ഉയർന്നു തുടങ്ങി; പിന്നീടു നഷ്ടത്തിൽ; ഐഡിയ, വോഡഫോൺ ഓഹരികൾ നാല് ശതമാനം കയറി
രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് ചാഞ്ചാട്ടത്തിലായി
രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് ചാഞ്ചാട്ടത്തിലായി. 24,999 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25,014 വരെ കയറിയ ശേഷം താഴോട്ടു നീങ്ങി ചെറിയ നഷ്ടത്തിലായി. സെൻസെക്സും നഷ്ടത്തിലേക്ക് മാറി.
രാവിലെ ഉയർന്നു നീങ്ങിയ ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലായി.
ലോകവിപണിയിൽ ലോഹങ്ങളുടെ വിലയിടിവ് തുടരുന്നത് മെറ്റൽ കമ്പനികളുടെ ഓഹരികളെ ആദ്യം താഴ്ത്തി. പിന്നീടു നിഫ്റ്റി മെറ്റൽ സൂചിക ഉയർന്നു.
മിഡ്, സ്മോൾ ക്യാപ് ഓഹരികൾ രാവിലെ ഒരു ശതമാനത്തിലധികം ഉയർന്നു. പിന്നീടു നേട്ടം കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അവ ഇടിവിലായിരുന്നു.
ലൈഫ് ഇൻഷ്വറൻസ് കമ്പനികൾ ഇന്നു രാവിലെ താഴ്ചയിലായി. ഇൻഷ്വറൻസ് പ്രീമിയത്തിൻ്റെ ജിഎസ്ടി കുറയ്ക്കൽ തീരുമാനം നവംബറിലേക്കു നീട്ടിയതാണ് കാരണം.
370 കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാൻ എൻടിപിസിയിൽ നിന്ന് കരാർ ലഭിച്ചത് സുസ്ലോൺ എനർജി ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
എൻബിഎഫ്സി കളിൽ നിന്ന് 25,000 കോടി രൂപ വായ്പയെടുക്കാനുളള ശ്രമത്തിൽ പുരോഗതി കണ്ടതിനെ തുടർന്ന് വോഡഫോൺ ഐഡിയ ഓഹരി നാലു ശതമാനത്തോളം ഉയർന്നു.
നംകീനിൻ്റെ ജിഎസ്ടി കുറച്ചതിനെ തുടർന്ന് പ്രതാപ് സ്നാക്സ്, ബിക്കാജി, ഗോപാൽ സ്നാക്സ് തുടങ്ങിയവ ഏഴു ശതമാനം വരെ കയറി.
ചില കാൻസർ മരുന്നുകളുടെ ജിഎസ്ടി കുറഞ്ഞത് അസ്ട്രാ സെനക്കയുടെ ഓഹരിവില മൂന്നു ശതമാനം കൂട്ടി.
രൂപ ഇന്നു രാവിലെ നേരിയ നേട്ടത്തിൽ തുടങ്ങി. ഡോളർ ഒരു പെെസ കുറഞ്ഞ് 83.94 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.97 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 2501 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണം പവന് വിലമാറ്റമില്ലാതെ 53,440 രൂപ തുടരുന്നു.
ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 77.82 ഡോളറിൽ എത്തി.