22,000 കടന്ന് നിഫ്റ്റി, 73,000 കീഴടക്കി സെൻസെക്സ്; 10 ശതമാനം വരെ ഉയര്‍ന്ന് വിപ്രോ ഓഹരി

400 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതിനെ തുടർന്ന് മാൻ ഇൻഡസ്ട്രീസ് ഓഹരി 7% കയറി

Update:2024-01-15 12:09 IST

നിഫ്റ്റി 22,000 പോയിന്റും  സെൻസെക്സ് 73,000 പോയിന്റും  മറികടന്ന് ഇന്നു രാവിലെ വ്യാപാരമാരംഭിച്ചു. ആവേശകരമായ തുടക്കത്തിൽ നിന്ന് നിഫ്റ്റി 22,081.95 പോയിന്റ് വരെയും സെൻസെക്സ് 73,288.78 പോയിന്റ്  എത്തി. പിന്നീട് താഴ്ന്ന ശേഷം വീണ്ടും കയറി.

25 വ്യാപാര ദിനങ്ങൾ കൊണ്ടാണ് നിഫ്റ്റി 21,000ൽ നിന്ന് 22,000ൽ എത്തിയത്. ഡിസംബർ 27നാണ് സെൻസെക്സ് 72,000ന് മുകളിൽ കയറിയത്.

വിപ്രോ ഓഹരി രാവിലെ 10 ശതമാനം വരെ ഉയർന്നു. പ്രതീക്ഷയിലും മെച്ചപ്പെട്ട റിസള്‍ട്ടാണ്  വിപ്രോയെ ഉയർത്തിയത്. വെള്ളിയാഴ്ച രാത്രി വിപ്രാേ എ.ഡി.ആർ ന്യൂയോർക്ക് വിപണിയിൽ നാലര ശതമാനം നേട്ടം ഉണ്ടാക്കിയിരുന്നു. എച്ച്.സി.എൽ ടെക് ഓഹരി ആദ്യം അഞ്ചു ശതമാനത്താേളം ഉയർന്നു. പിന്നീട് നേട്ടം അൽപം കുറഞ്ഞു.

കാപ്പിറ്റൽ ഫുഡ്സ് വാങ്ങുന്നതടക്കമുള്ള ചെലവുകൾക്ക് വേണ്ടി 3500 കോടി രൂപ അവകാശ ഇഷ്യു വഴി സമാഹരിക്കാൻ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തീരുമാനിച്ചു. ഓഹരി വില ഒന്നര ശതമാനം താണു. കഴിഞ്ഞ മൂന്നു മാസം കൊണ്ട് 30 ശതമാനം ഉയർന്ന ഓഹരിയാണിത്.

400 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതിനെ തുടർന്ന് മാൻ ഇൻഡസ്ട്രീസ് ഓഹരി ഏഴു ശതമാനം കയറി. 

15,000 കോടി രൂപയുടെ കരാർ ലഭിച്ചത് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.

രൂപ ഇന്നും നല്ല നേട്ടം ഉണ്ടാക്കി. ഡോളർ 11 പൈസ താഴ്ന്ന് 82.81 രൂപയിലാണ് ഓപ്പൺ ചെയ്തത്. 

സ്വർണം ലോകവിപണിയിൽ 2056 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 120 രൂപ കയറി 46,520 രൂപയായി.

ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന്‌ 78.58 ഡോളറിലേക്കു കയറി.


Tags:    

Similar News