തുടക്കത്തിലെ നഷ്ടം കുറച്ച് വിപണി; വലിയ വീഴ്ചയുമായി എംടാര്‍ ടെക്‌നോളജീസ്
താഴ്ചയില്‍ മുന്നില്‍ ഐ.ടി; ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്ക് ക്ഷീണം
വിദേശ പ്രവണതകളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി രാവിലെ ഒരു ശതമാനത്തോളം താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു. ബാങ്കുകളും മിഡ് ക്യാപ്പുകളും രാവിലത്തെ വലിയ താഴ്ചയിൽ നിന്നു ഗണ്യമായി കയറി.
ഓട്ടോയും മീഡിയയും ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലായിരുന്നു. ഐ.ടി കമ്പനികളാണ് കൂടുതൽ താഴ്ന്നത്. പ്രമുഖ ഐ.ടി കമ്പനികൾ രണ്ടര ശതമാനത്തോളം ഇടിഞ്ഞു.
വരുമാനവും ലാഭമാർജിനും മൊത്ത ലാഭവും അറ്റാദായവും കുറഞ്ഞ എംടാർ ടെക്നോളജീസ് ഓഹരി രാവിലെ 12 ശതമാനം ഇടിഞ്ഞു.
ആൻ്റണി വേസ്റ്റ് ഹാൻഡ്ലിംഗും ജെനുസ് പവറും 10 ശതമാനം വീതം താഴ്ന്നു.
ഐ.എഫ്.സി.ഐ ലിമിറ്റഡ് ഇന്നും അഞ്ചു ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാലു ദിവസവും ഓഹരി അഞ്ചു ശതമാനം വീതം താഴ്ന്നു. കമ്പനിയുടെ മൂന്നാം പാദ വരുമാനം 39 ശതമാനം വർധിച്ചപ്പോൾ അറ്റ നഷ്ടം 67 ശതമാനം കുറഞ്ഞു.
ഔഷധ നിർമാണ പ്ലാൻ്റിൽ യു.എസ് എഫ്.ഡി.എ പല തിരുത്തലുകൾ നിർദേശിച്ചതായ റിപ്പോർട്ട് ഓറോബിന്ദോ ഫാർമയുടെ ഓഹരി എട്ടു ശതമാനം താഴ്ത്തി. ക്ലിനിക്കൽ ട്രയലിൻ്റെ രേഖകളുടെ കാര്യത്തിലും പരാതി ഉണ്ട്.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്ന് ആദ്യം മൂന്നു ശതമാനം താണിട്ടു പിന്നീടു നഷ്ടം ഒരു ശതമാനമായി കുറച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് ഒരു ശതമാനം ഉയർന്നു. സി.എസ്.ബി ബാങ്ക് 0.60 ശതമാനം ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് മുക്കാൽ ശതമാനം താണു.
രൂപ ഇന്നു തുടക്കത്തിൽ താഴ്ന്നു. ഡോളർ 11 പൈസ കയറി 83.11 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോക വിപണിയിൽ 1,993 ഡോളറിനു താഴെയായി. കേരളത്തിൽ സ്വർണം പവന് 480 രൂപ കുറഞ്ഞ് 45,600 രൂപയായി.
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് 82.68 ഡോളറിലാണ്.