച റൈറ്റ്സിൻ്റെ ഓഹരി വില ആറര ശതമാനം വരെ ഉയർന്നു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ താഴ്ന്ന് 83.92 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോക വിപണിയിൽ 2618 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി.
ക്രൂഡ് ഓയിൽ വില അൽപം കൂടി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 77.52 ഡോളറായി ഉയർന്നു.