നേട്ടത്തിൽ തുടങ്ങി കൂടുതൽ ഉയരത്തിലേക്ക് ഇന്ത്യൻ വിപണി

ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം കയറി.

Update:2023-04-11 11:46 IST

Photo : Canva

ഏഷ്യൻ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ തുടങ്ങി. പിന്നീടു കൂടുതൽ ഉയരത്തിലേക്കു കയറി. വ്യാപാരം തുടങ്ങി അധികം വൈകാതെ സെൻസെക്സ് 60,100 ഉം നിഫ്റ്റി 17,700 ഉം കടന്നു.

ടാറ്റാ മോട്ടോഴ്സ് ഓഹരി 25 ശതമാനം കയറി 550 രൂപയിലേക്ക് എത്തുമെന്ന് ഗോൾഡ്മാൻ സാക്സ് വിലയിരുത്തി. ഇന്നലെ വലിയ കുതിപ്പ് നടത്തിയ ഓഹരി ഇന്നു തുടക്കത്തിൽ കയറ്റത്തിലായിരുന്നെങ്കിലും പിന്നീടു വിൽപന സമ്മർദത്തെ തുടർന്നു താഴ്ചയിലായി.

റിയൽ എസ്റ്റേറ്റ് കമ്പനികൾ തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു. പലിശ നിലവാരം താഴുമെന്ന പ്രതീക്ഷയും ഡിമാൻഡ് വർധിക്കുന്നതുമാണു വിപണിയെ നയിക്കുന്ന ഘടകങ്ങൾ. ഓബറോയ്, മാക്രോടെക്, ശോഭ, പ്രസ്റ്റീജ് തുടങ്ങിയവ നല്ല കയറ്റത്തിലാണ്.

ബാങ്ക് ഓഹരികൾ 

ബാങ്ക് ഓഹരികൾ ഇന്നു നല്ല നേട്ടത്തിലാണ്. പല പാെതുമേഖലാ ബാങ്കുകളും മാർച്ച് പാദത്തിൽ മികച്ച ബിസിനസ് വളർച്ച നേടിയതിനെ തുടർന്നു നാലു ശതമാനത്തോളം ഉയർന്നു. എംഎസ് സിഐ പട്ടികയിൽ വെയിറ്റേജ് കൂടുമെന്ന റിപ്പോർട്ട് കാെട്ടക് മഹീന്ദ്ര ബാങ്കിനെ അഞ്ചു ശതമാനം ഉയർത്തി. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം കയറി. 

അപ്രെമിലാസ്റ്റ് ഗുളികയ്ക്ക് യുഎസ് എഫ്ഡിഎയുടെ അന്തിമാനുമതി ലഭിച്ചത് ശിൽപ മെഡികെയർ ഓഹരി 10 ശതമാനത്താേളം ഉയരാൻ കാരണമായി.

രൂപ ഇന്നു നേട്ടത്തിലാണ് ഓപ്പൺ ചെയ്തത്. ഡോളർ മൂന്നു പൈസ നഷ്ടത്തിൽ 81.95 രൂപയിൽ വ്യാപാരം തുടങ്ങി. പക്ഷേ താമസിയാതെ ഡോളർ കരുത്തുകാണിച്ച് 82.06 രൂപയിലേക്കു കയറി. ലോക വിപണിയിൽ സ്വർണം 1998 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ സ്വർണം പവന് 240 രൂപ വർധിച്ച് 44,560 രൂപയായി.

Tags:    

Similar News